ലുഖ്‌മാൻ – സൂക്തങ്ങള്‍: 29-32

أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّۭ يَجْرِىٓ إِلَىٰٓ أَجَلٍۢ مُّسَمًّۭى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌۭ﴿٢٩﴾ ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ ٱلْبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلْعَلِىُّ ٱلْكَبِيرُ﴿٣٠﴾ أَلَمْ تَرَ أَنَّ ٱلْفُلْكَ تَجْرِى فِى ٱلْبَحْرِ بِنِعْمَتِ ٱللَّهِ لِيُرِيَكُم مِّنْ ءَايَٰتِهِۦٓ ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍۢ لِّكُلِّ صَبَّارٍۢ شَكُورٍۢ﴿٣١﴾ وَإِذَا غَشِيَهُم مَّوْجٌۭ كَٱلظُّلَلِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ فَمِنْهُم مُّقْتَصِدٌۭ ۚ وَمَا يَجْحَدُ بِـَٔايَٰتِنَآ إِلَّا كُلُّ خَتَّارٍۢ كَفُورٍۢ﴿٣٢﴾

(29) അല്ലാഹു രാവിനെ പകലില്‍ കോര്‍ത്തുകൊണ്ടുവരുന്നതും പകലിനെ രാവില്‍ കോര്‍ത്തുകൊണ്ടുവരുന്നതും നിങ്ങള്‍ കാണുന്നില്ലയോ? അവന്‍ സൂര്യ-ചന്ദ്രന്മാരെ ക്രമവിധേയമാക്കിവെച്ചിരിക്കുന്നു. ഒക്കെയും ഒരു നിശ്ചിത അവധിവരെ ചലിച്ചുകൊണ്ടിരിക്കും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ടെന്നും (നിങ്ങള്‍ ഗ്രഹിച്ചിട്ടില്ലയോ?)

(30) സാക്ഷാല്‍ സത്യം അല്ലാഹു മാത്രമാണ് എന്നതുകൊണ്ടും, അവനെ വെടിഞ്ഞ് ജനം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നതൊക്കെയും മിഥ്യയാണ് എന്നതുകൊണ്ടും അല്ലാഹു അത്യുന്നതനും ഏറ്റവും വലിയവനും തന്നെയാണ് എന്നതുകൊണ്ടുമത്രെ ഇതൊക്കെയും.

(31) അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ കടലില്‍ കപ്പല്‍ സഞ്ചരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലെയോ; അതുവഴി അവന്റെ ചില ദൃഷ്ടാന്തങ്ങള്‍ നിങ്ങളെ കാണിക്കാനാണിത്. ഏറെ ക്ഷമയും നന്ദിയും ഉള്ളവര്‍ക്കൊക്കെയും അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

(32) (സമുദ്രത്തില്‍) മലകള്‍പോലുള്ള തിരമാലകള്‍ ആ ജനത്തെ മൂടാനിടയായാല്‍, ദീന്‍ പൂര്‍ണമായും അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവര്‍ അവനോട് പ്രാര്‍ഥിക്കുകയായി. എന്നിട്ട് നാമവരെ രക്ഷിച്ച് കരയിലെത്തിച്ചാലോ, അവരില്‍ ചിലയാളുകള്‍ മിതത്വമനുവര്‍ത്തിക്കുന്നു. വഞ്ചകരും നന്ദികെട്ടവരുമല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.

29- ‘അവന്‍ സൂര്യ-ചന്ദ്രന്മാരെ ക്രമവിധേയമാക്കിവെച്ചിരിക്കുന്നു’ എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്, രാപ്പകലുകളുടെ ഉദയാസ്തമയക്രമം സൂര്യചന്ദ്രന്‍മാര്‍ അവയെ സമ്പൂര്‍ണമായി നിയന്ത്രിക്കുന്ന ഒരു നിയമവ്യവസ്ഥക്ക് കീഴ്‌പ്പെടുത്തപ്പെട്ടിരിക്കുന്നുവെന്ന് വിളിച്ചോതുന്നുണ്ട്. സൂര്യനും ചന്ദ്രനും ഉപരിലോകത്തിലെ ഏറ്റവും പ്രത്യക്ഷമായ രണ്ട് വസ്തുക്കളായതുകൊണ്ടാണ് അവയെ ഇവിടെ പരാമര്‍ശിച്ചത്. പുരാതനകാലം മുതലേ ധാരാളമാളുകള്‍ അവയെ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇന്നും അവയെ ദേവതകളായി കരുതുന്ന വരുണ്ട്. വാസ്തവത്തില്‍ സൂര്യചന്ദ്രന്‍മാര്‍ മാത്രമല്ല, ഭൂമിയടക്കമുള്ള സര്‍വ ഗോളങ്ങളും അല്ലാഹുവിന്റെ അചഞ്ചലമായ നിയമവ്യവസ്ഥയാല്‍ ബന്ധിതമാണ്. ഒരിഞ്ചുപോലും അതില്‍നിന്ന് വ്യതിചലിക്കാന്‍ അവക്കാവില്ല. ‘ഒക്കെയും ഒരു നിശ്ചിത അവധിവരെ ചലിച്ചുകൊണ്ടിരിക്കും’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യമിതാണ്, ഓരോ വസ്തുവിനും നിശ്ചയിച്ച അവധിവരെ അത് ചലിച്ചുകൊണ്ടിരിക്കും. സൂര്യചന്ദ്രന്‍മാരോ മറ്റ് ഗോളങ്ങളോ വസ്തുക്കളോ ഒന്നും അനാദിയോ അനന്തമോ അല്ല. എല്ലാറ്റിനും ഒരാദിയുണ്ട്. അതിനുമുമ്പ് അതുണ്ടായിരുന്നില്ല. ഓരോന്നിനും ഒരന്ത്യമുണ്ട്. അതിനുശേഷം അതുണ്ടായിരിക്കുകയില്ല. ഈ പരാമര്‍ശത്തിലൂടെ മനസ്സിലാക്കിത്തരുന്നത് ഇതാണ്: ഇത്തരം സ്ഥലകാലാപേക്ഷിതവും അശക്തവുമായ വസ്തുക്കള്‍ക്ക് ആരാധിക്കപ്പെടാനുള്ള ഒരര്‍ഹതയുമില്ല.

30- സ്വതന്ത്രനായ കര്‍ത്താവും സൃഷ്ടിയുടെയും ആസൂത്രണത്തിന്റെയും സാക്ഷാല്‍ പരമാധികാരിയും അല്ലാഹുവാണ് എന്നാണ് സാക്ഷാല്‍ സത്യം അല്ലാഹു മാത്രമാണ് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം. ‘അവനെ വെടിഞ്ഞ് ജനം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നതൊക്കെയും മിഥ്യയാണ്’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യമിതാണ്, അവ നിങ്ങളുടെ ഭാവനകള്‍ വിരചിച്ച കൃത്രിമ ദൈവങ്ങളാണ്. ഇന്ന മഹാന് ദിവ്യത്വത്തില്‍ കൈയുണ്ട്, ഇന്ന പുണ്യവാളന് ആപത്തകറ്റാനും ആഗ്രഹം സഫലീകരിക്കാനും അധികാരമുണ്ട് എന്നൊക്കെ നിങ്ങള്‍ സങ്കല്‍പിക്കുന്നു. യഥാര്‍ഥത്തിലോ, ഒരു സൃഷ്ടിക്കും ഈ കഴിവുകളൊന്നുമില്ല. ‘അല്ലാഹു അത്യുന്നതനും ഏറ്റവും വലിയവനും തന്നെയാണ്’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യമിതാണ്, സകല വസ്തുക്കളേക്കാളും ശക്തവും ഉന്നതവുമായിട്ടുള്ളവനാണവന്‍; അവന്റെ മുമ്പില്‍ മറ്റെല്ലാം അശക്തവും അവശവുമാണ്. സകല വസ്തുക്കളെക്കാളും മഹത്തരമായിട്ടുള്ളവനാണവന്‍; അവന്റെ മുമ്പില്‍ മറ്റെല്ലാം നിസ്സാരങ്ങളാണ്.

31- ‘അവന്റെ ചില ദൃഷ്ടാന്തങ്ങള്‍ നിങ്ങളെ കാണിക്കുന്നതിന്’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യമിതാണ്, അധികാരങ്ങളഖിലം അല്ലാഹുവിന്റെ കൈകളിലാണ് എന്ന് കുറിക്കുന്ന ദൃഷ്ടാന്തങ്ങളുണ്ട്. മനുഷ്യന്‍ എത്രതന്നെ ഭദ്രമായ കപ്പലുകളുണ്ടാക്കിയാലും നാവികസഞ്ചാരത്തെ സംബന്ധിച്ച് എന്തുമാത്രം വിജ്ഞാനങ്ങളാര്‍ജിച്ചാലും ശരി, അല്ലാഹുവിന്റെ ഔദാര്യമില്ലാതെ സ്വന്തം ആസൂത്രണ വൈഭവംകൊണ്ടുമാത്രം അവന് സമുദ്രത്തിലെ ഭീകര ശക്തികളെ തരണംചെയ്ത് സുഖകരമായ യാത്ര ചെയ്യാനാവില്ല. അല്ലാഹുവിന്റെ കരുണാകടാക്ഷം തെറ്റുന്നതോടെ തന്റെ ആസൂത്രണങ്ങളും ശാസ്ത്ര നേട്ടങ്ങളുമെല്ലാം എത്രപെട്ടെന്ന് വെള്ളത്തിലാകുന്നുവെന്ന് മനുഷ്യന് ബോധ്യമാകുന്നു. അതേപ്രകാരം, സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും വേളയില്‍ ഒരാള്‍ എത്ര കടുത്ത നാസ്തികനോ വിഗ്രഹാരാധകനോ ആവട്ടെ, കടല്‍ക്ഷോഭത്തില്‍ തന്റെ കപ്പല്‍ മുങ്ങിത്തുടങ്ങുമ്പോള്‍ ദൈവമുണ്ടെന്നും ദൈവം ഒന്നേയുള്ളൂവെന്നും മനസ്സിലാക്കുന്നു. ക്ഷമയും നന്ദിയുമുള്ളവര്‍ ഇത്തരം ദൃഷ്ടാന്തങ്ങളിലൂടെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നു. അവര്‍ എന്നെന്നേക്കുമായി ഏകദൈവത്വത്തിന്റെ പാഠം പഠിക്കുന്നു. അതില്‍ അടിയുറച്ച് നിലകൊള്ളുകയും ചെയ്യുന്നു. സ്വബ്ബാര്‍ അഥവാ വളരെ ക്ഷമയുള്ളവന്‍ എന്നതാണ് പ്രഥമഗുണം. അയാളുടെ സ്വഭാവം ചഞ്ചലമാവരുത്. സ്ഥൈര്യമുള്ളതാവണം. നല്ലതും ചീത്തയുമായ എല്ലാ സാഹചര്യങ്ങളിലും ശരിയായ പ്രമാണത്തില്‍ നിലകൊള്ളുന്നവരായിരിക്കണം. നല്ലകാലത്ത് ദൈവഭക്തരും ചീത്ത കാലം വന്നാല്‍ ദൈവത്തെ ആക്ഷേപിക്കുന്നവരും ആവുക എന്ന നിലപാടുകാരായിരിക്കരുത്. ‘ശകൂര്‍’ അഥവാ വളരെ നന്ദിയുള്ളവന്‍ ആയിരിക്കുക എന്നതാണ് രണ്ടാമത്തെ ഗുണം. അവര്‍ കൂറില്ലാത്തവരോ നന്ദികെട്ടവരോ ആയിരിക്കരുത്. അനുഗ്രഹങ്ങളെ വിലമതിക്കുന്നവരും അനുഗ്രഹദാതാവിനോടുള്ള നന്ദിയും കടപ്പാടും സദാ മനസ്സില്‍ സജീവമാക്കി സൂക്ഷിക്കുന്നവരുമായിരിക്കണം.

32- കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍ എല്ലാവരുടെയും മസ്തിഷ്‌കം നേരെയാകുന്നു. ബഹുദൈവത്വവും നാസ്തികത്വവും ഉപേക്ഷിച്ച് ഏകദൈവത്തെ വിളിച്ച് പ്രാര്‍ഥിച്ച് തുടങ്ങുന്നു. പക്ഷേ, രക്ഷപ്പെട്ട് കരയിലെത്തിക്കഴിഞ്ഞാല്‍, ആ അനുഭവത്തില്‍നിന്ന് ഫലപ്രദമായ പാഠം പഠിച്ചവര്‍ വളരെ തുച്ഛം പേരേ കാണൂ. ആ തുച്ഛമാളുകള്‍തന്നെ മൂന്ന് ഇനമായി വേര്‍തിരിക്കപ്പെടുന്നു. ഒന്ന്, എന്നെന്നേക്കുമായി നേര്‍വഴിയിലെത്തിയവര്‍. രണ്ട്, നിഷേധത്തില്‍ മിതത്വം പാലിക്കുന്നവര്‍. മൂന്ന്, ആത്മാര്‍ഥതമൂലം അല്‍പമെന്തോ ഉള്ളിലവശേഷിച്ചവര്‍. ‘വഞ്ചകരും നന്ദികെട്ടവരുമല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യമിതാണ്. വിശ്വസ്തതയും കൂറും ഇല്ലാത്തവനും പ്രതിജ്ഞകളും കരാറുകളും വിലവെക്കാത്തവനുമാണ് വഞ്ചകന്‍. എത്ര ഔദാര്യങ്ങള്‍ ചൊരിഞ്ഞുകിട്ടിയാലും അതിനെ അവന്‍ നന്മയായി അംഗീകരിക്കുകയില്ല. അനുഗ്രഹദാതാവിനോട് ധിക്കാരം കാണിക്കുകയും ചെയ്യും. ഈ സ്വഭാവങ്ങള്‍ ആരിലുണ്ടോ അവര്‍ ആപദ്‌സന്ധി നീങ്ങിപ്പോയാല്‍ ഉടനെ തങ്ങളുടെ നാസ്തികതയിലേക്കും ബഹുദൈവത്വത്തിലേക്കും നിസ്സങ്കോചം തിരിച്ചുപോകുന്നു. ആപദ്‌വേളയില്‍ ദൈവാസ്തിത്വത്തിന്റെയും ഏകദൈവത്വത്തിന്റെയും ദൃഷ്ടാന്തങ്ങള്‍ സ്വന്തം ആത്മാവുകളിലും ബാഹ്യലോകത്തും കണ്ടിരുന്നുവെന്നും അതിന്റെ ഫലമായാണ് തങ്ങള്‍ ദൈവത്തെ വിളിച്ച് പ്രാര്‍ഥിച്ചതെന്നുമുള്ള വസ്തുതയെപ്പോലും പിന്നീട് അവര്‍ അംഗീകരിക്കുകയില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ തങ്ങളെ ബാധിച്ച ദൗര്‍ബല്യം മാത്രമായിരുന്നു അതെന്നായിരിക്കും അവര്‍ വാദിക്കുക. കടല്‍ക്ഷോഭത്തില്‍നിന്ന് തങ്ങളെ രക്ഷിച്ചത് ദൈവമൊന്നുമല്ല. ഇന്നയിന്ന കാരണങ്ങള്‍കൊണ്ടാണ് തങ്ങള്‍ രക്ഷപ്പെട്ടത് എന്നവര്‍ വിശദീകരിക്കുന്നു. ബഹുദൈവവിശ്വാസികള്‍ പൊതുവില്‍ ഇങ്ങനെയാണ് പറയുക: ഇന്ന ദേവന്‍മാരുടെ, അല്ലെങ്കില്‍ ദേവികളുടെ തണല്‍ നമ്മുടെ മേല്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് നാം രക്ഷപ്പെട്ടത്. അതിനാല്‍, കരയിലെത്തിയാലുടനെ അവര്‍ ആ ദൈവങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാന്‍ അവയുടെ ആസ്ഥാനങ്ങളില്‍ ചെന്ന് ബലികളും വഴിപാടുകളും അര്‍പ്പിച്ചുതുടങ്ങുന്നു. എല്ലാ വഴികളും അടഞ്ഞപ്പോള്‍, എല്ലാ പ്രതീക്ഷകളും തകര്‍ന്നപ്പോള്‍ തങ്ങള്‍ക്ക് അവലംബിക്കാന്‍ ഏകദൈവമല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല എന്ന് അപ്പോഴവര്‍ ഓര്‍ക്കുകയേ ഇല്ല.

നീ കണ്ടില്ലേ = أَلَمْ تَرَ
നിശ്ചയം അല്ലാഹു = أَنَّ اللَّهَ
കടത്തിവിടുന്നു (എന്ന്) = يُولِجُ
രാവിനെ = اللَّيْلَ
പകലില്‍ = فِي النَّهَارِ
കടത്തിവിടുന്നു (എന്നും) = وَيُولِجُ
പകലിനെ = النَّهَارَ
രാവിലും = فِي اللَّيْلِ
അവന്‍ അധീനപ്പെടുത്തി (എന്നും) = وَسَخَّرَ
സൂര്യനെ = الشَّمْسَ
ചന്ദ്രനെയും = وَالْقَمَرَ
എല്ലാം = كُلٌّ
ചരിച്ചുകൊണ്ടിരിക്കുന്നു = يَجْرِي
ഒരു നിശ്ചിത അവധി വരെ = إِلَىٰ أَجَلٍ مُّسَمًّى
തീര്‍ച്ചയായും അല്ലാഹു (ആണെന്നും) = وَأَنَّ اللَّهَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി = بِمَا تَعْمَلُونَ
സൂക്ഷ്മമായി അറിയുന്നവന്‍ = خَبِيرٌ
അത് = ذَٰلِكَ
നിശ്ചയം അല്ലാഹു ആണെന്നതുകൊണ്ടാണ് = بِأَنَّ اللَّهَ
അവന്‍ തന്നെ = هُوَ
പരമമായ സത്യം, യഥാര്‍ഥത്തിലുള്ളവന്‍ = الْحَقُّ
നിശ്ചയം അവര്‍ വിളിക്കുന്നവയാണെന്നും = وَأَنَّ مَا يَدْعُونَ
അവനെക്കൂടാതെ = مِن دُونِهِ
മിഥ്യ = الْبَاطِلُ
നിശ്ചയം അല്ലാഹുവാണെന്നതു കൊണ്ടും = وَأَنَّ اللَّهَ
അവന്‍ തന്നെ = هُوَ
ഉന്നതന്‍ = الْعَلِيُّ
വലിയ, മഹാന്‍ = الْكَبِيرُ
നീ കണ്ടില്ലേ = أَلَمْ تَرَ
തീര്‍ച്ചയായും കപ്പല്‍ = أَنَّ الْفُلْكَ
സഞ്ചരിക്കുന്നു (എന്നത്) = تَجْرِي
കടലില്‍ = فِي الْبَحْرِ
അല്ലാഹുവിന്റെ അനുഗ്രഹത്താലാണെന്ന് = بِنِعْمَتِ اللَّهِ
അവന്‍ നിങ്ങളെ കാണിക്കാന്‍ വേണ്ടി(യാണിത്) = لِيُرِيَكُم
അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് = مِّنْ آيَاتِهِۚ
നിശ്ചയം അതിലുണ്ട് = إِنَّ فِي ذَٰلِكَ
തെളിവുകള്‍ = لَآيَاتٍ
ക്ഷമാലുക്കളായ എല്ലാവര്‍ക്കും = لِّكُلِّ صَبَّارٍ
നന്ദി കാണിക്കുന്നവരായ = شَكُورٍ
അവരെ മൂടിയാല്‍ = وَإِذَا غَشِيَهُم
തിരമാല = مَّوْجٌ
മലകള്‍ പോലെയുള്ള = كَالظُّلَلِ
അവര്‍ പ്രാര്‍ഥിക്കും = دَعَوُا
അല്ലാഹുവോട് = اللَّهَ
അവന് മാത്രം സമര്‍പ്പിക്കുന്നവരായിക്കൊണ്ട് = مُخْلِصِينَ لَهُ
വിധേയത്വം = الدِّينَ
എന്നാല്‍ അവന്‍ അവരെ രക്ഷപ്പെടുത്തിയാലോ = فَلَمَّا نَجَّاهُمْ
കരയിലേക്ക് = إِلَى الْبَرِّ
അപ്പോള്‍ അവരിലുണ്ട് = فَمِنْهُم
മിതാവസ്ഥയിലുള്ളവര്‍, മധ്യനിലക്കാര്‍ = مُّقْتَصِدٌۚ
തള്ളിപ്പറയുകയില്ല = وَمَا يَجْحَدُ
നമ്മുടെ തെളിവുകളെ = بِآيَاتِنَا
എല്ലാ കൊടും ചതിയന്‍മാരുമല്ലാതെ = إِلَّا كُلُّ خَتَّارٍ
നന്ദികെട്ടവരായ = كَفُورٍ

Add comment

Your email address will not be published. Required fields are marked *