മുഅ്മിനൂൻ – സൂക്തങ്ങള്‍: 60-62

وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ﴿٦٠﴾ أُو۟لَٰٓئِكَ يُسَٰرِعُونَ فِى ٱلْخَيْرَٰتِ وَهُمْ لَهَا سَٰبِقُونَ﴿٦١﴾ وَلَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَلَدَيْنَا كِتَٰبٌۭ يَنطِقُ بِٱلْحَقِّ ۚ وَهُمْ لَا يُظْلَمُونَ﴿٦٢﴾

(60) റബ്ബിങ്കലേക്ക് മടങ്ങിച്ചെല്ലേണ്ടതുണ്ടെന്ന വിചാരത്താല്‍ മനസ്സ് വിറച്ചുകൊണ്ട് ദാനം ചെയ്യുന്നവര്‍.

(61) ഇവരൊക്കെയാകുന്നു നന്മകളില്‍ ഉല്‍സാഹിക്കുന്നവരും അത്കരസ്ഥമാക്കാന്‍ മുന്നേറുന്നവരും.

(62) നാം ഒരു മനുഷ്യനോടും അവന്റെ കഴിവില്‍ കവിഞ്ഞത് കല്‍പിക്കുന്നില്ല. നമ്മുടെ പക്കല്‍ ഓരോരുത്തരുടെയും അവസ്ഥ കൃത്യമായി പറയുന്ന പുസ്തകമുണ്ട്. മനുഷ്യരോട് ഒരിക്കലും അനീതിയുണ്ടാവുകയില്ല.

61- അറബിഭാഷയില്‍ ‘ഈതാഅ്’ അഥവാ ദാനം ചെയ്യല്‍ എന്ന പദം ധനമോ മറ്റെന്തെങ്കിലും ഭൗതിക പദാര്‍ഥമോ നല്‍കുന്നതിനു മാത്രമല്ല ഉപയോഗിക്കുക; ആശയപരമായ സംഗതികള്‍ നല്‍കുക എന്ന അര്‍ഥത്തിലും അതു പ്രയോഗിക്കാറുണ്ട്. ‘ദാനം ചെയ്യുക’ എന്നു പറഞ്ഞതുകൊണ്ട് വിവക്ഷിക്കുന്നത് ദൈവിക മാര്‍ഗത്തില്‍ ധനം നല്‍കുക എന്നു മാത്രമല്ല, അനുസരണവും അടിമത്തവും അല്ലാഹുവിനര്‍പ്പിക്കുക എന്ന ആശയവും കൂടി അതുള്‍ക്കൊള്ളുന്നുണ്ട്. ഈ അര്‍ഥകല്‍പനയുടെ വെളിച്ചത്തില്‍ സൂക്തത്തിന്റെ പൂര്‍ണമായ ആശയം ഇപ്രകാരമാണ്: അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് ചെയ്യുന്ന നന്മകളും സേവനങ്ങളും ത്യാഗങ്ങളുമൊന്നും അവരെ സ്വയം വിസ്മരിക്കപ്പെട്ടവരാക്കുന്നില്ല; വ്യാജഭക്തിയിലോ ദൈവസാമീപ്യം സിദ്ധിച്ചുകഴിഞ്ഞു എന്ന അഹന്തയിലോ അകപ്പെടുത്തുന്നുമില്ല. കഴിവിന്റെ പരമാവധി പ്രവര്‍ത്തിച്ചിട്ടും തങ്ങളുടെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെട്ടുവോ അതല്ല, നിരസിക്കപ്പെട്ടുവോ എന്ന് അല്ലാഹുവിന് മാത്രമേ അറിയൂ എന്ന ആധിയാല്‍ കഴിയുന്നവരാണവര്‍. തങ്ങളുടെ സല്‍പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ പാപങ്ങളേക്കാള്‍ തൂക്കമുള്ളതാണോ എന്നും അല്ലാഹുവിങ്കല്‍ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ പര്യാപ്തമായതാണോ എന്നും അവര്‍ ആശങ്കിച്ചുകൊണ്ടിരിക്കുന്നു. ആഇശ(റ)യില്‍നിന്ന് അഹ്മദ്, തിര്‍മിദി, ഇബ്‌നുമാജ, ഹാകിം, ഇബ്‌നുജരീര്‍ തുടങ്ങിയവര്‍ ഉദ്ധരിച്ച ഒരു ഹദീസും ഈ ആശയത്തിലേക്ക് വെളിച്ചം വീശിയിട്ടുണ്ട്. അവര്‍ നബി(സ)യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഒരു മനുഷ്യന്‍ മോഷണവും വ്യഭിചാരവും മദ്യപാനവും ചെയ്തുകൊണ്ട് അല്ലാഹുവിനെ ഭയപ്പെടുമെന്നാണോ ഇതിനര്‍ഥം?’ ആഇശ അതിനെ ‘അവര്‍ പ്രവര്‍ത്തിച്ചത് പ്രവര്‍ത്തിക്കുന്നു.’ എന്ന അര്‍ഥത്തിലാണെടുത്തിരിക്കുന്നതെന്ന് ഈ ചോദ്യത്തില്‍നിന്ന് വ്യക്തമാകുന്നുണ്ട്. പ്രത്യുത്തരമായി തിരുമേനി(സ) അരുളി: ‘അങ്ങനെയല്ല ആഇശാ, നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ദാനം നല്‍കുകയും ചെയ്തുകൊണ്ട് അത്യുന്നതനും അതിശക്തനുമായ അല്ലാഹുവിനെ ഭയപ്പെട്ട് കഴിയുന്നവനാണുദ്ദേശ്യം. മറുപടിയില്‍നിന്ന് സൂക്തത്തിന്റെ ശരിയായ പാഠം ‘യഅ്തൂന’ എന്നല്ല, മറിച്ച് ‘യുഅ്തൂന’ എന്നാണെന്ന് സ്പഷ്ടമാകുന്നു. ‘യുഅ്തൂന’ എന്ന പദമാകട്ടെ, ധനം നല്‍കുക എന്ന അര്‍ഥത്തില്‍ പരിമിതമല്ല. വിധേയത്വം പ്രകടിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിശാലമായ അര്‍ഥമാണ് അതിനുള്ളത്. ഒരു വിശ്വാസി ഏതൊരു മാനസികാവസ്ഥയോടുകൂടിയായിരിക്കണം അല്ലാഹുവിന് അടിമവൃത്തി ചെയ്തുകൊണ്ടിരിക്കേണ്ടത് എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. അതിന്റെ പൂര്‍ണമായ ചിത്രീകരണമാണ് ഉമറി(റ)ന്റെ അവസ്ഥ. ജീവിതം മുഴുവന്‍ അമൂല്യമായ സേവനങ്ങളര്‍പ്പിച്ച ശേഷം ഈ ലോകത്തോട് വിടവാങ്ങുമ്പോള്‍ അല്ലാഹുവിന്റെ വിചാരണയെ ഭയപ്പെട്ടുകൊണ്ട് അദ്ദേഹം പറയുന്നു: ‘പരലോകത്ത് ശരാശരി ആയിക്കിട്ടിയാല്‍ത്തന്നെ എന്നെ സംബന്ധിച്ചേടത്തോളം വമ്പിച്ച നേട്ടമാണ്.’ ഹസന്‍ ബസ്വരി പ്രസ്താവിക്കുകയുണ്ടായി: ‘സത്യവിശ്വാസി അല്ലാഹുവിന് കീഴ്‌വണങ്ങുകയും എന്നിട്ടും ഭയപ്പെട്ടു കഴിയുകയും ചെയ്യുന്നു. കപടവിശ്വാസിയാകട്ടെ, അല്ലാഹുവിനെ ധിക്കരിക്കുകയും എന്നിട്ട് നിര്‍ഭയനായിരിക്കുകയും ചെയ്യുന്നു.’

62- ഈ പശ്ചാത്തലത്തില്‍ ഈ വചനം വളരെ ഗഹനമായ അര്‍ഥമുള്‍ക്കൊള്ളുന്നുണ്ട്. അത് നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ജാഗ്രതയോടെ നന്മകള്‍ കൈക്കൊള്ളുകയും പരിപാലിക്കുകയും ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ ആരാണെന്നും അവരുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്നുമാണ് മുന്‍ സൂക്തങ്ങളില്‍ വിവരിച്ചത്. അനന്തരം, ഉടനെത്തന്നെ ‘നാമാരോടും അവരുടെ കഴിവിനതീതമായത് കല്‍പിക്കുന്നില്ല’ എന്നാണ് പറയുന്നത്. ഈ ചര്യയും സ്വഭാവങ്ങളും കര്‍മമാര്‍ഗവും മനുഷ്യാതീതമായ കാര്യങ്ങളല്ല എന്നത്രെ അതിനര്‍ഥം. നിങ്ങളെപ്പോലെ മാംസവും മജ്ജയുമുള്ള മനുഷ്യര്‍തന്നെ ഈ മാര്‍ഗത്തിലൂടെ ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങളില്‍നിന്നാവശ്യപ്പെടുന്നത് മനുഷ്യകഴിവിനതീതമായ കാര്യങ്ങളാണെന്നു പറയാന്‍ കഴിയില്ല. ഇന്ന് നിങ്ങളും നിങ്ങളുടെ സമൂഹത്തിലെ ഏതാനും സത്യവിശ്വാസികളും ചരിച്ചുകൊണ്ടിരിക്കുന്നത് രണ്ടു മാര്‍ഗങ്ങളിലൂടെയാണ്. സാധ്യതയുള്ള ഈ രണ്ടു മാര്‍ഗങ്ങളില്‍ ആര്‍, ഏത് തെരഞ്ഞെടുക്കും എന്നതു മാത്രമാണ് അടിസ്ഥാനപരമായി തീരുമാനിക്കാനുള്ളത്. ഈ തിരഞ്ഞെടുപ്പില്‍ അബദ്ധം പിണഞ്ഞ്, ഇന്ന് നിങ്ങളുടെ സര്‍വവിധ അധ്വാനപരിശ്രമങ്ങളും തിന്മകള്‍ വലിച്ചുകൂട്ടുന്നതില്‍ മാത്രം ചെലവിടുകയും നന്മകളില്‍നിന്ന് സ്വയം വിലക്കുകയുമാണെന്ന് കരുതുക. എങ്കില്‍, നാളെ നിങ്ങളുടെ വിഡ്ഢിത്തത്തിന്റെ ബീഭല്‍സത മറച്ചുവയ്ക്കാന്‍, ‘നന്മകളിലേക്കെത്തിച്ചേരാനുള്ള മാര്‍ഗം ഞങ്ങളുടെ കഴിവിനതീതമായിരുന്നു’ എന്ന വ്യാജ ന്യായത്തിന് കഴിയില്ല. അപ്പോള്‍ ന്യായമവതരിപ്പിക്കുന്ന നിങ്ങളോട് ചോദിക്കപ്പെടും: ഈ മാര്‍ഗം മനുഷ്യന്നതീതമായിരുന്നുവെങ്കില്‍ നിങ്ങളെപ്പോലെത്തന്നെയുള്ള മറ്റു ചില മനുഷ്യര്‍ക്ക് അതേ മാര്‍ഗത്തിലൂടെ പ്രയാണം ചെയ്യാനും വിജയം പ്രാപിക്കാനും കഴിഞ്ഞതെങ്ങനെ?’ ഓരോ മനുഷ്യന്റെയും പ്രവര്‍ത്തനങ്ങളെ വെവ്വേറെ രേഖപ്പെടുത്തിവച്ചിട്ടുള്ള കര്‍മരേഖയാണ് ‘ഗ്രന്ഥം’ എന്നതുകൊണ്ട് വിവക്ഷ. അതില്‍ അവന്റെ വാക്കും ചലനങ്ങളും വിചാരങ്ങളും ഭാവനകളും വളരെ ക്ലിപ്തമായി സൂക്ഷിച്ചിട്ടുണ്ടായിരിക്കും. ഇതു സംബന്ധിച്ചാണ് സൂറ അല്‍കഹ്ഫ്: 49-ആം സൂക്തത്തില്‍ ഇപ്രകാരം അരുളിയത്: ”അങ്ങനെ കര്‍മരേഖകള്‍ മുമ്പില്‍ വയ്ക്കപ്പെടും. അപ്പോള്‍ പാപികള്‍ തങ്ങളുടെ ജീവിതപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ സംഭ്രമചിത്തരാകുന്നത് നിനക്ക് കാണാം. അവര്‍ കേണുകൊണ്ടിരിക്കും: ഹാ, കഷ്ടം! എന്തൊരു പുസ്തകമാണിത്! ഞങ്ങളുടെ ചെറുതും വലുതുമായ ഒരു ചലനവും ഇതുള്‍ക്കൊള്ളാതെ വിട്ടിട്ടില്ലല്ലോ. അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും മുമ്പില്‍ ഹാജരായതായി കാണുന്നു. നിന്റെ റബ്ബ് ആരോടും അല്‍പവും അന്യായം ചെയ്യുന്നവനല്ല”. ഗ്രന്ഥം എന്നതിന്റെ ഉദ്ദേശ്യം ഖുര്‍ആനാണെന്ന് ധരിച്ചതിനാല്‍ ഈ സൂക്തത്തിന്റെ ആശയം ഗ്രഹിക്കുന്നതില്‍ ചില ആളുകള്‍ക്ക് പിശകു പറ്റിയിട്ടുണ്ട്. മനുഷ്യരോട് അനീതി ചെയ്യപ്പെടുകയില്ല എന്ന് പറഞ്ഞതിന്റെ വിവക്ഷയിതാണ്. ഒരാള്‍ യഥാര്‍ഥത്തില്‍ ഉത്തരവാദിയായിട്ടില്ലാത്ത ഒരു കുറ്റം ദൈവം ആരുടെമേലും ചുമത്തുകയില്ല. അര്‍ഹിക്കുന്ന നന്മ നിഷേധിക്കുകയുമില്ല. അന്യായമായി ആരുടെ മേലും ശിക്ഷയിറക്കുകയുമില്ല.

ഒരു കൂട്ടരും = وَالَّذِينَ
അവര്‍ നല്‍കുന്നു = يُؤْتُونَ
അവര്‍ നല്‍കുന്നത് = مَا آتَوا
അവരുടെ ഹൃദയങ്ങളായിരിക്കെ = وَّقُلُوبُهُمْ
ഭയന്നു വിറക്കുന്നവ = وَجِلَةٌ
അവരാണെന്നതിനാല്‍ = أَنَّهُمْ
തങ്ങളുടെ നാഥന്റെ അടുത്തേക്ക് = إِلَىٰ رَبِّهِمْ
മടങ്ങുന്നവര്‍ = رَاجِعُونَ
അക്കൂട്ടര്‍ = أُولَٰئِكَ
അവര്‍ തിടുക്കം കൂട്ടുന്നു = يُسَارِعُونَ
നന്മകള്‍ ചെയ്യുന്നതില്‍ = فِي الْخَيْرَاتِ
അവര്‍ = وَهُمْ
അതിലേക്ക് = لَهَا
മുമ്പേയെത്തുന്നവരാണ് = سَابِقُونَ
നാം (അല്ലാഹു) നിര്‍ബന്ധിക്കുന്നില്ല = وَلَا نُكَلِّفُ
ഒരാളെയും = نَفْسًا
അതിന്റെ കഴിവില്‍പെട്ടതല്ലാതെ = إِلَّا وُسْعَهَاۖ
നമ്മുടെ പക്കലുണ്ട് = وَلَدَيْنَا
ഒരു രേഖ = كِتَابٌ
അത് സംസാരിക്കും = يَنطِقُ
സത്യം = بِالْحَقِّۚ
അവര്‍ = وَهُمْ
അവര്‍ അനീതി ചെയ്യപ്പെടുകയില്ല = لَا يُظْلَمُونَ

Add comment

Your email address will not be published. Required fields are marked *