സബഅ് – സൂക്തങ്ങള്‍: 37-39

وَمَآ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُم بِٱلَّتِى تُقَرِّبُكُمْ عِندَنَا زُلْفَىٰٓ إِلَّا مَنْ ءَامَنَ وَعَمِلَ صَٰلِحًۭا فَأُو۟لَٰٓئِكَ لَهُمْ جَزَآءُ ٱلضِّعْفِ بِمَا عَمِلُوا۟ وَهُمْ فِى ٱلْغُرُفَٰتِ ءَامِنُونَ﴿٣٧﴾ وَٱلَّذِينَ يَسْعَوْنَ فِىٓ ءَايَٰتِنَا مُعَٰجِزِينَ أُو۟لَٰٓئِكَ فِى ٱلْعَذَابِ مُحْضَرُونَ﴿٣٨﴾ قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ لَهُۥ ۚ وَمَآ أَنفَقْتُم مِّن شَىْءٍۢ فَهُوَ يُخْلِفُهُۥ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ﴿٣٩﴾

(37) നിങ്ങളുടെ സമ്പത്തും സന്തതികളുമല്ല നിങ്ങളെ നമ്മോടടുപ്പിക്കുന്നത്; സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവരൊഴിച്ച്. അത്തരം ആളുകള്‍ക്ക് അവരുടെ കര്‍മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലമുണ്ട്. അവര്‍ തന്നെയാണ് ഉന്നത സൗധങ്ങളില്‍ സമാധാനത്തോടെ വസിക്കുന്നവരും.

(38) നമ്മുടെ സൂക്തങ്ങളെ തോല്‍പിക്കാനുല്‍സാഹിച്ചവര്‍ ശിക്ഷയിലകപ്പെടുന്നവര്‍തന്നെയാകുന്നു.

(39) പ്രവാചകരേ ഇവരോട് പറയുക: എന്റെ റബ്ബ് അവന്റെ ദാസന്മാരില്‍ അവനിച്ഛിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ വിപുലീകരിച്ചുകൊടുക്കുന്നു. ഇച്ഛിക്കുന്നവര്‍ക്ക് ചുരുക്കുകയും ചെയ്യുന്നു. നിങ്ങള്‍ ചെലവഴിക്കുന്നതെന്തിനും അവന്‍ പകരം തരുന്നു. അവന്‍ അന്നദാതാക്കളില്‍ അത്യുത്തമനല്ലോ.

37- ‘സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവരൊഴിച്ച്’ എന്നതിന് രണ്ട് ആശയങ്ങളാകാം. രണ്ടും ശരിയാകുന്നതാണ്. ഒന്ന്, അല്ലാഹുവിന്റെ സാമീപ്യം നേടിക്കൊടുക്കുന്ന സംഗതി സമ്പത്തോ സന്താനങ്ങളോ അല്ല; മറിച്ച്, സത്യവിശ്വാസവും സല്‍ക്കര്‍മങ്ങളുമാകുന്നു. രണ്ട്, സമ്പത്തും സന്താനങ്ങളും സത്യവിശ്വാസികള്‍ക്കുമാത്രമേ അല്ലാഹുവിന്റെ പ്രീതി നേടാനുള്ള ഉപാധികളായി ഭവിക്കൂ. അത്തരം ആളുകള്‍ തങ്ങളുടെ സമ്പത്ത് ദൈവിക സരണിയില്‍ ചെലവഴിക്കുന്നവരും സന്താനങ്ങളെ നല്ല ശിക്ഷണ ശീലങ്ങള്‍ നല്‍കി സജ്ജനങ്ങളും ദൈവബോധമുള്ളവരുമാക്കി വളര്‍ത്താന്‍ ശ്രമിക്കുന്നവരുമായിരിക്കും. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അനശ്വരങ്ങളും ആ പ്രതിഫലധാര ഒരിക്കലും അവസാനിക്കാത്തതുമാകുന്നു എന്നതിലേക്ക് കൂടി ഈ സൂക്തത്തില്‍ സൂക്ഷ്മമായ ഒരു സൂചനയുണ്ട്. എന്തുകൊണ്ടെന്നാല്‍, എപ്പോഴെങ്കിലുമൊരിക്കല്‍ അവസാനിച്ചുപോകാന്‍ സാധ്യതയുള്ള ജീവിതത്തെ പരിപൂര്‍ണ സമാധാനത്തോടെ ആസ്വദിക്കാന്‍ മനുഷ്യന് കഴിയില്ല. ഏത് നിമിഷത്തിലാണാവോ ഇതെല്ലാം തട്ടിത്തെറിപ്പിക്കപ്പെടുക എന്ന ഉല്‍ക്കണ്ഠ അവനെ സദാ അലട്ടിക്കൊണ്ടിരിക്കും.

39- ദൈവേച്ഛയനുസരിച്ച് സജ്ജനത്തിനും ദുര്‍ജനത്തിനുമെല്ലാം ഭൗതിക വിഭവങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കും. ദൈവത്തെ അംഗീകരിക്കുന്നവന്നും നിഷേധിക്കുന്നവന്നും സുഭിക്ഷതയുണ്ടാകും. ഒരാളുടെ വിഭവസമൃദ്ധി, അയാള്‍ ദൈവത്തിന്റെ പ്രീതിഭാജനമാണ് എന്നതിന് തെളിവാകുന്നില്ല. ഒരാളുടെ ദാരിദ്ര്യം അയാള്‍ ദൈവകോപത്തിനിരയായതിന്റെ ലക്ഷണവുമല്ല. ദൈവേച്ഛക്ക് വിധേയമായി അവിശ്വാസിയും ധിക്കാരിയുമായ ഒരാള്‍ സമ്പല്‍സമൃദ്ധനാവാം. എന്നാല്‍, ധിക്കാരവും അവിശ്വാസവും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ദൈവേച്ഛക്ക് വിധേയമായിത്തന്നെ, സത്യവിശ്വാസിയും സച്ചരിതനുമായ ഒരാള്‍ കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നേക്കാം. എന്നാല്‍, അയാളുടെ ഗുണങ്ങള്‍ അല്ലാഹുവിന്റെ പ്രീതിയുള്ളതാകുന്നു. അതുകൊണ്ട് ഭൗതികമായ ലാഭനഷ്ടങ്ങളെ നന്മതിന്മകളുടെ മാനദണ്ഡമായി ഗണിക്കുന്നവന്‍ തികഞ്ഞ അന്ധകാരത്തിലാകുന്നു. മൗലികമായ കാര്യം അല്ലാഹുവിന്റെ പ്രീതിയാണ്. അല്ലാഹു ഇഷ്ടപ്പെടുന്ന ധാര്‍മിക ഗുണങ്ങളിലൂടെ മാത്രമേ അത് കരസ്ഥമാക്കാനൊക്കൂ. ഈ ഗുണങ്ങളോടൊപ്പം വല്ലവര്‍ക്കും ഭൗതികാനുഗ്രഹങ്ങള്‍കൂടി ലഭിക്കുകയാണെങ്കില്‍ അത് നിസ്സംശയം അല്ലാഹുവിന്റെ കാരുണ്യംതന്നെ. അതിന്റെ പേരില്‍ അയാള്‍ അവനോട് നന്ദി പ്രകടിപ്പിക്കേണ്ടതുണ്ട്. പക്ഷേ, ഒരാള്‍ സ്വഭാവ ചര്യകളില്‍ അല്ലാഹുവിനെ ധിക്കരിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നതോടൊപ്പം ഭൗതികനേട്ടങ്ങളാല്‍ അനുഗ്രഹിക്കപ്പെടുകയുമാണെങ്കില്‍ അതിനര്‍ഥം ഇതത്രെ: അയാള്‍ അതിരൂക്ഷമായ വിചാരണക്കും അതികഠിനമായ ശിക്ഷക്കും ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അന്നദാതാവ്, നിര്‍മാണകന്‍, ഉണ്മയേകുന്നവന്‍, ദാതാവ് തുടങ്ങിയ ഒട്ടേറെ ഗുണങ്ങള്‍ മൗലികമായി അല്ലാഹുവിന്റേതുമാത്രമാണ്. എങ്കിലും ആലങ്കാരികമായി അത് അടിമകളോട് ചേര്‍ത്തും ഉപയോഗിച്ചുവരുന്നു. ഉദാഹരണമായി, നാം ഒരാളെക്കുറിച്ച്, അയാള്‍ ഇന്നയാള്‍ക്ക് നിത്യച്ചെലവിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുകൊടുത്തു എന്നോ അല്ലെങ്കില്‍ ഇന്നത് ദാനം ചെയ്തുവെന്നോ ഇന്ന വസ്തു ഉണ്ടാക്കി എന്നോ ഒക്കെ പറയാറുണ്ടല്ലോ. ഈ പരിപ്രേക്ഷ്യത്തിലാണ് അല്ലാഹു, തന്നെ അന്നദാതാക്കളില്‍ അത്യുത്തമന്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. അതായത്, നിങ്ങള്‍ ആരെയെല്ലാം അന്നദാതാക്കളെന്ന് കരുതുന്നുവോ, അവരെക്കാളെല്ലാം ഉത്തമനായ അന്നദാതാവ് അല്ലാഹുവാകുന്നു.

നിങ്ങളുടെ സമ്പത്തല്ല = وَمَا أَمْوَالُكُمْ
നിങ്ങളുടെ സന്തതികളും = وَلَا أَوْلَادُكُم
നിങ്ങളെ അടുപ്പിക്കുന്നത് = بِالَّتِي تُقَرِّبُكُمْ
നമ്മുടെ സന്നിധിയില്‍ = عِندَنَا
ഒരു അടുപ്പം = زُلْفَىٰ
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ = إِلَّا مَنْ آمَنَ
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു = وَعَمِلَ
സല്‍കര്‍മം = صَالِحًا
അക്കൂട്ടര്‍ = فَأُولَٰئِكَ
അവര്‍ക്കുണ്ട് = لَهُمْ
ഇരട്ടി പ്രതിഫലം = جَزَاءُ الضِّعْفِ
അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി = بِمَا عَمِلُوا
അവര്‍ = وَهُمْ
ഉന്നത സൗധങ്ങളില്‍ = فِي الْغُرُفَاتِ
നിര്‍ഭയരാകുന്നു = آمِنُونَ
ശ്രമിക്കുന്നവര്‍ = وَالَّذِينَ يَسْعَوْنَ
നമ്മുടെ വചനങ്ങളില്‍ = فِي آيَاتِنَا
തോല്‍പിക്കാനായി = مُعَاجِزِينَ
അവര്‍ = أُولَٰئِكَ
ശിക്ഷയില്‍ = فِي الْعَذَابِ
ഹാജറാക്കപ്പെടുന്നവരാകുന്നു = مُحْضَرُونَ
നീ പറയുക = قُلْ
എന്റെ നാഥന്‍ = إِنَّ رَبِّي
വിപുലീകരിച്ചു കൊടുക്കുന്നു = يَبْسُطُ
വിഭവങ്ങള്‍ = الرِّزْقَ
അവനിഛിക്കുന്നവര്‍ക്ക് = لِمَن يَشَاءُ
തന്റെ ദാസന്‍മാരില്‍ = مِنْ عِبَادِهِ
അവന്‍ ചുരുക്കുകയും ചെയ്യുന്നു = وَيَقْدِرُ
അവന് = لَهُۚ
നിങ്ങള്‍ ചെലവഴിക്കുന്ന പക്ഷം = وَمَا أَنفَقْتُم
വല്ലതും = مِّن شَيْءٍ
അവന്‍ = فَهُوَ
അതിനു പകരം നല്‍കും = يُخْلِفُهُۖ
അവനാകുന്നു = وَهُوَ
ഉത്തമന്‍ = خَيْرُ
അന്നം നല്‍കുന്നവരില്‍ = الرَّازِقِينَ

Add comment

Your email address will not be published. Required fields are marked *