മുഹമ്മദ് – സൂക്തങ്ങള്‍:16-17

وَمِنْهُم مَّن يَسْتَمِعُ إِلَيْكَ حَتَّىٰٓ إِذَا خَرَجُوا۟ مِنْ عِندِكَ قَالُوا۟ لِلَّذِينَ أُوتُوا۟ ٱلْعِلْمَ مَاذَا قَالَ ءَانِفًا ۚ أُو۟لَٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَٱتَّبَعُوٓا۟ أَهْوَآءَهُمْ﴿١٦﴾ وَٱلَّذِينَ ٱهْتَدَوْا۟ زَادَهُمْ هُدًۭى وَءَاتَىٰهُمْ تَقْوَىٰهُمْ﴿١٧﴾


(16) അവിശ്വാസികളില്‍ ചിലര്‍ ഇങ്ങനെയുണ്ട്. താങ്കളുടെ ഭാഷണം ശ്രദ്ധിച്ചുകേള്‍ക്കുന്നു, എന്നിട്ട് താങ്കളുടെ സന്നിധിയില്‍നിന്ന് പുറത്ത് പോന്നാല്‍ ജ്ഞാനം ലഭിച്ചവരോട് ചോദിക്കുന്നു: അയാളിപ്പോള്‍ പറഞ്ഞതെന്താണ്? അല്ലാഹു ഹൃദയങ്ങള്‍ അടച്ചു പൂട്ടിയവര്‍ അവരത്രേ, ജഡികേച്ഛകളെ പിന്തുടര്‍ന്നവരാണവര്‍.

(17) എന്നാല്‍, സന്മാര്‍ഗം സ്വീകരിച്ചവരെ അല്ലാഹു കൂടുതല്‍ മാര്‍ഗദര്‍ശനം ചെയ്യുന്നു. അവരര്‍ഹിക്കുന്ന ദൈവഭക്തിയരുളുകയും ചെയ്യുന്നു.

16- പ്രവാചകന്റെ സദസ്സുകളില്‍ വന്നിരിക്കുകയും അവിടത്തെ ഉപദേശങ്ങളും ഖുര്‍ആന്‍ സൂക്തങ്ങളുമൊക്കെ കേള്‍ക്കുകയും എന്നാല്‍, മനസ്സുകൊണ്ട് ആ അനുഗൃഹീത വചനങ്ങളില്‍നിന്നെല്ലാം ബഹുദൂരം അകന്നിരിക്കുകയും ചെയ്തിരുന്ന കപടവിശ്വാസികളെയും വേദവാഹകരായ നിഷേധികളെയുമാണ് ആയ ത്തില്‍ പരാമര്‍ശിക്കുന്നത്. എല്ലാം കേട്ടാലും അവര്‍ യാതൊന്നും കേട്ടിരുന്നില്ല. സഭയില്‍നിന്ന് പുറത്തുവന്നാല്‍ അവര്‍ മുസ്‌ലിംകളോട് ചോദിക്കും: എന്താണി പ്പോള്‍ പ്രസംഗിച്ചുകൊണ്ടിരുന്നത്? ശാരീരികേച്ഛകളെ പിന്തുടര്‍ന്നതാണ് പ്രവാചകാധ്യാപനങ്ങള്‍ക്കുനേരെ അവരുടെ മനസ്സ് ബധിരമായതിനുള്ള യഥാര്‍ഥ കാരണം. അവര്‍ ജഡികേച്ഛകളുടെ ദാസന്മാരാണ്. പ്രവാചകന്‍ പഠിപ്പിച്ചുകൊണ്ടിരുന്ന പാഠങ്ങളാകട്ടെ ജഡികേച്ഛകള്‍ക്കെതിരാണ്. അതുകൊണ്ട് വല്ലപ്പോഴും അവര്‍ പ്രവാചക സദസ്സില്‍ വന്ന് പ്രയാസപ്പെട്ട് ചെവികൊടുത്താല്‍തന്നെ യാതൊന്നും ഉള്‍ക്കൊണ്ടിരുന്നില്ല.

17- സന്മാര്‍ഗം സ്വീകരിച്ചവരെ അല്ലാഹു കൂടുതല്‍ മാര്‍ഗദര്‍ശനം ചെയ്യുന്നു എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്: എന്താണിയാള്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നത് എന്ന് നിഷേധികളും കപടവിശ്വാസികളും ചോദിക്കുന്നത് ഏത് ഭാഷണം കേട്ടിട്ടാണോ അതേ ഭാഷണംതന്നെ സന്‍മാര്‍ഗനിരതരായ ആളുകള്‍ക്ക് കൂടുതല്‍ സന്മാര്‍ഗദര്‍ശകമായി ഭവിക്കുന്നു. നിഷേധികള്‍ സമയം പാഴാക്കി എഴുന്നേറ്റുപോയിരുന്നത് ഏതു സദസ്സില്‍നിന്നാണോ അതേ സദസ്സില്‍നിന്ന് ഈ സൗഭാഗ്യവാന്മാര്‍ വിജ്ഞാനങ്ങളുടെ ഒരു പുതിയ ഖജനാവ് കരസ്ഥമാക്കി തിരിച്ചുപോകുന്നു. അല്ലാഹു അവരുടെ അന്തരംഗത്ത് മഹത്തായ തഖ്‌വ ഉളവാക്കുന്നതിന് അവര്‍ക്ക് ഉതവിയരുളി എന്നാണ് അവരര്‍ഹിക്കുന്ന ദൈവഭക്തിയരുളുകയും ചെയ്യുന്നു എന്ന് പറഞ്ഞതിനര്‍ത്ഥം

അവരിലുണ്ട് = وَمِنْهُم
ചിലര്‍ = مَّن
അവര്‍ ശ്രദ്ധയോടെ ശ്രവിക്കും = يَسْتَمِعُ
നിന്നെ, നിന്നിലേക്ക് = إِلَيْكَ
എന്നാല്‍ = حَتَّىٰ
അവര്‍ പുറത്തുപോയാല്‍ = إِذَا خَرَجُوا
നിന്റെ അടുത്ത് നിന്ന് = مِنْ عِندِكَ
അവര്‍ പറഞ്ഞു (ചോദിക്കുന്നു) = قَالُوا
യാതൊരുവരോട് = لِلَّذِينَ
അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു = أُوتُوا
വിജ്ഞാനം = الْعِلْمَ
എന്ത്? = مَاذَا
അദ്ദേഹം പറഞ്ഞു = قَالَ
ഇപ്പോള്‍ = آنِفًاۚ
അവര്‍ = أُولَٰئِكَ
യാതൊരുവരാകുന്നു = الَّذِينَ
അല്ലാഹു മുദ്രവെച്ചിരിക്കുന്നു = طَبَعَ اللَّهُ
അവരുടെ ഹൃദയങ്ങള്‍ക്ക് = عَلَىٰ قُلُوبِهِمْ
അവര്‍ പിന്‍പറ്റിയിരിക്കുന്നു = وَاتَّبَعُوا
തങ്ങളുടെ തന്നിഷ്ടങ്ങളെ = أَهْوَاءَهُمْ
സന്മാര്‍ഗം സ്വീകരിച്ചവര്‍ = وَالَّذِينَ اهْتَدَوْا
അവര്‍ക്ക് അവന്‍ (അല്ലാഹു) വര്‍ധിപ്പിച്ചു(വര്‍ധിപ്പിക്കുന്നു) = زَادَهُمْ
മാര്‍ഗദര്‍ശനം = هُدًى
അവന്‍ അവര്‍ക്ക് നല്‍കി(നല്‍കുന്നു) = وَآتَاهُمْ
അവരുടെ ഭക്തി = تَقْوَاهُمْ

Add comment

Your email address will not be published. Required fields are marked *