يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّهُۚ إِنَّ اللَّهَ لَطِيفٌ خَبِيرٌ ﴿١٦﴾ يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ ﴿١٧﴾
(16) (ലുഖ്മാന് പറഞ്ഞു:) പ്രിയ മകനേ, മര്ത്യകര്മം കടുകുമണിയോളമേയുള്ളൂവെങ്കില്‍ പോലും, അതുതന്നെ വല്ല പാറക്കെട്ടിലോ വാനലോകത്തോ ഭൂമിയിലോ ഒളിഞ്ഞുകിടന്നാലും അല്ലാഹു പുറത്ത് കൊണ്ടുവരുന്നതാകുന്നു. അവന് സൂക്ഷ്മമായി കാണുന്നവനും അഗാധജ്ഞനുമല്ലോ.
(17) പ്രിയ മകനേ, നമസ്കാരം മുറപോലെ നിലനിര്‍ത്തണം; നന്മ കല്പിക്കണം; തിന്മ വിലക്കണം; നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളണം. ഇവ അത്യധികം ഊന്നിപ്പറയപ്പെട്ട കാര്യങ്ങളത്രെ.
16- നബി (സ) പ്രചരിപ്പിക്കുന്ന ധാര്‍മിക സന്ദേശങ്ങളും അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങളും അറബികള്‍ക്ക് ഒരു പുതിയ സംഗതിയല്ല എന്ന് വ്യക്തമാക്കുന്നതിനാണ് ലുഖ്മാന്റെ ഇതര ഉപദേശങ്ങളെയും ഇവിടെ പരാമര്‍ശിക്കുന്നത്. തുടര്‍ന്ന് പറയുന്നത് മര്ത്യകര്മം കടുകുമണിയോളമേയുള്ളൂവെങ്കില്‍ പോലും അല്ലാഹു അതിനെ പുറത്ത്കൊണ്ടുവരുമെന്നാണ്. അല്ലാഹുവിന്റെ ജ്ഞാനത്തിനും പിടിത്തത്തിനും അതീതമായി യാതൊന്നും ഉണ്ടാകുന്നില്ല. പാറക്കെട്ടിനുള്ളിലുള്ള ഒരു ധാന്യമണി നിങ്ങള്‍ക്ക് അദൃശ്യമായിരിക്കാം. പക്ഷേ, അല്ലാഹുവിന് ദൃശ്യമാണ്. ആകാശത്തിലെ അണുക്കള്‍ നിങ്ങളെ സംബന്ധിച്ചേടത്തോളം അതിവിദൂരമാണ്. പക്ഷേ, അല്ലാഹുവിന് തികച്ചും സമീപസ്ഥമാകുന്നു. ഭൂമിയുടെ തട്ടുകള്ക്കടിയിലുള്ള വസ്തുക്കള്‍ നിങ്ങളെ സംബന്ധിച്ചേടത്തോളം ഘനാന്ധകാരത്തിലാണ് സ്ഥിതിചെയ്യുന്നത്. അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം അവ തെളിഞ്ഞ പ്രകാശത്തിലാണ്. അതുകൊണ്ട് അല്ലാഹുവില്‍നിന്ന് ഒളിച്ചുകൊണ്ട് നിങ്ങള്‍ക്ക് നല്ലതോ ചീത്തയോ ആയ ഒരു കാര്യവും ഒരിക്കലും ചെയ്യാന്‍ സാധ്യമല്ല. അവയെല്ലാം അവന് അറിയുന്നുവെന്ന് മാത്രമല്ല, വിചാരണവേളയില്‍ നിങ്ങളുടെ ഓരോരോ പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തിയ പട്ടിക ഹാജരാക്കുകയും ചെയ്യും.
17- നന്മ കല്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്ന ആരും ക്ലേശങ്ങള്‍ നേരിടേണ്ടിവരുമെന്ന സൂക്ഷ്മമായ സൂചന ഇതുള്‍ക്കൊള്ളുന്നുണ്ട്. അത്തരം ആളുകള്‍ക്കെതിരെ തീര്‍ച്ചയായും ജനം കൈ ഉയര്‍ത്തുകയും സകലവിധ പീഡനങ്ങളും ഏല്പിക്കുകയും ചെയ്യുന്നു. ‘ഇവ അത്യധികം ഉറച്ച കാര്യങ്ങളത്രെ’ എന്നതിന്റെ മറ്റൊരു തര്‍ജമ ‘ഇത് അതിപ്രധാനമായ സംഗതിയാകുന്നു’ എന്നുമാകാം. ജനങ്ങളെ സംസ്കരിക്കുന്നതിന് മുന്നോട്ട് വരികയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധയൂന്നുകയും ചെയ്യുക എന്നത് നിശ്ചയദാര്ഢ്യമില്ലാത്തവരുടെ ജോലിയല്ല. അത് വളരെ മനസ്ഥൈര്യം ആവശ്യമുള്ള ജോലികളില്പെട്ടതാണ്.
എന്റെ കുഞ്ഞുമോനേ = يَا بُنَيَّ
തീര്‍ച്ചയായും അത് (ഒരു കാര്യം) = إِنَّهَا
അതായിരുന്നാല്‍ = إِن تَكُ
ഒരു (ധാന്യ) മണിയുടെ തൂക്കം = مِثْقَالَ حَبَّةٍ
കടുകില്‍ നിന്നുള്ള = مِّنْ خَرْدَلٍ
അങ്ങനെ അതാവുകയും ചെയ്തു = فَتَكُن
ഒരു പാറക്കല്ലി(ന്റെ ഉള്ളി)ല്‍ = فِي صَخْرَةٍ
അല്ലെങ്കില്‍ ആകാശങ്ങളില്‍ = أَوْ فِي السَّمَاوَاتِ
അല്ലെങ്കില്‍ ഭൂമിയില്‍ = أَوْ فِي الْأَرْضِ
അതിനെ കൊണ്ടുവരും = يَأْتِ بِهَا
അല്ലാഹു = اللَّهُۚ
നിശ്ചയം അല്ലാഹു = إِنَّ اللَّهَ
നിഗൂഢജ്ഞാനിയാണ്, സൗമ്യനാണ് = لَطِيفٌ
സൂക്ഷ്മജ്ഞാനിയാണ് = خَبِيرٌ
എന്റെ കുഞ്ഞുമോനേ = يَا بُنَيَّ
നീ നിഷ്ഠയോടെ നിര്‍വഹിക്കുക, നീ നിലനിര്‍ത്തുക = أَقِمِ
നമസ്കാരം = الصَّلَاةَ
നന്മ കല്പിക്കുകയും ചെയ്യുക = وَأْمُرْ بِالْمَعْرُوفِ
തിന്മ വിലക്കുകയും ചെയ്യുക = وَانْهَ عَنِ الْمُنكَرِ
നീ ക്ഷമിക്കുക = وَاصْبِرْ
നിന്നെ ബാധിച്ചതില്‍, ആപത്തു വന്നതില്‍ = عَلَىٰ مَا أَصَابَكَۖ
നിശ്ചയം അത് = إِنَّ ذَٰلِكَ
ഖണ്ഡിതമായ (ദൃഢതരമായ) കാര്യങ്ങളില്‍ പെട്ടതാണ് = مِنْ عَزْمِ الْأُمُورِ
Add comment