മുഅ്മിനൂൻ – സൂക്തങ്ങള്‍: 51(A)

يَٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَٰتِ وَٱعْمَلُوا۟ صَٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌۭ﴿٥١﴾


(51) ദൈവദൂതന്മാരേ, വിശിഷ്ട ഭോജ്യങ്ങള്‍ ഭുജിച്ചുകൊള്ളുവിന്‍. നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും ഞാന്‍ നന്നായി അറിയുന്നുണ്ട്.

51- മേല്‍ വിവരിച്ച രണ്ടു ഖണ്ഡികകളില്‍ വിവിധ പ്രവാചകന്മാരെ പരാമര്‍ശിച്ച ശേഷം ‘യാ അയ്യുഹര്‍റുസുലു’ എന്ന് സംബോധന ചെയ്തിരിക്കുന്നു. അതിനര്‍ത്ഥം മുഴുവന്‍ പ്രവാചകന്മാരും ഒരിടത്ത് സന്നിഹിതരായിരുന്നുവെന്നോ, അവരെ എല്ലാവരെയും അഭിമുഖീകരിച്ച് അരുളുകയാണെന്നോ അല്ല. കാലാന്തരങ്ങളില്‍ വിവിധ ജനതകളിലും നാടുകളിലും ആഗതരായ എല്ലാ പ്രവാചകന്മാരും ഇതേ മാര്‍ഗദര്‍ശനം തന്നെയാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുകയാണ് ഉദ്ദേശ്യം. കാലദേശാന്തരങ്ങള്‍ ഉണ്ടായിരുന്നിട്ടും പ്രവാചകന്മാരെല്ലാം ഒരേ വിധിയാല്‍ അനുശാസിക്കപ്പെട്ടിരുന്നു. പിറകെ വരുന്ന സൂക്തത്തില്‍ എല്ലാ പ്രവാചകന്മാരെയും ഒരു സമുദായം, ഒരു സംഘം, ഒരു ഗ്രൂപ്പ് എന്നീ അര്‍ഥങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്. അതിനാല്‍, എല്ലാവരെയും കണ്‍മുമ്പിലുള്ള ഒരു സംഘമായി ചിത്രീകരിച്ചുകൊണ്ടുള്ള ശൈലി സ്വീകരിച്ചിരിക്കുകയാണിവിടെ. അതായത്, എല്ലാവരും ഒരിടത്ത് സമ്മേളിക്കുകയും എല്ലാവര്‍ക്കും ഒരേ മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്നതുപോലെ. എന്നാല്‍, സുന്ദരമായ ഈ വാക്യശൈലി ഈ കാലഘട്ടത്തിലെ അല്‍പബുദ്ധികളായ ചിലര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. മുഹമ്മദ് നബി(സ)ക്കു ശേഷം ആഗതരാകുന്ന പ്രവാചകന്മാരോടാണ് ഈ സംബോധന എന്നത്രേ അവര്‍ ഈ വാക്യത്തില്‍ നിന്ന് മനസ്സിലാക്കുന്നത്. അങ്ങനെ മുഹമ്മദ് നബി(സ)ക്കു ശേഷവും പ്രവാചകന്മാര്‍ ആഗതരാവുമെന്ന് ഈ സൂക്തത്തിലൂടെ അവര്‍ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഭാഷയുടെയും സാഹിത്യത്തിന്റെയും സൂക്ഷ്മധ്വനികളെക്കുറിച്ച് ഇത്രത്തോളം അജ്ഞരായ ആളുകളും വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ മുതിരുന്നു എന്നത് വിചിത്രംതന്നെ! സ്വയം നല്ലതും അനുവദനീയമായ മാര്‍ഗത്തിലൂടെ ആര്‍ജിച്ചതുമായ വസ്തുക്കളാണ് നല്ല വസ്തുക്കള്‍ എന്നതുകൊണ്ടുദ്ദേശിക്കപ്പെട്ടിട്ടുള്ളത്. സന്യാസത്തിന്റെയും ഭൗതികപ്രമത്തതയുടെയും ഇടയ്ക്ക് ഇസ്‌ലാം സ്വീകരിച്ചിട്ടുള്ള മിതമായ മാര്‍ഗത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ്, ‘നല്ല വസ്തുക്കള്‍ ഭുജിച്ചുകൊള്ളുക’ എന്നുപദേശിക്കുന്നതിലൂടെ ചെയ്യുന്നത്. മുസല്‍മാന്‍ സന്യാസിയെപ്പോലെ ശുദ്ധമായ വിഭവങ്ങള്‍ സ്വയം വിലക്കുന്നവനല്ല. എന്നാല്‍, ദുന്‍യാപ്രേമിയെപ്പോലെ എന്തും ഉപയോഗിക്കുന്നവനുമല്ല. സുകൃതത്തിനു മുമ്പായി നല്ലത് ഭുജിക്കാന്‍ നിര്‍ദേശം നല്‍കിയത് നിഷിദ്ധഭോജനത്തോടൊപ്പം സുകൃതം നിരര്‍ഥകമാണ് എന്നത്രേ സ്പഷ്ടമായും സൂചിപ്പിക്കുന്നത്. മനുഷ്യന്‍ അനുവദനീയ വിഭവങ്ങള്‍ ഭുജിക്കുക എന്നത് നന്നാവലിന്റെ പ്രഥമ ഉപാധിയാകുന്നു. നബി(സ) അരുളിയതായി ഹദീസുകളില്‍ ഇപ്രകാരം വന്നിട്ടുണ്ട്: ‘ജനങ്ങളേ, അല്ലാഹു പരിശുദ്ധനാകുന്നു. അതിനാല്‍, അവന്‍ ശുദ്ധമായ വസ്തുക്കള്‍ ഇഷ്ടപ്പെടുന്നു.’ പിന്നീടവിടന്ന് ഈ സൂക്തം പാരായണം ചെയ്തു. അനന്തരം അരുള്‍ ചെയ്തു: ”ദീര്‍ഘസഞ്ചാരംമൂലം ജടപിടിക്കുകയും പൊടിപുരളുകയും ചെയ്ത ഒരു മനുഷ്യന്‍. അവന്റെ അന്നം നിഷിദ്ധമാണ്, പാനീയം നിഷിദ്ധമാണ്, ഉടയാടകള്‍ നിഷിദ്ധമാണ്, ശരീരപോഷകങ്ങളും നിഷിദ്ധത്തില്‍നിന്നാണ്. എന്നിരിക്കെ ആകാശത്തേക്ക് കൈയുയര്‍ത്തി അവന്‍ വിളിക്കുന്നു: ‘എന്റെ നാഥാ, എന്റെ നാഥാ!’ എങ്ങനെയാണവന് ഉത്തരം ലഭിക്കുക?”

അല്ലയോ ദൂതന്‍മാരേ = يَا أَيُّهَا الرُّسُلُ
നിങ്ങള്‍ ആഹരിക്കുക = كُلُوا
ഉത്തമ വിഭവങ്ങളില്‍നിന്ന് = مِنَ الطَّيِّبَاتِ
നിങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക = وَاعْمَلُوا
സല്‍കര്‍മ്മം = صَالِحًاۖ
തീര്‍ച്ചയായും ഞാന്‍ = إِنِّي
നിങ്ങള്‍ ചെയ്യുന്നതിനെകുറിച്ച് = بِمَا تَعْمَلُونَ
അറിയുന്നവനാണ് = عَلِيمٌ

Add comment

Your email address will not be published. Required fields are marked *