ലുഖ്‌മാൻ – സൂക്തങ്ങള്‍: 33-34

يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ وَٱخْشَوْا۟ يَوْمًۭا لَّا يَجْزِى وَالِدٌ عَن وَلَدِهِۦ وَلَا مَوْلُودٌ هُوَ جَازٍ عَن وَالِدِهِۦ شَيْـًٔا ۚ إِنَّ وَعْدَ ٱللَّهِ حَقٌّۭ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ﴿٣٣﴾ إِنَّ ٱللَّهَ عِندَهُۥ عِلْمُ ٱلسَّاعَةِ وَيُنَزِّلُ ٱلْغَيْثَ وَيَعْلَمُ مَا فِى ٱلْأَرْحَامِ ۖ وَمَا تَدْرِى نَفْسٌۭ مَّاذَا تَكْسِبُ غَدًۭا ۖ وَمَا تَدْرِى نَفْسٌۢ بِأَىِّ أَرْضٍۢ تَمُوتُ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌۢ﴿٣٤﴾

(33) അല്ലയോ ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുവിന്‍. പിതാവ് സ്വന്തം പുത്രന് ഒരുപകാരവും ചെയ്യാത്ത, പുത്രന്‍ സ്വന്തം പിതാവിന് ഒട്ടും ഉപകരിക്കാത്ത ആ നാളിനെ ഭയപ്പെടുവിന്‍. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍, ഈ ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അല്ലാഹുവിന്റെ കാര്യത്തില്‍ ഒരു വഞ്ചകനും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.

(34) ഉയിര്‍ത്തെഴുന്നേല്‍പുസമയത്തിന്റെ വിവരം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. അവനത്രെ മഴ പെയ്യിക്കുന്നത്. ഗര്‍ഭാശയങ്ങളില്‍ വളരുന്നതെന്തെന്നും അവന്‍ അറിയുന്നു. നാളെ താന്‍ എന്താണ് സമ്പാദിക്കാനിരിക്കുന്നതെന്ന് യാതൊരു ജീവിയും അറിയുന്നില്ല. ഏത് മണ്ണിലാണ് താന്‍ മരിക്കുകയെന്നും ഒരാളും അറിയുന്നില്ല. അല്ലാഹു മാത്രമാകുന്നു എല്ലാം അറിയുന്നവനും തികഞ്ഞ ധാരണയുള്ളവനും.

33- കൂട്ടുകാര്‍, നേതാക്കള്‍, അനുയായികള്‍ എന്നിവരെപ്പോലെയുള്ള ആളുകളാണെങ്കില്‍, അവര്‍ അകന്ന ബന്ധമുള്ളവരാണെന്ന് പറയാം. ഈ ലോകത്ത് ഏറ്റവും അടുത്ത ബന്ധമാണ് മക്കളും മാതാപിതാക്കളും തമ്മിലുള്ളത്. എന്നാല്‍, പരലോകത്തെ അവസ്ഥയില്‍ മകന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ പിതാവ് മുന്നോട്ടുവന്ന്, അവന്റെ കുറ്റത്തിന് ഞാന്‍ ശിക്ഷയനുഭവിച്ചുകൊള്ളാം എന്ന് പറയുകയില്ല. പിതാവിന് ദുര്യോഗം വരുമ്പോള്‍ അദ്ദേഹത്തിന് പകരം എന്നെ നരകത്തിലേക്കയച്ചുകൊള്ളുക എന്ന് പറയാന്‍ ഒരു പുത്രനും ധൈര്യപ്പെടുകയുമില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ അവിടെ ഒരാള്‍ മറ്റൊരുവനുവേണ്ടി വല്ല ഉപകാരവും ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ വല്ല പഴുതുമുണ്ടോ? അതിനാല്‍, മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം പരിണതിയെ ദുഷ്ടമാക്കുന്നവന്‍, അല്ലെങ്കില്‍ സ്വന്തം ഭാഗധേയം മറ്റുള്ളവരില്‍ സമര്‍പ്പിച്ച് അന്ധകാരത്തിന്റെയും പാപങ്ങളുടെയും മാര്‍ഗം സ്വീകരിക്കുന്നവന്‍ ഏറ്റവും വലിയ വിഡ്ഢിയാണ്. പതിനഞ്ചാം സൂക്തത്തില്‍ സന്തതികളെ ഉപദേശിച്ചുകൊണ്ട്, ഐഹിക ജീവിതത്തില്‍ മാതാപിതാക്കളെ സേവിക്കേണ്ടത് മക്കളുടെ നിര്‍ബന്ധ ബാധ്യതയാണ് എന്നുണര്‍ത്തുന്നു; എന്നാല്‍, ദീനിന്റെയും വിശ്വാസാദര്‍ശങ്ങളുടെയും കാര്യത്തില്‍ മാതാപിതാക്കള്‍ പറയുന്ന അബദ്ധങ്ങള്‍ സ്വീകരിച്ചുകൂടാ എന്ന് വ്യക്തമാക്കിയിട്ടുള്ളത് ഈ സന്ദര്‍ഭത്തില്‍ അനുസ്മരണീയമാണ്. പുനരുത്ഥാനം സമാഗതമാകുമെന്നും ഒരുനാള്‍ അല്ലാഹുവിന്റെ കോടതി നിലവില്‍വരുമെന്നും അവിടെ ഓരോ മനുഷ്യനും തന്റെ പ്രവൃത്തികള്‍ക്ക് സമാധാനം ബോധിപ്പിക്കേണ്ടിവരുമെന്നുമുള്ള വാഗ്ദത്തമാണ് അല്ലാഹുവിന്റെ വാഗ്ദാനംകൊണ്ടുദ്ദേശ്യം. ഭൗതിക ജീവിതത്തിന്റെ പുറംകാഴ്ച ആളുകളെ പലവിധ തെറ്റിദ്ധാരണകളിലകപ്പെടുത്തുന്നു. ജീവിതവും മരണവും ഈ ലോകത്ത് മാത്രമേയുള്ളൂ എന്ന് ചിലര്‍ കരുതുന്നു. അതുകൊണ്ട് എന്ത് പ്രവര്‍ത്തിക്കണമെങ്കിലും ഇവിടെത്തന്നെ പ്രവര്‍ത്തിച്ചുകൊള്ളുക. ചിലര്‍ സ്വന്തം ശക്തിയിലും ക്ഷേമൈശ്വര്യങ്ങളിലും ലഹരിപൂണ്ട് മരണത്തെ മറന്നുകളയുന്നു. തങ്ങളുടെ ജീവിതവും ആനന്ദങ്ങളുമെല്ലാം അനശ്വരങ്ങളാണെന്ന് അവര്‍ സ്വപ്നം കാണുന്നു. ചിലര്‍ ജീവിതത്തിന്റെ ധാര്‍മികവും ആത്മീയവുമായ ലക്ഷ്യങ്ങളെ നിഷേധിച്ചുകൊണ്ട് ഭൗതികനേട്ടങ്ങളെയും ക്ഷണികസുഖങ്ങളെയും സാക്ഷാല്‍ ലക്ഷ്യമായി അംഗീകരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചക്കപ്പുറമുള്ള ലക്ഷ്യങ്ങള്‍ക്കൊന്നും യാതൊരു സ്ഥാനവുമില്ല. ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചക്കിടയില്‍ മാനുഷികനിലവാരം എത്ര താണുപോയാലും പ്രശ്‌നമല്ല. ഐഹികക്ഷേമമാണ് സത്യാസത്യങ്ങളുടെ മാനദണ്ഡമെന്നത്രെ ഇനിയും ചിലര്‍ കരുതുന്നത്. ക്ഷേമൈശ്വര്യങ്ങള്‍ നേടാനുതകുന്ന മാര്‍ഗങ്ങളെല്ലാം സത്യമാണ്. അതല്ലാത്തതൊക്കെയും അസത്യവും. ഭൗതികമായ ക്ഷേമവും സുഖവും ദൈവത്തിന് തങ്ങളോടുള്ള പ്രീതിയുടെയും സ്വീകാര്യതയുടെയും ലക്ഷണമായി ചിലര്‍ കരുതുന്നു. ഭൗതിക നേട്ടങ്ങളാര്‍ജിച്ചവരെ, അവരെത്ര ദുഷിച്ച മാര്‍ഗത്തിലൂടെയാണ് അതാര്‍ജിച്ചതെങ്കിലും ദൈവത്തിന്റെ പ്രീതിനേടിയവരായി അവര്‍ കരുതുന്നു. ഭൗതികരംഗത്ത് അവശതകളനുഭവിക്കുന്നവരെ, അവര്‍ ധാര്‍മികമായും ആത്മീയമായും എത്ര ഉയര്‍ന്നവരാണെങ്കിലും ദുഷിച്ച അന്ത്യമുള്ളവരായും അവര്‍ മനസ്സിലാക്കുന്നു. ഇങ്ങനെ, ഏതെല്ലാം വിധത്തിലുള്ള തെറ്റിദ്ധാരണകളുണ്ടോ അവയെല്ലാം അല്ലാഹു ‘ഐഹിക ജീവിതത്തിന്റെ വഞ്ചനകള്‍’ എന്നതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ‘വഞ്ചകന്‍’ എന്നതുകൊണ്ടുദ്ദേശ്യം ചെകുത്താനാകാം, മനുഷ്യരാകാം, മനുഷ്യരിലെ ഏതെങ്കിലും വിഭാഗമാകാം, സ്വന്തം മനസ്സുതന്നെയുമാകാം; മറ്റു വല്ല സാധനവുമാകാം. വ്യത്യസ്ത ജനങ്ങള്‍ വഞ്ചിതരായിപ്പോകുന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ വ്യത്യസ്തങ്ങളാണ് എന്നതുകൊണ്ടാണ് ഏതെങ്കിലും വ്യക്തിയെയോ വസ്തുവിനെയോ നിര്‍ണയിക്കാതെ ഇത്രയും അര്‍ഥവൈപുല്യമുള്ള പദം പ്രയോഗിച്ചത്. ഒരാള്‍ ഏതൊരു പ്രത്യേക സംഗതിയിലൂടെ വഞ്ചിതനായിപ്പോകുന്നുവോ, അല്ലെങ്കില്‍ ഏതൊരു പ്രത്യേക സംഗതിയുടെ സ്വാധീനത്താല്‍ ഒരാളുടെ ജീവിതം നേര്‍വഴിയില്‍നിന്ന് തെറ്റി അബദ്ധ ദിശയിലേക്ക് തിരിയുന്നുവോ, അയാളെ സംബന്ധിച്ചിടത്തോളം ആ സംഗതിയാണ് ‘വഞ്ചകന്‍.’ ‘അല്ലാഹുവിന്റെ കാര്യത്തില്‍ വഞ്ചിക്കുക’ എന്നതും വളരെ അര്‍ഥവൈപുല്യമുള്ള ഒരു വാക്യമാണ്. വഞ്ചനയുടെ ഇനങ്ങള്‍ അനേകമുണ്ട്. ചിലരെ അവരുടെ വഞ്ചകന്‍ ദൈവമേയില്ല എന്ന് തോന്നിപ്പിക്കുന്നു. മറ്റുചിലരെ ദൈവം ഈ ലോകം സൃഷ്ടിച്ചശേഷം അവന്റെ പാട്ടിന് പോയിരിക്കുന്നുവെന്നും സൃഷ്ടികളുടെ കാര്യത്തില്‍ ഇനിയവന് ഉത്തരവാദിത്വമൊന്നുമില്ലെന്നും ധരിപ്പിക്കുന്നു. ദൈവത്തിന്റെ പ്രീതിയാര്‍ജിച്ച ചിലരുണ്ട്. അവരുടെ സാമീപ്യം നേടിയാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തും പ്രവര്‍ത്തിക്കാം എന്ന് ചിലരെ ധരിപ്പിക്കുന്നു; ദൈവം കാരുണികനും പൊറുക്കുന്നവനുമാണല്ലോ, നിങ്ങള്‍ പാപങ്ങള്‍ ചെയ്തുകൊള്ളുക; അവന്‍ പൊറുത്തുകൊള്ളും എന്ന് മറ്റുചിലരെ വ്യാമോഹിപ്പിക്കുന്നു: നിര്‍ബന്ധിതരാകുമ്പോള്‍ നിങ്ങള്‍ക്ക് തിന്മ ചെയ്യാം. അത് ദൈവം നിങ്ങളെക്കൊണ്ട് ചെയ്യിക്കുകയാണ്. നിങ്ങള്‍ നന്മയില്‍ നിന്ന് അകന്നുപോകുന്നുവെങ്കില്‍ ദൈവം നിങ്ങള്‍ക്ക് അതിന് ഉതവിയേകിയിട്ടില്ലെന്ന് കരുതിയാല്‍മതി; എന്ന് വേറെ ചിലരെ ഉപദേശിക്കുന്നു. ഈവിധം ദൈവത്തെ സംബന്ധിച്ച് മനുഷ്യര്‍ അകപ്പെടുന്ന നിരവധി തെറ്റിദ്ധാരണകളുണ്ട്. വിശദമായി പരിശോധിച്ചുനോക്കിയാല്‍ എല്ലാ മാര്‍ഗഭ്രംശങ്ങളുടെയും പാപങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും അടിസ്ഥാന കാരണം മനുഷ്യന്‍ ദൈവത്തിന്റെ കാര്യത്തില്‍ വഞ്ചിതനായിരിക്കുന്നു എന്നതാണെന്ന് കാണാം. ആദര്‍ശപരമായ അബദ്ധങ്ങളും ധാര്‍മികമായ ദുര്‍മാര്‍ഗങ്ങളും ഉടലെടുക്കുന്നത് അതില്‍നിന്നുതന്നെയാണ്.

34- പുനരുത്ഥാനത്തെയും പരലോകത്തെയും സംബന്ധിച്ച പരാമര്‍ശമുണ്ടാകുമ്പോള്‍ മക്കയിലെ കാഫിറുകള്‍ നബി(സ)യോട് ആവര്‍ത്തിച്ച് ചോദിക്കാറുണ്ടായിരുന്നു: ‘എപ്പോഴാണതൊക്കെ സംഭവിക്കുക?’ ഈ ചോദ്യത്തിനുള്ള മറുപടിയാണ് വാസ്തവത്തിലിത്. ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും ഈ ചോദ്യം ഉദ്ധരിച്ച് മറുപടി പറഞ്ഞിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ചോദ്യം ഉദ്ധരിക്കാതെയും മറുപടി പറഞ്ഞിട്ടുണ്ട്. ചോദ്യം അഭിസംബോധിതരുടെ മനസ്സില്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് ചോദ്യം ഉദ്ധരിക്കാതെ മറുപടിമാത്രം പറഞ്ഞത്. അത്തരം സൂക്തങ്ങളിലൊന്നാണിത്. അതിന്റെ സമയം സംബന്ധിച്ച ജ്ഞാനം അല്ലാഹുവിങ്കലാണ് എന്നാണ് ഒന്നാമത്തെ വാക്യം. അനന്തരമുള്ള നാല് വാക്യങ്ങള്‍ അതിന് തെളിവായി പറയുകയാണ്. തെളിവിനെ ഇങ്ങനെ സംഗ്രഹിക്കാം: മനുഷ്യന്റെ കടുത്ത ആഗ്രഹങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുപോലും അവന് അറിവില്ല. എന്നിരിക്കെ അഖിലലോകത്തിന്റെയും പര്യവസാനം എപ്പോള്‍ സംഭവിക്കുമെന്ന് അവന്‍ എങ്ങനെ അറിയാനാണ്? നിങ്ങളുടെ സൗഭാഗ്യവും ദൗര്‍ഭാഗ്യവും ഏറിയകൂറും മഴയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍, അതിന്റെ നിയന്ത്രണം തീര്‍ത്തും അല്ലാഹുവിന്റെ കൈയിലാണ്. എവിടെ എപ്പോള്‍ എത്ര മഴ പെയ്യുമെന്നോ ഏത് ഭൂമി മഴയില്‍നിന്ന് തടയപ്പെടുമെന്നോ നിങ്ങള്‍ക്കറിയില്ല. മഴമൂലം ആപത്തുകളുണ്ടാകുന്നതെവിടെയാണെന്നും നിങ്ങള്‍ക്കറിഞ്ഞുകൂടാ. നിങ്ങളുടെ ഭാര്യമാരുടെ ഉദരത്തില്‍ നിങ്ങളുടെ ബീജത്താല്‍ ഭ്രൂണമുണ്ടാകുന്നു. നിങ്ങളുടെ വംശത്തിന്റെ ഭാവി അതുമായി ബന്ധപ്പെട്ടുകിടക്കുന്നു. പക്ഷേ, ആ ഉദരത്തില്‍ വളര്‍ന്നുവരുന്നതെന്താണെന്ന് നിങ്ങളറിയുന്നില്ല. ഏത് രൂപത്തില്‍ എന്തെല്ലാം ഗുണങ്ങളോടെയാണ് അത് പുറത്തുവരികയെന്നും നിങ്ങളറിയുന്നില്ല. നാളെ നിങ്ങള്‍ക്കുതന്നെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നുപോലും നിങ്ങള്‍ക്കറിഞ്ഞുകൂടാ. ഒരാകസ്മിക സംഭവം നിങ്ങളുടെ ഭാഗധേയം കീഴ്‌മേല്‍ മറിച്ചുകൂടെന്നില്ല. അതിന് ഒരുനിമിഷം മുമ്പുവരെ നിങ്ങളതേക്കുറിച്ച് അജ്ഞരാണ്. നിങ്ങളുടെ ഈ ജീവിതം എവിടെ എങ്ങനെ അവസാനിക്കുമെന്നതിനെക്കുറിച്ചും നിങ്ങള്‍ തികഞ്ഞ അജ്ഞരാണ്. ഈ വിവരങ്ങളെല്ലാം അല്ലാഹു സൂക്ഷിച്ചിരിക്കുന്നു. അവയില്‍ ഒരു വിവരവും നിങ്ങള്‍ക്ക് തന്നിട്ടില്ല. അതില്‍ ഓരോ കാര്യവും അറിയുകയാണെങ്കില്‍ നിങ്ങള്‍ക്ക് തക്കസമയത്ത് ഒരുങ്ങിയിരിക്കാമായിരുന്നു. പക്ഷേ, ഇക്കാര്യങ്ങളിലെല്ലാം അല്ലാഹുവിന്റെ വിധിയിലും നിശ്ചയത്തിലും ഭരമേല്‍പിക്കുകയല്ലാതെ മനുഷ്യന് ഗത്യന്തരമില്ല. അപ്രകാരംതന്നെ ലോകാവസാനത്തെക്കുറിച്ചും അല്ലാഹുവിന്റെ തീരുമാനത്തില്‍ വിശ്വസിക്കുകയേ വഴിയുള്ളൂ. അത്തരം ജ്ഞാനം ആര്‍ക്കും നല്‍കപ്പെട്ടിട്ടില്ല; നല്‍കപ്പെടാവതുമല്ല. (ഇവ്വിഷയകമായി കൂടുതല്‍ വിശദീകരണത്തിന് സൂറ അന്നംല് 65-ആം സൂക്തത്തിന്റെ വിശദീകരണം ശ്രദ്ധിക്കുക.)

അല്ലയോ മനുഷ്യരേ = يَا أَيُّهَا النَّاسُ
നിങ്ങള്‍ സുക്ഷിക്കുക = اتَّقُوا
നിങ്ങളുടെ നാഥനെ = رَبَّكُمْ
നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക = وَاخْشَوْا
ഒരു നാളിനെ = يَوْمًا
പ്രയോജനപ്പെടുകയില്ല = لَّا يَجْزِي
പിതാവ് = وَالِدٌ
തന്റെ മകന് = عَن وَلَدِهِ
മകനും അല്ല = وَلَا مَوْلُودٌ
അവന്‍ = هُوَ
പ്രയോജനപ്പെടുന്നവന്‍ = جَازٍ
തന്റെ പിതാവിന് = عَن وَالِدِهِ
ഒട്ടും = شَيْئًاۚ
നിശ്ചയം = إِنَّ
വാഗ്ദാനം = وَعْدَ
അല്ലാഹുവിന്റെ = اللَّهِ
സത്യമാണ് = حَقٌّۖ
അതിനാല്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ = فَلَا تَغُرَّنَّكُمُ
ഐഹിക ജീവിതം = الْحَيَاةُ الدُّنْيَا
നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ = وَلَا يَغُرَّنَّكُم
അല്ലാഹുവിന്റെ കാര്യത്തില്‍ = بِاللَّهِ
കൊടും വഞ്ചകന്‍ = الْغَرُورُ
നിശ്ചയം അല്ലാഹു = إِنَّ اللَّهَ
അവങ്കലാണ് = عِندَهُ
അറിവ് = عِلْمُ
അന്ത്യസമയത്തെക്കുറിച്ചുള്ള = السَّاعَةِ
അവന്‍ ഇറക്കുന്നു (വര്‍ഷിപ്പിക്കുന്നു) = وَيُنَزِّلُ
മഴ = الْغَيْثَ
അവന്‍ അറിയുന്നു = وَيَعْلَمُ
ഗര്‍ഭാശയങ്ങളുലുള്ളത് എന്തെന്ന് = مَا فِي الْأَرْحَامِۖ
അറിയില്ല = وَمَا تَدْرِي
ഒരാളും, ആര്‍ക്കും = نَفْسٌ
എന്തു നേടുമെന്ന് = مَّاذَا تَكْسِبُ
നാളെ = غَدًاۖ
അറിയില്ല = وَمَا تَدْرِي
ഒരാളും, ആര്‍ക്കും = نَفْسٌ
ഏത് നാട്ടില്‍ = بِأَيِّ أَرْضٍ
മരിക്കും (എന്ന്) = تَمُوتُۚ
നിശ്ചയം അല്ലാഹു = إِنَّ اللَّهَ
എല്ലാം അറിയുന്നവനാണ് = عَلِيمٌ
സൂക്ഷ്മ ജ്ഞാനിയാണ് = خَبِيرٌ

Add comment

Your email address will not be published. Required fields are marked *