ലുഖ്‌മാൻ – സൂക്തങ്ങള്‍: 12-13

وَلَقَدْ ءَاتَيْنَا لُقْمَٰنَ ٱلْحِكْمَةَ أَنِ ٱشْكُرْ لِلَّهِ ۚ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ حَمِيدٌۭ﴿١٢﴾ وَإِذْ قَالَ لُقْمَٰنُ لِٱبْنِهِۦ وَهُوَ يَعِظُهُۥ يَٰبُنَىَّ لَا تُشْرِكْ بِٱللَّهِ ۖ إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌۭ﴿١٣﴾

(12) നാം ലുഖ്മാന്ന് തത്ത്വജ്ഞാനം നല്‍കിയിട്ടുണ്ടായിരുന്നു. എന്തെന്നാല്‍, അല്ലാഹുവിനോട് നന്ദി കാണിക്കേണം. ഒരുവന്‍ നന്ദി കാണിക്കുന്നുവെങ്കില്‍ അത് അവന്റെ ഗുണത്തിനുവേണ്ടിത്തന്നെയാകുന്നു. നന്ദികേട് കാണിക്കുന്നുവെങ്കിലോ, അല്ലാഹു തികച്ചും പരാശ്രയമുക്തനും സ്വയം സ്തുത്യനുമാകുന്നു.

(13) ലുഖ്മാന്‍ സ്വപുത്രനെ ഉപദേശിച്ചുകൊണ്ട് പറഞ്ഞതോര്‍ക്കുക: ‘പ്രിയ മകനേ, നീ ആരെയും അല്ലാഹുവിന്റെ പങ്കാളിയാക്കരുത്. അല്ലാഹുവിന് പങ്കാളികളെ കല്‍പിക്കുന്നത് മഹാ ധിക്കാരമാകുന്നു.’

12- ശിര്‍ക്കിനെ ഖണ്ഡിക്കുന്ന ശക്തമായ ഒരു തെളിവ് അവതരിപ്പിച്ച ശേഷം അറബികളോട് പറയുകയാണ്: ഈ ന്യായമായ സംഗതി ഇന്നാദ്യമായി നിങ്ങളുടെ മുമ്പില്‍ വെക്കുന്നതല്ല. മുമ്പേ ബുദ്ധിമാന്മാരും ജ്ഞാനികളും ഇതേ സംഗതി പറഞ്ഞുപോന്നിട്ടുണ്ട്. നിങ്ങള്‍ക്ക് ഏറെ സുപരിചിതനായ ജ്ഞാനി ലുഖ്മാന്‍ വളരെക്കാലം മുമ്പുതന്നെ ഇത് പറഞ്ഞിരുന്നു. അതുകൊണ്ട് ബഹുദൈവത്വം ഒരു ബുദ്ധിശൂന്യമായ വിശ്വാസമാണെങ്കില്‍ മുമ്പാരും അത് ചൂണ്ടിക്കാണിക്കാതിരുന്നതെന്തുകൊണ്ട് എന്ന് നിങ്ങള്‍ക്ക് ചോദിക്കാനാവില്ല. ഒരു ദാര്‍ശനികനും പണ്ഡിതനും എന്ന നിലയില്‍ ലുഖ്മാന്‍ അറബികള്‍ക്കിടയില്‍ വളരെ പ്രശസ്തനായിരുന്നു. ഇംറുഉല്‍ ഖൈസ്, ലബീദ്, അഅ്ശാ, ത്വറഫ തുടങ്ങിയ ജാഹിലീ കവികള്‍ തങ്ങളുടെ കവിതകളില്‍ അദ്ദേഹത്തെ പരാമര്‍ശിച്ചതായി കാണാം. വിജ്ഞാനികളായ ചില അറബികളുടെ കൈവശം അദ്ദേഹത്തിന്റെ സാരവാക്യങ്ങളുടെ സമാഹാരവുമുണ്ടായിരുന്നു. ചരിത്ര റിപ്പോര്‍ട്ടുകളില്‍ ഇപ്രകാരം വന്നിട്ടുണ്ട്: ഹിജ്‌റക്ക് മൂന്നുവര്‍ഷം മുമ്പ്, നബി(സ)യില്‍ ആകൃഷ്ടരായ മദീനാവാസികളില്‍ പ്രഥമന്‍ സുവൈദുബ്‌നു സ്വാമിതായിരുന്നു. അദ്ദേഹം ഹജ്ജിനുവേണ്ടി മക്കയില്‍ വന്നു. നബി (സ) പതിവുപോലെ വിവിധ പ്രദേശങ്ങളില്‍നിന്നെത്തിയ ഹാജിമാരുടെ പാര്‍പ്പിടങ്ങളില്‍ ചെന്ന് ഇസ്‌ലാമിക പ്രബോധനം നടത്തുന്നുണ്ടായിരുന്നു. നബി(സ)യുടെ പ്രഭാഷണം കേട്ടപ്പോള്‍ സുവൈദ് അറിയിച്ചു: ‘അങ്ങ് പറഞ്ഞ അതേ കാര്യം എന്റെ കൈവശമുണ്ട്.’ തിരുമേനി ചോദിച്ചു: ‘അതെന്താണ്?’ അദ്ദേഹം പറഞ്ഞു: ‘ലുഖ്മാന്റെ ഏടുകള്‍.’ പിന്നെ നബി (സ) ആവശ്യപ്പെട്ടതനുസരിച്ച് ആ ഏടുകളുടെ കുറച്ച് ഭാഗം സുവൈദ് അവിടത്തെ കേള്‍പ്പിച്ചു. തിരുമേനി പറഞ്ഞു: ‘ഇത് വളരെ ശ്രേഷ്ഠമായ വചനമാണ്. എന്നാല്‍, ഇതിനേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു വചനമുണ്ട്.’ അനന്തരം അവിടുന്ന് ഖുര്‍ആന്‍ പാരായണം ചെയ്തു. അത് ലുഖ്മാന്റെ വചനങ്ങളേക്കാള്‍ ശ്രേഷ്ഠംതന്നെയാണെന്ന് സുവൈദ് സമ്മതിക്കുകയും ചെയ്തു. (സീറതു ഇബ്‌നിഹിശാം. വാല്യം: 2, പേജ്: 67-69; ഉസ്ദുല്‍ ഗാബ, വാല്യം: 2, പേജ്: 378). ഈ സുവൈദ് തന്റെ ധീരത, കാവ്യപ്രതിഭ, തുടങ്ങിയ യോഗ്യതകളുടെ പേരില്‍ മദീനയില്‍ ‘കാമില്‍’ എന്ന നാമത്താല്‍ അറിയപ്പെട്ടിരുന്നതായി ചരിത്രകാരന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍, നബിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മദീനയിലേക്ക് മടങ്ങിയ സുവൈദ് ഏറെത്താമസിയാതെ നടന്ന ബുഗാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടു. നബിയുമായി കണ്ടുമുട്ടിയ ശേഷം സുവൈദ് മുസ്‌ലിമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഗോത്രക്കാര്‍ കരുതുന്നത്. ചില പണ്ഡിതന്‍മാര്‍ ലുഖ്മാനുല്‍ ഹകീം ആദുവംശജനും യമന്‍ രാജാവുമായിരുന്നുവെന്ന് കരുതുന്നു. മൗലാനാ സയ്യിദ് സുലൈമാന്‍ നദ്‌വി ഈ വീക്ഷണക്കാരനാണ്. ആദുവംശത്തെ ദൈവികശിക്ഷ ബാധിച്ചപ്പോള്‍ അതിലെ വിശ്വാസികള്‍ ഹൂദിനോടൊപ്പം രക്ഷപ്പെട്ടു. അവരുടെ സന്തതികളില്‍ പെട്ടയാളാണ് ലുഖ്മാന്‍. യമനില്‍ അവര്‍ സ്ഥാപിച്ച രാജവംശത്തിലെ രാജാക്കന്മാരിലൊരാളുമായിരുന്നു അദ്ദേഹം. എന്നാല്‍, പ്രമുഖ സ്വഹാബികളില്‍നിന്നും താബിഇകളില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുള്ള മറ്റൊരു നിവേദനം ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. ലുഖ്മാന്‍ ഒരു അബിസീനിയന്‍ അടിമയായിരുന്നുവെന്നും നൗബ വാസിയായിരുന്നുവെന്നും ഈജിപ്തിലെ കറുത്ത നിറമുള്ളവരില്‍ ഒരുവനായിരുന്നുവെന്നുമൊക്കെയാണത്. ഈ മൂന്നഭിപ്രായങ്ങളും ഏതാണ്ട് സദൃശങ്ങളാണ്. കാരണം, അക്കാലത്ത് കറുത്തവരെ അറബികള്‍ പൊതുവില്‍ ഹബ്ശികള്‍ എന്ന് വിളിച്ചിരുന്നു. ഈജിപ്തിന് തെക്ക് ഉത്തര സുഡാനിലുള്ള ഒരു സ്ഥലമാണ് നൗബ. അതുകൊണ്ട് മൂന്ന് പ്രസ്താവനകളിലായി ഒരാളെ ഈജിപ്ഷ്യന്‍, നൗബക്കാരന്‍, അബിസീനിയക്കാരന്‍ എന്നിങ്ങനെ വ്യവഹരിക്കുന്നതില്‍ കേവലം പദപരമായ വ്യത്യാസമേയുള്ളൂ. അര്‍ഥം ഒന്നുതന്നെയാണ്. അല്ലാഹു നല്‍കിയ ഈ തത്ത്വജ്ഞാനവും യുക്തിബോധവും ഉള്‍ക്കാഴ്ചയും ഒന്നാമതായി ആവശ്യപ്പെടുന്നത്, മനുഷ്യന്‍ തന്റെ റബ്ബിനോട് കൃതജ്ഞതയുടെയും വിധേയത്വത്തിന്റെയും മാര്‍ഗം സ്വീകരിക്കണമെന്നാണ്; ഈ കൃതജ്ഞത നാവുകൊണ്ട് മാത്രം ഉണ്ടായാല്‍ പോരാ; മനസാ-വാചാ-കര്‍മണാ ഉണ്ടായിരിക്കണം. തനിക്ക് ലഭിച്ചതെല്ലാം അല്ലാഹു നല്‍കിയതാണെന്ന ഉറപ്പും ബോധവും അവന്റെ മനസ്സില്‍ രൂഢമായിരിക്കുകയും വേണം. അവന്റെ ചുണ്ടുകള്‍ സദാ ദൈവത്തിന്റെ ഔദാര്യങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ടിരിക്കണം. അവന്‍ കര്‍മങ്ങളില്‍ ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തിയായി നിലകൊള്ളണം. അവനെ ധിക്കരിക്കുന്നതില്‍നിന്ന് അകന്നുമാറണം. അവന്റെ പ്രീതിക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കണം. അവന്‍ നല്‍കിയ ഔദാര്യങ്ങള്‍ അവന്റെ ദാസന്‍മാര്‍ക്ക് എത്തിച്ചുകൊടുക്കണം. അവനോട് ധിക്കാരമനുവര്‍ത്തിക്കുന്നവരോട് ജിഹാദ് ചെയ്തുകൊണ്ട് താന്‍ യഥാര്‍ഥത്തില്‍ തന്റെ ദൈവത്തോട് നന്ദിയുള്ളവനാണെന്ന് സ്ഥാപിക്കണം. ഒരാള്‍ സത്യത്തെ നിഷേധിക്കുകയാണെങ്കില്‍ ആ നിഷേധത്തിന്റെ ദോഷം അയാള്‍ക്കുതന്നെയാണ്. അല്ലാഹുവിന് അതുകൊണ്ട് ഒരു ഹാനിയും ഉണ്ടാകുന്നില്ല. അവന് ആരുടെയും നന്ദി ആവശ്യമില്ല. ആരുടെയെങ്കിലും നന്ദിപ്രകടനം അവന്റെ ദൈവത്വത്തെ പോഷിപ്പിക്കുകയോ ആരുടെയെങ്കിലും നന്ദിയില്ലായ്മ, സൃഷ്ടികള്‍ക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെല്ലാം അവന്‍ നല്‍കിയതാണെന്ന യാഥാര്‍ഥ്യത്തെ മാറ്റിമറിക്കുകയോ ചെയ്യുകയില്ല. വല്ലവരും അവനെ സ്തുതിച്ചാലും, സ്തുതിച്ചില്ലെങ്കിലും അവന്‍ സ്തുത്യര്‍ഹനാകുന്നു. പ്രപഞ്ചത്തിലെ ഓരോ അണുവും അവന്റെ സമ്പൂര്‍ണതക്കും സൗന്ദര്യത്തിനും സൃഷ്ടിവൈഭവത്തിനും വിഭവദാനത്തിനും സാക്ഷ്യം വഹിക്കുന്നു. ഓരോ സൃഷ്ടിയും അതിന്റെ ഭാഷയില്‍ അവനെ പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്.

13- ലുഖ്മാന്റെ തത്ത്വവചനങ്ങളില്‍ ഈ ഉപദേശംതന്നെ ഇവിടെ എടുത്തുദ്ധരിച്ചത് രണ്ട് സംഗതികളിലാണ്. ഒന്ന്, ഇതദ്ദേഹം പുത്രന് നല്‍കിയ ഉപദേശമാണ്. മനുഷ്യര്‍ ഏറ്റവുമധികം ആത്മാര്‍ഥത പുലര്‍ത്തുക സ്വന്തം മക്കളോടാണല്ലോ. തന്റെ വീക്ഷണത്തില്‍ ബഹുദൈവത്വം ഒരു മഹാ പാപമായതുകൊണ്ടുതന്നെയാണ് ലുഖ്മാന്‍ തന്റെ പുത്രന് ഈ ഉപദേശം നല്‍കിയത്. തന്റെ കരളിന്റെ കനിക്ക് ആദ്യം നല്‍കിയ ഉപദേശം ഈ വഴികേടില്‍നിന്ന് മാറുക എന്നായതും അതുകൊണ്ടുതന്നെ. മക്കയിലെ നിഷേധികളില്‍പ്പെട്ട പല മാതാപിതാക്കളും തങ്ങളുടെ സന്താനങ്ങളെ ബഹുദൈവത്വത്തില്‍ ഉറച്ചുനില്‍ക്കാനും മുഹമ്മദീയ സന്ദേശങ്ങളില്‍നിന്ന് പിന്തിരിയാനും നിര്‍ബന്ധിച്ചുകൊണ്ടിരുന്നു എന്നതാണ് രണ്ടാമത്തെ കാരണം. മറ്റൊരാളുടെ അവകാശം ഹനിക്കുകയും നീതിയെ ധിക്കരിച്ച് പ്രവര്‍ത്തിക്കുകയുമാണ് ‘ളുല്‍മ്’ എന്നതിന്റെ അടിസ്ഥാനാശയം. ആ നിലക്ക് ബഹുദൈവത്വം ഭയങ്കരമായ ‘ളുല്‍മ്’ ആകുന്നു. എന്തുകൊണ്ടെന്നാല്‍, തന്നെ സൃഷ്ടിച്ചതിലോ തനിക്ക് അന്നം നല്‍കുന്നതിലോ മറ്റ് അനുഗ്രഹങ്ങളരുളുന്നതിലോ യാതൊരു പങ്കുമില്ലാത്ത അസ്തിത്വങ്ങളെ സ്രഷ്ടാവും അന്നദാതാവും അനുഗ്രഹദായകനുമായി പ്രതിഷ്ഠിക്കുകയാണ് ബഹുദൈവവിശ്വാസി ചെയ്യുന്നത്. ഇത് ഏറ്റവും വലിയ അനീതിയാണ്. ഇത്രത്തോളം വലിയ ഒരനീതി വേറെ സങ്കല്‍പിക്കുക സാധ്യമല്ല. കൂടാതെ മനുഷ്യനാല്‍ ദാസ്യം ചെയ്യപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുക എന്നത് അല്ലാഹുവിന്റെ മാത്രം അവകാശമാകുന്നു. മനുഷ്യന്‍ മറ്റുള്ളവരെ ആരാധിച്ചുകൊണ്ട് അല്ലാഹുവിന്റെ അവകാശത്തെ ഹനിക്കുന്നു. അതിനും പുറമെ മനുഷ്യന്‍ മറ്റുള്ളവര്‍ക്ക് അടിമപ്പെടുന്നതിനുവേണ്ടി സ്വന്തം ശരീരം മുതല്‍ ആകാശഭൂമികള്‍ വരെയുള്ള നിരവധി വസ്തുക്കളെ ഉപയോഗപ്പെടുത്തുന്നു. ഈ വസ്തുക്കളെല്ലാമാകട്ടെ, അല്ലാഹു ഒരു പങ്കാളിയുമില്ലാതെ തനിയെ സൃഷ്ടിച്ചതാണ്. അവയില്‍ യാതൊന്നുംതന്നെ അല്ലാഹുവല്ലാത്തവര്‍ക്ക് അടിമപ്പെടുന്നതിന് ഉപയോഗപ്പെടുത്താന്‍ മനുഷ്യനവകാശമില്ല. കൂടാതെ സ്വയം നിന്ദ്യതയിലും ശിക്ഷയിലും അകപ്പെടാതിരിക്കുക എന്നത് മനുഷ്യന് തന്നോടുതന്നെയുള്ള ബാധ്യതയാണ്. എന്നാല്‍, അവന്‍ സ്രഷ്ടാവിനെ വെടിഞ്ഞ് സൃഷ്ടികളെ ആരാധിക്കുക മുഖേന തന്നെ സ്വയം നിന്ദിതനും നികൃഷ്ടനും ശിക്ഷാര്‍ഹനുമാക്കുന്നു. ഈവിധം വിഗ്രഹാരാധകരുടെ ജീവിതം എല്ലാനിലക്കും അന്യായവും അതിക്രമപരവുമാകുന്നു. അവന്റെ, ഒരു ശ്വാസം പോലും ‘ളുല്‍മി’ല്‍നിന്ന് മുക്തമാകുന്നില്ല.

നിശ്ചയം നാം നല്‍കിയിട്ടുണ്ട് = وَلَقَدْ آتَيْنَا
ലുഖ്മാന് = لُقْمَانَ
തത്വജ്ഞാനം = الْحِكْمَةَ
നീ നന്ദി കാണിക്കണമെന്ന് = أَنِ اشْكُرْ
അല്ലാഹുവിനോട് = لِلَّهِۚ
ആര്‍ നന്ദി കാണിക്കുന്നുവോ = وَمَن يَشْكُرْ
തീര്‍ച്ചയായും അവന്‍ നന്ദികാണിക്കുന്നു = فَإِنَّمَا يَشْكُرُ
തനിക്കു വേണ്ടി, (സ്വന്തം നന്‍മക്ക് വേണ്ടി) = لِنَفْسِهِۖ
ആര്‍ നന്ദികേട് കാണിക്കുന്നുവോ = وَمَن كَفَرَ
നിശ്ചയം, അല്ലാഹു = فَإِنَّ اللَّهَ
ധന്യനാണ്, അനാശ്രയനാണ് = غَنِيٌّ
സ്തുത്യര്‍ഹന്‍ = حَمِيدٌ
തന്റെ മകനോട് = لِابْنِهِ
അദ്ദേഹം ആയിരിക്കെ = وَهُوَ
അവനെ ഉപദേശിക്കുന്നു = يَعِظُهُ
എന്റെ കുഞ്ഞു മോനേ = يَا بُنَيَّ
നീ പങ്കു ചേര്‍ക്കരുത് = لَا تُشْرِكْ
അല്ലാഹുവില്‍ = بِاللَّهِۖ
നിശ്ചയം പങ്കുചേര്‍ക്കല്‍ = إِنَّ الشِّرْكَ
അക്രമം തന്നെയാണ് = لَظُلْمٌ
കടുത്ത = عَظِيمٌ

Add comment

Your email address will not be published. Required fields are marked *