ലുഖ്‌മാൻ – സൂക്തങ്ങള്‍: 10-11

خَلَقَ ٱلسَّمَٰوَٰتِ بِغَيْرِ عَمَدٍۢ تَرَوْنَهَا ۖ وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَآبَّةٍۢ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۭ فَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۢ كَرِيمٍ﴿١٠﴾ هَٰذَا خَلْقُ ٱللَّهِ فَأَرُونِى مَاذَا خَلَقَ ٱلَّذِينَ مِن دُونِهِۦ ۚ بَلِ ٱلظَّٰلِمُونَ فِى ضَلَٰلٍۢ مُّبِينٍۢ﴿١١﴾

(10) അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചു; നിങ്ങള്‍ക്ക് കാണാവുന്ന തൂണുകളില്ലാതെ. ഭൂമിയില്‍ പര്‍വതങ്ങളുറപ്പിച്ചു; ഭൂമി നിങ്ങളെയുംകൊണ്ട് ഉലയാതിരിക്കാന്‍. സകലയിനം ജന്തുക്കളെയും ഭൂമിയില്‍ പരത്തി. മാനത്തുനിന്ന് ജലം വര്‍ഷിച്ചു. മികവുറ്റ പലതരം വസ്തുക്കള്‍ ഭൂമിയില്‍ മുളപ്പിക്കുകയും ചെയ്തു.

(11) ഇതൊക്കെയും അല്ലാഹു സൃഷ്ടിച്ചതാകുന്നു. ഇനി എനിക്കൊന്ന് കാണിച്ചുതരുവിന്‍, അവനല്ലാത്തവര്‍ സൃഷ്ടിച്ചതെന്തുണ്ട്? ഈ ധിക്കാരികള്‍ സ്പഷ്ടമായ മാര്‍ഗഭ്രംശത്തിലകപ്പെട്ടിരിക്കുന്നു എന്നതത്രെ സംഗതി.

10- മേല്‍ പറഞ്ഞ മുഖവുരക്കുശേഷം ഇനി യഥാര്‍ഥ പ്രമേയമായ ബഹുദൈവത്വ നിഷേധത്തിലേക്കും ഏകദൈവത്വ പ്രബോധനത്തിലേക്കും കടക്കുകയാണ്. ‘കാണാവുന്ന തൂണുകളില്ലാതെ’ എന്നതിന് രണ്ടര്‍ഥങ്ങളാവാം: ഒന്ന്, ‘അവ തൂണുകളില്ലാതെ നിലനില്‍ക്കുന്നത് നിങ്ങള്‍ സ്വയം കാണുന്നുണ്ടല്ലോ.’ രണ്ട്, ‘അവ നിങ്ങള്‍ക്ക് കാണാനാവാത്ത തൂണുകളിന്മേല്‍ നിലകൊള്ളുന്നു.’ ഇബ്‌നു അബ്ബാസ്, മുജാഹിദ് തുടങ്ങിയവര്‍ രണ്ടാമത്തെ അര്‍ഥമാണ് സ്വീകരിച്ചിട്ടുള്ളത്. മറ്റ് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അംഗീകരിച്ചിട്ടുള്ളത് ഒന്നാമത്തെ അര്‍ഥമാണ്. ആകാശമണ്ഡലത്തിലുള്ള എണ്ണമറ്റ നക്ഷത്രങ്ങളും ഗോളങ്ങളുമെല്ലാം അവയുടേതായ ഭ്രമണപഥങ്ങളില്‍ നിലകൊള്ളുന്നത് അദൃശ്യമായ താങ്ങുകള്‍ മുഖേനയാണെന്ന് പറയാവുന്നതാണ്. അവയെ പരസ്പരം ബന്ധിപ്പിക്കുന്ന കയറുകളൊന്നുമില്ല. ഒന്ന് മറ്റേതില്‍ ചെന്നുമുട്ടുന്നത് തടയുന്ന തടവുകളുമില്ല. അവയുടെ സംവിധാനത്തെ നിലനിര്‍ത്തുന്നത് ആകര്‍ഷണ വികര്‍ഷണ നിയമങ്ങള്‍ മാത്രമാണ്. ഈ വ്യാഖ്യാനം ഇന്നത്തെ ശാസ്ത്രമനുസരിച്ചാണ്. നാളെ ശാസ്ത്രം ഇനിയും വികസിച്ചേക്കും. അപ്പോള്‍ അന്നത്തെ ശാസ്ത്രത്തോട് കൂടുതല്‍ യോജിക്കുന്ന മറ്റൊരു വ്യാഖ്യാനം ഉണ്ടാകാവുന്നതാണ്. കൂടുതല്‍ വിശദീകരണത്തിന് സൂറ അന്നഹ്ല്‍ 15-ആം സൂക്തത്തിന്റെ വിശദീകരണം ശ്രദ്ധിക്കുക.

11- നിങ്ങള്‍ ആരാധ്യരായി അംഗീകരിക്കുകയും നിങ്ങളുടെ ഭാഗധേയം നന്നാക്കുകയും മോശമാക്കുകയും ചെയ്യുന്നവരെന്ന് കരുതുകയും ശാഠ്യത്തോടെ പൂജിക്കുകയും ഭജിക്കുകയും ചെയ്യുന്നത് ഏത് വസ്തുക്കളെയാണോ ആ വസ്തുക്കള്‍ കാണിച്ച് തരിക എന്നാണ് അവനല്ലാത്തവര്‍ സൃഷ്ടിച്ചതെന്തുണ്ട് എന്ന ചോദ്യത്തിന്റെ താല്‍പര്യം. ‘ഈ ധിക്കാരികള്‍ സ്പഷ്ടമായ മാര്‍ഗഭ്രംശത്തിലകപ്പെട്ടിരിക്കുന്നു’ എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്. ഈ പ്രപഞ്ചത്തില്‍ അല്ലാഹു അല്ലാത്ത മറ്റൊരു സൃഷ്ടികര്‍ത്താവുള്ളതായി ഇക്കൂട്ടര്‍ക്ക് തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ദൈവേതര ശക്തികളെ ദൈവത്തിന്റെ പങ്കാളികളാക്കി കരുതുന്നതും അവയുടെ മുമ്പില്‍ വണക്കത്തോടെ ശിരസ്സ് നമിക്കുന്നതും പ്രാര്‍ഥിക്കുന്നതും ആവശ്യങ്ങള്‍ തേടുന്നതുമൊക്കെ തികഞ്ഞ ബുദ്ധിശൂന്യത മാത്രമാണ്. ഒരുവന്‍ തികച്ചും വഞ്ചിതനാകാതെ ഇത്തരമൊരു മഹാ മൂഢതയില്‍ അകപ്പെടുകയില്ല. അവന്റെ മുമ്പില്‍ ആ ആരാധ്യര്‍തന്നെ തങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരല്ലെന്നും, അല്ലാഹു മാത്രമാണ് സ്രഷ്ടാവെന്നും തുറന്നുസമ്മതിക്കുക; എന്നിട്ടും അവന്‍ അതിനെ ദൈവമായി കരുതുന്നതില്‍ ഉറച്ചുനില്‍ക്കുക? കുറച്ചെങ്കിലും ബുദ്ധിയുള്ളവര്‍ ചിന്തിക്കുക ഇങ്ങനെയാണ്: യാതൊന്നിനെയും സൃഷ്ടിക്കാത്തതും ആകാശഭൂമികളുടെ സൃഷ്ടിയില്‍ നാമമാത്ര പങ്ക് പോലും വഹിക്കാത്തതുമായ ഒരു വസ്തു എങ്ങനെയാണ് നമ്മുടെ ദൈവമാകുക? അത്തരമൊരു വസ്തുവിനെ നാം പ്രണമിക്കുന്നതും പാദസേവ ചെയ്യുന്നതും എന്തിനാണ്? നമ്മുടെ ആവലാതികള്‍ കേള്‍ക്കാനും ആവശ്യങ്ങള്‍ നിറവേറ്റിത്തരാനും എന്ത് ശക്തിയാണവര്‍ക്കുള്ളത്? ഇനി അവ നമ്മുടെ പ്രാര്‍ഥന കേള്‍ക്കുന്നുണ്ടെന്ന് സങ്കല്‍പിച്ചാല്‍ത്തന്നെ യാതൊന്നും നിര്‍മിക്കാനധികാരമില്ലാത്തവര്‍ക്ക് അതിനുത്തരമായി സ്വയം എന്തുചെയ്യാന്‍ കഴിയും? എല്ലാം സൃഷ്ടിക്കുന്നവന്‍തന്നെയാണ് വിഷമങ്ങളും സൃഷ്ടിക്കുന്നത്; അല്ലാതെ, ഒന്നിനും കഴിയാത്തവനല്ല.

അവന്‍ സൃഷ്ടിച്ചു = خَلَقَ
ആകാശങ്ങളെ = السَّمَاوَاتِ
ഇല്ലാതെ = بِغَيْرِ
തൂണുകള്‍ = عَمَدٍ
നിങ്ങള്‍ കാണുന്ന = تَرَوْنَهَاۖ
അവന്‍ ഇടുക (സ്ഥാപിക്കുക)യും ചെയ്തു = وَأَلْقَىٰ
ഭൂമിയില്‍ = فِي الْأَرْضِ
ഉറച്ച പര്‍വതങ്ങള്‍ = رَوَاسِيَ
അത് (ഭൂമി) ചെരിഞ്ഞു പോകുമെന്നതിനാല്‍ (ഉലഞ്ഞുപോകാതിരിക്കാന്‍) = أَن تَمِيدَ
നിങ്ങളെയും കൊണ്ട് = بِكُمْ
അവന്‍ വ്യാപിപ്പിച്ചു = وَبَثَّ
അതില്‍ = فِيهَا
സകലയിനം ജീവജാലങ്ങളെയും = مِن كُلِّ دَابَّةٍۚ
നാം ഇറക്കി (പെയ്യിച്ചു) = وَأَنزَلْنَا
ആകാശത്തുനിന്ന് = مِنَ السَّمَاءِ
വെള്ളം (മഴ) = مَاءً
അങ്ങനെ നാം മുളപ്പിച്ചു = فَأَنبَتْنَا
അതില്‍ = فِيهَا
എല്ലാ ഇണകളെയും = مِن كُلِّ زَوْجٍ
മികച്ച = كَرِيمٍ
ഇതൊക്കെയും = هَٰذَا
സൃഷ്ടി (ആകുന്നു) = خَلْقُ
അല്ലാഹുവിന്റെ = اللَّهِ
എന്നാല്‍ നിങ്ങള്‍ എനിക്ക് കാണിച്ചു തരുവിന്‍ = فَأَرُونِي
എന്ത് = مَاذَا
സൃഷ്ടിച്ചു (എന്ന്) = خَلَقَ
അവനല്ലാത്തവര്‍ = الَّذِينَ مِن دُونِهِۚ
പക്ഷേ, എങ്കിലും = بَلِ
അക്രമികള്‍ = الظَّالِمُونَ
വഴികേടില്‍ (ആകുന്നു) = فِي ضَلَالٍ
വ്യക്തമായ = مُّبِينٍ

Add comment

Your email address will not be published. Required fields are marked *