ലുഖ്‌മാൻ – സൂക്തങ്ങള്‍: 1-5

الٓمٓ﴿١﴾ تِلْكَ ءَايَٰتُ ٱلْكِتَٰبِ ٱلْحَكِيمِ﴿٢﴾ هُدًۭى وَرَحْمَةًۭ لِّلْمُحْسِنِينَ﴿٣﴾ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْءَاخِرَةِ هُمْ يُوقِنُونَ﴿٤﴾ أُو۟لَٰٓئِكَ عَلَىٰ هُدًۭى مِّن رَّبِّهِمْ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ﴿٥﴾

(1) അലിഫ്–ലാം–മീം.

(2) യുക്തിപൂര്‍ണമായ വേദസൂക്തങ്ങളാണിത്.

(3) സുകൃതര്‍ക്ക് മാര്‍ഗദര്‍ശനവും അനുഗ്രഹവുമായിട്ടുള്ളത്.

(4) അവര്‍, നമസ്‌കാരം നിലനിര്‍ത്തുന്നവരും സകാത്ത് നല്‍കുന്നവരും പരലോകത്തില്‍ ദൃഢവിശ്വാസമുള്ളവരുമത്രെ.

(5) തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള സന്മാര്‍ഗത്തിലാണവര്‍, വിജയം വരിക്കുന്നവരും അവര്‍തന്നെയാകുന്നു.

2- എല്ലാ സംഗതികളും യുക്തിയുക്തമായി പ്രതിപാദിക്കപ്പെട്ട, യുക്തിബന്ധുരമായ വേദത്തിലെ സൂക്തങ്ങള്‍ എന്നര്‍ഥം.

3- സുകൃതര്‍ക്ക് മാര്‍ഗദര്‍ശനവും അനുഗ്രഹവുമായിട്ടുള്ളത് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യമിതാണ്, ഈ സൂക്തങ്ങള്‍ സത്യത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നതും അല്ലാഹുവിങ്കല്‍നിന്ന് അനുഗ്രഹമായി അവതരിച്ചതുമാകുന്നു. എന്നാല്‍, സല്‍ക്കര്‍മപാത സ്വീകരിക്കുന്നവരും, നല്ലവരായിത്തീരണമെന്ന് ആഗ്രഹിക്കുന്നവരും, നന്മകളന്വേഷിക്കുന്നവരും, തിന്മകളെക്കുറിച്ച് ഉണര്‍ത്തിയാല്‍ അത് വര്‍ജിക്കുന്നവരും, നന്മകള്‍ കാണിച്ചുകൊടുത്താല്‍ അത് സ്വായത്തമാക്കുന്നവരും മാത്രമേ ഈ മാര്‍ഗദര്‍ശനം പ്രയോജനപ്പെടുത്തുകയുള്ളൂ. തിന്മകളെ ഇഷ്ടപ്പെടുന്ന ദുഷ്ടരായ ആളുകള്‍ ഈ മാര്‍ഗദര്‍ശനം പ്രയോജനപ്പെടുത്തുകയോ ഈ അനുഗ്രഹത്തില്‍ പങ്ക് പറ്റുകയോ ഇല്ല.

4- ‘സുകൃതര്‍’ എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് ഈ മൂന്ന് ഗുണങ്ങള്‍ മാത്രമേ ഉണ്ടായിരിക്കയുള്ളൂ എന്നല്ല ആയത്തില്‍ പറഞ്ഞിരിക്കുന്നത്. മറിച്ച്, ‘സുകൃതരു’ടെ സുപ്രധാനമായ മൂന്ന് ഗുണങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചിരിക്കുകയാണ്. ഈ മൂന്ന് കാര്യങ്ങളാണ് മറ്റ് നന്മകളുടെയെല്ലാം അച്ചുതണ്ട് എന്ന് വ്യക്തമാക്കുകയാണുദ്ദേശ്യം. അവര്‍ നമസ്‌കാരം നിലനിര്‍ത്തുന്നവരാണ്. അതുവഴി ദൈവഭക്തിയും ദൈവഭയവും അവരുടെ സ്ഥിരം സ്വഭാവമായിത്തീരുന്നു. അവര്‍ സകാത്ത് നല്‍കുന്നു. അതുവഴി പരക്ഷേമ താല്‍പര്യത്തിന്റെയും ത്യാഗത്തിന്റെയും മനോഭാവം അവരില്‍ അടിയുറക്കുന്നു. ഐഹിക വിഭവങ്ങളിലുള്ള അഭിനിവേശം നിയന്ത്രിക്കപ്പെടുകയും ദൈവപ്രീതിക്കുള്ള അഭിലാഷം വളര്‍ന്നുവരികയും ചെയ്യുന്നു. പരലോകത്തില്‍ അവര്‍ക്ക് ദൃഢമായ വിശ്വാസമുണ്ട്. അതുവഴി അവരില്‍ ഉത്തരവാദിത്വബോധവും ജീവിതം വിചാരണ ചെയ്യപ്പെടുന്നതാണ് എന്ന വിചാരവും വളരുന്നു. അതിനാല്‍ അവര്‍, മേച്ചില്‍പ്പുറങ്ങളില്‍ വിഹരിക്കുന്ന കാലികളെപ്പോലെ ജീവിക്കുകയില്ല. മറിച്ച്, താന്‍ പരമസ്വതന്ത്രനല്ലെന്നും ഒരു യജമാനന്റെ അടിമയാണെന്നും തന്റെ സകല പ്രവര്‍ത്തനങ്ങളെക്കുറിച്ചും യജമാനന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടതുണ്ടെന്നുമുള്ള വിചാരത്തോടെ ജീവിക്കും. ഈ മൂന്ന് സവിശേഷതകളുള്ളവരുടെ കാര്യം ഒന്നുവേറെയാണ്. അവരുടെ അന്തരംഗത്ത് ഒരു സവിശേഷമായ ചിന്താരീതിയുണ്ട്. അവരില്‍ ഒരു പ്രത്യേക സ്വഭാവചര്യയുമുണ്ട്. അതിനാല്‍, അവരില്‍ നിന്നുണ്ടാകുന്ന നന്മ സുനിശ്ചിതമായ ഒരു വ്യവസ്ഥ അനുസരിച്ച് ഉണ്ടാകുന്നതാണ്. അവരില്‍ നിന്ന് തിന്മകളുണ്ടാവുകയാണെങ്കില്‍ അത് യാദൃച്ഛികമായിരിക്കും. സ്വന്തം പ്രകൃതിയുടെ പ്രേരണയാല്‍ അവര്‍ ദുര്‍മാര്‍ഗം കൈക്കൊള്ളുകയില്ല.

5- ഈ സൂക്തം അവതരിക്കുന്ന കാലഘട്ടത്തില്‍ മക്കയിലെ സത്യനിഷേധികള്‍ മനസ്സിലാക്കിയിരുന്നതും പരസ്യമായി പറഞ്ഞിരുന്നതും ഇങ്ങനെയായിരുന്നു: ‘മുഹമ്മദ് നബി(സ)യും അദ്ദേഹത്തിന്റെ പ്രബോധനം സ്വീകരിക്കുന്നവരും അവരുടെ ജീവിതം തുലക്കുകയാണ്.’ അതുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ശക്തമായും വ്യക്തമായും പറഞ്ഞു: ‘അവര്‍തന്നെയാണ് വിജയം വരിക്കുന്നവര്‍.’ നിങ്ങള്‍ തെറ്റായ കണക്കുകൂട്ടലുകളിലൂടെ മനസ്സിലാക്കുന്നതുപോലെ ഇവര്‍ ജീവിതം തുലക്കുന്നവരല്ല; മറിച്ച്, ഇവര്‍ മാത്രമാണ് വിജയം പ്രാപിക്കുന്നവര്‍. ഈ മാര്‍ഗം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ വിജയം വരിക്കുന്നവരല്ല; വിലക്കപ്പെട്ടവരാണ്. വിജയത്തെ ഐഹിക ജീവിതത്തിന്റെ പരിധിയിലൊതുക്കുകയും ഭൗതിക സുഖം എന്ന അര്‍ഥത്തിലെടുക്കുകയും ചെയ്യുന്നവര്‍ക്ക് ഇവിടെ ഖുര്‍ആനിന്റെ യഥാര്‍ഥ ആശയം ഗ്രഹിക്കുന്നതില്‍ അബദ്ധം പിണയും. കൂടുതല്‍ വിശദീകരണത്തിന് സൂറ അല്‍ബഖറ 2-5; ആലു ഇംറാന്‍ 104, 130, 200; അല്‍മാഇദ 35, 90; അല്‍അന്‍ആം 21; അല്‍അഅ്‌റാഫ് 7, 8, 157; അത്തൗബ 88; യൂനുസ് 17; അന്നഹ്ല്‍ 116; അല്‍ഹജ്ജ് 77; അല്‍മുഅ്മിനൂന്‍ 1,117; അന്നൂര്‍ 51; അര്‍റൂം 38 എന്നീ സൂക്തങ്ങളും അവയുടെ വിശദീകരണങ്ങളും ശ്രദ്ധിക്കുക.

അലിഫ് ലാം മീം = الٓمٓ
ഇത് = تِلْكَ
വചനങ്ങള്‍ (ആകുന്നു) = آيَاتُ
വേദഗ്രന്ഥത്തിലെ = الْكِتَابِ
യുക്തിപൂര്‍ണമായ = الْحَكِيمِ
മാര്‍ഗ ദര്‍ശനമായി(ട്ടത്രെ അത് സ്ഥിതി ചെയ്യുന്നത്) = هُدًى
കാരുണ്യവുമായി = وَرَحْمَةً
സച്ചരിതര്‍ക്ക് = لِّلْمُحْسِنِينَ
ഒരു കൂട്ടര്‍ = الَّذِينَ
അവര്‍ നിഷ്ഠയോടെ നിലനിര്‍ത്തുന്നു = يُقِيمُونَ
നമസ്കാരം = الصَّلَاةَ
അവര്‍ നല്‍കുകയും ചെയ്യുന്നു = وَيُؤْتُونَ
സകാത്ത് = الزَّكَاةَ
അവരാകട്ടെ = وَهُم
പരലോകത്തില്‍ = بِالْآخِرَةِ
അവര്‍ = هُمْ
ദൃഢമായി വിശ്വസിക്കുന്നു = يُوقِنُونَ
അവര്‍ = أُولَٰئِكَ
നേര്‍വഴിയിലാണ് = عَلَىٰ هُدًى
തങ്ങളുടെ നാഥങ്കല്‍നിന്നുള്ള = مِّن رَّبِّهِمْۖ
അവര്‍ തന്നെയാണ് = وَأُولَٰئِكَ
വിജയികള്‍ = هُمُ الْمُفْلِحُونَ

Add comment

Your email address will not be published. Required fields are marked *