മുഅ്മിനൂൻ – സൂക്തങ്ങള്‍: 19 – 20

فَأَنشَأْنَا لَكُم بِهِۦ جَنَّٰتٍۢ مِّن نَّخِيلٍۢ وَأَعْنَٰبٍۢ لَّكُمْ فِيهَا فَوَٰكِهُ كَثِيرَةٌۭ وَمِنْهَا تَأْكُلُونَ﴿١٩﴾ وَشَجَرَةًۭ تَخْرُجُ مِن طُورِ سَيْنَآءَ تَنۢبُتُ بِٱلدُّهْنِ وَصِبْغٍۢ لِّلْءَاكِلِينَ﴿٢٠﴾


(19) പിന്നെ, ആ ജലം മുഖേന നിങ്ങള്‍ക്കായി ഈത്തപ്പഴത്തിന്റേയും മുന്തിരിയുടേയും തോട്ടങ്ങളുണ്ടാക്കി. ആ തോട്ടങ്ങളില്‍ രുചികരമായ ധാരാളം ഫലങ്ങളുണ്ട്. അതില്‍നിന്നാണ് നിങ്ങള്‍ ആഹരിക്കുന്നത്.

(20) സീനാമലയില്‍ മുളച്ചുവരുന്ന ആ വൃക്ഷവും നാം ഉണ്ടാക്കി. അത് എണ്ണയും ആഹരിക്കുന്നവര്‍ക്ക് കറിയും ഉല്‍പാദിപ്പിച്ചു.

19- ഈത്തപ്പഴവും മുന്തിരിയും കൂടാതെ വേറെയും പലതരം പഴങ്ങളും കായ്കനികളും എന്നര്‍ഥം. ഫലങ്ങള്‍, ധാന്യങ്ങള്‍, വിറക് തുടങ്ങിയ വിവിധ രൂപങ്ങളില്‍ തോട്ടങ്ങളില്‍നിന്ന് ലഭിക്കുന്ന ആദായംകൊണ്ടാണ് നിങ്ങള്‍ ജീവസന്ധാരണം ചെയ്യുന്നത്. ”അതില്‍നിന്ന്” എന്നതിലെ സര്‍വനാമം ഫലങ്ങളെയല്ല, മറിച്ച് തോട്ടങ്ങളെയാണ് സൂചിപ്പിക്കുന്നത്. ”തഅ്കുലൂന” എന്നതിന്റെ അര്‍ഥം ആ തോട്ടങ്ങളിലെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കുന്നു എന്നു മാത്രമല്ല, മറിച്ച്, മൊത്തത്തില്‍ നിങ്ങള്‍ അതുകൊണ്ട് ഉപജീവനം കഴിക്കുന്നു എന്ന ആശയമാണുള്‍ക്കൊള്ളുന്നത്.

20- റോമാസമുദ്രത്തിന്റെ പരിസരപ്രദേശങ്ങളിലെ ആദായവസ്തുക്കളില്‍ ഏറ്റവും മുഖ്യമായ ഒലിവുവൃക്ഷമാണുദ്ദേശ്യം. അതിന്റെ തടികള്‍ ഒന്നരയും രണ്ടും സഹസ്രാബ്ദങ്ങള്‍ വരെ നിലനില്‍ക്കും. ഫലസ്തീന്‍ പ്രദേശത്തെ ചില ഒലിവുവൃക്ഷങ്ങളുടെ തടിയും തണ്ടും പടര്‍പ്പുമെല്ലാം കണ്ടാല്‍ അവ ഈസാനബി(അ)യുടെ കാലം മുതല്‍ നിലനില്‍ക്കുന്നതാണെന്ന് തോന്നിപ്പോകും. ഇതിനെ സീനാ മലയിലേക്ക് ചേര്‍ത്തുപറഞ്ഞത് മിക്കവാറും മേല്‍പറഞ്ഞ പ്രദേശത്തിന്റെ ഏറ്റവും പ്രസിദ്ധവും പ്രകടവുമായ ഭാഗം ത്വൂര്‍ സീനാ ആയതുകൊണ്ടായിരിക്കണം. അവിടമാണ് ഈ വൃക്ഷത്തിന്റെ യഥാര്‍ഥ ജന്മദേശം.

അങ്ങനെ നാം വളര്‍ത്തി = فَأَنشَأْنَا
നിങ്ങള്‍ക്ക് വേണ്ടി = لَكُم
അത് കൊണ്ട് = بِهِ
തോട്ടങ്ങള്‍ = جَنَّاتٍ
ഈത്തപ്പനകളുടെ = مِّن نَّخِيلٍ
മുന്തിരിവള്ളിയുടെയും = وَأَعْنَابٍ
നിങ്ങള്‍ക്കുണ്ട് = لَّكُمْ
അവയില്‍ = فِيهَا
പഴങ്ങള്‍ = فَوَاكِهُ
ധാരാളം = كَثِيرَةٌ
അവയില്‍നിന്ന് = وَمِنْهَا
നിങ്ങള്‍ ഭക്ഷിക്കുന്നു = تَأْكُلُونَ
മരത്തെയും = وَشَجَرَةً
അത് പുറത്തുവരുന്നു(മുളക്കുന്നു) = تَخْرُجُ
സീനാ പര്‍വതത്തില്‍നിന്ന് = مِن طُورِ سَيْنَاءَ
അത് ഉല്‍പാദിപ്പിക്കുന്നു = تَنبُتُ
എണ്ണ = بِالدُّهْنِ
കറിയും = وَصِبْغٍ
ആഹരിക്കുന്നവര്‍ക്ക് = لِّلْآكِلِينَ

Add comment

Your email address will not be published. Required fields are marked *