മുഹമ്മദ് – സൂക്തങ്ങള്‍:32-35

إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ وَشَآقُّوا۟ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَىٰ لَن يَضُرُّوا۟ ٱللَّهَ شَيْـًۭٔا وَسَيُحْبِطُ أَعْمَٰلَهُمْ﴿٣٢﴾ ۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَلَا تُبْطِلُوٓا۟ أَعْمَٰلَكُمْ﴿٣٣﴾ إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ ثُمَّ مَاتُوا۟ وَهُمْ كُفَّارٌۭ فَلَن يَغْفِرَ ٱللَّهُ لَهُمْ﴿٣٤﴾ فَلَا تَهِنُوا۟ وَتَدْعُوٓا۟ إِلَى ٱلسَّلْمِ وَأَنتُمُ ٱلْأَعْلَوْنَ وَٱللَّهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَٰلَكُمْ﴿٣٥﴾


(32) സന്മാര്‍ഗം വ്യക്തമായി മനസ്സിലാക്കിക്കഴിഞ്ഞ ശേഷം സത്യത്തെ നിഷേധിക്കുകയും ദൈവമാര്‍ഗം തടയുകയും ദൈവദൂതനോട് വിരോധം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ വാസ്തവത്തില്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുന്നില്ല. മറിച്ച്, അവരുടെ കര്‍മങ്ങളഖിലം അല്ലാഹു തകര്‍ത്തുകളയുന്നു.

(33) അല്ലയോ സത്യവിശ്വാസികളേ, അല്ലാഹുവിനെ അനുസരിക്കുവിന്‍, ദൈവദൂതനെയും അനുസരിക്കുവിന്‍, നിങ്ങളുടെ കര്‍മങ്ങള്‍ നശിപ്പിക്കാതിരിക്കുവിന്‍.

(34) സത്യത്തെ നിഷേധിക്കുകയും ദൈവമാര്‍ഗത്തില്‍നിന്ന് ജനത്തെ തടഞ്ഞ് നിര്‍ത്തുകയും, അങ്ങനെ നിഷേധികളായിത്തന്നെ മരിച്ചുപോവുകയും ചെയ്തവര്‍ക്ക് അല്ലാഹു ഒരിക്കലും മാപ്പുകൊടുക്കുന്നതല്ല.

(35) ആകയാല്‍, നിങ്ങള്‍ ദുര്‍ബലരാവരുത്. സന്ധിക്കപേക്ഷിക്കയുമരുത്. നിങ്ങള്‍തന്നെയാണ് അതിജയിക്കുന്നവര്‍. അല്ലാഹു നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവന്‍ ഒട്ടും തന്നെ നിഷ്ഫലമാക്കുകയില്ല.

32- ഈ വാക്യത്തിന് രണ്ട് ആശയങ്ങളുണ്ട്: ഒന്ന്, അവര്‍ നല്ലതെന്ന് കരുതി ചെയ്തിരുന്ന കര്‍മങ്ങളെയെല്ലാം അല്ലാഹു പാഴ്‌വേലയാക്കും. പരലോകത്തില്‍ അതിന് അവര്‍ക്ക് ഒരു പ്രതിഫലവും നേടാന്‍ കഴിയുകയില്ല. രണ്ട്, അല്ലാഹുവിന്റെയും റസൂലിന്റെയും ദീനിന്റെ വഴി തടയാന്‍ അവര്‍ അവലംബിക്കുന്ന ഏതു സൂത്രവും നിഷ്ഫലമായിപ്പോകും.

33- മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, കര്‍മങ്ങളുടെ പ്രയോജനവും ഫലപ്രാപ്തിയും പൂര്‍ണമായും അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള അനുസരണത്തെ ആശ്രയിച്ചിരിക്കുന്നു. അനുസരണത്തില്‍നിന്ന് വ്യതിചലിച്ചശേഷം ചെയ്യുന്ന ഒരു കര്‍മവും പ്രതിഫലമര്‍ഹിക്കുംവിധമുള്ള നന്മയായിത്തീരുകയില്ല.

35- ഈ വാക്യം അരുളപ്പെട്ട സന്ദര്‍ഭം ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അന്ന് മദീനയുടെ ഒരു തെരുവില്‍ ആയിരത്തില്‍ താഴെയുള്ള മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും ചെറുസംഘം മാത്രമായിരുന്നു ഇസ്‌ലാമിന്റെ പടയാളികള്‍. പ്രബലമായ ഖുറൈശി ഗോത്രങ്ങള്‍ മാത്രമല്ല, അറേബ്യന്‍ അവിശ്വാസികളും ബഹുദൈവാരാധകരും ഒന്നടങ്കം അവരെ എതിര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മനോവീര്യം കൈവിട്ട് ശത്രുക്കളോട് സന്ധിക്കപേക്ഷിക്കരുതെന്നും കഠിനമായി പൊരുതി ജയിക്കാന്‍ തയ്യാറാവണമെന്നും കല്‍പിക്കുന്നത്. മുസ്‌ലിംകള്‍ ഒരിക്കലും സന്ധിഭാഷണം ചെയ്തുകൂടാ എന്നല്ല ഇതിന്റെ താല്‍പര്യം. സന്ധിക്കുവേണ്ടി വെമ്പല്‍ക്കൊള്ളുന്നത് സ്വന്തം ദൗര്‍ബല്യത്തിന്റെ പ്രകടനമായിത്തീരുകയും അതുവഴി ശത്രുക്കളുടെ മനോവീര്യം വര്‍ധിക്കാനിടയാവുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ അതിനപേക്ഷിക്കുന്നത് ഗുണകരമല്ല എന്നാണിവിടെ ഉദ്ദേശിച്ചിട്ടുള്ളത്. മുസ്‌ലിംകള്‍ ആദ്യം ചെയ്യേണ്ടത് ശത്രുക്കളെക്കൊണ്ട് സ്വന്തം ശക്തി അംഗീകരിപ്പിക്കുകയാണ്. അനന്തരം സന്ധിഭാഷണത്തിന് മുതിരുന്നതിനും വിരോധമില്ല.

നിശ്ചയം അവിശ്വസിച്ചവര്‍ = إِنَّ الَّذِينَ كَفَرُوا
അവര്‍ തടഞ്ഞുനിര്‍ത്തുകയുംചെയ്തു (ചെയ്തവര്‍) = وَصَدُّوا
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് = عَن سَبِيلِ اللَّهِ
അവര്‍ പോര് കാണിക്കുകയും ചെയ്തു = وَشَاقُّوا
(ദൈവ)ദൂതനോട് = الرَّسُولَ
വ്യക്തമായശേഷം = مِن بَعْدِ مَا تَبَيَّنَ
അവര്‍ക്ക് = لَهُمُ
നേര്‍വഴി = الْهُدَىٰ
അല്ലാഹുവിന് അവര്‍ ദ്രോഹമേല്‍പ്പിക്കുകയില്ല = لَن يَضُرُّوا اللَّهَ
ഒട്ടും = شَيْئًا
അവന്‍ പാഴാക്കുന്നതാണ് = وَسَيُحْبِطُ
അവരുടെ പ്രവര്‍ത്തനങ്ങളെ = أَعْمَالَهُمْ
വിശ്വസിച്ചവരേ = يَا أَيُّهَا الَّذِينَ آمَنُوا
നിങ്ങള്‍ അനുസരിക്കുക = أَطِيعُوا
അല്ലാഹുവിനെ = اللَّهَ
നിങ്ങള്‍ അനുസരിക്കുക = وَأَطِيعُوا
(ദൈവ)ദൂതനെ = الرَّسُولَ
നിങ്ങള്‍ പാഴാക്കരുത് = وَلَا تُبْطِلُوا
നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ = أَعْمَالَكُمْ
നിശ്ചയം, നിഷേധിച്ചവര്‍ = إِنَّ الَّذِينَ كَفَرُوا
അവര്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തു(ചെയ്തവര്‍) = وَصَدُّوا
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് = عَن سَبِيلِ اللَّهِ
പിന്നെ അവര്‍ മരിച്ചു = ثُمَّ مَاتُوا
അവരായിരിക്കെ = وَهُمْ
സത്യനിഷേധികള്‍ = كُفَّارٌ
അല്ലാഹു മാപ്പേകുകയില്ല = فَلَن يَغْفِرَ اللَّهُ
അവര്‍ക്ക് = لَهُمْ
അതിനാല്‍ നിങ്ങള്‍ ദുര്‍ബലരാകരുത് = فَلَا تَهِنُوا
നിങ്ങള്‍ അപേക്ഷിക്കുകയും (ചെയ്യരുത്) = وَتَدْعُوا
സന്ധിക്ക് = إِلَى السَّلْمِ
നിങ്ങളാണെന്നിരിക്കെ = وَأَنتُمُ
ഉന്നതന്മാര്‍, അതിജയിക്കുന്നവര്‍ = الْأَعْلَوْنَ
അല്ലാഹു നിങ്ങളോടൊപ്പമുണ്ട് = وَاللَّهُ مَعَكُمْ
അവന്‍ നിങ്ങള്‍ക്ക് നഷ്ടം വരുത്തുന്നതല്ല = وَلَن يَتِرَكُمْ
നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ = أَعْمَالَكُمْ

Add comment

Your email address will not be published. Required fields are marked *