മുഹമ്മദ് – സൂക്തങ്ങള്‍:27-28

فَكَيْفَ إِذَا تَوَفَّتْهُمُ الْمَلَائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ ﴿٢٧﴾ ذَٰلِكَ بِأَنَّهُمُ اتَّبَعُوا مَا أَسْخَطَ اللَّهَ وَكَرِهُوا رِضْوَانَهُ فَأَحْبَطَ أَعْمَالَهُمْ ﴿٢٨﴾


(27) മലക്കുകള്‍ അവരുടെ മുഖത്തും മുതുകുകളിലും പ്രഹരിച്ചുകൊണ്ട് ആത്മാവുകളെ പിടിച്ചെടുത്തുകൊണ്ടുപോകുമ്പോള്‍ എന്തായിരിക്കും അവസ്ഥ?

(28) അവര്‍ അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന മാര്‍ഗങ്ങള്‍ പിന്‍പറ്റുകയും അവന്റെ പ്രീതിയുടെ വഴിക്കു നടക്കാന്‍ വിസമ്മതിക്കുകയും ചെയ്തതുകൊണ്ടാണിത്. അക്കാരണത്താല്‍ അല്ലാഹു അവരുടെ കര്‍മങ്ങളൊക്കെയും പാഴ്‌വേലകളാക്കിക്കളഞ്ഞു.

27- ഈ ലോകത്ത് അവര്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്, സ്വാര്‍ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഇസ്‌ലാമും കുഫ്‌റും തമ്മിലുള്ള സംഘട്ടനത്തില്‍ സ്വയം പരിക്കേല്‍ക്കാതെ രക്ഷപ്പെടാനുമാണ്. എന്നാല്‍, മരണാനന്തരം ഇക്കൂട്ടര്‍ അല്ലാഹുവിന്റെ പിടിത്തത്തില്‍നിന്ന് രക്ഷപ്പെടുന്നതെങ്ങനെയാണ്? ആ സന്ദര്‍ഭത്തില്‍ അവരുടെ ഒരു തന്ത്രവും അവരെ മലക്കുകളുടെ പ്രഹരത്തില്‍നിന്ന് രക്ഷിക്കുകയില്ല. ഖബ്‌റില്‍ ശിക്ഷയുണ്ടെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങളിലൊന്നാണ് ഈ സൂക്തവും. സത്യനിഷേധികളുടെയും കപടവിശ്വാസികളുടെയും ശിക്ഷ മരണസമയം മുതല്‍ ആരംഭിക്കുമെന്ന് ഇതില്‍നിന്ന് സ്പഷ്ടമാകുന്നു. ഈ ശിക്ഷ, പുനരുത്ഥാനനാളില്‍ വിചാരണചെയ്ത് വിധിക്കപ്പെടുന്ന ശിക്ഷയില്‍നിന്ന് വ്യത്യസ്തമായ ഒന്നാകുന്നു.

28- മുസ്‌ലിമായിക്കൊണ്ട് അവര്‍ നിര്‍വഹിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ‘കര്‍മങ്ങള്‍’ എന്നതുകൊണ്ടുദ്ദേശ്യമാകുന്നു. അവരുടെ നമസ്‌കാരം, നോമ്പ്, സകാത്ത് എന്നുവേണ്ട എല്ലാ ആരാധനകളും, ബാഹ്യദൃഷ്ടിയില്‍ സല്‍ക്കര്‍മങ്ങളായി എണ്ണപ്പെടുന്ന ഏതൊരു കൃത്യവും ഈയടിസ്ഥാനത്തില്‍ പാഴായിപ്പോകുന്നതാണ്. മുസ്‌ലിമായിരുന്നിട്ടും അല്ലാഹുവിനോടും അവന്റെ ദീനിനോടും ഇസ്‌ലാമിക സമൂഹത്തോടും കൂറും വിശ്വസ്തതയും പാലിക്കാതിരിക്കുക, സ്വാര്‍ഥലാഭത്തിനുവേണ്ടി ദീനിന്റെ ശത്രുക്കളുമായി സമരസപ്പെടുക, ജിഹാദിന്റെ അവസരം വരുമ്പോള്‍ സ്വയം രക്ഷപ്പെടുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുക, ഇങ്ങനെയൊക്കെ ചെയ്യുന്നവര്‍ വല്ല സല്‍ക്കര്‍മവും ചെയ്താല്‍തന്നെ അതെല്ലാം പാഴ്‌വേലയായിത്തീരുന്നു. ഈ സൂക്തങ്ങള്‍, ഇസ്‌ലാമും കുഫ്‌റും തമ്മിലുള്ള സംഘട്ടനത്തില്‍ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അനുഭാവം പുലര്‍ത്താതിരിക്കുകയും കുഫ്‌റിനെയും കാഫിറുകളെയും പിന്തുണക്കുകയും ചെയ്യുന്നവരുടെ ഈമാന്‍ തെല്ലും പരിഗണനീയമല്ലെന്ന് അസന്ദിഗ്ധമായി വിളിച്ചോതുന്നുണ്ട്. എന്നിരിക്കെ അത്തരക്കാരുടെ ഏതെങ്കിലും കര്‍മം അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുന്ന പ്രശ്‌നമില്ലല്ലോ.

അപ്പോള്‍ എങ്ങനെ(യാകും അവരുടെ അവസ്ഥ) = فَكَيْفَ
അവരെ മരിപ്പിക്കുമ്പോള്‍ = إِذَا تَوَفَّتْهُمُ
മലക്കുകള്‍ = الْمَلَائِكَةُ
അവര്‍ അടിക്കും = يَضْرِبُونَ
അവരുടെ മുഖങ്ങളില്‍ = وُجُوهَهُمْ
അവരുടെ പിന്‍ഭാഗങ്ങളിലും = وَأَدْبَارَهُمْ
അത് = ذَٰلِكَ
നിശ്ചയം, അവരായതുകൊണ്ടാണ് = بِأَنَّهُمُ
അവര്‍ പിന്‍പറ്റി = اتَّبَعُوا
അനിഷ്ടമുണ്ടാക്കിയതിനെ = مَا أَسْخَطَ
അല്ലാഹുവിന് = اللَّهَ
അവര്‍ വെറുക്കുകയും ചെയ്തു = وَكَرِهُوا
അവന്റെ തൃപ്തിയെ = رِضْوَانَهُ
അതിനാല്‍ അവന്‍ പാഴാക്കി = فَأَحْبَطَ
അവരുടെ പ്രവര്‍ത്തനങ്ങളെ = أَعْمَالَهُمْ

Add comment

Your email address will not be published. Required fields are marked *