മുഅ്മിനൂൻ – സൂക്തങ്ങള്‍: 24

فَقَالَ ٱلْمَلَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا هَٰذَآ إِلَّا بَشَرٌۭ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَآءَ ٱللَّهُ لَأَنزَلَ مَلَٰٓئِكَةًۭ مَّا سَمِعْنَا بِهَٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ﴿٢٤﴾


(24) ജനത്തിലെ നിഷേധികളായ പ്രമാണികള്‍ പറഞ്ഞു: ‘ഇവന്‍ നിങ്ങളെപ്പോലൊരു മനുഷ്യനല്ലാതൊന്നുമല്ല. നിങ്ങളേക്കാള്‍ ശ്രേഷ്ഠനാവാന്‍ നോക്കുകയാണിവന്‍. അല്ലാഹു പ്രവാചകന്‍മാരെ അയക്കണമെന്നുദ്ദേശിച്ചാല്‍ മലക്കുകളെയാണയക്കുക. മനുഷ്യന്‍ ദൈവദൂതനായി വരുന്നുവെന്ന ഈ ഏര്‍പ്പാട് പൂര്‍വികരുടെ കാലത്തൊന്നും നമ്മള്‍ കേട്ടിട്ടേയില്ല.

24- അജ്ഞരും അന്ധരുമായ ജനങ്ങളുടെ വിവിധതരം അന്ധതകളിലൊന്നാണ് മനുഷ്യന്‍ പ്രവാചകനോ, പ്രവാചകന്‍ മനുഷ്യനോ ആകാവതല്ല എന്ന വിശ്വാസം. അതിനാല്‍, അജ്ഞതയിലധിഷ്ഠിതമായ ഈ സങ്കല്‍പത്തെ വിശുദ്ധ ഖുര്‍ആന്‍ പലവട്ടം നിഷേധാത്മകമായി പരാമര്‍ശിച്ചിട്ടുണ്ട്. എല്ലാ പ്രവാചകന്മാരും മനുഷ്യരായിരുന്നുവെന്നും മനുഷ്യര്‍ക്കുവേണ്ടി പ്രവാചകനാവേണ്ടത് മനുഷ്യന്‍ തന്നെയാണെന്നും അത് ഊന്നിപ്പറയുകയും ചെയ്തിരിക്കുന്നു. (കൂടുതല്‍ വിശദീകരണത്തിന് അല്‍അഅ്‌റാഫ് 63-69, യൂനുസ് 2, ഹൂദ് 27-31, യൂസുഫ് 109, അര്‍റഅ്ദ് 38, ഇബ്‌റാഹീം 10-11, അന്നഹ്ല്‍ 43, ബനീഇസ്‌റാഈല്‍ 94-95; അല്‍കഹ്ഫ് 110, അല്‍അമ്പിയാഅ് 3-34, അല്‍മുഅ്മിനൂന്‍ 33-34, 47, അല്‍ഫുര്‍ഖാന്‍ 7-20, അശ്ശുഅറാഅ് 154, 186; യാസീന്‍ 15, ഹാമീം അസ്സജദ 6 എന്നീ സൂക്തങ്ങള്‍ അവയുടെ വ്യാഖ്യാനസഹിതം ശ്രദ്ധിക്കുക.) സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ടുവരുന്നവരുടെ നേരെ പുരാതനകാലം മുതലേ സത്യവിരോധികള്‍ തൊടുത്തുവിടാറുള്ള ഒരാരോപണമാണ് അധികാരമോഹം. മൂസായേയും ഹാറൂനേയും എതിര്‍ത്തുകൊണ്ട് ”ഭൂമിയില്‍ നിങ്ങളിരുവരുടെയും ആധിപത്യം സ്ഥാപിക്കുന്നതിനാണ് നിങ്ങള്‍ വന്നിരിക്കുന്നത്” എന്ന വാക്കിലൂടെ ഫിര്‍ഔന്‍ ഉന്നയിച്ചതും ഇതേ ആരോപണംതന്നെയായിരുന്നു. ‘ഇയാള്‍ യഹൂദരുടെ രാജാവാകാന്‍ കൊതിക്കുന്നു’ എന്ന് ഈസാ(അ)യുടെ നേരെയും ഇതേ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. നബി(സ)യെ സംബന്ധിച്ച് അവിടുന്ന് ‘ഖുറൈശികളുടെ നായകനാവാന്‍ കൊതിക്കുന്നു’ എന്ന പ്രചാരണവും ഈ ആരോപണത്തിന്റെ മറ്റൊരു പതിപ്പായിരുന്നു. ഈ ആരോപണത്തിന് അറുതിവരുത്താന്‍ ശ്രമിച്ചുകൊണ്ട്, അധികാരമായിരുന്നു ആവശ്യമെങ്കില്‍ പ്രതിപക്ഷമുപേക്ഷിച്ച് അധികാരത്തിന്റെ പക്ഷത്തു ചേരുമായിരുന്നുവെന്നും അങ്ങനെ നിങ്ങള്‍ എന്നെ രാജാവാക്കുമായിരുന്നുവെന്നും അവിടുന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, യാഥാര്‍ഥ്യമിതാണ്: ജീവിതകാലം മുഴുവന്‍ തങ്ങളുടെ ഭൗതികനേട്ടങ്ങള്‍ക്കും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കും വേണ്ടി അധ്വാനിക്കുന്ന ആളുകള്‍ അവര്‍ക്ക് സദുദ്ദേശ്യത്തോടെയും ആത്മാര്‍ഥതയോടെയും നിഷ്‌കളങ്കതയോടെയും ഒരാള്‍ മനുഷ്യവര്‍ഗത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്നത് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. അയാള്‍ സ്വന്തം സ്വാധീനവും ശക്തിയും ഉറപ്പിക്കാന്‍ വേണ്ടി ആകര്‍ഷകമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും വ്യാജമായ സംസ്‌കരണവാദങ്ങളുന്നയിക്കുകയും ചെയ്യുകയാണെന്നേ അവര്‍ക്ക് തോന്നൂ. അവരുടെ ദൃഷ്ടിയില്‍ വഞ്ചനയും കുതന്ത്രവുമൊക്കെ സ്വാഭാവികമാണ്. സംസ്‌കരണത്തിന്റെ പേര് വഞ്ചനകളോടൊപ്പമല്ലാതെ സത്യത്തിന്റെയും ആത്മാര്‍ഥതയുടെയും കൂടെ ഒരിക്കലും ഉരുവിടാന്‍ സാധ്യതയില്ല. അതിനാല്‍, ഈ പേര് ഉരുവിടുന്ന എല്ലാവരും നമ്മുടെ സ്വന്തം വര്‍ഗത്തില്‍പ്പെട്ടവര്‍തന്നെയായിരിക്കും. എന്നാല്‍, തമാശയിതാണ്: സംസ്‌കരണ പ്രവര്‍ത്തകരുടെ നേരെ അധികാരമോഹമെന്ന ഈ ആരോപണം അധികാരിവര്‍ഗങ്ങളും അവരെ പൂജിക്കുന്ന പാര്‍ശ്വവര്‍ത്തികളുമാണ് എപ്പോഴും ഏറെ ഉച്ചത്തില്‍ മുഴക്കാറുള്ളത്. തങ്ങള്‍ക്ക്, അല്ലെങ്കില്‍ തങ്ങളുടെ യജമാനന്മാര്‍ക്ക് സിദ്ധിച്ചിട്ടുള്ള അധികാരം അവരുടെ ജന്മാവകാശമാണ്. അത് കരസ്ഥമാക്കുന്നതിലോ കൈയടക്കുന്നതിലോ തങ്ങള്‍ ഒരു തരത്തിലുള്ള എതിര്‍പ്പും ആരോപണവും അര്‍ഹിക്കുന്നില്ല. മറിച്ച്, ഈ അനുഗ്രഹം ജന്മാവകാശമായിട്ടില്ലാത്തവര്‍ അക്കാര്യങ്ങളിലെല്ലാം അങ്ങേയറ്റം അധിക്ഷേപമര്‍ഹിക്കുന്നവരുമാകുന്നു. പരിഷ്‌കര്‍ത്താക്കള്‍ എന്ന പേരും പറഞ്ഞുവരുന്നവരാകട്ടെ, അവര്‍ ഉള്ളില്‍ അധികാരത്തിനുവേണ്ടി വിശന്നുപൊരിയുന്നവരാണ്–ഇങ്ങനെ പോകുന്നു അവരുടെ ചിന്ത. (കൂടുതല്‍ വിശദീകരണത്തിന് 34-ആം സൂക്തത്തിന്റെ വിശദീകരണം കേള്‍ക്കുക.) ഇവിടെ ഒരു സംഗതികൂടി നന്നായി മനസ്സിലാക്കേണ്ടതുണ്ട്. അതായത്, സ്വന്തം കാലഘട്ടത്തിലെ മനുഷ്യജീവിതത്തിലെ ജീര്‍ണതകള്‍ തുടച്ചുമാറ്റാന്‍ മുന്നോട്ടുവരികയും സംസ്‌കാര സമ്പന്നമായ ഒരു സിദ്ധാന്തവും പ്രായോഗികമായ ഒരു ജീവിതരീതിയും സമര്‍പ്പിക്കുകയും ചെയ്യുന്നത് ആരായാലും ശരി, തന്റെ സംസ്‌കരണ മാര്‍ഗത്തില്‍ പ്രതിബന്ധങ്ങളായി നില്‍ക്കുന്ന ശക്തികളെ കീഴടക്കിയാലേ താനവതരിപ്പിക്കുന്ന ആദര്‍ശവും വ്യവസ്ഥയും പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ഇത്തരം വ്യക്തികളുടെ പ്രബോധനം വിജയം വരിച്ചാല്‍ അവര്‍ ജനങ്ങളുടെ മാതൃകാപുരുഷന്മാരും നേതാക്കളുമായിത്തീരുക എന്നത് അതിന്റെ സ്വാഭാവികമായ അനന്തരഫലമാണ്. പുതിയ വ്യവസ്ഥയുടെ സാരഥ്യവും അവരുടെ കരങ്ങളില്‍ത്തന്നെയായിരിക്കും വന്നുചേരുക. അവരത് ഏറ്റെടുക്കുന്നില്ലെങ്കില്‍ അവരുടെ ശിഷ്യന്മാരുടെയോ സഹകാരികളുടെയോ കരങ്ങളിലാണേല്‍പിക്കപ്പെടുക. സ്വന്തം പ്രബോധനം പ്രാവര്‍ത്തികരൂപത്തില്‍ നടപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഏതെങ്കിലും പ്രവാചകനും ലോകപരിഷ്‌കര്‍ത്താവുമുണ്ടോ? തന്റെ പ്രബോധനം വിജയം വരിച്ചിട്ട് നേതൃത്വമേറ്റെടുക്കാതിരുന്നിട്ടുള്ളവര്‍ ആരാണുള്ളത്? എന്നാല്‍, ഒരാളുടെ നേരെ അവന്‍ ‘അധികാരമോഹി’യാണെന്നും അയാളുടെ യഥാര്‍ഥ ഉദ്ദേശ്യം നേതൃത്വം കിട്ടലാണെന്നും ആരോപിക്കാന്‍ ഈ പ്രാപഞ്ചിക യാഥാര്‍ഥ്യം മതിയായ ന്യായമാണോ? കുല്‍സിത മനസ്സും സത്യവിരോധവും ഇല്ലാത്ത ആരും ഈ ചോദ്യങ്ങള്‍ക്ക് സമ്മതരൂപത്തില്‍ ഉത്തരം നല്‍കുകയില്ലെന്ന് തീര്‍ച്ചയാണ്. യാഥാര്‍ഥ്യമിതത്രേ: അധികാരത്തിനുവേണ്ടി മാത്രം അധികാരം തേടുന്നതും മറ്റെന്തെങ്കിലും ഉല്‍കൃഷ്ട ലക്ഷ്യത്തിന്‌വേണ്ടി അധികാരം തേടുന്നതും തമ്മില്‍ ആകാശവും ഭൂമിയും തമ്മിലുള്ള അന്തരമുണ്ട്. പ്രവാചകന്റെ പ്രവര്‍ത്തനവും അധികാരമോഹിയുടെ പ്രവര്‍ത്തനവും തമ്മില്‍ കൊള്ളക്കാരന്റെ കഠാരയും ഡോക്ടറുടെ കത്രികയും തമ്മിലുള്ള വ്യത്യാസമാണുള്ളത്. ഡോക്ടറും കൊള്ളക്കാരനും മനുഷ്യശരീരത്തില്‍ മനഃപൂര്‍വം ആയുധം പ്രയോഗിക്കുകയും തദ്ഫലമായി പണം നേടുകയും ചെയ്യുന്നു എന്ന അടിസ്ഥാനത്തില്‍ ഒരാള്‍ ഇരുവരെയും ഒരുപോലെ കണക്കാക്കുകയാണെങ്കില്‍ അയാളുടെ മസ്തിഷ്‌കത്തിന് എന്തോ തകരാറുണ്ടെന്നാണര്‍ഥം. ഈ രണ്ടു കൂട്ടരുടെയും ഉദ്ദേശ്യവും മാര്‍ഗവും പ്രവര്‍ത്തനത്തിന്റെ മൊത്തം ഫലവും തമ്മില്‍ വിപുലമായ അന്തരമുണ്ട്. വിശേഷബുദ്ധിയുള്ള ആര്‍ക്കും കൊള്ളക്കാരനെ കൊള്ളക്കാരനായും ഡോക്ടറെ ഡോക്ടറായും മനസ്സിലാക്കുന്നതില്‍ തെറ്റുപറ്റുകയില്ല. നൂഹ്ജനത ദൈവാസ്തിത്വം നിഷേധിച്ചിരുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ സൂക്തത്തിലുള്ളത്. ലോകനാഥന്‍ അവന്‍ മാത്രമാണ്; മലക്കുകളാസകലം അവന്റെ ആജ്ഞാനുവര്‍ത്തികളുമാണ് എന്ന യാഥാര്‍ത്ഥ്യത്തെ അവര്‍ നിഷേധിച്ചിരുന്നില്ല. ആ ജനതയുടെ യഥാര്‍ഥ മാര്‍ഗഭ്രംശം ബഹുദൈവത്വമായിരുന്നു; നാസ്തികത്വമായിരുന്നില്ല. ദൈവത്തിന്റെ കഴിവുകളിലും അധികാരാവകാശങ്ങളിലും മറ്റുള്ളവരെ പങ്കാളികളായി സങ്കല്‍പിക്കുകയാണ് അവര്‍ ചെയ്തിരുന്നത്.

അപ്പോള്‍ പറഞ്ഞു = فَقَالَ
പ്രമാണിമാര്‍ = ٱلْمَلَؤُا۟
നിഷേധിച്ചവരായ = ٱلَّذِينَ كَفَرُوا۟
തന്റെ ജനതയില്‍പെട്ട = مِن قَوْمِهِۦ
ഇവനല്ല = مَا هَٰذَآ
ഒരു മനുഷ്യനല്ലാതെ = إِلَّا بَشَرٌ
നിങ്ങളെപ്പോലുള്ള = مِّثْلُكُمْ
അവനുദ്ദേശിക്കുന്നു = يُرِيدُ
ശ്രേഷ്ഠത നേടാന്‍ = أَن يَتَفَضَّلَ
നിങ്ങളുടെ മേല്‍ = عَلَيْكُمْ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ = وَلَوْ شَآءَ ٱللَّهُ
അവനിറക്കുമായിരുന്നു = لَأَنزَلَ
മലക്കുകളെ = مَلَٰٓئِكَةً
നാം കേട്ടിട്ടില്ല = مَّا سَمِعْنَا
ഇത് പോലെ = بِهَٰذَا
നമ്മുടെ പിതാക്കളില്‍ = فِىٓ ءَابَآئِنَا
പൂര്‍വികരായ = ٱلْأَوَّلِينَ

Add comment

Your email address will not be published. Required fields are marked *