മുഅ്മിനൂൻ – സൂക്തങ്ങള്‍: 68

أَفَلَمْ يَدَّبَّرُوا۟ ٱلْقَوْلَ أَمْ جَآءَهُم مَّا لَمْ يَأْتِ ءَابَآءَهُمُ ٱلْأَوَّلِينَ﴿٦٨﴾

(68) ഇക്കൂട്ടര്‍ ഈ വചനത്തെക്കുറിച്ച് അശേഷം ചിന്തിക്കാത്തതെന്ത്? അവരുടെ പൂര്‍വികര്‍ക്കൊന്നും ലഭിച്ചിട്ടില്ലാത്ത ആശയമാണോ അത് മുന്നോട്ടു വെച്ചിട്ടുള്ളത്?

68- ഈ വചനം ശരിയാംവണ്ണം ഗ്രഹിക്കാന്‍ കഴിയാത്തതുമൂലമാണോ അവര്‍ ഇതില്‍ വിശ്വസിക്കാത്തത്? അല്ല എന്നത് വ്യക്തമത്രേ. ദുര്‍ഗ്രഹമായ ഭാഷയിലുള്ള ദുരൂഹമായ ഒന്നല്ല ഖുര്‍ആന്‍. മനുഷ്യന്റെ സംവേദനശക്തിക്കതീതമായ വിഷയങ്ങളല്ല അതില്‍ പ്രതിപാദിക്കുന്നതും. മറിച്ച്, അതിലെ ഓരോ കാര്യങ്ങളും അവര്‍ക്ക് സ്പഷ്ടമായി ഗ്രഹിക്കാന്‍ കഴിയുന്നുണ്ട്. അതവതരിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് അവര്‍ എതിര്‍ത്തുകൊണ്ടിരിക്കുന്നത്. അല്ലാതെ അത് ഗ്രഹിക്കാന്‍ പരിശ്രമിച്ചിട്ട് സാധിക്കാത്തതുകൊണ്ടല്ല. ഈ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്യങ്ങള്‍ മനുഷ്യകര്‍ണങ്ങള്‍ മുമ്പെങ്ങും ശ്രവിച്ചിട്ടില്ലാത്തവിധം വിചിത്രവും അപരിചിതവുമായതുകൊണ്ടാണോ അവര്‍ നിഷേധിക്കുന്നത്? ഇതല്ല കാരണമെന്നത് സ്പഷ്ടമത്രേ. പ്രവാചകന്മാര്‍ ആഗതരാവുക, വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെടുക, ഏകദൈവത്വത്തിലേക്ക് പ്രബോധനം ചെയ്യുക, പരലോക വിചാരണയെ സംബന്ധിച്ച് താക്കീതു നല്‍കുക, മനുഷ്യരുടെ സ്വഭാവചര്യകള്‍ സംസ്‌കരിക്കുക തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ ചരിത്രത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നതോ മുമ്പൊരിക്കലും കേട്ടിട്ടില്ലാത്തതോ അല്ല. ഇവര്‍ക്കു ചുറ്റുമുള്ള ഇറാഖ്, സിറിയ, ഈജിപ്ത് മുതലായ പ്രദേശങ്ങളില്‍ നേരത്തേ പ്രവാചകന്മാര്‍ ആഗതരായിട്ടുണ്ട്. ഇവരാകട്ടെ അതൊന്നും അറിയാത്തവരല്ല താനും. ഇബ്‌റാഹീമും ഇസ്മാഈലും ഇവരുടെ ദേശത്തുതന്നെ വന്നിട്ടുള്ളവരാണ്. ഹൂദ്, സ്വാലിഹ്, ശുഐബ് എന്നിവരും ദൈവദൂതന്മാരായിരുന്നു. ആ പ്രവാചകവര്യന്മാരുടെ നാമങ്ങള്‍ ഇന്നും അവരുടെ നാവുകളില്‍ നിലനില്‍ക്കുന്നു. അവരെല്ലാം ദൈവത്താല്‍ നിയുക്തരാണെന്ന് ഇവര്‍ അംഗീകരിക്കുന്നുമുണ്ട്. അവരൊന്നും ബഹുദൈവവിശ്വാസികളായിരുന്നില്ലെന്നും മറിച്ച്, ഏകദൈവത്തിന്റെ അടിമത്തമാണവര്‍ പഠിപ്പിച്ചിട്ടുള്ളതെന്നും കൂടി ഇവര്‍ക്കെല്ലാം അറിയാവുന്നതാണ്. അതിനാല്‍, മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ഒരു വിചിത്രകാര്യം എന്ന നിലയ്ക്ക് ഇതിനെ നിഷേധിക്കാന്‍ അവര്‍ക്ക് ന്യായമില്ല. (കൂടുതല്‍ വിശദീകരണത്തിന് അല്‍ഫുര്‍ഖാന്‍ സൂക്തം: 68, അസ്സജദ സൂക്തം: 3, സബഅ് സൂക്തം: 20 എന്നിവയുടെ വിശദീകരണം ശ്രദ്ധിക്കുക).

അവര്‍ ചിന്തിച്ചിട്ടില്ലേ = أَفَلَمْ يَدَّبَّرُوا
ഈ വചനത്തെപ്പറ്റി = الْقَوْلَ
അതോ അവര്‍ക്ക് വന്നു കിട്ടിയോ = أَمْ جَاءَهُم
വന്നിട്ടില്ലാത്തത് = مَّا لَمْ يَأْتِ
അവരുടെ പിതാക്കള്‍ക്ക് = آبَاءَهُمُ
പൂര്‍വികരായ = الْأَوَّلِينَ

Add comment

Your email address will not be published. Required fields are marked *