ലുഖ്‌മാൻ – സൂക്തങ്ങള്‍: 6-9

وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًاۚ أُولَٰئِكَ لَهُمْ عَذَابٌ مُّهِينٌ ﴿٦﴾ وَإِذَا تُتْلَىٰ عَلَيْهِ آيَاتُنَا وَلَّىٰ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا كَأَنَّ فِي أُذُنَيْهِ وَقْرًاۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ ﴿٧﴾ إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتُ النَّعِيمِ ﴿٨﴾ خَالِدِينَ فِيهَاۖ وَعْدَ اللَّهِ حَقًّاۚ وَهُوَ الْعَزِيزُ الْحَكِيمُ ﴿٩﴾

(6) ജനങ്ങളില്‍ ചിലര്‍ ഇങ്ങനെയുമുണ്ട്; അവര്‍ വിവരമില്ലാതെ ദൈവിക മാര്‍ഗത്തില്‍നിന്ന് ജനത്തെ പിഴപ്പിക്കുന്നതിനും ഈ മാര്‍ഗത്തിലേക്കുള്ള പ്രബോധനത്തെ പരിഹസിക്കുന്നതിനും വേണ്ടി വഞ്ചനാത്മകമായ വര്‍ത്തമാനങ്ങള്‍ വിലയ്ക്കുവാങ്ങി കൊണ്ടുവരുന്നു. ഇത്തരം ആളുകള്‍ക്കുള്ളത് അവരെ അത്യധികം നിന്ദിതരാക്കുന്ന ശിക്ഷയത്രെ.

(7) നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, അവനത് കേട്ടിട്ടേയില്ല എന്ന മട്ടില്‍ മഹാ ഗര്‍വോടെ തിരിഞ്ഞുകളയുന്നു; അവന്റെ കാതില്‍ അടപ്പുള്ളതുപോലെ. അവനെ വേദനയേറിയ ശിക്ഷയുടെ സുവാര്‍ത്ത കേള്‍പ്പിച്ചുകൊള്ളുക.

(8) എന്നാല്‍, സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്കുള്ളത് അനുഗൃഹീതമായ ആരാമങ്ങളാകുന്നു.

(9) അതിലവര്‍ നിത്യവാസം ചെയ്യും. ഇത് അല്ലാഹുവിന്റെ ഉറച്ച വാഗ്ദാനമാകുന്നു. അവന്‍ അജയ്യനും അഭിജ്ഞനുമാകുന്നു.

6- ‘ജനങ്ങളില്‍ ചിലര്‍ ഇങ്ങനെയുമുണ്ട്’ എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്, ഒരുവശത്ത് അല്ലാഹുവിങ്കല്‍നിന്ന് വന്നുകിട്ടിയ ഈ അനുഗ്രഹവും കാരുണ്യവും പ്രയോജനപ്പെടുത്തുന്ന കുറെയാളുകളുണ്ട്. മറുവശത്ത്, ഈ സൗഭാഗ്യവാന്‍മാര്‍ക്കെതിരെ അല്ലാഹുവിന്റെ സൂക്തങ്ങളോട് ധിക്കാരപരമായി പ്രതികരിക്കുന്ന നിര്‍ഭാഗ്യവാന്മാരുമുണ്ട്. ‘വിവരമില്ലാതെ’ എന്നതിന്റെ ബന്ധം ‘വാങ്ങിക്കൊണ്ടുവരുന്നു’ എന്നതിനോടുമാകാം, ‘പിഴപ്പിക്കുന്നതിന്’ എന്നതിനോടുമാകാം. ആദ്യത്തേതിനോടാണെങ്കില്‍ വിവക്ഷ ഇപ്രകാരമാകുന്നു: അജ്ഞനും അവിവേകിയുമായ ആ മനുഷ്യന്‍ ഈ വഞ്ചനാത്മകമായ സംഗതികള്‍ വാങ്ങിക്കൊണ്ടുവരുന്നു. എന്തുമാത്രം വിലപ്പെട്ട വസ്തുക്കള്‍ വര്‍ജിച്ചുകൊണ്ട് എത്ര വിനാശകരമായ വസ്തുക്കളാണ് താന്‍ വാങ്ങിയിട്ടുള്ളതെന്ന് അവന്‍ തീരെ അറിയുന്നില്ല. ഒരുവശത്ത്, ജ്ഞാനവും മാര്‍ഗദര്‍ശനവും നിറഞ്ഞ ദൈവികസൂക്തങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. അവന്‍ അതില്‍നിന്ന് പിന്തിരിഞ്ഞുപോകുന്നു. മറുവശത്ത്, തന്റെ സ്വഭാവ സംസ്‌കാരങ്ങളെ നശിപ്പിക്കുന്ന അവിവേകങ്ങളും മൂഢതകളും പണംകൊടുത്ത് വാങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ‘വിവരമില്ലാതെ’ എന്നതിന്റെ ബന്ധം രണ്ടാമത്തേതിനോടാണെങ്കില്‍ ആശയം ഇങ്ങനെയായിരിക്കും: അവന്‍ യാതൊരു ജ്ഞാനവുമില്ലാതെ ആളുകളെ മാര്‍ഗദര്‍ശനം ചെയ്യാന്‍ തുനിഞ്ഞിരിക്കുന്നു. ദൈവദാസന്മാരെ ദൈവികസരണിയില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുക വഴി എത്ര വലിയ അക്രമമാണ് താന്‍ ചെയ്യുന്നതെന്ന് അവന്‍ അറിയുന്നില്ല. ‘ഈ മാര്‍ഗത്തിലേക്കുള്ള പ്രബോധനത്തെ പരിഹസിക്കുന്നതിനുവേണ്ടി’ എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്: അവന്‍ ആളുകളെ കഥകളിലും ഗാനങ്ങളിലും മുക്കി ദൈവിക സൂക്തങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഖുര്‍ആനിക സന്ദേശങ്ങളെ കളിതമാശകള്‍ക്കിടയില്‍ മുക്കിക്കളയാനാണ് അവന്റെ ശ്രമം. ദൈവികദീനിനോട് യുദ്ധംചെയ്യാന്‍ അവന്‍ ആസൂത്രണം ചെയ്യുന്ന പരിപാടി ഇതാണ്: ഇവിടെ മുഹമ്മദ് നബി (സ) ദൈവിക സൂക്തങ്ങള്‍ കേള്‍പ്പിക്കാന്‍ തുടങ്ങിയാല്‍ അപ്പുറം സൗന്ദര്യവും സ്വരമാധുര്യവുമുള്ള സ്ത്രീകള്‍ ആടുകയും പാടുകയും ചെയ്യുന്ന സദസ്സുകള്‍ സംഘടിപ്പിക്കുക. മറ്റൊരിടത്ത് വാക്ചാതുര്യമുള്ളവര്‍ മഹാരാജാക്കന്മാരുടെ ചരിത്രങ്ങളും ഇറാനിലെ പരാക്രമശാലികളുടെ കഥകളും അവതരിപ്പിക്കുന്ന സഭകളുണ്ടാക്കുക. അങ്ങനെ ജനത്തെ ഈ സാംസ്‌കാരിക വൈകൃതങ്ങളില്‍ മുക്കിക്കൊണ്ട്, ദൈവത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും ധര്‍മത്തെക്കുറിച്ചുമൊക്കെ കേള്‍ക്കാനേ കഴിയാത്തവരാക്കുക. ‘ലഹ്‌വുല്‍ ഹദീസ്’ എന്നാണ് ആയത്തിലുള്ളത്. മനുഷ്യമനസ്സിനെ പൂര്‍ണമായി കീഴടക്കുകയും മറ്റെല്ലാ കാര്യങ്ങളില്‍നിന്നും അവനെ അശ്രദ്ധനാക്കുകയും ചെയ്യുന്ന സംഗതിയാണ് അതുകൊണ്ടുള്ള വിവക്ഷ. ഭാഷാപരമായി നോക്കിയാല്‍ ഈ വാക്കില്‍ ആക്ഷേപധ്വനിയില്ല. എങ്കിലും അനാവശ്യവും മൂഢവുമായ കാര്യങ്ങളെ ഉദ്ദേശിച്ചാണ് അത് സാധാരണയായി ഉപയോഗിക്കാറുള്ളത്. ഉദാ: അനാചാരങ്ങള്‍, കെട്ടുകഥകള്‍, തരംതാണ ഫലിതങ്ങള്‍, പരിഹാസം തുടങ്ങിയവ. ‘ലഹ്‌വുല്‍ ഹദീസ്’ വാങ്ങുക എന്നതിന് ഇങ്ങനെയും അര്‍ഥം കൊടുക്കാം: ഒരാള്‍ സത്യവാര്‍ത്ത തള്ളിക്കളഞ്ഞ് അസത്യവാര്‍ത്ത സ്വീകരിക്കുകയും സന്മാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞ് തനിക്ക് ഇഹത്തിലോ പരത്തിലോ യാതൊരു ഗുണവും ചെയ്യാത്ത പാഴ്‌വേലകളില്‍ മുഴുകുകയും ചെയ്യുക. പക്ഷേ, അത് ആലങ്കാരികമായ അര്‍ഥമാണ്. തന്റെ പണം ചെലവഴിച്ച് അനാവശ്യം വാങ്ങിക്കുക എന്നുതന്നെയാണ് യഥാര്‍ഥ അര്‍ഥം. ‘ലഹ്‌വുല്‍ ഹദീസി’ന്റെ ഈ വ്യാഖ്യാനം നിരവധി സ്വഹാബികളില്‍നിന്നും താബിഇകളില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഒരാള്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദിനോട് ചോദിച്ചു: ‘ഈ സൂക്തത്തിലെ ലഹ്‌വുല്‍ ഹദീസിന്റെ താല്‍പര്യമെന്താണ്?’ അദ്ദേഹം മൂന്നുവട്ടം അസന്ദിഗ്ധമായി പറഞ്ഞു: ‘അല്ലാഹുവാണ, അതിന്റെ താല്‍പര്യം ഗാനമാണ്’ (ഇബ്‌നു ജരീര്‍, ഇബ്‌നു അബീശൈബ, ഹാകിം, ബൈഹഖി). ഇതുപോലുള്ള അഭിപ്രായങ്ങള്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസ്, ജാബിറുബ്‌നു അബ്ദില്ലാഹ്, മുജാഹിദ്, ഇക്‌രിമ, സഈദുബ്‌നു ജുബൈര്‍, ഹസന്‍ ബസ്വരി, മക്ഹൂല്‍ എന്നിവരില്‍നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇബ്‌നു ജരീര്‍, ഇബ്‌നു അബീഹാതിം, തിര്‍മിദി തുടങ്ങിയവര്‍ അബൂ ഉമാമതല്‍ ബാഹിലിയ്യില്‍നിന്ന് ഉദ്ധരിക്കുന്നു: നബി (സ) പ്രസ്താവിച്ചു: “ഗായികകളെ വില്‍ക്കുന്നതും വാങ്ങുന്നതും അവരെ കച്ചവടം ചെയ്യുന്നതും അവരുടെ വിലയും അനുവദനീയമല്ല.” മറ്റൊരു നിവേദനത്തിന്റെ അവസാന വാക്യം ഇങ്ങനെയാണ്: “അവരുടെ വില ഭുജിക്കുന്നത് നിഷിദ്ധമാകുന്നു”. അബൂ ഉമാമയില്‍നിന്നുതന്നെ മറ്റൊരു നിവേദനം ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: “അടിമസ്ത്രീകളെ പാട്ടുപഠിപ്പിക്കുന്നതും അവരെ ക്രയവിക്രയം ചെയ്യുന്നതും അനുവദനീയമല്ല. അവരുടെ വില നിഷിദ്ധമാകുന്നു”. ഈ മൂന്ന് ഹദീസുകളില്‍നിന്നും, ‘മന്‍ യശ്തരീ ലഹ്‌വല്‍ ഹദീസി’ എന്ന വാക്യം അവതരിച്ചത് അവരെക്കുറിച്ചാണെന്ന് സ്പഷ്ടമാകുന്നുണ്ട്. അക്കാലത്ത് ആട്ടത്തിന്റെയും പാട്ടിന്റെയും സംസ്‌കാരം നൂറുശതമാനവും നിലനിന്നിരുന്നത് അടിമസ്ത്രീകള്‍ മുഖേനയായിരുന്നുവെന്ന വസ്തുതകൂടി അറിഞ്ഞിരിക്കേണ്ടതാണ്. അന്ന് സ്വതന്ത്ര വനിതകള്‍ കലാകാരികളാകാറുണ്ടായിരുന്നില്ല. അതുകൊണ്ടാണ് നബി തിരുമേനി (സ) പാട്ടുകാരികളുടെ ക്രയവിക്രയത്തെ പരാമര്‍ശിച്ചതും പാട്ടുകാരികളെ അടിമസ്ത്രീ എന്ന അര്‍ഥത്തിലുള്ള ‘ഖൈന’ എന്ന് വിളിച്ചതും. ‘ഇത്തരം ആളുകള്‍ക്കുള്ളത് അവരെ അത്യധികം നിന്ദിതരാക്കുന്ന ശിക്ഷയത്രെ’ എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്. ഈ ശിക്ഷ അവരുടെ കുറ്റത്തിന് യോജിച്ചതാണ്. അവര്‍ ദൈവത്തിന്റെ ദീനിനെയും സൂക്തങ്ങളെയും ദൂതനെയും നിന്ദിക്കാനുദ്ദേശിക്കുന്നു. ഇതിനുപകരമായി അല്ലാഹു അവര്‍ക്ക് ഏറ്റം നിന്ദ്യതയുണ്ടാക്കുന്ന ശിക്ഷ നല്‍കും.

8- അവര്‍ക്കുള്ളത്, സ്വര്‍ഗീയാരാമത്തിലെ അനുഗ്രഹങ്ങളാണ് എന്നല്ല, അനുഗൃഹീതമായ ആരാമങ്ങളാണ് എന്നാണ് പറയുന്നത്. ആദ്യത്തേതാണ് പറഞ്ഞിരുന്നതെങ്കില്‍, സ്വര്‍ഗം അവരുടേതല്ലെങ്കിലും അവര്‍ക്ക് സ്വര്‍ഗത്തിലെ അനുഗ്രഹങ്ങള്‍ ആസ്വദിക്കാം എന്നാകുമായിരുന്നു അര്‍ഥം. അവര്‍ക്ക് അനുഗൃഹീതമായ ആരാമങ്ങളുണ്ട് എന്ന് പറഞ്ഞപ്പോള്‍ അതിനര്‍ഥം സ്വര്‍ഗം പൂര്‍ണമായി അവര്‍ക്ക് ഏല്‍പിച്ചുകൊടുക്കുമെന്നും അതിലെ അനുഗ്രഹങ്ങള്‍ ഒരു ഉടമ, തന്റെ ഉടമസ്ഥതയിലുള്ള വസ്തുവിനെ പ്രയോജനപ്പെടുത്തുന്നപോലെ പ്രയോജനപ്പെടുത്താം എന്നുമാണല്ലോ.

9- യാതൊരു സംഗതിക്കും അവനെ തന്റെ വാഗ്ദാനം പൂര്‍ത്തീകരിക്കുന്നതില്‍നിന്ന് അകറ്റിനിര്‍ത്താനാവില്ല. അവന്‍ ചെയ്യുന്നതെന്തും കൃത്യമായും നീതിനിഷ്ഠമായും ചെയ്യുന്നു. ‘അല്ലാഹുവിന്റെ ഉറച്ച വാഗ്ദാനം’ എന്നതിനു ശേഷം ഈ രണ്ട് ദൈവികഗുണങ്ങള്‍ അനുസ്മരിച്ചതിന്റെ താല്‍പര്യം ഇതാണ്: അല്ലാഹു മനഃപൂര്‍വം തന്റെ വാഗ്ദാനം ലംഘിക്കുകയില്ല. അവനെ തന്റെ വാഗ്ദാനത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയുന്ന ശക്തിയുമില്ല. അതുകൊണ്ട് വിശ്വാസത്തിനും കര്‍മത്തിനുമുള്ള സമ്മാനമായി അല്ലാഹു നല്‍കാമെന്ന് വാഗ്ദത്തം ചെയ്തിട്ടുള്ള അനുഗ്രഹങ്ങള്‍ കിട്ടാതെപോയേക്കുമോ എന്ന് ആരുംതന്നെ സന്ദേഹിക്കേണ്ടതില്ല. അല്ലാഹുവിങ്കല്‍നിന്നുള്ള ഈ സമ്മാനപ്രഖ്യാപനം അവന്റെ തികഞ്ഞ ജ്ഞാനത്തിന്റെയും നീതിനിഷ്ഠയുടെയും അടിസ്ഥാനത്തിലുള്ളതാണ്. അവന്റെ ദാനത്തില്‍, അര്‍ഹര്‍ തടയപ്പെടുകയോ, അനര്‍ഹര്‍ക്ക് ലഭിക്കുകയോ ചെയ്യാനിടയാകുന്ന ഒരബദ്ധവും പിണയുകയില്ല. വിശ്വാസവും സല്‍ക്കര്‍മവുമുള്ളവര്‍ യഥാര്‍ഥത്തില്‍ ഈ സമ്മാനത്തിനര്‍ഹരാണ്. അല്ലാഹു ഈ സമ്മാനം അവര്‍ക്കുതന്നെ നല്‍കുകയും ചെയ്യും.

ജനങ്ങളിലുണ്ട് = وَمِنَ النَّاسِ
ചിലര്‍ = مَن
(വിലക്കു) വാങ്ങുന്ന = يَشْتَرِي
വിനോദവാക്കുകള്‍ = لَهْوَ الْحَدِيثِ
(ആളുകളെ) തെറ്റിക്കാന്‍ വേണ്ടി = لِيُضِلَّ
മാര്‍ഗത്തില്‍ നിന്ന് = عَن سَبِيلِ
അല്ലാഹുവിന്റെ = اللَّهِ
ഇല്ലാതെ = بِغَيْرِ
ഒരു വിവരവും = عِلْمٍ
അതിനെ ആക്കുവാനും = وَيَتَّخِذَهَا
പരിഹാസ്യം = هُزُوًاۚ
അക്കൂട്ടര്‍ = أُولَٰئِكَ
അവര്‍ക്കുണ്ട് = لَهُمْ
ശിക്ഷ = عَذَابٌ
നിന്ദ്യമായ = مُّهِينٌ
ഓതി കേള്‍പിക്കപ്പെടുന്നതായാല്‍ = وَإِذَا تُتْلَىٰ
അവന് = عَلَيْهِ
നമ്മുടെ വചനങ്ങള്‍ = آيَاتُنَا
തിരിഞ്ഞു (നടക്കും) = وَلَّىٰ
അഹങ്കാരിയായിക്കൊണ്ട് = مُسْتَكْبِرًا
അത് അവന്‍ കേട്ടിട്ടില്ലാ എന്ന മട്ടില്‍ = كَأَن لَّمْ يَسْمَعْهَا
അവന്റെ ഇരു കാതുകളിലും ഉള്ളതു പോലെ = كَأَنَّ فِي أُذُنَيْهِ
കട്ടി, ഭാരം (അടപ്പ്) = وَقْرًاۖ
അതിനാല്‍ അവനെ ശുഭ വാര്‍ത്ത അറിയിക്കുക = فَبَشِّرْهُ
ശിക്ഷയെ സംബന്ധിച്ച് = بِعَذَابٍ
നോവേറിയ = أَلِيمٍ
തീര്‍ച്ചയായും = إِنَّ
ഒരു കൂട്ടര്‍ = الَّذِينَ
അവര്‍ വിശ്വസിച്ചു = آمَنُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു = وَعَمِلُوا
നന്‍മകള്‍ = الصَّالِحَاتِ
അവര്‍ക്കുണ്ട് = لَهُمْ
തോട്ടങ്ങള്‍, (സ്വര്‍ഗീയാരാമങ്ങള്‍) = جَنَّاتُ
അനുഗ്രഹ വര്‍ഷത്തിന്റെ, സുഖാനുഭൂതിയുടെ = النَّعِيمِ
(അവര്‍) നിത്യവാസികളായിരിക്കും = خَالِدِينَ
അതില്‍ = فِيهَاۖ
അല്ലാഹുവിന്റെ വാഗ്ദാന(മാണിത്) = وَعْدَ اللَّهِ
അലംഘനീയമായ = حَقًّاۚ
അവനാകുന്നു = وَهُوَ
പ്രതാപി = الْعَزِيزُ
യുക്തിമാന്‍ = الْحَكِيمُ

Add comment

Your email address will not be published. Required fields are marked *