മുഹമ്മദ് – സൂക്തങ്ങള്‍:20-23

وَيَقُولُ ٱلَّذِينَ ءَامَنُوا۟ لَوْلَا نُزِّلَتْ سُورَةٌۭ ۖ فَإِذَآ أُنزِلَتْ سُورَةٌۭ مُّحْكَمَةٌۭ وَذُكِرَ فِيهَا ٱلْقِتَالُ ۙ رَأَيْتَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ يَنظُرُونَ إِلَيْكَ نَظَرَ ٱلْمَغْشِىِّ عَلَيْهِ مِنَ ٱلْمَوْتِ ۖ فَأَوْلَىٰ لَهُمْ﴿٢٠﴾ طَاعَةٌۭ وَقَوْلٌۭ مَّعْرُوفٌۭ ۚ فَإِذَا عَزَمَ ٱلْأَمْرُ فَلَوْ صَدَقُوا۟ ٱللَّهَ لَكَانَ خَيْرًۭا لَّهُمْ﴿٢١﴾ فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا۟ فِى ٱلْأَرْضِ وَتُقَطِّعُوٓا۟ أَرْحَامَكُمْ﴿٢٢﴾ أُو۟لَٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمْ وَأَعْمَىٰٓ أَبْصَٰرَهُمْ﴿٢٣﴾


(20) (യുദ്ധാനുമതി നല്‍കുന്ന) ഒരു അധ്യായം എന്തുകൊണ്ട് അവതരിക്കുന്നില്ല എന്ന് വിശ്വാസികള്‍ ചോദിക്കാറുണ്ടായിരുന്നുവല്ലോ. എന്നാല്‍, യുദ്ധം പ്രസ്താവിക്കപ്പെട്ട ഖണ്ഡിതമായ ഒരധ്യായം അവതരിച്ചപ്പോഴോ, മനസ്സില്‍ രോഗമുള്ളവര്‍, മരണവെപ്രാളത്തിലകപ്പെട്ടവര്‍ നോക്കുന്നത് പോലെ താങ്കളെ നോക്കുന്നതാണ് കണ്ടത്. അവരുടെ സ്ഥിതി ശോചനീയംതന്നെ.

(21) (അവരുടെ അധരങ്ങളിലുള്ളത്) അനുസരണ വാഗ്ദത്വവും നല്ലനല്ല വര്‍ത്തമാനങ്ങളുമാകുന്നു. പക്ഷേ, യുദ്ധകാര്യം തീരുമാനിക്കപ്പെട്ടപ്പോള്‍ അല്ലാഹുവിനോടുള്ള കരാറില്‍ സത്യസന്ധത പാലിച്ചിരുന്നുവെങ്കില്‍, അതിന്റെ ഗുണം അവര്‍ക്കുതന്നെയായിരുന്നു.

(22) പിന്തിരിഞ്ഞുപോവുകയാണെങ്കില്‍, പിന്നെ നാട്ടില്‍ നാശം പരത്തുകയും പരസ്പരം കഴുത്തറുക്കുകയുമല്ലാതെ മറ്റുവല്ലതും ഇനി നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കാനുണ്ടോ?

(23) അല്ലാഹു ശപിക്കുകയും അന്ധരും ബധിരരുമാക്കിത്തീര്‍ക്കുകയും ചെയ്തവരത്രെ ഈ ജനം.

20- യുദ്ധവിധി വരുന്നതിനു മുമ്പുതന്നെ, അക്കാലത്ത് മുസ്‌ലിംകള്‍ അഭിമുഖീകരിച്ചിരുന്ന സാഹചര്യത്തിന്റെയും കാഫിറുകള്‍ അവരോടനുവര്‍ത്തിച്ചിരുന്ന നിലപാടിന്റെയും ഫലമായി, തങ്ങള്‍ക്കിപ്പോള്‍ യുദ്ധം അനുവദിക്കപ്പെടേണ്ടതാണ് എന്ന ഒരഭിപ്രായം വിശ്വാസികളില്‍ പൊതുവില്‍ ഉണ്ടായിരുന്നു. എന്നല്ല, അവര്‍ അക്ഷമരായി അതിനുവേണ്ടി കാത്തിരിക്കുകയും തങ്ങളെന്തുകൊണ്ട് ഈ അക്രമികളോട് യുദ്ധംചെയ്യാന്‍ കല്‍പിക്കപ്പെടുന്നില്ല എന്ന് ആവര്‍ത്തിച്ച് ചോദിക്കുകയും ചെയ്തിരുന്നു. പക്ഷേ, മുസ്‌ലിംകളിലുള്‍പ്പെട്ടിരുന്ന കപടവിശ്വാസികളുടെ അവസ്ഥ യഥാര്‍ഥ വിശ്വാസികളുടേതില്‍നിന്ന് തീര്‍ത്തും ഭിന്നമായിരുന്നു. അവര്‍ക്ക് ദൈവത്തെക്കാളും അവന്റെ ദീനിനെക്കാളും വലുത് അവരുടെ ജീവനും ധനവുമായിരുന്നു. ദൈവത്തിനും മതത്തിനും വേണ്ടി എന്തെങ്കിലും ബുദ്ധിമുട്ട് സഹിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. യുദ്ധവിധി വന്നതോടെ അവരും യഥാര്‍ഥ വിശ്വാസികളും തമ്മില്‍ നല്ലവണ്ണം വേര്‍തിരിഞ്ഞു. യുദ്ധവിധി വരുന്നതുവരെ ഇവര്‍ തമ്മില്‍ ബാഹ്യമായി ഒരന്തരവും അനുഭവപ്പെട്ടിരുന്നില്ല. രണ്ടുകൂട്ടരും ഒരുപോലെ നമസ്‌കരിച്ചിരുന്നു. നോമ്പെടുക്കുന്നതിനും അവര്‍ക്ക് വിരോധമുണ്ടായിരുന്നില്ല. തണുത്ത ഇസ്‌ലാം അവര്‍ക്ക് സ്വീകാര്യമായിരുന്നു. പക്ഷേ, ഇസ്‌ലാമിനുവേണ്ടി ജീവന്‍ പണയപ്പെടുത്തേണ്ട സന്ദര്‍ഭം വന്നപ്പോള്‍ അവരുടെ കള്ളിപൊളിഞ്ഞു. അവരണിഞ്ഞിരുന്ന വിശ്വാസത്തിന്റെ പ്രകടനാത്മകമായ ആവരണം ഊരിവീണു. സൂറ അന്നിസാഇലെ 77-ആം സൂക്തത്തില്‍ അവരുടെ ഈ അവസ്ഥയെ ഇങ്ങനെ പരാമര്‍ശിച്ചിരിക്കുന്നു: ”സ്വകരങ്ങളെ യുദ്ധത്തില്‍നിന്ന് തടഞ്ഞുവെക്കുക, നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക എന്ന് കല്‍പിക്കപ്പെട്ട ജനത്തെ താങ്കള്‍ കണ്ടില്ലയോ? ഇപ്പോള്‍ യുദ്ധം ചെയ്യണമെന്ന് കല്‍പിക്കപ്പെട്ടപ്പോഴോ, അവരിലൊരു വിഭാഗമതാ അല്ലാഹുവിനെ ഭയപ്പെടേണ്ടതുപോലെ അല്ലെങ്കില്‍, അതിലധികമായി മനുഷ്യരെ ഭയപ്പെടുന്നു. അവര്‍ പറയുന്നു: റബ്ബേ, ഞങ്ങളോട് യുദ്ധം കല്‍പിച്ചതെന്തിന്? ഞങ്ങള്‍ക്ക് കുറച്ചുകൂടി അവസരം തന്നുകൂടേ?”

22- ‘ഇന്‍ തവല്ലയ്തും’ എന്ന വാക്യത്തിന്റെ ഒരര്‍ഥം നാം നേരത്തേ പറഞ്ഞതുതന്നെ. ‘നിങ്ങള്‍ ജനത്തിന്റെ ന്യായാധിപരായാല്‍’ എന്നാണ് മറ്റൊരു തര്‍ജമ. ‘നാട്ടില്‍ നാശം പരത്തുകയും പരസ്പരം കഴുത്തറുക്കുകയുമല്ലാതെ മറ്റുവല്ലതും ഇനി നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കാനുണ്ടോ’ എന്ന വചനത്തിന്റെ ഒരാശയം ഇതാണ്: ഈ സന്ദര്‍ഭത്തില്‍ നിങ്ങള്‍ ഇസ്‌ലാമിനെ പ്രതിരോധിക്കാന്‍ തയ്യാറാകാതിരിക്കുകയും മുഹമ്മദ് നബിയും വിശ്വാസികളും ചേര്‍ന്ന് സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മഹത്തായ ഈ സാംസ്‌കാരിക വിപ്ലവത്തിനുവേണ്ടി ആത്മാര്‍പ്പണം ചെയ്യാന്‍ മടിച്ചു പിന്തിരിയുകയുമാണെന്ന് കരുതുക. എങ്കില്‍, അതിന്റെ ഫലം അല്ലാഹുവിന്റെ ഭൂമിയില്‍ നാശം പരത്തിയും പരസ്പരം കഴുത്തറുത്തും സ്വന്തം സന്തതികളെപ്പോലും ജീവനോടെ കുഴിച്ചുമൂടിയും നൂറ്റാണ്ടുകളോളം നിങ്ങള്‍ പുലര്‍ത്തിപ്പോന്ന ജാഹിലിയ്യാ ജീവിതക്രമത്തിലേക്കുതന്നെ തിരിച്ചുപോവുക എന്നതല്ലാതെ മറ്റെന്താണ്? മറ്റൊരാശയം ഇപ്രകാരമാകുന്നു: ഇതാണ് നിങ്ങളുടെ സ്വഭാവവും പ്രവര്‍ത്തനവുമെങ്കില്‍, നിങ്ങള്‍ സ്വീകരിച്ചുവെന്ന് അവകാശപ്പെടുന്ന ദീനിനോട് നിങ്ങള്‍ക്ക് ഒരു ആത്മാര്‍ഥതയുമില്ല, കൂറുമില്ല. അതിനുവേണ്ടി ഒന്നുംതന്നെ ബലികഴിക്കാന്‍ നിങ്ങള്‍ തയ്യാറല്ല. ഈ ധാര്‍മികാവസ്ഥയില്‍ അല്ലാഹു നിങ്ങള്‍ക്ക് അധികാരം നല്‍കുകയും ഐഹികകാര്യങ്ങളുടെ ഭാഗധേയം നിങ്ങളുടെ കരങ്ങളിലണയുകയും ചെയ്താല്‍ അതിക്രമവും അധര്‍മവും സഹോദരഹത്യയുമല്ലാതെ മറ്റെന്തെങ്കിലും നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കാമോ? കുടുംബബന്ധങ്ങളുടെ വിച്ഛേദനം ഇസ്‌ലാമില്‍ നിഷിദ്ധമാണെന്ന് ഈ സൂക്തം വ്യക്തമാക്കിയിരിക്കുന്നു. നിരവധി സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ ബന്ധുക്കളോട് നന്നായി വര്‍ത്തിക്കുന്നത് വലിയ സല്‍ക്കര്‍മമായി എണ്ണുകയും കുടുംബബന്ധങ്ങള്‍ സംരക്ഷിച്ചു നിലനിര്‍ത്താന്‍ കല്‍പിക്കുകയും ചെയ്തിട്ടുണ്ട്.

പറയുന്നു = وَيَقُولُ
വിശ്വസിച്ചവര്‍ = الَّذِينَ آمَنُوا
അവതീര്‍ണമാകാത്തതെന്ത്? = لَوْلَا نُزِّلَتْ
ഒരധ്യായം = سُورَةٌۖ
എന്നാല്‍ അവതീര്‍ണമായാല്‍ = فَإِذَا أُنزِلَتْ
ഖണ്ഡിതമായ ഒരധ്യായം = سُورَةٌ مُّحْكَمَةٌ
പരാമര്‍ശിക്കപ്പെട്ടു (പരാമര്‍ശിക്കപ്പെടുകയും ചെയ്താല്‍) = وَذُكِرَ
അതില്‍ = فِيهَا
യുദ്ധം = الْقِتَالُۙ
നിനക്കു കാണാം = رَأَيْتَ
യാതൊരുവരെ = الَّذِينَ
അവരുടെ ഹൃദയങ്ങളിലുണ്ട് = فِي قُلُوبِهِم
രോഗം = مَّرَضٌ
അവര്‍ നോക്കുന്നു (നോക്കുന്നത്) = يَنظُرُونَ
നിന്നെ = إِلَيْكَ
നോട്ടം = نَظَرَ
മരണവെപ്രാളത്തില്‍ പെട്ടവന്റെ = الْمَغْشِيِّ عَلَيْهِ مِنَ الْمَوْتِۖ
അതിനാല്‍ നാശം = فَأَوْلَىٰ
അവര്‍ക്ക് = لَهُمْ
അനുസരണം (അനുസരണമാണാവശ്യം) = طَاعَةٌ
വാക്കും = وَقَوْلٌ
മാന്യമായ = مَّعْرُوفٌۚ
എന്നാല്‍ തീരുമാനമായപ്പോള്‍ = فَإِذَا عَزَمَ
കാര്യം (യുദ്ധം) = الْأَمْرُ
അവര്‍ സത്യസന്ധത പുലര്‍ത്തിയിരുന്നെങ്കില്‍ = فَلَوْ صَدَقُوا
അല്ലാഹുവിനോട് = اللَّهَ
അതായിരുന്നു = لَكَانَ
ഉത്തമം = خَيْرًا
അവര്‍ക്ക് = لَّهُمْ
നിങ്ങളായേക്കുമോ? = فَهَلْ عَسَيْتُمْ
നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ = إِن تَوَلَّيْتُمْ
നിങ്ങള്‍ കുഴപ്പമുണ്ടാക്കാന്‍ (ശ്രമിക്കുന്നവര്‍) = أَن تُفْسِدُوا
ഭൂമിയില്‍ = فِي الْأَرْضِ
നിങ്ങള്‍ മുറിച്ചുകളയാനും = وَتُقَطِّعُوا
നിങ്ങളുടെ കുടുംബബന്ധങ്ങളെ = أَرْحَامَكُمْ
അവര്‍ (അത്തരക്കാര്‍) = أُولَٰئِكَ
യാതൊരുവരാകുന്നു = الَّذِينَ
അല്ലാഹു അവരെ ശപിച്ചിരിക്കുന്നു = لَعَنَهُمُ اللَّهُ
അങ്ങനെ അവരെ അവന്‍ ചെവി കേള്‍ക്കാതാക്കി = فَأَصَمَّهُمْ
കാഴ്ചയില്ലാതാക്കുകയും ചെയ്തു = وَأَعْمَىٰ
അവരുടെ കണ്ണുകള്‍ക്ക് = أَبْصَارَهُمْ

Add comment

Your email address will not be published. Required fields are marked *