മുഅ്മിനൂൻ – സൂക്തങ്ങള്‍: 112 -114

قَٰلَ كَمْ لَبِثْتُمْ فِى ٱلْأَرْضِ عَدَدَ سِنِينَ﴿١١٢﴾ قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍۢ فَسْـَٔلِ ٱلْعَآدِّينَ﴿١١٣﴾ قَٰلَ إِن لَّبِثْتُمْ إِلَّا قَلِيلًۭا ۖ لَّوْ أَنَّكُمْ كُنتُمْ تَعْلَمُونَ﴿١١٤﴾

(112) അനന്തരം അല്ലാഹു അവരോടു ചോദിക്കും: ‘പറയുവിന്‍, ഭൂമിയില്‍ നിങ്ങള്‍ എത്രകാലം വസിച്ചു?’

(113) അവര്‍ പറയും: ‘ഒരു നാള്‍, അല്ലെങ്കില്‍ ഒരു നാളിന്റെ കുറച്ചുഭാഗം ഞങ്ങളവിടെ താമസിച്ചിട്ടുണ്ട്. കണക്കറിയുന്നവരോട് ചോദിച്ചുനോക്കിയാലും!’

(114) അപ്പോള്‍ പറയും: തുച്ഛ നേരമേ താമസിച്ചിട്ടുള്ളൂ, അല്ലേ. കഷ്ടം! ഇതു നിങ്ങള്‍ അന്നേ അറിഞ്ഞിരുന്നുവെങ്കില്‍!

113- കൂടുതല്‍ വിശദീകരണത്തിന് ത്വാഹാ 105-ആം സൂക്തത്തിന്റെ വിശദീകരണം ശ്രദ്ധിക്കുക.

114- ഐഹികജീവിതം പരീക്ഷണത്തിനു വേണ്ടിയുള്ള ഏതാനും മണിക്കൂറുകള്‍ മാത്രമാണെന്നും അതിനാല്‍, സാക്ഷാല്‍ ജീവിതമായോ ഒരേയൊരു ജീവിതമായോ പരിഗണിക്കരുതെന്നും ദുന്‍യാവില്‍വച്ച് നമ്മുടെ പ്രവാചകന്മാര്‍ നിങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. നിങ്ങള്‍ ശാശ്വതമായി വസിക്കുന്ന പരലോകജീവിതമാണ് സാക്ഷാല്‍ ജീവിതം. പരലോക ജീവിതത്തിലെ നിങ്ങളുടെ ഭാവി നശിപ്പിക്കുന്ന തരത്തില്‍ ദുന്‍യാവിലെ താല്‍ക്കാലിക താല്‍പര്യങ്ങളെയും ക്ഷണികസുഖങ്ങളെയും ആശ്ലേഷിക്കരുതെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി. പക്ഷേ, അപ്പോള്‍ നിങ്ങളവരെ ശ്രദ്ധിച്ചില്ല. ഈ പരലോകത്തെ നിങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്. മരണാനന്തരജീവിതത്തെ കേവലം ഒരു കെട്ടുകഥയായി പരിഗണിച്ചു. ജീവിതവും മരണവും ദുന്‍യാവില്‍ മാത്രമേയുള്ളൂ എന്ന മൂഢവിചാരത്തില്‍ നിങ്ങള്‍ ഉറച്ചുനിന്നു. ആസ്വദിക്കാനുള്ളതെല്ലാം അവിടെ വച്ചുതന്നെ ആസ്വദിക്കണമെന്നുറച്ചു. ഇപ്പോള്‍ ഖേദിച്ചിട്ടെന്തു കാര്യം? ഐഹികജീവിതത്തിന്റെ ഏതാനും നാളുകളിലെ സുഖാസ്വാദനത്തിനുവേണ്ടി ഇവിടത്തെ ശാശ്വതജീവിതത്തിലെ നന്മകളെ ബലികഴിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു നിങ്ങള്‍ക്ക് ബോധം വരേണ്ടിയിരുന്നത്.

അവന്‍ പറയും = قَالَ
എത്ര = كَمْ
നിങ്ങള്‍ താമസിച്ചു = لَبِثْتُمْ
ഭൂമിയില്‍ = فِي الْأَرْضِ
എണ്ണം = عَدَدَ
വര്‍ഷങ്ങള്‍ = سِنِينَ
അവര്‍ പറയും = قَالُوا
ഞങ്ങള്‍ താമസിച്ചു = لَبِثْنَا
ഒരു ദിവസം = يَوْمًا
അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ ഭാഗം = أَوْ بَعْضَ يَوْمٍ
അതിനാല്‍ ചോദിച്ചുനോക്കൂ = فَاسْأَلِ
എണ്ണുന്നവരോട് = الْعَادِّينَ
(അല്ലാഹു) പറയും = قَالَ
നിങ്ങള്‍ താമസിച്ചിട്ടില്ല = إِن لَّبِثْتُمْ
കുറച്ചല്ലാതെ = إِلَّا قَلِيلًاۖ
നിങ്ങളെങ്കില്‍ = لَّوْ أَنَّكُمْ
നിങ്ങളറിയുന്നു = كُنتُمْ تَعْلَمُونَ

Add comment

Your email address will not be published. Required fields are marked *