ലുഖ്‌മാൻ – സൂക്തങ്ങള്‍: 14-15

وَوَصَّيْنَا ٱلْإِنسَٰنَ بِوَٰلِدَيْهِ حَمَلَتْهُ أُمُّهُۥ وَهْنًا عَلَىٰ وَهْنٍۢ وَفِصَٰلُهُۥ فِى عَامَيْنِ أَنِ ٱشْكُرْ لِى وَلِوَٰلِدَيْكَ إِلَىَّ ٱلْمَصِيرُ﴿١٤﴾ وَإِن جَٰهَدَاكَ عَلَىٰٓ أَن تُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌۭ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِى ٱلدُّنْيَا مَعْرُوفًۭا ۖ وَٱتَّبِعْ سَبِيلَ مَنْ أَنَابَ إِلَىَّ ۚ ثُمَّ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ﴿١٥﴾

(14) മാതാപിതാക്കളോടുള്ള ബാധ്യത നിര്‍വഹിക്കണമെന്ന് മനുഷ്യനോട് നാം ഊന്നി ഉപദേശിച്ചിട്ടുണ്ട്. അവശതക്കുമേല്‍ അവശത സഹിച്ചുകൊണ്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. രണ്ടുവര്‍ഷം അവന് മുലയൂട്ടിയും കഴിയുന്നു. (അതുകൊണ്ട് നാം അവനെ ഉപദേശിച്ചു:) എന്നോട് നന്ദി കാണിക്കുക; നിന്റെ മാതാപിതാക്കളോടും നന്ദി കാണിക്കുക. നിനക്ക് എന്നിലേക്ക് മടങ്ങേണ്ടതുണ്ട്.

(15) എന്നാല്‍, നിനക്കറിവില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവര്‍ നിര്‍ബന്ധിച്ചാല്‍, നീ അവര്‍ക്ക് വഴങ്ങിക്കൂടാ. ഇഹലോകത്ത് അവരുടെ കൂടെ നല്ലനിലയില്‍ സഹവര്‍ത്തിക്കേണം. പക്ഷേ, നീ പിന്തുടരേണ്ടത് എന്നിലേക്ക് മടങ്ങിയവന്റെ മാര്‍ഗമത്രെ. ഒടുവില്‍ നിങ്ങളെല്ലാവരും തിരിച്ചു വരേണ്ടത് എന്നിലേക്കുതന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്തായിരുന്നുവെന്ന് അപ്പോള്‍ നാം പറഞ്ഞുതരും.

14- ഇവിടം മുതല്‍ ലുഖ്മാന്റെ ഭാഷണം വിശദീകരിച്ചുകൊണ്ട് അല്ലാഹു നേരിട്ട് അരുളുന്ന ഇടവാക്യങ്ങളാണ്. ‘രണ്ടുവര്‍ഷം അവന് മുലയൂട്ടിയും കഴിയുന്നു’ എന്ന വാക്യത്തെ അടിസ്ഥാനമാക്കി ഇമാം അഹ്മദ്, ശാഫിഈ, അബൂയൂസുഫ്, മുഹമ്മദ് തുടങ്ങിയ പണ്ഡിതന്‍മാര്‍, മുലയൂട്ടുന്ന കാലഘട്ടം രണ്ട് വര്‍ഷമാണ് എന്ന നിയമം ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിനിടയില്‍ ഒരു സ്ത്രീ ഒരു ശിശുവിന് മുലയൂട്ടിയാല്‍ അതുവഴി മുലകുടിബന്ധം മുഖേനയുള്ള വിവാഹനിഷിദ്ധത സ്ഥിരപ്പെടുന്നതാണ്. ഈ കാലഘട്ടത്തിന് ശേഷമുണ്ടാകുന്ന മുലയൂട്ടല്‍ പരിഗണിക്കപ്പെടുന്നതല്ല. ഒരു റിപ്പോര്‍ട്ട് പ്രകാരം ഇമാം മാലികും ഈ വീക്ഷണം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇമാം അബൂഹനീഫ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തി, മുലകുടി കാലം ഒന്നരവര്‍ഷമാണെന്നാണ് നിര്‍ദേശിച്ചത്. ഒപ്പം അദ്ദേഹം ഇപ്രകാരവും കൂടി അഭിപ്രായപ്പെട്ടിരിക്കുന്നു: രണ്ടുവര്‍ഷമോ അതില്‍ കുറച്ചോ കാലം ശിശുവിന് മുലയൂട്ടാം. കുട്ടിയുടെ ആഹാരത്തിന് മുലപ്പാല്‍ ആവശ്യമില്ലാതായാല്‍ അനന്തരമുള്ള മുലയൂട്ടല്‍കൊണ്ട് വിവാഹനിഷിദ്ധത സ്ഥിരപ്പെടുന്നതല്ല. എന്നാല്‍, ശിശുവിന്റെ അടിസ്ഥാനാഹാരം മുലപ്പാല്‍തന്നെയാണ്. മറ്റ് വസ്തുക്കള്‍ നന്നെക്കുറച്ചേ ഭക്ഷിക്കുന്നുള്ളൂ; എങ്കില്‍ മുലകുടി ബന്ധം സ്ഥാപിതമാകും. അതിനാല്‍, തികച്ചും രണ്ട് വര്‍ഷം നിര്‍ബന്ധമായി മുലയൂട്ടണമെന്നല്ല സൂക്തത്തിന്റെ താല്‍പര്യം. സൂറതുല്‍ ബഖറയില്‍ (സൂക്തം: 233-ല്‍) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്: “മാതാക്കള്‍ തങ്ങളുടെ ശിശുക്കള്‍ക്ക് തികച്ചും രണ്ടുവര്‍ഷം മുലയൂട്ടിക്കൊള്ളട്ടെ. മുലകുടി പൂര്‍ത്തീകരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കാണിത്.” ഇബ്‌നുഅബ്ബാസ് ഈ വാക്യത്തില്‍നിന്ന് ഇപ്രകാരം നിര്‍ധാരണം ചെയ്തിരിക്കുന്നു: ഏറ്റവും കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ മറ്റൊരിടത്ത്, “അവന്റെ ഗര്‍ഭത്തിന്റെയും മുലകുടിയുടെയും കാലം മുപ്പത് മാസമാണ്” എന്ന് പറഞ്ഞിട്ടുള്ളത്. വിഹിതവും അവിഹിതവുമായ പ്രസവങ്ങളെ സംബന്ധിച്ച ചര്‍ച്ചയില്‍ നിര്‍ണായകമായ ഒരു നിയമവശമാണിത്.

15- നിന്റെ അറിവനുസരിച്ച് എന്റെ പങ്കാളിയല്ലാത്തതിനെ എന്നാണ് ‘നിനക്കറിവില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവര്‍ നിര്‍ബന്ധിച്ചാല്‍’ എന്ന് പറഞ്ഞതിന്റെ താല്‍പര്യം. മക്കളുടെയും മാതാപിതാക്കളുടെയും എല്ലാം തിരിച്ചുവരവാണ് ‘നിങ്ങളെല്ലാവരും തിരിച്ചു വരേണ്ടത് എന്നിലേക്കുതന്നെയാകുന്നു’ എന്ന് പറഞ്ഞതുകൊണ്ടുദ്ദേശിക്കുന്നത്. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്തായിരുന്നുവെന്ന് അപ്പോള്‍ നാം പറഞ്ഞുതരും എന്നതിന്റെ വിശദീകരണത്തിന് സൂറ അല്‍അന്‍കബൂത്ത് 8-10 സൂക്തങ്ങളുടെ വിശദീകരണങ്ങള്‍ ശ്രദ്ധിക്കുക.

നാം ഉപദേശിച്ചു = وَوَصَّيْنَا
മനുഷ്യനെ = الْإِنسَانَ
മാതാപിതാക്കളുടെ കാര്യത്തില്‍ = بِوَالِدَيْهِ
അവനെ (ഗര്‍ഭം) ചുമന്നു = حَمَلَتْهُ
അവന്റെ മാതാവ് = أُمُّهُ
ക്ഷീണത്തോടെ = وَهْنًا
ക്ഷീണത്തിനുമേല്‍ = عَلَىٰ وَهْنٍ
അവന്റെ വേര്‍പാട് (മുലകുടി മാറ്റല്‍) = وَفِصَالُهُ
രണ്ട് കൊല്ലം കൊണ്ടാണ് = فِي عَامَيْنِ
അതിനാല്‍ നീ നന്ദികാണിക്കണമെന്ന് = أَنِ اشْكُرْ
എനിക്ക് = لِي
നിന്റെ മാതാപിതാക്കള്‍ക്കും = وَلِوَالِدَيْكَ
എന്നിലേക്കാണ് = إِلَيَّ
മടക്കം = الْمَصِيرُ
അവരിരുവരും നിന്നെ നിര്‍ബന്ധിച്ചാല്‍ = وَإِن جَاهَدَاكَ
നീ പങ്ക് ചേര്‍ക്കാന്‍ = عَلَىٰ أَن تُشْرِكَ
എന്നില്‍ = بِي
ഇല്ലാത്ത യാതൊന്നിനെ = مَا لَيْسَ
നിനക്ക് = لَكَ
അതിനെപ്പറ്റി = بِهِ
ഒരറിവും = عِلْمٌ
അപ്പോള്‍ നീ അവരെ അനുസരിക്കരുത് = فَلَا تُطِعْهُمَاۖ
എന്നാലും അവരോട് നീ സഹവസിക്കുക = وَصَاحِبْهُمَا
ഇഹലോകത്ത് = فِي الدُّنْيَا
നല്ലനിലയില്‍ = مَعْرُوفًاۖ
നീ പിന്തുടരുകയും ചെയ്യുക = وَاتَّبِعْ
പാത = سَبِيلَ
പശ്ചാത്തപിച്ചു മടങ്ങിയവന്റെ = مَنْ أَنَابَ
എന്നിലേക്ക് = إِلَيَّۚ
പിന്നീട് = ثُمَّ
എന്നിലേക്കാണ് = إِلَيَّ
നിങ്ങളുടെ മടക്കം = مَرْجِعُكُمْ
അപ്പോള്‍ ഞാന്‍ നിങ്ങളെ അറിയിക്കും = فَأُنَبِّئُكُم
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെ പറ്റി = بِمَا كُنتُمْ تَعْمَلُونَ

Add comment

Your email address will not be published. Required fields are marked *