മുഅ്മിനൂൻ – സൂക്തങ്ങള്‍: 88-89

قُلْ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍۢ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ﴿٨٨﴾ سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ﴿٨٩﴾

(88) വീണ്ടും ചോദിച്ചുനോക്കുക: ‘സകല വസ്തുക്കളിലും പരമാധികാരമുള്ളവനും, എല്ലാവര്‍ക്കും അഭയം നല്‍കുന്നവനും, തനിക്കെതിരില്‍ അഭയം നല്‍കാന്‍ കെല്‍പുള്ളവരാരുമില്ലാത്തവനും ആരെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍ പറയുവിന്‍.’

(89) തീര്‍ച്ചയായും അവര്‍ പറയും: ‘ഈ ഗുണങ്ങള്‍ അല്ലാഹുവിന് മാത്രമുള്ളതാകുന്നു.’ ചോദിച്ചുനോക്കുക ‘എങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടുന്നതെങ്ങനെ?’

88- ആയത്തില്‍ വന്നിട്ടുള്ള ‘മലക്കൂത്ത്’ എന്ന പദം ആധിപത്യം, ഉടമസ്ഥത എന്നീ രണ്ടാശയങ്ങളും ഉള്‍ക്കൊള്ളുന്നതാകുന്നു. അതോടൊപ്പം അര്‍ഥാധിക്യത്തെ സൂചിപ്പിക്കുന്ന പ്രയോഗവുമാണത്. ഈ അപഗ്രഥനം മുന്നില്‍വെച്ചു ചിന്തിക്കുമ്പോള്‍ ചോദ്യത്തിന്റെ പൂര്‍ണമായ ആശയമിതാണ്: എല്ലാ വസ്തുക്കളുടെയും പൂര്‍ണമായ അധികാരവും എല്ലാ വസ്തുക്കളുടെയും പൂര്‍ണമായ ഉടമസ്ഥതയും ആര്‍ക്കാണ്?

89- ആയത്തില്‍ ‘അന്നാ തുസ്ഹറൂന്‍’ എന്നാണുള്ളത്. ‘നിങ്ങള്‍ ആഭിചാരം ചെയ്യപ്പെടുന്നതെങ്ങനെ’ എന്നര്‍ഥം. സിഹ്‌റിന്റെയും കണ്‍കെട്ടിന്റെയും യാഥാര്‍ഥ്യമിതാണ്: ഒരു വസ്തുവിനെ അതിന്റെ യഥാര്‍ഥ സത്തയില്‍നിന്നും രൂപത്തില്‍നിന്നും മാറ്റി പ്രേക്ഷകമനസ്സുകളില്‍ ആ വസ്തുവിന്റെ ശരിയായ അവസ്ഥ ആ മാറ്റപ്പെട്ടതുതന്നെയാണെന്ന തോന്നലുണ്ടാക്കുക. സൂക്തത്തിലുന്നയിക്കുന്ന ചോദ്യമിതാണ്: ഈ സംഗതികളെല്ലാം അറിഞ്ഞിട്ടും യാഥാര്‍ഥ്യം ഗ്രഹിക്കാന്‍ സാധിക്കാത്തവിധം നിങ്ങള്‍ വശീകരണവിധേയരായതെങ്ങനെ? ആരുടെ മാരണമാണ് നിങ്ങളെ ബാധിച്ചിരിക്കുന്നത്? ആര്‍ ഉടമസ്ഥനല്ലയോ അവനെ നിങ്ങള്‍ ഉടമസ്ഥനോ ഉടമസ്ഥന്റെ പങ്കാളിയോ ആയി കാണുന്നു. ആര്‍ക്ക് ഒരധികാരവും ലഭിച്ചിട്ടില്ലയോ അവനെ നിങ്ങള്‍ യഥാര്‍ഥ അധികാരിയെപ്പോലെ, അല്ല അതിലുപരി ആരാധനയ്ക്കര്‍ഹനായി ഗണിക്കുന്നു. നിങ്ങളുടെ കണ്ണുകള്‍ മൂടിക്കെട്ടിയതാരാണ്? ഏതൊരു ദൈവത്തിനെതിരില്‍ നിങ്ങള്‍ക്ക് അഭയം നല്‍കാന്‍ ആരും ശക്തരല്ലെന്ന് നിങ്ങള്‍ത്തന്നെ വിശ്വസിക്കുന്നുവോ, അതേ ദൈവത്തോട് നിങ്ങള്‍ വഞ്ചനയും ധിക്കാരവും കാണിക്കുന്നു. എന്നിട്ട് നിങ്ങള്‍ക്ക് മറികടക്കാന്‍ സാധിക്കാത്ത ആ ദൈവത്തിന്റെ സംരക്ഷണത്തില്‍ത്തന്നെ നിങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുന്നു. എല്ലാ വസ്തുക്കളുടെയും ഉടമസ്ഥനാരോ അവന്‍ തന്റെ വസ്തുക്കള്‍ എങ്ങനെ ഉപയോഗപ്പെടുത്തി എന്ന് നിങ്ങളോട് ഒരിക്കലും ചോദിക്കുകയില്ല എന്ന വ്യാമോഹത്തില്‍ നിങ്ങളെ ചാടിച്ചതാര്? അഖില പ്രപഞ്ചത്തിന്റെയും ഉടമസ്ഥനായവന്റെ ആധിപത്യംതന്നെയാണോ നിങ്ങള്‍ അനുസരിക്കുന്നത്? എന്റെ ആധിപത്യത്തില്‍ നിങ്ങളുടെ ആധിപത്യം നടത്താന്‍, അല്ലെങ്കില്‍ മറ്റുള്ളവരുടെ ആധിപത്യം അംഗീകരിക്കാന്‍ എന്താണ് നിങ്ങള്‍ക്ക് ന്യായമുണ്ടായിരുന്നത്? ഈ വിധമുള്ള ചോദ്യങ്ങളെയൊന്നും ഒരിക്കലും അഭിമുഖീകരിക്കേണ്ടിവരികയില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്? ഈ സൂക്തങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ഖുറൈശികള്‍ നബി(സ)യില്‍ ആഭിചാരം ആരോപിക്കുകയായിരുന്നു. ആ അവസ്ഥയില്‍ ഈ രീതിയിലുള്ള ചോദ്യം ഇപ്രകാരം ഒരു ധ്വനികൂടി ഉള്‍ക്കൊള്ളുന്നുണ്ട്: വിഡ്ഢികള്‍! ഏതൊരു വ്യക്തി നിങ്ങളോട് സാക്ഷാല്‍ സത്യം പറയുന്നുവോ അയാളെ നിങ്ങള്‍ ആഭിചാരകനായി ദര്‍ശിക്കുന്നു. യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമായി രാപകല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നവര്‍ ശരിക്കും ആഭിചാരകന്മാരല്ലേ എന്ന് ഒരിക്കലും സംശയിക്കുക പോലും ചെയ്യുന്നില്ല. സദ്ബുദ്ധിക്കും യുക്തിക്കും അനുഭവങ്ങള്‍ക്കും സാക്ഷ്യങ്ങള്‍ക്കും എതിരായ, നിങ്ങള്‍തന്നെ അംഗീകരിച്ച സത്യങ്ങള്‍ക്കെതിരായ, വ്യാജവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് അവര്‍ നിങ്ങളെ വിശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നത്.

നീ ചോദിക്കുക = قُلْ
ആരുടെ കയ്യിലാണ് = مَن بِيَدِهِ
ആധിപത്യം = مَلَكُوتُ
സകലവസ്തുക്കളുടെയും = كُلِّ شَيْءٍ
അവന്‍ അഭയം നല്‍കുന്നു = وَهُوَ يُجِيرُ
അവന്നെതിരില്‍ അഭയം നല്‍കപ്പെടുന്നില്ല = وَلَا يُجَارُ عَلَيْهِ
നിങ്ങളറിയുന്നുവെങ്കില്‍ = إِن كُنتُمْ تَعْلَمُونَ
അവര്‍ പറയും = سَيَقُولُونَ
അല്ലാഹുവിനാണ് = لِلَّهِۚ
നീ ചോദിക്കൂ = قُلْ
പിന്നെ നിങ്ങളെങ്ങനെ മായാവലയത്തില്‍പെടുന്നു = فَأَنَّىٰ تُسْحَرُونَ

Add comment

Your email address will not be published. Required fields are marked *