മുഅ്മിനൂൻ – സൂക്തങ്ങള്‍: 52-53

وَإِنَّ هَٰذِهِۦٓ أُمَّتُكُمْ أُمَّةًۭ وَٰحِدَةًۭ وَأَنَا۠ رَبُّكُمْ فَٱتَّقُونِ﴿٥٢﴾ فَتَقَطَّعُوٓا۟ أَمْرَهُم بَيْنَهُمْ زُبُرًۭا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ﴿٥٣﴾


(52) നിങ്ങളുടെ ഈ സമുദായം ഏക സമുദായമാകുന്നു; ഞാന്‍ നിങ്ങളുടെ റബ്ബും. അതിനാല്‍, എന്നെ മാത്രം ഭയപ്പെടുവിന്‍.

(53) പക്ഷേ, ജനങ്ങള്‍ അവരുടെ ദീനിനെ തങ്ങള്‍ക്കിടയില്‍ തുണ്ടംതുണ്ടമാക്കിക്കളഞ്ഞു. ഓരോ കക്ഷിയും താന്താങ്ങളുടെ കൈവശമുള്ളതില്‍ നിഗളിക്കുന്നു

52- ‘നിങ്ങളുടെ സമുദായം ഒറ്റ സമുദായമാകുന്നു.’ അതായത്, നിങ്ങളെല്ലാം ഒരേ ഗ്രൂപ്പിലെ ആളുകളാണ്. പൊതുവായ ഏതെങ്കിലുമൊരടിസ്ഥാനത്തില്‍ ഏകോപിച്ച ഒരു സംഘത്തിലെ ഘടക സമാഹാരത്തിനാണ് ‘ഉമ്മ’ എന്ന പദം പ്രയോഗിക്കപ്പെട്ടുവരുന്നത്. കാലദേശാന്തരങ്ങളുണ്ടെങ്കിലും പ്രവാചകന്മാരെല്ലാവരും ഒരേ ദീനിലും വിശ്വാസപ്രമാണത്തിലും ആദര്‍ശത്തിലും ഏകോപിച്ചവരായിരുന്നു. അതിനാല്‍, അവരെല്ലാം ഒരേ സമുദായത്തില്‍ പെട്ടവരാണെന്ന് അല്ലാഹു അരുള്‍ ചെയ്തു. അവര്‍ ഏകോപിച്ച പൊതുവായ മൂല്യം എന്തായിരുന്നുവെന്ന് ശേഷമുള്ള വാക്യം വിശദീകരിക്കുന്നുണ്ട്. (കൂടുതല്‍ വിശദീകരണത്തിന് അല്‍ബഖറ 130-133, 213; ആലുഇംറാന്‍ 19-20, 33-34, 64, 79-85; അന്നിസാഅ് 150-152; അല്‍അഅ്‌റാഫ് 59, 65, 73, 85; യൂസുഫ് 37-40; മര്‍യം 49-59; അല്‍അമ്പിയാഅ് 71-93 എന്നീ സൂക്തങ്ങള്‍ ശ്രദ്ധിക്കുക).

53- ഇത് കേവലം സംഭവകഥനമല്ല. അധ്യായത്തിന്റെ ആരംഭത്തില്‍ ഉന്നയിക്കപ്പെട്ട വാദസ്ഥാപനത്തിന്റെ ഒരു ഘടകമാണിത്. തെളിവിന്റെ സംക്ഷിപ്തമിതാണ്: നൂഹ്(അ) മുതല്‍ ഈസാ(അ) വരെയുള്ള മുഴുവന്‍ പ്രവാചകന്മാരും ഇതേ തൗഹീദിന്റെയും പരലോകവിശ്വാസത്തിന്റെയും അധ്യാപനങ്ങളാണ് നല്‍കിയിരുന്നത്. അതിനാല്‍, മനുഷ്യകുലത്തിന്റെ മൗലികമായ മതം ഇതേ ഇസ്‌ലാംതന്നെയാണെന്ന് അതില്‍നിന്ന് അനിവാര്യമായും തെളിയുന്നു. ഇന്ന് കാണപ്പെടുന്ന മറ്റെല്ലാ മതങ്ങളും ആ അടിസ്ഥാനമതത്തിന്റെ വികൃതമാക്കപ്പെട്ട രൂപങ്ങളാണ്; സത്യമതത്തില്‍നിന്ന് ചില വശങ്ങള്‍ മായ്ച്ചുകളയുകയും സ്വയം നിര്‍മ്മിച്ച ചിലത് കൂട്ടിച്ചേര്‍ക്കുകയും ചെയ്ത രൂപങ്ങള്‍. അതിനാല്‍, തെറ്റില്‍ പതിച്ചവര്‍ ആ വികല മതങ്ങളെ ആദരിച്ചാശ്ലേഷിക്കുന്നവരാണ്; അവയെ വര്‍ജിച്ച് മൗലിക മതത്തിലേക്ക് പ്രബോധനം ചെയ്യുന്നവരല്ല.

തീര്‍ച്ചയായും ഇതാണ് = وَإِنَّ هَٰذِهِ
നിങ്ങളുടെ സമുദായം = أُمَّتُكُمْ
ഏക സമുദായം = أُمَّةً وَاحِدَةً
ഞാന്‍ = وَأَنَا
നിങ്ങളുടെ നാഥനും = رَبُّكُمْ
അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ച് ജീവിക്കുക = فَاتَّقُونِ
അവര്‍ ഭിന്നിച്ചു = فَتَقَطَّعُوا
അവരുടെ കാര്യത്തില്‍ = أَمْرَهُم
അവര്‍ പരസ്പരം = بَيْنَهُمْ
കക്ഷികളായി = زُبُرًاۖ
എല്ലാ കക്ഷിയും = كُلُّ حِزْبٍ
തങ്ങളുടെ പക്കലുള്ളതുകൊണ്ട് = بِمَا لَدَيْهِمْ
സന്തുഷ്ടരാകുന്നു = فَرِحُونَ

Add comment

Your email address will not be published. Required fields are marked *