മുഅ്മിനൂൻ – സൂക്തങ്ങള്‍: 14 (A)

ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةًۭ فَخَلَقْنَا ٱلْعَلَقَةَ مُضْغَةًۭ فَخَلَقْنَا ٱلْمُضْغَةَ عِظَٰمًۭا فَكَسَوْنَا ٱلْعِظَٰمَ لَحْمًۭا ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ﴿١٤﴾


(14) പിന്നെ ആ രേതസ്‌കണത്തെ രക്ത പിണ്ഡമാക്കി. അനന്തരം രക്ത പിണ്ഡത്തെ മാംസമാക്കി. പിന്നെ മാംസത്തെ അസ്ഥികളാക്കി. എന്നിട്ട് ആ അസ്ഥികളെ മാംസം പൊതിഞ്ഞു. അനന്തരം അതിനെ തികച്ചും മറ്റൊരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു–അല്ലാഹു വളരെ അനുഗ്രഹമുടയവന്‍തന്നെ. നിര്‍മാണകരിലേറ്റവും നിപുണനായ നിര്‍മാണകന്‍.

ഈ ആയത്തിന്റെ വിശദീകരണത്തിന് അല്‍ഹജ്ജ്: 5-7 വരെ സൂക്തങ്ങളുടെ വിശദീകരണം ശ്രദ്ധിക്കുക. മാതാവിന്റെ ഗര്‍ഭാശയത്തില്‍ കഴിയുന്ന ഭ്രൂണം കാണുമ്പോള്‍ അത് വെളിയില്‍ വന്ന് ബുദ്ധിയുടെയും ശക്തിയുടെയും നിര്‍മാണത്തിന്റെയും പൂര്‍ണത പ്രദര്‍ശിപ്പിക്കുമെന്നോ അതില്‍നിന്ന് അദ്ഭുതകരമായ ശക്തികളും കഴിവുകളും പ്രകടമാവുമെന്നോ വിഭാവനം ചെയ്യാന്‍ പോലും ശുദ്ധാത്മാവായ ഒരാള്‍ക്ക് കഴിയുകയില്ല. അസ്ഥിയും മാംസവും ചര്‍മവും ചേര്‍ന്ന ഒരു പിണ്ഡം മാത്രമേ അവിടെ കാണപ്പെടുകയുള്ളൂ. പ്രസവാരംഭം വരെ ജീവന്റെ പ്രാരംഭ ഗുണങ്ങളല്ലാതെ മറ്റൊന്നും അതില്‍ ദൃശ്യമാവുന്നില്ല. കേള്‍വിയില്ല, കാഴ്ചയില്ല, ശബ്ദശേഷിയില്ല, ബുദ്ധിയും വിചാരവുമില്ല. എന്നുവേണ്ട ഒരു മാനുഷിക ഗുണവും അതിനില്ല. പക്ഷേ, അതേ വസ്തു തന്നെയാണ് വെളിയില്‍ വന്നിട്ട്, ഗര്‍ഭാശയത്തിലുണ്ടായിരുന്ന ഭ്രൂണത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു വസ്തുവായിത്തീരുന്നത്. ഇപ്പോള്‍ അതിന് കാഴ്ചയും കേള്‍വിയുമുണ്ട്. തന്റെ അസ്തിത്വം വിളിച്ചറിയിക്കാന്‍ കഴിവുണ്ട്. അനുഭവങ്ങളില്‍നിന്നും പരിചയങ്ങളില്‍നിന്നും അത് ജ്ഞാനം നേടുന്നു. ഉണര്‍വിന്റെ ആദ്യ നിമിഷം മുതല്‍ തന്റെ കൈയെത്തുന്ന വസ്തുക്കളിലെല്ലാം അധികാരം ചെലുത്താനും അവയെക്കൊണ്ട് തന്റെ ശക്തി അംഗീകരിപ്പിക്കാനും ശ്രമിക്കുന്ന രീതിയിലുള്ള ഒരു ആത്മബോധം അവനില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങുന്നു. പിന്നീട് വളര്‍ച്ച പ്രാപിക്കുംതോറും അവന്റെ ശരീരത്തില്‍ ഒരു ‘വ്യത്യസ്ത വസ്തു’വിന്റെ രൂപഭാവങ്ങള്‍ പ്രകടമാകുന്നു. യുവാവായിത്തീരുമ്പോള്‍ ബാല്യത്തില്‍നിന്ന് വ്യത്യസ്തമായ ഒരവസ്ഥയെ പ്രാപിക്കുന്നു. മധ്യവയസ്‌കനാവുമ്പോള്‍ യൗവനത്തിന്റേതില്‍നിന്ന് ഭിന്നമായ വേറെ ചില സ്വഭാവങ്ങളുണ്ടാകുന്നു. വൃദ്ധനായിരിക്കുമ്പോഴാകട്ടെ, പുതിയ തലമുറകളെ സംബന്ധിച്ചിടത്തോളം അയാളുടെ ബാല്യവും യൗവനവുമെല്ലാം എങ്ങനെയായിരുന്നുവെന്ന് സങ്കല്‍പിക്കാന്‍ പോലും പ്രയാസമായിത്തീരുമാറുള്ള മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. ഇത്രയും വിപുലമായ മാറ്റങ്ങള്‍ ലോകത്തിലെ മറ്റൊരു സൃഷ്ടിയിലും സംഭവിക്കുന്നില്ല. ആയത്തിലുള്ള ‘ഫതബാറക്കല്ലാഹു’ എന്ന വാക്യത്തെ അതിന്റെ മുഴുവന്‍ ആശയങ്ങളും പ്രകടമാകുംവിധം വിവര്‍ത്തനം ചെയ്യുക അസാധ്യമാണ്. ഭാഷയുടെയും പ്രയോഗത്തിന്റെയും അടിസ്ഥാനത്തില്‍ രണ്ടാശയങ്ങളാണ് അതുള്‍ക്കൊള്ളുന്നത്. ഒന്ന്, അവന്‍ അത്യന്തം പരിപാവനനും പരിശുദ്ധനുമാണ്. രണ്ട്: അനുഗ്രഹത്തിന്റെയും നന്മയുടെയും ഉടമയാണവന്‍. അവന്റെ നന്മ മനുഷ്യന് സങ്കല്‍പിക്കാവുന്നതിനും അപ്പുറമാണ്. അവന്റെ അനുഗ്രഹങ്ങള്‍ക്കവസാനമില്ല. (കൂടുതല്‍ വിശദീകരണത്തിന് അല്‍ഫുര്‍ഖാന്‍: 1, 10 സൂക്തങ്ങളുടെ വിശദീകരണം ശ്രദ്ധിക്കുക.) ഈ രണ്ടര്‍ഥങ്ങളും മനസ്സില്‍വച്ച് ചിന്തിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാകുന്നു: മനുഷ്യസൃഷ്ടിയുടെ ഘട്ടങ്ങള്‍ വിവരിച്ച ശേഷം ‘ഫതബാറക്കല്ലാഹു’ എന്നു പറഞ്ഞത് വെറും ഒരു സ്തുതിവചനമെന്ന നിലയ്ക്കല്ല; മറിച്ച്, പ്രമാണങ്ങള്‍ നിരത്തിയ ശേഷമുള്ള പ്രമേയാവതരണം എന്ന നിലക്കാണ്. മണ്ണിന്റെ സത്തയെ വികസിപ്പിച്ച് പൂര്‍ണ മനുഷ്യരിലെത്തിച്ച ദൈവം, അവന്റെ ദിവ്യത്വത്തില്‍ പങ്കാളികളുണ്ടായിരിക്കാനുള്ള സാധ്യതയ്ക്കധീതനാണെന്നും ഇവിടെ വ്യക്തമാക്കുന്നു. മാത്രമല്ല, ഒരുവട്ടം മനുഷ്യസൃഷ്ടി നടത്തിയതോടെ അവന്റെ സമ്പൂര്‍ണത അവസാനിച്ചുവെന്നോ അനന്തരം മറ്റൊന്നും സൃഷ്ടിക്കാന്‍ കഴിയില്ലെന്നോ ധരിക്കുന്നത് അവന്റെ ശക്തിയെ അങ്ങേയറ്റം വിലകുറച്ചു കാണലാണ് എന്നും ഇവിടെ ഊന്നിപ്പറയുന്നുണ്ട്.

പിന്നെ = ثُمَّ
നാം സൃഷ്ടിച്ചു = خَلَقْنَا
ബീജത്തെ = النُّطْفَةَ
ഭ്രൂണമായി = عَلَقَةً
പിന്നെ നാം സൃഷ്ടിച്ചു = فَخَلَقْنَا
ഭ്രൂണത്തെ = الْعَلَقَةَ
മാംസക്കട്ടയായി = مُضْغَةً
പിന്നെ നാം സൃഷ്ടിച്ചു = فَخَلَقْنَا
മാംസക്കട്ടയെ = الْمُضْغَةَ
അസ്ഥികളായി = عِظَامًا
എന്നിട്ട് നാം പൊതിഞ്ഞു = فَكَسَوْنَا
അസ്ഥികളെ = الْعِظَامَ
മാംസംകൊണ്ട് = لَحْمًا
പിന്നെ = ثُمَّ
നാം അതിനെ വളര്‍ത്തി = أَنشَأْنَاهُ
സൃഷ്ടിയായി = خَلْقًا
മറ്റൊരു = آخَرَۚ
അനുഗ്രഹപൂര്‍ണനായിരിക്കുന്നു = فَتَبَارَكَ
അല്ലാഹു = اللَّهُ
ഏറ്റവും ഉത്തമനായ = أَحْسَنُ
സ്രഷ്ടാക്കളില്‍ = الْخَالِقِينَ

Add comment

Your email address will not be published. Required fields are marked *