മുഅ്മിനൂൻ – സൂക്തങ്ങള്‍: 47-48

فَقَالُوٓا۟ أَنُؤْمِنُ لِبَشَرَيْنِ مِثْلِنَا وَقَوْمُهُمَا لَنَا عَٰبِدُونَ﴿٤٧﴾ فَكَذَّبُوهُمَا فَكَانُوا۟ مِنَ ٱلْمُهْلَكِينَ﴿٤٨﴾


(47) അവര്‍ പറഞ്ഞു: ‘ഞങ്ങളെപ്പോലുള്ള രണ്ടു മനുഷ്യരില്‍ ഞങ്ങള്‍ വിശ്വസിക്കയോ? അവരുടെ വര്‍ഗമാകട്ടെ, ഞങ്ങള്‍ക്ക് അടിമവൃത്തി ചെയ്യുന്നവരുമാണ്.’

(48) അങ്ങനെ അവര്‍ ആ രണ്ടു പേരെയും തള്ളിപ്പറഞ്ഞു. നശിപ്പിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുകയും ചെയ്തു.

47- ഞങ്ങളെപ്പോലുള്ള രണ്ടു മനുഷ്യരില്‍ ഞങ്ങള്‍ വിശ്വസിക്കയോ? എന്ന ഫിര്‍ഔന്റെയും അനുയായികളുടെയും ചോദ്യത്തെ സംബന്ധിച്ച കൂടുതല്‍ വിശദീകരണത്തിന് 24-ആം സൂക്തത്തിന്റെ വിശദീകരണം ശ്രദ്ധിക്കുക. ഇവിടെ ‘അവരുടെ വര്‍ഗം ഞങ്ങള്‍ക്ക് അടിമവൃത്തി ചെയ്യുന്നവരുമാണ്’ എന്ന് പറഞ്ഞിരിക്കുന്നു. അറബിഭാഷയില്‍, അനുസരിക്കുന്നവനാവുക, ആരാധിക്കുന്നവനാവുക എന്നിവ ഏകദേശം സമാനാര്‍ഥപദങ്ങളാകുന്നു. ഒരാള്‍ ആര്‍ക്കെങ്കിലും അടിമവൃത്തി ചെയ്യുകയോ അനുസരിക്കുകയോ ചെയ്യുക എന്നാല്‍, അത് ഒരു തരത്തിലുള്ള ഇബാദത്ത് ചെയ്യലാണ്. ഇത് ഇബാദത്ത് എന്ന പദത്തിന്റെ അര്‍ഥത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നുണ്ട്. പ്രവാചകന്മാര്‍ തങ്ങളുടെ പ്രബോധനത്തില്‍, അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യണമെന്നും മറ്റെല്ലാവര്‍ക്കുമുള്ള ഇബാദത്തുകള്‍ വര്‍ജിക്കണമെന്നും ആവര്‍ത്തിച്ചാവശ്യപ്പെട്ടപ്പോള്‍ ഇബാദത്തിന്റെ മുഴുവനായ അര്‍ഥത്തിലായിരുന്നു അത്. അവരുടെ വീക്ഷണത്തില്‍ കേവലം പൂജയായിരുന്നില്ല ഇബാദത്ത്. പൂജ അല്ലാഹുവിനു മാത്രം ചെയ്യുക, മറ്റടിമത്തങ്ങളും അനുസരണവും ഇഷ്ടമുള്ളവര്‍ക്കൊക്കെ ചെയ്തുകൊള്ളുക എന്നായിരുന്നില്ല അവര്‍ പ്രബോധനം ചെയ്തത്. മനുഷ്യനെ അല്ലാഹുവിന്റെ അടിമയും അനുസരണമുള്ളവനുമാക്കിത്തീര്‍ക്കാനും രണ്ടര്‍ഥങ്ങളിലും ഇതരന്മാര്‍ക്കുള്ള ഇബാദത്ത് തെറ്റാണെന്ന് പഠിപ്പിക്കാനുമായിരുന്നു അവര്‍ യത്‌നിച്ചത്. (കൂടുതല്‍ വിശദീകരണത്തിന് അല്‍കഹ്ഫ്: 52-ആം സൂക്തത്തിന്റെ വിശദീകരണം ശ്രദ്ധിക്കുക)

48- മൂസാ-ഫിര്‍ഔന്‍ ചരിത്രത്തിന്റെ വിശദാംശങ്ങള്‍ ഇതിനു മുമ്പ് സൂറ അല്‍ബഖറ 49, 50, അല്‍അഅ്‌റാഫ് 103-136, യൂനുസ് 75-92, ഹൂദ് 96-99, ബനൂഇസ്‌റാഈല്‍ 101-104, ത്വാഹാ 9-80 സൂക്തങ്ങളില്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്.

അവര്‍ പറഞ്ഞു = فَقَالُوا
നാം വിശ്വസിക്കുകയോ = أَنُؤْمِنُ
രണ്ടാളുകളെ = لِبَشَرَيْنِ
നമ്മെപ്പോലുള്ള = مِثْلِنَا
അവരുടെ ജനതയായിരിക്കെ = وَقَوْمُهُمَا
നമുക്ക് = لَنَا
അടിമപ്പെടുന്നവര്‍ = عَابِدُونَ
അവര്‍ അവരെ രണ്ടുപേരെയും തള്ളിപ്പറഞ്ഞു = فَكَذَّبُوهُمَا
അപ്പോഴവര്‍ ആയി = فَكَانُوا
നശിപ്പിക്കപ്പെട്ടവരില്‍ = مِنَ الْمُهْلَكِينَ

Add comment

Your email address will not be published. Required fields are marked *