മുഅ്മിനൂൻ – സൂക്തങ്ങള്‍: 5-7

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ﴿٥﴾ إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ﴿٦﴾ فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ﴿٧﴾


(5) അവര്‍ തങ്ങളുടെ ശരീരത്തിന്റെ രഹസ്യഭാഗങ്ങള്‍ സൂക്ഷിക്കുന്നു.
(6) സ്വന്തം ഭാര്യമാരിലും ഉടമസ്ഥതയിലുള്ള സ്ത്രീകളിലും ഒഴിച്ച്; അത്തരം സ്ത്രീകളുമായുള്ള വേഴ്ചയാല്‍ അവര്‍ ആക്ഷേപാര്‍ഹരാകുന്നില്ല.
(7) അതിനപ്പുറം കാംക്ഷിക്കുന്നവര്‍ അതിക്രമകാരികള്‍തന്നെയാകുന്നു.

5- ഇതിന് രണ്ടു വിവക്ഷകളുണ്ട്: നാണം മറയ്ക്കുക എന്നതാണൊന്ന്. അതായത്, നഗ്നത മറയ്ക്കുകയും അവനവന്റെ സ്വകാര്യങ്ങള്‍ മറ്റുള്ളവരുടെ മുമ്പില്‍ വെളിപ്പെടുത്താതിരിക്കുകയും ചെയ്യുക. മാന്യതയും സദാചാരവും പുലര്‍ത്തുക എന്നാണ് രണ്ടാമത്തെ വിവക്ഷ. അതായത്, ലൈംഗികകാര്യങ്ങളില്‍ അവര്‍ താന്തോന്നികളാവുകയില്ല. ലൈംഗികാസക്തിയെ അനിയന്ത്രിതമായി ഉപയോഗിക്കുന്നവരല്ല അവര്‍. (കൂടുതല്‍ വിശദീകരണത്തിന് സൂറ അന്നൂര്‍: 30, 32 സൂക്തങ്ങളുടെ വിശദീകരണം കേള്‍ക്കുക.)

7- ‘ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുക’ എന്ന വാക്യത്തില്‍നിന്നുണ്ടായേക്കാവുന്ന ഒരു തെറ്റിദ്ധാരണയെ ദൂരീകരിക്കുകയാണ് ഈ സാന്ദര്‍ഭിക വാക്യം. ലൈംഗിക വികാരം സ്വയംതന്നെ ഒരധമ കാര്യമാണെന്ന് തെറ്റിദ്ധരിച്ച ആളുകള്‍ ലോകത്ത് അന്നും ഇന്നുമുണ്ട്. അനുവദനീയ മാര്‍ഗങ്ങളിലൂടെ പോലും ലൈംഗികാസക്തി ശമിപ്പിക്കാവതല്ലെന്നും ഏതു നിലയ്ക്കും നന്മയും ദൈവഭക്തിയുമുള്ളവര്‍ക്ക് ചേര്‍ന്നതല്ല അതെന്നും അവര്‍ കരുതുന്നു. വിജയംവരിക്കുന്ന സത്യവിശ്വാസികള്‍ തങ്ങളുടെ ഗുഹ്യതകള്‍ സൂക്ഷിക്കുന്നവരാണെന്നു മാത്രം പറഞ്ഞുനിര്‍ത്തിയാല്‍ അത് പ്രസ്തുത തെറ്റിദ്ധാരണയെ ശക്തിപ്പെടുത്തിയേക്കും. കാരണം, അവര്‍ അരമുറുക്കിക്കെട്ടിയ പുരോഹിതന്മാരെയും സന്യാസികളെയും പോലെ ദാമ്പത്യബന്ധത്തിലൊന്നും ഏര്‍പ്പെടാതെ കഴിയേണ്ടവരാണെന്ന ധാരണ ഉണ്ടാവാനിടയുണ്ട്. അതിനാല്‍, അനുവദനീയവും ന്യായവുമായ രീതിയില്‍ ശരീരേച്ഛകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ തെറ്റില്ലെന്നും ന്യായവും നീതിയും അതിലംഘിച്ചുകൊണ്ട് ലൈംഗികാസക്തി പൂര്‍ത്തീകരിക്കുന്നതാണ് തെറ്റെന്നും ഒരു സാന്ദര്‍ഭിക വചനത്തിലൂടെ അല്ലാഹു ഓര്‍മിപ്പിക്കുകയാണ്. ഈ സാന്ദര്‍ഭിക വാക്യത്തില്‍നിന്ന് ഏതാനും വിധികള്‍ ഉരുത്തിരിയുന്നുണ്ട്. അവ സംക്ഷിപ്തമായി ഇനി വിവരിക്കാം: 1) ഗുഹ്യതകള്‍ സൂക്ഷിക്കുക എന്ന നിയമത്തില്‍നിന്ന് രണ്ടു വിഭാഗത്തെ പൊതുവില്‍ ഒഴിവാക്കിയിരിക്കുന്നു. ഒന്ന്: ഭാര്യമാര്‍. രണ്ട്: ഉടമസ്ഥതയിലുള്ള സ്ത്രീകള്‍. അറബിഭാഷയിലെ സാധാരണ പ്രയോഗമനുസരിച്ച് ‘ഭാര്യാമാര്‍’ എന്നു പറയുന്നത് നിയമാനുസൃതമായി വിവാഹം ചെയ്ത സ്ത്രീകളെയാകുന്നു. ‘ഉടമസ്ഥതയിലുള്ള സ്ത്രീകള്‍’ എന്നു പറഞ്ഞാല്‍ ഉടമസ്ഥതയിലുള്ള അടിമ എന്നാണര്‍ത്ഥം. അതിനാല്‍, വിവാഹം ചെയ്ത വധുവുമായി എന്നപോലെത്തന്നെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീയുമായും ലൈംഗികബന്ധം അനുവദനീയമാണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. ഈ അനുവദനീയതയുടെ അടിസ്ഥാനം വിവാഹമല്ല, ഉടമാവകാശമാകുന്നു എന്നും സ്പഷ്ടമാണ്. വിവാഹമെന്ന ഉപാധി അവരുടെ കാര്യത്തിലും ബാധകമായിരുന്നുവെങ്കില്‍ അവരെ ഭാര്യമാരില്‍നിന്ന് വേര്‍തിരിച്ചു പറയേണ്ട ആവശ്യമുണ്ടാകുമായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍, നിക്കാഹ് ചെയ്യപ്പെട്ട അവസ്ഥയിലാകുമ്പോള്‍ ഭാര്യമാര്‍ എന്നതില്‍ അവരും ഉള്‍പ്പെടുമല്ലോ. ആധുനികരായ ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകളെ അനുഭവിക്കാനുള്ള അനുവാദത്തെ നിഷേധിക്കുന്നുണ്ട്. സൂറ അന്നിസാഇലെ 25-ആം സൂക്തത്തില്‍ അല്ലാഹു പറയുന്നു: ”നിങ്ങളില്‍ ആര്‍ക്കെങ്കിലും വിശ്വാസിനികളായ കുലസ്ത്രീകളെ വിവാഹം ചെയ്യാന്‍ സാമ്പത്തികശേഷിയില്ലാതെ വന്നാല്‍, നിങ്ങളുടെ അധീനതയിലുള്ള വിശ്വാസിനികളായ യുവതികളെ വേട്ടുകൊള്ളുക”. ഈ വാക്യത്തെ ആധാരമാക്കി, ഉടമസ്ഥതയിലുള്ള സ്ത്രീകളെയും ആസ്വദിക്കുന്നത് നിക്കാഹിലൂടെ മാത്രമേ അനുവദനീയമാകൂ എന്ന് സ്ഥാപിക്കാനാണവര്‍ ശ്രമിക്കുന്നത്. സ്വതന്ത്രകുടുംബങ്ങളിലെ കുലസ്ത്രീകളെ വിവാഹം ചെയ്യാന്‍ സാധ്യമാകുന്ന സാമ്പത്തികാവസ്ഥ നിങ്ങള്‍ക്കില്ലെങ്കില്‍ അടിമസ്ത്രീകളെ വിവാഹം ചെയ്തുകൊള്ളുക എന്ന് അതില്‍ വിധിച്ചിട്ടുണ്ടല്ലോ. പക്ഷേ, ഈ വിഭാഗത്തിന് അദ്ഭുതകരമായ ഒരു പ്രത്യേകതയുണ്ട്. ഒരു സൂക്തത്തിന്റെ ഒരു ഭാഗത്ത് അവരുദ്ദേശിക്കുന്ന വിവക്ഷയുണ്ടെങ്കില്‍ അത് പൊക്കിപ്പിടിക്കുകയും അവരുടെ വാദഗതിക്ക് വിരുദ്ധമായ ആശയമുള്ള, അതേ സൂക്തത്തിന്റെ മറ്റേ ഖണ്ഡം ബോധപൂര്‍വം ഒഴിവാക്കുകയുമാണത്. പ്രസ്തുത സൂക്തത്തില്‍ അടിമസ്ത്രീകളെ വിവാഹം ചെയ്യാന്‍ അനുവാദം നല്‍കുന്ന സൂക്തം ഇതാണ്: ”അവരെ, അവരുടെ രക്ഷാധികാരികളുടെ അനുമതിയോടെ നിങ്ങള്‍ വിവാഹം ചെയ്തുകൊള്ളുക. അവര്‍ക്ക് ന്യായമായ വിവാഹമൂല്യം നല്‍കുകയും ചെയ്യുക.” ഇവിടെ പരാമര്‍ശിക്കുന്നത് അടിമസ്ത്രീയുടെ ഉടമയുടെ കാര്യമല്ല; മറിച്ച്, സ്വതന്ത്രസ്ത്രീയെ വിവാഹം ചെയ്യുന്നതിന്റെ സാമ്പത്തികഭാരം താങ്ങാന്‍ കഴിവില്ലാതെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഭൃത്യയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്വതന്ത്രപുരുഷന്റെ കാര്യമാണ് എന്ന് പ്രസ്തുത സൂക്തം വ്യക്തമായും വിളിച്ചോതുന്നുണ്ട്. അല്ലാതെ, അടിമസ്ത്രീയും തന്റെ ഉടമയും തമ്മിലുള്ള കാര്യമാണ് പറയുന്നതെങ്കില്‍ അവിടെ സമ്മതം നല്‍കാന്‍ ഉത്തരവാദപ്പെട്ട രക്ഷാധികാരി ആരാണ്? പക്ഷേ, ഖുര്‍ആന്‍കൊണ്ട് കളിക്കുന്നവര്‍ ‘ഫന്‍കിഹൂഹുന്ന’ എന്ന വാക്യത്തെ മാത്രം സ്വീകരിക്കുകയും അതിനു ശേഷമുള്ള ‘ബിഇദ്‌നി അഹ്‌ലിഹിന്ന’ എന്ന വാക്യത്തെ അവഗണിച്ചുതള്ളുകയും ചെയ്യുന്നു. കൂടാതെ അവര്‍ ഒരു സൂക്തത്തില്‍നിന്ന്, അതേ വിഷയത്തെ സംബന്ധിക്കുന്ന മറ്റു ഖുര്‍ആന്‍ സൂക്തങ്ങളെ ഖണ്ഡിക്കുന്ന ആശയം വ്യക്തമാക്കുകയും ചെയ്യുന്നു. വല്ലവരും തങ്ങളുടെ സ്വന്തം ചിന്തകളെയല്ലാതെ, വിശുദ്ധ ഖുര്‍ആനെ പിന്‍പറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ സൂറ അല്‍മുഅ്മിനൂനിലെ ഈ സൂക്തത്തെ സൂറ അന്നിസാഅ് 3, 25; അല്‍അഹ്‌സാബ് 50-52; അല്‍മആരിജ് 30 എന്നീ സൂക്തങ്ങളുമായി ചേര്‍ത്തുവായിക്കേണ്ടതാകുന്നു. ഈ വിഷയത്തെക്കുറിച്ച ഖുര്‍ആനിക നിയമമെന്തെന്ന് അപ്പോള്‍ സ്വയം ഗ്രഹിക്കാവുന്നതേയുള്ളൂ. (ഈ പ്രശ്‌നത്തിന്റെ സുദീര്‍ഘമായ വിശദീകരണത്തിന് അന്നിസാഅ്: 24-ആം സൂക്തത്തിന്റെ വിശദീകരണം, തഫ്ഹീമാത് വാല്യം 2, റസാഇല്‍ വ മസാഇല്‍ വാല്യം 1 എന്നിവ നോക്കുക.) 2) ”ഇല്ലാ അലാ അസ്‌വാജിഹിം ഔ മാമലകത്ത് അയ്മാനുഹും” എന്ന വചനത്തിലെ ‘അലാ’ എന്ന പദം, ഈ സാന്ദര്‍ഭികവചനത്തില്‍ പറഞ്ഞ നിയമം പുരുഷന്മാരോടു മാത്രം ബന്ധപ്പെട്ടതാണെന്ന് സ്പഷ്ടമാക്കുന്നു. ‘ഖദ് അഫ്‌ലഹ’ മുതല്‍ ‘ഖാലിദൂന്‍’ വരെയുള്ള ബാക്കി സൂക്തങ്ങളില്‍ പറഞ്ഞ വിധികള്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ഉള്‍ക്കൊള്ളുന്നുണ്ട്. കാരണം, സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘത്തെക്കുറിക്കാന്‍ അറബിഭാഷയില്‍ പുല്ലിംഗ സര്‍വനാമംതന്നെയാണ് സാധാരണ ഉപയോഗിക്കാറുള്ളത്. പക്ഷേ, ഇവിടെ ‘ലി ഫുറൂജിഹിം ഹാഫിളൂന്‍’ എന്ന വിധിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ട് ‘അലാ’ എന്ന പദം പ്രയോഗിച്ചതില്‍നിന്ന് ഈ ഒഴിവാക്കല്‍ പുരുഷന്മാര്‍ക്ക് മാത്രം ബാധകമായതാണെന്നും, വ്യക്തമായി. ‘അവരിലും’ എന്നതിനു പകരം ‘അവരില്‍നിന്നും’ എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഈ വിധിയും സ്ത്രീക്കും പുരുഷനും ബാധകമാകുമായിരുന്നു. ഈ സൂക്ഷ്മവശം ഗ്രഹിക്കാത്തതുകൊണ്ടാണ് ഉമര്‍(റ)ന്റെ കാലത്ത് ഒരു സ്ത്രീ തന്റെ ഉടമസ്ഥതയിലുള്ള ഭൃത്യനുമായി ലൈംഗികവേഴ്ച നടത്താനിടയായത്. പ്രശ്‌നം സ്വഹാബികളുടെ സദസ്സില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ അവര്‍ ഏകകണ്ഠമായി പ്രസ്താവിച്ചതിങ്ങനെയാണ്: ‘അല്ലാഹുവിന്റെ ഗ്രന്ഥത്തെ അവര്‍ തെറ്റായി ഗ്രഹിച്ചു’. ഇവിടെ ഈ ഒഴിവ് പുരുഷന്മാര്‍ക്കു മാത്രം ബാധകമാണെങ്കില്‍ പിന്നെ ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്‍മാര്‍ അനുവദനീയരാവുന്നത് എങ്ങനെയാണെന്ന സംശയം ആര്‍ക്കും ഉണ്ടാവേണ്ടതില്ല. കാരണം, ഭാര്യമാരുമായുള്ള ഇടപാടില്‍ ഭര്‍ത്താക്കന്‍മാര്‍ ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുക എന്ന വിധിയില്‍നിന്ന് ഒഴിവാക്കപ്പെടുന്നതോടെ ഭര്‍ത്താക്കന്‍മാരുമായുള്ള ഇടപാടില്‍ ഭാര്യമാരും ഈ വിധിയില്‍നിന്ന് ഒഴിവാകുന്നു. അതിന് ഖണ്ഡിതമായ മറ്റൊരനുവാദം ആവശ്യമില്ല. കൂടാതെ ഈ ഒഴിവാക്കല്‍വിധിയുടെ സ്വാധീനം പുരുഷന്മാരിലും അവരുടെ ഉടമസ്ഥതയിലുള്ള സ്ത്രീകളിലും മാത്രം പരിമിതമായിത്തീരുന്നു. സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ഉടമസ്ഥതയിലുള്ള ഭൃത്യന്‍ നിഷിദ്ധനാവുകയും ചെയ്യുന്നു. സ്ത്രീക്ക് ഇത് നിഷിദ്ധമാകുന്നതിലുള്ള തത്ത്വമിതാണ്: അടിമക്ക് തന്റെ വികാരം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെങ്കിലും ഗൃഹനാഥനാവാന്‍ സാധിക്കുകയില്ല. എന്നാല്‍, ഗൃഹനാഥനാകുന്നതു മൂലമാണ് അവന്‍ കുടുംബജീവിതത്തിന്റെ നായകനും അച്ചുതണ്ടുമായിത്തീരുന്നത്. 3) ‘വല്ലവരും അതിനപ്പുറം കാംക്ഷിച്ചാല്‍ അതിക്രമകാരികള്‍തന്നെയാകുന്നു’ എന്ന വചനം, മേല്‍ പറഞ്ഞ രണ്ട് അനുവദനീയ രൂപങ്ങളിലല്ലാതെ ലൈംഗികാസക്തി ശമിപ്പിക്കാനായി സ്വീകരിക്കുന്ന മറ്റെല്ലാ മാര്‍ഗങ്ങളെയും നിഷിദ്ധമാക്കിയിരിക്കുന്നു. വ്യഭിചാരവും സ്വവര്‍ഗഭോഗവും മൃഗസംഭോഗവും എല്ലാം അക്കാര്യത്തില്‍ ഒരുപോലെയാണ്. സ്വയംഭോഗത്തിന്റെ കാര്യത്തില്‍ മാത്രമേ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുള്ളൂ. ഇമാം അഹ്മദുബ്‌നു ഹമ്പല്‍ അത് അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇമാം മാലിക്കും ശാഫിഈയും സ്വയംഭോഗം തികച്ചും ഹറാമാണെന്നത്രേ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇമാം അബൂഹനീഫയുടെ വീക്ഷണത്തിലും അത് ഹറാമാണ്. എങ്കിലും അനിയന്ത്രിതമായ വികാരത്തള്ളിച്ചയുണ്ടാകുമ്പോള്‍ അങ്ങനെ ചെയ്തുപോയാല്‍ പൊറുക്കപ്പെടുമെന്നാശിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. 4) ചില വ്യാഖ്യാതാക്കള്‍ താല്‍ക്കാലിക വിവാഹത്തിന്റെ നിഷിദ്ധതയെയും ഈ സൂക്തം മുഖേന സ്ഥാപിച്ചിട്ടുണ്ട്. താല്‍ക്കാലിക വിവാഹത്തിന് വിധേയയാകുന്ന സ്ത്രീ ഭാര്യയുടെയോ ഉടമസ്ഥതയിലുള്ള ഭൃത്യയുടെയോ വിധിയില്‍ പെടുന്നില്ല. അവള്‍ അടിമസ്ത്രീയല്ലെന്ന കാര്യം സ്പഷ്ടമാണല്ലോ. പുരുഷന്‍ അവളുടെയോ അവള്‍ പുരുഷന്റെയോ അനന്തരാവകാശമെടുക്കുകയോ ഇദ്ദ, വിവാഹമോചനം, ജീവനാംശം, ഈലാഅ്, ളിഹാര്‍, ലിആന്‍ തുടങ്ങിയ ഇതര ദാമ്പത്യനിയമങ്ങള്‍ അവര്‍ക്കിടയില്‍ ബാധകമാവുകയോ ചെയ്യാത്തതിനാല്‍ അവളെ ഭാര്യ എന്നു വിളിക്കാവതല്ല. എന്നല്ല, നാലു ഭാര്യമാരുടെ അംഗീകരിക്കപ്പെട്ട നിര്‍വചനത്തില്‍നിന്നും ഒഴിവാണവള്‍. അടിമയുടെയും ഭാര്യയുടെയും നിര്‍വചനം അവളെ ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ അത് രണ്ടിനുമപ്പുറമുള്ളതാണ്. രണ്ടിനുമപ്പുറമുള്ളതിനെ തേടുന്നവനെയാകട്ടെ, വിശുദ്ധ ഖുര്‍ആന്‍ ‘അതിക്രമകാരി’ എന്നു വിളിക്കുകയും ചെയ്തിരിക്കുന്നു. എളുപ്പത്തില്‍ മനസ്സിലാകുന്ന ഒരു തെളിവാണിത്. പക്ഷേ, ഒരു ദൗര്‍ബല്യമുണ്ട്: അതിന്റെ അടിസ്ഥാനത്തില്‍ ഈ സൂക്തം മുത്അതുന്നികാഹിന്റെ നിഷിദ്ധത പ്രഖ്യാപിക്കുന്നു എന്നു പറയാവതല്ല. ദൗര്‍ബല്യമിതാണ്: മക്കാവിജയ വര്‍ഷത്തിലാണ് നബി(സ) അവസാനമായും ഖണ്ഡിതമായും മുത്അതുന്നികാഹ് നിഷിദ്ധമാക്കിയത്. അതിനുമുമ്പ് അതനുവദനീയമായിരുന്നുവെന്ന് സ്വഹീഹായ ഹദീസുകളിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്. മുത്അതുന്നികാഹ് നിഷിദ്ധമാണെന്ന വിധി മക്കാവിജയത്തിന്റെയും ഹിജ്‌റയുടെയും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പവതരിച്ച ഈ സൂക്തത്തില്‍ത്തന്നെ ഉണ്ടായിട്ടുണ്ട് എന്നംഗീകരിച്ചാല്‍ മക്കാവിജയത്തിന്റെ വര്‍ഷം വരെ നബി(സ) അത് അനുവദിച്ചിരുന്നുവെന്ന് എങ്ങനെയാണ് നമുക്ക് വിചാരിക്കാന്‍ കഴിയുക? അതിനാല്‍, മുത്അതുന്നികാഹിന്റെ നിഷിദ്ധത വിശുദ്ധ ഖുര്‍ആനില്‍ ഖണ്ഡിതമായി വന്നിട്ടില്ലെന്നും നബി(സ)യുടെ സുന്നത്തിനെ അടിസ്ഥാനമാക്കിയാണ് അത് സ്ഥിരപ്പെട്ടിട്ടുള്ളതെന്നും പറയുന്നതായിരിക്കും കൂടുതല്‍ ശരിയായിരിക്കുക. സുന്നത്തില്‍ അത് സ്പഷ്ടമാക്കിയിരുന്നില്ലെങ്കില്‍ ഈ സൂക്തത്തെ മാത്രം അടിസ്ഥാനമാക്കി മുത്അതുന്നികാഹ് നിഷിദ്ധമാണെന്ന് തീരുമാനിക്കുക പ്രയാസകരമാണ്. മുത്അതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ രണ്ടുകാര്യങ്ങള്‍ കൂടി വ്യക്തമാക്കുന്നത് ഉചിതമാണെന്ന് കരുതുന്നു. ഒന്ന്: അതിന്റെ നിഷിദ്ധത നബി(സ)യിലൂടെത്തന്നെ സ്ഥിരപ്പെട്ടതാകുന്നു. അതിനാല്‍, മുത്അതിനെ നിഷിദ്ധമാക്കിയത് ഉമര്‍(റ) ആണ് എന്നു പറയുന്നത് ശരിയല്ല. ഉമര്‍(റ) ഈ നിയമത്തിന്റെ ഉപജ്ഞാതാവായിരുന്നില്ല; മറിച്ച്, പ്രചാരകനും പ്രയോക്താവുമായിരുന്നു. നബി(സ)യുടെ അന്ത്യഘട്ടത്തിലാണ് ഈ വിധിയുണ്ടായത്. അതിനാല്‍, മുഴുവന്‍ ബഹുജനങ്ങളിലേക്കും ഈ വിധി അന്ന് എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നില്ല. ഉമര്‍(റ) അതിന് വിപുലമായ പ്രചാരം നല്‍കുകയും നിയമം മുഖേന നടപ്പാക്കുകയും ചെയ്തു. രണ്ട്: മുത്അതുന്നികാഹിനെ നിരുപാധികം അനുവദിച്ചുകൊണ്ടുള്ള ശീഈ പണ്ഡിതരുടെ നിലപാടിന് ഖുര്‍ആന്റെയോ സുന്നത്തിന്റെയോ ഒരു പിന്തുണയുമില്ല. പ്രഥമ നൂറ്റാണ്ടിലെ സ്വഹാബികളിലും താബിഇകളിലും കര്‍മശാസ്ത്രപണ്ഡിതന്‍മാരിലും പെട്ട ചില മഹാന്മാര്‍ അത് അനുവദനീയമാണെന്ന് അംഗീകരിച്ചിരിക്കുന്നു. പക്ഷേ, നിര്‍ബന്ധിതാവസ്ഥകളിലേക്കും അതിരൂക്ഷമായ ആവശ്യം നേരിടുന്ന ഘട്ടങ്ങളിലേക്കും പരിമിതമായിരുന്നു അവരുടെ അനുവാദം. വിവാഹം പോലെ നിരുപാധികവും സാധാരണ അവസ്ഥകളില്‍ ഉപയോഗപ്പെടുത്താവുന്നതുമായ ഒരനുവാദമാണിതെന്ന് അവരിലാരുംതന്നെ പറഞ്ഞിട്ടില്ല. ഇതനുവദനീയമാണെന്ന് വാദിക്കുന്നവര്‍ ഏറ്റവും മികച്ച മാതൃകയായി എടുത്തുകാണിക്കുന്നത് ഇബ്‌നു അബ്ബാസിനെയാണ്. എന്നാല്‍, അദ്ദേഹം തന്റെ നിലപാട് വിശദീകരിക്കുന്നത് കാണുക: ഒരു ശവംപോലെയാണിത്. നിര്‍ബന്ധിതാവസ്ഥയിലുള്ളവന് മാത്രമേ ഇതനുവദനീയമാകൂ’. അനുവദനീയതയുടെ തണലിനെ ആളുകള്‍ അനുവദനീയമല്ലാത്ത വിധത്തില്‍ പ്രയോജനപ്പെടുത്തുന്നതായും മുത്അതുന്നികാഹിനെ അനിവാര്യഘട്ടങ്ങളില്‍ പരിമിതപ്പെടുത്താതെ സ്വതന്ത്രമായി സ്വീകരിക്കുന്നതായും ഇബ്‌നു അബ്ബാസിന് മനസ്സിലായി. അദ്ദേഹം തന്റെ ഫത്‌വയില്‍നിന്നുതന്നെയും പിന്തിരിയുകയാണുണ്ടായത്. ഇനി ഇബ്‌നു അബ്ബാസിനെപ്പോലുള്ള ചില പ്രമുഖ സ്വഹാബികള്‍ തങ്ങളുടെ നിലപാടില്‍നിന്ന് മടങ്ങിയോ ഇല്ലേ എന്ന കാര്യം അവഗണിച്ചാലും ഈ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് നിര്‍ബന്ധഘട്ടങ്ങളില്‍ മാത്രമേ അതനുവദിക്കാന്‍ സാധിക്കൂ. നിരുപാധികമായ അനുവദനീയമാകലിനും നിര്‍ബന്ധിതമല്ലാത്ത ഘട്ടങ്ങളിലുള്ള ആസ്വാദനത്തിനും വിവാഹംചെയ്ത ഭാര്യമാരുടെ സാന്നിധ്യത്തില്‍ പോലും മുത്അതുന്നികാഹ് നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യത്തോട് വൈകല്യമില്ലാത്ത മനുഷ്യപ്രകൃതിക്ക് യോജിക്കാന്‍ കഴിയുകയില്ല. എന്നിരിക്കെ, മുഹമ്മദീയ ശരീഅത്തിനോട് അതിനെ ബന്ധിപ്പിക്കുന്നതും അഹ്‌ലുബൈത്തിലെ ഇമാമുകളുടെ പേരില്‍ ആരോപിക്കുന്നതും ഒട്ടും അംഗീകരിച്ചുകൂടാത്തതാണ്. ശീഈ വിഭാഗത്തില്‍പ്പെട്ട ഒരു മാന്യന്‍ തന്റെ മകളെയോ സഹോദരിയെയോ മറ്റൊരാള്‍ക്ക് മുത്അതുന്നികാഹ് നടത്തിക്കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മുത്അക്കായി സമൂഹത്തില്‍ പെണ്‍വാണിഭം പോലെ ആസ്വദിക്കാന്‍ വേണ്ടി തുറന്നുവയ്ക്കപ്പെട്ട സ്ത്രീകളുടെ ഒരധമവിഭാഗം ഉണ്ടാവേണ്ടതുണ്ട് എന്നായിരിക്കും അതിനര്‍ത്ഥം. അതല്ലെങ്കില്‍ മുത്അ എന്നത് ദരിദ്രന്മാരുടെ പെണ്‍കുട്ടികള്‍ക്കു മാത്രമുള്ളതും, അതിന്റെ പ്രയോജനം സമ്പന്നവിഭാഗത്തിനു മാത്രം അവകാശപ്പെട്ടതുമാണ് എന്നായിരിക്കും. അല്ലാഹുവിന്റെയും റസൂലിന്റെയും ശരീഅത്തില്‍ ഇത്തരം നീതിവിരുദ്ധമായ നിയമങ്ങളുണ്ടാവുമോ? മാന്യരായ എല്ലാ സ്ത്രീപുരുഷന്മാരും തങ്ങളെ സംബന്ധിച്ചേടത്തോളം മാന്യതക്ക് നിരക്കാത്തതായി കണക്കാക്കുന്ന ഒരു കാര്യത്തെ നിരുപാധികം അനുവദനീയമാക്കുക എന്നത് അല്ലാഹുവില്‍നിന്നും അവന്റെ ദൂതനില്‍നിന്നും പ്രതീക്ഷിക്കാവുന്നതാണോ?

ഒരു കൂട്ടരും = وَالَّذِينَ
അവര്‍ (ആകുന്നു) = هُمْ
തങ്ങളുടെ ഗുഹ്യാവയവങ്ങളെ = لِفُرُوجِهِمْ
സൂക്ഷിക്കുന്നവര്‍ = حَافِظُونَ
തങ്ങളുടെ ഭാര്യമാരിലൊഴികെ = إِلَّا عَلَىٰ أَزْوَاجِهِمْ
അല്ലെങ്കില്‍ = أَوْ
ഉടമപ്പെടുത്തിയവരിലും = مَا مَلَكَتْ
തങ്ങളുടെ വലം കൈകള്‍ = أَيْمَانُهُمْ
തീര്‍ച്ചയായും അവര്‍ = فَإِنَّهُمْ
ആക്ഷേപിക്കപ്പെടാത്തവരാണ് = غَيْرُ مَلُومِينَ
വല്ലവനും = فَمَنِ
ആഗ്രഹിച്ചാല്‍ = ابْتَغَىٰ
അതിനപ്പുറം = وَرَاءَ ذَٰلِكَ
അപ്പോഴവര്‍ = فَأُولَٰئِكَ
അവരാകുന്നു = هُمُ
അതിരുകവിഞ്ഞവര്‍ = الْعَادُونَ

Add comment

Your email address will not be published. Required fields are marked *