മുഅ്മിനൂൻ – സൂക്തങ്ങള്‍: 49-50

وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ لَعَلَّهُمْ يَهْتَدُونَ﴿٤٩﴾ وَجَعَلْنَا ٱبْنَ مَرْيَمَ وَأُمَّهُۥٓ ءَايَةًۭ وَءَاوَيْنَٰهُمَآ إِلَىٰ رَبْوَةٍۢ ذَاتِ قَرَارٍۢ وَمَعِينٍۢ﴿٥٠﴾


(49) മൂസാക്കു നാം വേദം നല്‍കി–അതുവഴി ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം സിദ്ധിക്കാന്‍.

(50) മര്‍യമിന്റെ പുത്രനേയും അദ്ദേഹത്തിന്റെ മാതാവിനേയും നാം ഒരു ദൃഷ്ടാന്തമാക്കിയിട്ടുണ്ട്. അവരെ നാം പ്രശാന്തവും ഉറവിടങ്ങളൊഴുകുന്നതുമായ ഉന്നത വിതാനത്തില്‍ വസിപ്പിക്കുകയും ചെയ്തു.

50- ഒരു ദൃഷ്ടാന്തം മര്‍യമിന്റെ പുത്രനും മറ്റൊരു ദൃഷ്ടാന്തം മര്‍യംതന്നെയുമായിരുന്നുവെന്നല്ല പറയുന്നത്. മര്‍യമിന്റെ പുത്രനെയും മര്‍യമിനെയും രണ്ട് ദൃഷ്ടാന്തങ്ങളാക്കി എന്നുമല്ല. മറിച്ച്, അവരിരുവരെയും ചേര്‍ത്ത് ഒരു ദൃഷ്ടാന്തം സൃഷ്ടിച്ചു എന്നാകുന്നു. ഇതിന്റെ ആശയം മറ്റുവിധത്തില്‍ ഇങ്ങനെയുമാകാം: മര്‍യമിന്റെ പുത്രന്റെ പിതാവില്ലാതെയുള്ള ജനനം, പുരുഷസ്പര്‍ശമേല്‍ക്കാതെയുള്ള മര്‍യമിന്റെ ഗര്‍ഭധാരണം– ഇതു രണ്ടുംകൂടി ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. ഈസാ(അ)യുടെ പിതാവില്ലാതെയുള്ള ജനനത്തെ നിഷേധിക്കുന്നവര്‍ ആ മാതാവും പുത്രനും ഒരു ദൃഷ്ടാന്തമാണ് എന്നതിനെ എങ്ങനെയാണ് വ്യാഖ്യാനിക്കുക? (കൂടുതല്‍ വിശദീകരണത്തിന് ആലുഇംറാന്‍ 47-59, അന്നിസാഅ് 156, 171, മര്‍യം 21-35, അല്‍അമ്പിയാഅ് 91 സൂക്തങ്ങളുടെ വിശദീകരണം ശ്രദ്ധിക്കുക) ഇവിടെ ശ്രദ്ധേയമായ രണ്ടു സംഗതികള്‍ കൂടിയുണ്ട്. ഒന്ന്: ഈസാ(അ)യുടെയും അവിടത്തെ വന്ദ്യമാതാവിന്റെയും നിലപാട് അജ്ഞരായ ആളുകളുടെ മറ്റൊരു ദൗര്‍ബല്യത്തിലേക്കുകൂടി വിരല്‍ ചൂണ്ടുന്നു. മേല്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്മാരില്‍ അക്കൂട്ടര്‍ വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്നത്, അവര്‍ സാധാരണ മനുഷ്യരാണെന്നും സാധാരണ മനുഷ്യന്‍ എങ്ങനെയാണ് പ്രവാചകനാവുക എന്നും പറഞ്ഞുകൊണ്ടായിരുന്നു. പക്ഷേ, ഈസാ(അ)യിലും മാതാവിലും ആളുകള്‍ വിശ്വസിച്ചപ്പോഴാകട്ടെ, അവരെ മനുഷ്യത്വത്തില്‍നിന്നുയര്‍ത്തി ദിവ്യത്വത്തിന്റെ പദവിയിലെത്തിച്ചുകളഞ്ഞു. രണ്ട്: ഈസാ(അ)യുടെ അമാനുഷജനനത്തില്‍നിന്നും തൊട്ടിലില്‍ വച്ചുള്ള പ്രഭാഷണത്തില്‍നിന്നും അദ്ദേഹത്തിന്റെ അമാനുഷികത സ്ഥിരപ്പെട്ടതായി കണ്ടിട്ടുപോലും വിശ്വസിക്കാന്‍ വിസമ്മതിക്കുകയും മര്‍യമിനെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുകയും ചെയ്തവരെ എക്കാലത്തേക്കുമായി ലോകത്തിനു മുമ്പില്‍ വ്യക്തമായ ഒരു പാഠമാക്കി പ്രദര്‍ശിപ്പിക്കപ്പെട്ടുകൊണ്ട് ശിക്ഷിച്ചിരിക്കുന്നു. ഇവിടെ സൂചിപ്പിച്ചിട്ടുള്ള സ്ഥലമേതെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ദമസ്‌കസാണുദ്ദേശിച്ചിട്ടുള്ളതെന്ന് ചിലര്‍ പ്രസ്താവിച്ചിരിക്കുന്നു. വേറെ ചിലരുടെ വീക്ഷണത്തില്‍ അര്‍റംലയാണ്. മറ്റു ചിലര്‍ ബൈത്തുല്‍ മുഖദ്ദസാണ് എന്നഭിപ്രായപ്പെടുന്നു; ചിലര്‍ക്കാകട്ടെ ഈജിപ്താണെന്നും അഭിപ്രായമുണ്ട്. ക്രൈസ്തവ ഐതിഹ്യങ്ങളനുസരിച്ച്, ഈസാ(അ) ന്റെ ജനനത്തിന് ശേഷം അദ്ദേഹത്തിന്റെ സംരക്ഷണാര്‍ഥം മര്‍യം രണ്ടു പ്രാവശ്യം ജന്മദേശം ഉപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതയായിട്ടുണ്ട്. ആദ്യമവര്‍, ഹെറോദേസ് രാജാവിന്റെ കാലത്ത് ഈസായെയുംകൊണ്ട് ഈജിപ്തിലേക്കു പോയി. ഹെറോദേസിന്റെ മരണം വരെ അവിടെ താമസിച്ചു. പിന്നീട് അര്‍ക്കലയോസിന്റെ ഭരണകാലത്ത് അവര്‍ക്ക് ഗലീല പ്രദേശത്തെ നസ്‌റേത്ത് എന്ന ഗ്രാമത്തില്‍ ചെന്നു താമസിക്കേണ്ടിവന്നു (മത്തായി 2:13-23). അതിനാല്‍, ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് ഏതു സ്ഥലത്തെയാണ് എന്നുറപ്പിച്ചുപറയാന്‍ നിവൃത്തിയില്ല. നിരപ്പുള്ളതും പരിസരപ്രദേശങ്ങളേക്കാള്‍ ഉയര്‍ന്നതുമായ പീഠഭൂമിക്കാണ് അറബി ഭാഷയില്‍ ‘റബ്‌വ’ എന്നു പറയുക. അവിടെ എല്ലാ അത്യാവശ്യ സാധനങ്ങളും ലഭിക്കുമെന്നും താമസിക്കുന്നവന് സുഖമായി ജീവിതം നയിക്കാന്‍ കഴിയുമെന്നുമാണ് ‘ദാത്തി ഖരാരിന്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഒഴുകിക്കൊണ്ടിരിക്കുന്ന ജലം, അരുവി എന്നൊക്കെയാണ് ‘മഈന്‍’ എന്ന പദത്തിന്റെ വിവക്ഷ.

തീര്‍ച്ചയായും = وَلَقَدْ
നാം നല്‍കി = آتَيْنَا
മൂസക്ക് = مُوسَى
വേദം = الْكِتَابَ
അവര്‍ ആകുന്നതിന് = لَعَلَّهُمْ
അവര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നു = يَهْتَدُونَ
നാം ആക്കി = وَجَعَلْنَا
മര്‍യമിന്റെ പുത്രനെ = ابْنَ مَرْيَمَ
അവന്റെ മാതാവിനെയും = وَأُمَّهُ
ഒരു ദൃഷ്ടാന്തം = آيَةً
അവര്‍ രണ്ടു പേര്‍ക്കും നാം അഭയം നല്‍കി = وَآوَيْنَاهُمَا
ഒരു ഉയര്‍ന്ന സ്ഥലത്ത് = إِلَىٰ رَبْوَةٍ
നിവാസയോഗ്യമായ = ذَاتِ قَرَارٍ
ഉറവയുള്ളതും = وَمَعِينٍ

Add comment

Your email address will not be published. Required fields are marked *