സബഅ് – ആമുഖം & സൂക്തങ്ങള്‍: 1-2


നാമം

15-ആം സൂക്തത്തിലെ لَقَدْ كَانَ لِسَبَإٍ فِى مَسْكَنِهِمْ ءَايَةٌ എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ് ഈ പേര്‍. സബഇനെ പരാമര്‍ശിക്കുന്ന സൂറ എന്നര്‍ഥം.


അവതരണകാലം

ഇതിന്റെ കൃത്യമായ അവതരണകാലം ആധികാരിക നിവേദനങ്ങളില്‍നിന്നൊന്നും ലഭിക്കുന്നില്ല. എങ്കിലും പ്രവാചകന്റെ മക്കാവാസത്തിന്റെ മധ്യഘട്ടത്തിലോ ആദ്യഘട്ടത്തിലോ അവതരിച്ചതാണിതെന്ന് പ്രതിപാദനശൈലിയില്‍നിന്ന് വ്യക്തമാകുന്നുണ്ട്. മധ്യഘട്ടത്തിലാണെങ്കില്‍, ശത്രുക്കള്‍ അക്രമ മര്‍ദനങ്ങളാരംഭിക്കുന്നതിനുമുമ്പ് പരിഹാസം, പുച്ഛം, ദുരാരോപണങ്ങള്‍, കൂക്കുവിളികള്‍, സന്ദേഹപ്രചാരണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഇസ്‌ലാമിക പ്രസ്ഥാനത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന കാലത്തായിരിക്കണം മിക്കവാറും ഇതിന്റെ അവതരണം.

പ്രമേയവും ഉള്ളടക്കവും

സത്യനിഷേധികള്‍ തൗഹീദ്, ആഖിറത്ത് തുടങ്ങിയ പ്രവാചക സന്ദേശങ്ങള്‍ക്കെതിരില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കും പ്രവാചകന്റെ നേരെ നടത്തിയ പരിഹാസങ്ങള്‍ക്കും വ്യാജ ആരോപണങ്ങള്‍ക്കും മറുപടി പറയുകയാണ് ഈ അധ്യായം. ചിലേടങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുതന്നെ അവക്ക് മറുപടി പറഞ്ഞിരിക്കുന്നു. ചിലേടത്താകട്ടെ, പ്രഭാഷണ സ്വഭാവത്തില്‍നിന്നുതന്നെ അത് ഏത് ആരോപണത്തിനുള്ള മറുപടിയാണെന്ന് വ്യക്തമാകും. മറുപടികളധികവും ഉദ്‌ബോധനത്തിന്റെയും ഉപദേശത്തിന്റെയും, തെളിവുകളെ ആസ്പദിച്ചുള്ള ന്യായവാദത്തിന്റെയും സ്വഭാവത്തിലുള്ളവയാണ്. എങ്കിലും ചിലേടങ്ങളില്‍ അവിശ്വാസികളെ അവരുടെ സത്യനിഷേധത്തിന്റെ ദുഷ്ഫലങ്ങളെക്കുറിച്ച് താക്കീത് ചെയ്യുന്നുമുണ്ട്. ഇവ്വിഷയകമായി അവരുടെ മുമ്പിലുള്ള ചരിത്രപരമായ രണ്ട് ഉദാഹരണങ്ങള്‍ എന്ന നിലക്ക് ദാവൂദ് (അ), സുലൈമാന്‍(അ), സബഅ് ജനത എന്നിവരുടെ കഥകള്‍ വിശദീകരിക്കുന്നു. ഒരുവശത്ത് ദാവൂദും സുലൈമാനും (അ). അല്ലാഹു അവര്‍ക്ക് മഹത്തായ കഴിവുകള്‍ നല്‍കി. നേരത്തേ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്തത്ര ആള്‍ബലവും ശൗര്യവുമേകി. എന്നാല്‍, ഈ നേട്ടങ്ങളൊക്കെയുണ്ടായിട്ടും അവര്‍ അശേഷം അഹങ്കാരികളായില്ല. പ്രത്യുത, തങ്ങളുടെ നാഥനോട് ധിക്കാരമനുവര്‍ത്തിക്കുന്നതിന് പകരം അവന്റെ നന്ദിയുള്ള അടിമകളായി വര്‍ത്തിക്കുകയാണ് ചെയ്തത്. മറുവശത്ത് സബഅ് ജനത. അല്ലാഹു അവരെ അനുഗ്രഹിച്ചപ്പോള്‍ അവര്‍ മതിമറന്നുപോയി. ഒടുവില്‍ അവര്‍ ഈ ലോകത്ത് കഥാവശേഷരായിത്തീരുമാറ് ശിഥിലീകരിക്കപ്പെട്ടു. ഈ ഉദാഹരണങ്ങള്‍ രണ്ടും മുന്നില്‍വെച്ച് സ്വയമൊരഭിപ്രായത്തിലെത്തിച്ചേരുക; തൗഹീദിലും ആഖിറത്തിലുമുള്ള ദൃഢവിശ്വാസത്തില്‍നിന്നും അനുഗ്രഹങ്ങളോടുള്ള കൃതജ്ഞതാവികാരത്തില്‍നിന്നും ഉരുത്തിരിയുന്ന ജീവിതമാണോ അതല്ല ബഹുദൈവത്വത്തില്‍നിന്നും പരലോക നിഷേധത്തില്‍നിന്നും ഭൗതിക പ്രമത്തതയില്‍നിന്നും ഉരുത്തിരിയുന്ന ജീവിതമാണോ കൂടുതല്‍ ശ്രേഷ്ഠമായിട്ടുള്ളത്?

ٱلْحَمْدُ لِلَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ وَلَهُ ٱلْحَمْدُ فِى ٱلْءَاخِرَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ﴿١﴾ يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۚ وَهُوَ ٱلرَّحِيمُ ٱلْغَفُورُ﴿٢﴾

(1) ആകാശഭൂമികളിലുള്ള വസ്തുക്കള്‍ക്കൊക്കെയും ഉടയവനായ അല്ലാഹുവിനത്രെ സര്‍വസ്തുതിയും. പരത്തിലും അവനുതന്നെയാകുന്നു സ്തുതി. അവന്‍ യുക്തിമാനും അഗാധജ്ഞനുമാകുന്നു.

(2) മണ്ണില്‍ മറയുന്നതും അതില്‍നിന്ന് പുറത്തുവരുന്നതും വിണ്ണില്‍നിന്നിറങ്ങിവരുന്നതും അതിലേക്ക് കയറിപ്പോകുന്നതും എല്ലാം അവന്‍ അറിയുന്നു. അവന്‍ പരമദയാലുവും ഏറെ പൊറുക്കുന്നവനുമല്ലോ.

1- ഹംദ് എന്ന പദം അറബി ഭാഷയില്‍ സ്തുതി എന്ന അര്‍ഥത്തിലും നന്ദി എന്ന അര്‍ഥത്തിലും ഉപയോഗിക്കാറുണ്ട്. ഈ സൂക്തത്തില്‍ രണ്ടര്‍ഥങ്ങളും ഉദ്ദേശിച്ചിരിക്കുന്നു. അല്ലാഹു സകല പ്രാപഞ്ചിക വസ്തുക്കളുടെയും ഉടമയായതിനാല്‍ ആ പ്രാപഞ്ചിക വസ്തുക്കളില്‍ കാണപ്പെടുന്ന സൗന്ദര്യത്തിന്റെയും സമ്പൂര്‍ണതയുടെയും ഏതൊരു ദൃഷ്ടാന്തവും അനിവാര്യമായും അവനെ മാത്രമാണ് സ്തുതിക്കര്‍ഹനാക്കുന്നത്. ഈ പ്രപഞ്ചത്തില്‍ വസിക്കുന്ന ഏതൊരു വസ്തുവും അതിന്റെ പേരില്‍ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കേണ്ടതുണ്ട്. പ്രാപഞ്ചിക വസ്തുക്കളുടെ ഉടമസ്ഥതയില്‍ മറ്റാര്‍ക്കും ഒരു പങ്കുമില്ലാത്തതുകൊണ്ട് മറ്റാരും അത്തരം സ്തുതിയോ നന്ദിയോ അര്‍ഹിക്കുന്നില്ല. ‘പരത്തിലും അവനുതന്നെയാകുന്നു സ്തുതി’ എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്. ഇഹലോകത്തിലെ ഐശ്വര്യങ്ങളെല്ലാം അവന്റെ ഔദാര്യമായതുപോലെ പരലോകത്തിലും വല്ലവര്‍ക്കും വല്ലതും ലഭിക്കുമെങ്കില്‍ അതും അവന്റെ ഖജനാവില്‍നിന്നുള്ളതും അവന്റെ ഔദാര്യത്താല്‍ ലഭിക്കുന്നതുമാണ്. അതുകൊണ്ട് പരലോകത്തിലും അവന്‍ മാത്രമാകുന്നു സ്തുതിക്കും നന്ദിക്കും അര്‍ഹന്‍. ‘അവന്‍ യുക്തിമാനും അഗാധജ്ഞനുമാകുന്നു’ എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്, അവന്റെ പ്രവര്‍ത്തനങ്ങളെല്ലാം തികഞ്ഞ യുക്തിയുടെയും ജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ്. അവന്‍ ചെയ്യുന്നതെന്തും നന്നായി ചെയ്യുന്നു. അവന്റെ സൃഷ്ടികളെ സംബന്ധിച്ചിടത്തോളം അവ എവിടെയാണ്, ഏതവസ്ഥയിലാണ്, അവയുടെ നന്മക്കുതകിയ കാര്യങ്ങളെന്തൊക്കെയാണ്, അവ എന്തൊക്കെ ചെയ്തു, അവയുടെ ആവശ്യങ്ങളെന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളില്‍ അവന് പൂര്‍ണമായും ജ്ഞാനമുണ്ട്. താന്‍ നിര്‍മിച്ച ലോകത്തെക്കുറിച്ച് അവന്‍ ബോധമില്ലാത്തവനല്ല. അതിലെ ഓരോ അണുവിന്റെയും അവസ്ഥയെക്കുറിച്ച് അവന് പൂര്‍ണമായ അറിവുണ്ട്.

2- അവന്റെ സാമ്രാജ്യത്തില്‍ വല്ലവരും ധിക്കാരമനുവര്‍ത്തിക്കുമ്പോള്‍ ഉടനെ പിടികൂടുന്നില്ലെങ്കില്‍ ആ സാമ്രാജ്യത്തില്‍ അരാജകത്വമാണെന്നും അല്ലാഹു അതിലെ ദുര്‍ബലനായ രാജാവാണെന്നും അല്ല അതിനര്‍ഥം; അല്ലാഹു പരമദയാലുവാണ്, അവന്‍ അങ്ങേയറ്റം വിട്ടുവീഴ്ചയനുവര്‍ത്തിക്കുന്നു എന്നത്രെ. ധിക്കാരികളെയും കുറ്റവാളികളെയും ഉടനെ പിടികൂടുകയും അവരുടെ അന്നം മുടക്കുകയും ശാരീരികമായി നശിപ്പിക്കുകയുമൊക്കെ തികച്ചും അവന്റെ കഴിവില്‍പെട്ടതാണ്. പക്ഷേ, അവന്‍ അങ്ങനെ ചെയ്യുന്നില്ല. സര്‍വശക്തനായതോടൊപ്പംതന്നെ ധിക്കാരികളായ ദാസന്മാര്‍ക്ക് സാവകാശം നല്‍കുക, സ്വയം നന്നാകാന്‍ സൗകര്യം നല്‍കുക, നന്നാവുകയാണെങ്കില്‍ അതുവരെയുള്ളത് മാപ്പാക്കുക എന്നതാണ് അവന്റെ ദയാപരതയുടെ താല്‍പര്യം.

സര്‍വസ്തുതിയും = الْحَمْدُ
അല്ലാഹുവിനാണ് = لِلَّهِ
യാതൊരുവന്‍ = الَّذِي
അവന്റേതാണ് = لَهُ
ആകാശങ്ങളിലുള്ളത് = مَا فِي السَّمَاوَاتِ
ഭൂമിയിലുള്ളതും = وَمَا فِي الْأَرْضِ
അവനു തന്നെയാണ് = وَلَهُ
സ്തുതി = الْحَمْدُ
പരലോകത്തും = فِي الْآخِرَةِۚ
അവന്‍ = وَهُوَ
യുക്തിമാനാണ് = الْحَكِيمُ
സൂക്ഷ്മമായി അറിയുന്നവനും = الْخَبِيرُ
അവനറിയുന്നു = يَعْلَمُ
പ്രവേശിക്കുന്നത് = مَا يَلِجُ
ഭൂമിയില്‍ = فِي الْأَرْضِ
പുറത്തുവരുന്നതും = وَمَا يَخْرُجُ
അതില്‍നിന്ന് = مِنْهَا
ഇറങ്ങുന്നതും = وَمَا يَنزِلُ
ആകാശത്തുനിന്നും = مِنَ السَّمَاءِ
കയറിപ്പോകുന്നതും = وَمَا يَعْرُجُ
അതിലേക്ക് = فِيهَاۚ
അവന്‍ = وَهُوَ
പരമകാരുണികനാണ് = الرَّحِيمُ
ഏറെ പൊറുക്കുന്നവനും = الْغَفُورُ

Add comment

Your email address will not be published. Required fields are marked *