മുഅ്മിനൂൻ – സൂക്തങ്ങള്‍: 93-98

قُل رَّبِّ إِمَّا تُرِيَنِّي مَا يُوعَدُونَ ﴿٩٣﴾ رَبِّ فَلَا تَجْعَلْنِي فِي الْقَوْمِ الظَّالِمِينَ ﴿٩٤﴾ وَإِنَّا عَلَىٰ أَن نُّرِيَكَ مَا نَعِدُهُمْ لَقَادِرُونَ ﴿٩٥﴾ ادْفَعْ بِالَّتِي هِيَ أَحْسَنُ السَّيِّئَةَۚ نَحْنُ أَعْلَمُ بِمَا يَصِفُونَ ﴿٩٦﴾ وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ ﴿٩٧﴾ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ ﴿٩٨﴾

(93) പ്രവാചകരേ, പ്രാര്‍ഥിക്കുക: ‘നാഥാ! ഇവരെ താക്കീതു ചെയ്യുന്ന ദൈവികശിക്ഷ എന്റെ ജീവിത കാലത്തുതന്നെ നീ പ്രത്യക്ഷപ്പെടുത്തുന്നുവെങ്കില്‍,

(94) എന്റെ നാഥാ, ഈ ധിക്കാരികളില്‍ എന്നെ ഉള്‍പ്പെടുത്താതിരിക്കേണമേ!’

(95) അവരെ താക്കീതു ചെയ്തുകൊണ്ടിരിക്കുന്ന സംഗതി നിന്റെ കണ്‍മുമ്പില്‍ കാണിച്ചുതരാന്‍ തികച്ചും കഴിവുള്ളവനാകുന്നു നാം.

(96) പ്രവാചരേ, തിന്മയെ ഏറ്റവും നന്മയായതുകൊണ്ട് തടയേണം. അവര്‍ നിന്നെപ്പറ്റി ജല്‍പിച്ചുകൊണ്ടിരിക്കുന്നതെന്താണെന്ന് നാം നന്നായറിയുന്നുണ്ട്.

(97) പ്രാര്‍ഥിക്കുക: ‘നാഥാ! ചെകുത്താന്റെ പ്രലോഭനങ്ങളില്‍നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു.

(98) എന്റെ നാഥാ! അവന്‍ എന്നെ സമീപിക്കുന്നതില്‍നിന്നുകൂടി ഞാന്‍ ശരണം തേടുന്നു.’

94- നബി(സ)യെ യഥാര്‍ഥത്തില്‍ ഈ ശിക്ഷ പിടികൂടുമെന്ന ഭീഷണിയുണ്ടായിരുന്നുവെന്നോ അവിടുന്ന് ഇപ്രകാരം പ്രാര്‍ഥിച്ചില്ലായിരുന്നുവെങ്കില്‍ അതദ്ദേഹത്തെ പിടികൂടുമായിരുന്നുവെന്നോ അല്ല ഇപ്പറഞ്ഞതിന്റെ വിവക്ഷ. പിന്നെയോ, അല്ലാഹുവിന്റെ ശിക്ഷ എന്നത് ഭയപ്പാടര്‍ഹിക്കുന്ന കാര്യമാണ് എന്നു ധ്വനിപ്പിക്കുകയാണ് ഈ ശൈലിയിലുള്ള ആശയാവിഷ്‌കരണം ചെയ്യുന്നത്. ദൈവികശിക്ഷ എന്നത് തേടപ്പെടേണ്ട ഒരു സംഗതിയല്ല. അല്ലാഹു തന്റെ അപാരമായ കാരുണ്യവും യുക്തിയും മൂലം അത് വന്നുഭവിക്കുന്നത് വൈകിക്കുകയാണെന്ന് കരുതുക. അങ്ങനെ തിന്മകളുടെയും ധിക്കാരത്തിന്റെയും പരമ്പര ശാന്തമായി നീണ്ടുപോകാനനുവദിക്കുകയും ചെയ്യുന്നു. എങ്കിലും യഥാര്‍ഥത്തില്‍ അത് ഭയാനകമായ കാര്യംതന്നെയാണ്. പാപികള്‍ മാത്രമല്ല പുണ്യവാന്മാരും, തങ്ങളുടെ സര്‍വ പുണ്യകര്‍മങ്ങളോടുമൊപ്പംതന്നെ അതില്‍നിന്ന് രക്ഷയര്‍ഥിക്കേണ്ടതുണ്ട്. കൂടാതെ, സാമൂഹിക തിന്മകളുടെ ഫലമായി ദൈവികശിക്ഷയുടെ ആട്ടുകല്ല് തിരിയുമ്പോള്‍ ദുഷിച്ച മനുഷ്യന്‍ മാത്രമല്ല അതില്‍ പെട്ടുപോവുക. മറിച്ച്, അവരോടൊപ്പം സത്തുക്കളെയും പലപ്പോഴും അതു ചതച്ചരച്ചേക്കും എന്ന ഒരു ധ്വനികൂടി അതുള്‍ക്കൊള്ളുന്നുണ്ട്. അതിനാല്‍, അന്ധത ബാധിച്ച, വഴിതെറ്റിയ ഒരു സമൂഹത്തില്‍ ജീവിക്കുന്ന എല്ലാ സജ്ജനങ്ങളും സദാ അല്ലാഹുവിനോട് അഭയമര്‍ഥിച്ചുകൊണ്ടിരിക്കേണ്ടതാണ്. എപ്പോള്‍, ഏതു രൂപത്തിലാണ് അക്രമികളുടെ നേരെ ദൈവകോപത്തിന്റെ ശരവര്‍ഷമാരംഭിക്കുന്നതെന്നും ആര്‍ക്കെല്ലാമാണത് ഏല്‍ക്കുക എന്നും ഒരു പിടിപാടുമില്ല.

98- വിശദീകരണത്തിന് അല്‍അന്‍ആം 107, അല്‍അഅ്‌റാഫ് 175,202-204, യൂനുസ് 32, അല്‍ഹിജ്ര്‍ 82, അന്നഹ്ല്‍ 125, ബനീഇസ്‌റാഈല്‍ 53-55, ഹാമീം അസ്സജദ 23-28 എന്നീ സൂക്തങ്ങളുടെ വിശദീകരണങ്ങള്‍ ശ്രദ്ധിക്കുക.

നീ പറയുക = قُل
എന്റെ നാഥാ = رَّبِّ
നീ എന്നെ കാണിക്കുകയാണെങ്കില്‍ = إِمَّا تُرِيَنِّي
അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നത് = مَا يُوعَدُونَ
എന്റെ നാഥാ = رَبِّ
എന്നെ നീ ഉള്‍പെടുത്തരുത് = فَلَا تَجْعَلْنِي
ജനതയില്‍ = فِي الْقَوْمِ
അക്രമികളായ = الظَّالِمِينَ
തീര്‍ച്ചയായും നാം = وَإِنَّا
നാം നിന്നെ കാണിക്കാന്‍ = عَلَىٰ أَن نُّرِيَكَ
നാം അവര്‍ക്ക് താക്കീത് നല്‍കുന്നത് = مَا نَعِدُهُمْ
കഴിവുറ്റവന്‍ തന്നെ = لَقَادِرُونَ
നീ തടയുക = ادْفَعْ
യാതൊന്ന് കൊണ്ട് = بِالَّتِي
അത് = هِيَ
ഏറ്റവും ഉത്തമമാണ് = أَحْسَنُ
തിന്മയെ = السَّيِّئَةَۚ
നാം = نَحْنُ
നന്നായി അറിയുന്നവനാണ് = أَعْلَمُ
അവര്‍ ജല്‍പിക്കുന്നതിനെപറ്റി = بِمَا يَصِفُونَ
നീ പറയുക = وَقُل
എന്റെ നാഥാ = رَّبِّ
ഞാന്‍ നിന്നോട് അഭയം തേടുന്നു = أَعُوذُ بِكَ
ദുര്‍ബോധനങ്ങളില്‍ നിന്ന് = مِنْ هَمَزَاتِ
പിശാചുക്കളുടെ = الشَّيَاطِينِ
ഞാന്‍ നിന്നോട് അഭയം തേടുന്നു = وَأَعُوذُ بِكَ
എന്റെ നാഥാ = رَبِّ
അവര്‍ എന്റെയടുത്ത് വരുന്നതില്‍നിന്ന് = أَن يَحْضُرُونِ

Add comment

Your email address will not be published. Required fields are marked *