സബഅ് – സൂക്തങ്ങള്‍: 40-42

وَيَوْمَ يَحْشُرُهُمْ جَمِيعًۭا ثُمَّ يَقُولُ لِلْمَلَٰٓئِكَةِ أَهَٰٓؤُلَآءِ إِيَّاكُمْ كَانُوا۟ يَعْبُدُونَ﴿٤٠﴾ قَالُوا۟ سُبْحَٰنَكَ أَنتَ وَلِيُّنَا مِن دُونِهِم ۖ بَلْ كَانُوا۟ يَعْبُدُونَ ٱلْجِنَّ ۖ أَكْثَرُهُم بِهِم مُّؤْمِنُونَ﴿٤١﴾ فَٱلْيَوْمَ لَا يَمْلِكُ بَعْضُكُمْ لِبَعْضٍۢ نَّفْعًۭا وَلَا ضَرًّۭا وَنَقُولُ لِلَّذِينَ ظَلَمُوا۟ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّتِى كُنتُم بِهَا تُكَذِّبُونَ﴿٤٢﴾

(40) മനുഷ്യരെയാസകലം ഒരുമിച്ചുകൂട്ടുംനാളില്‍, മലക്കുകളോട് അവന്‍ ചോദിക്കും: ‘ഇക്കൂട്ടര്‍ നിങ്ങള്‍ക്കാണോ ഇബാദത്ത് ചെയ്തിരുന്നത്?’

(41) അവര്‍ മറുപടി പറയും: ‘നീ എത്ര പരിശുദ്ധന്‍! ഞങ്ങളുടെ ബന്ധം നിന്നോടാകുന്നു; ഈയാളുകളോടല്ലതന്നെ. വാസ്തവത്തില്‍ ഇവര്‍ ഞങ്ങള്‍ക്കല്ല, ജിന്നുകള്‍ക്കാണ് ഇബാദത്ത് ചെയ്തിരുന്നത്. അവരില്‍ അധികമാളുകളും അവരിലാണ് വിശ്വാസമര്‍പ്പിച്ചിരുന്നത്.’

(42)(അന്നേരം നാം പ്രഖ്യാപിക്കും:) ‘ഇന്നേദിവസം നിങ്ങളിലൊരാള്‍ക്കും മറ്റൊരാള്‍ക്ക് ഉപകാരം ചെയ്യാനാവില്ല. ഉപദ്രവിക്കാനുമാവില്ല.’ ധിക്കാരികളോട് നാം പറയും: ‘നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന ആ നരക ശിക്ഷ രുചിച്ചുകൊള്ളുവിന്‍.’

40- പൗരാണിക യുഗം മുതല്‍ ഇന്നുവരെയുള്ള എല്ലാ കാലഘട്ടങ്ങളിലും വിഗ്രഹാരാധകര്‍ മലക്കുകളെ ദേവീദേവന്‍മാരായി സങ്കല്‍പിക്കുകയും അവരുടെ വിഗ്രഹങ്ങളുണ്ടാക്കി പൂജിച്ചുവരികയും ചെയ്തിട്ടുണ്ട്. വൃഷ്ടിദേവി, വായുദേവന്‍, ഐശ്വര്യദേവത, ജ്ഞാനദേവത, സംഹാരദേവന്‍, മൃത്യുദേവന്‍ എന്നിങ്ങനെ ഓരോ മലക്കിനെക്കുറിച്ചും ഓരോ തരം സങ്കല്‍പമുണ്ട്. അതുസംബന്ധിച്ച് വിചാരണനാളില്‍ അല്ലാഹു മലക്കുകളോടു ചോദിക്കും: നിങ്ങള്‍തന്നെയാണോ ഈയാളുകളാല്‍ ആരാധിക്കപ്പെട്ടിരുന്നത്? കേവലം വസ്തുതാന്വേഷണം എന്നതിലുപരി അവരുടെ ആരാധനയില്‍ നിങ്ങള്‍ തൃപ്തരായിരുന്നുവോ എന്ന ഒരു ചോദ്യവും കൂടി അതില്‍ നിഗൂഢമായിട്ടുണ്ട്. ജനങ്ങളേ, ഞങ്ങള്‍ക്ക് ഇബാദത്ത് ചെയ്യുവിന്‍ എന്ന് നിങ്ങള്‍ അവരോട് ആവശ്യപ്പെട്ടിരുന്നുവോ? അല്ലെങ്കില്‍, അവരാല്‍ ഇബാദത്ത് ചെയ്യപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിച്ചുവോ? വിചാരണനാളില്‍ മലക്കുകളോട് മാത്രമല്ല ഇങ്ങനെ ചോദിക്കുക. ഈ ലോകത്ത് ഇബാദത്ത് ചെയ്യപ്പെട്ട എല്ലാറ്റിനോടും ഇതേ ചോദ്യമുണ്ടാകും.

41- അല്ലാഹുവിന്റെ ചോദ്യത്തിന് മലക്കുകള്‍ ഉത്തരം നല്‍കുന്നതിങ്ങനെയായിരിക്കും: നാഥാ, ഇബാദത്തിലോ ദിവ്യത്വത്തിലോ മറ്റ് പങ്കാളികളുണ്ടാവുക എന്നതില്‍നിന്ന് എത്രയോ പരിശുദ്ധനാകുന്നു നീ. ഞങ്ങളും ഈയാളുകളും തമ്മില്‍ ഒരു ബന്ധവുമില്ല. ഇവരിലോ ഇവരുടെ കര്‍മങ്ങളിലോ ഞങ്ങള്‍ക്ക് ഒരുത്തരവാദിത്വവുമില്ല. ഞങ്ങള്‍ നിന്റെ അടിമകളാണല്ലോ. ഈ സൂക്തത്തില്‍ ‘ജിന്നുകള്‍’ എന്നതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത് ചെകുത്താന്‍മാരായ ജിന്നുകളാകുന്നു. മലക്കുകളുടെ ഈ മറുപടിയുടെ താല്‍പര്യമിതാണ്: പ്രത്യക്ഷത്തില്‍ ഇവര്‍ സ്വന്തം ഭാവനാവിലാസമനുസരിച്ച് ഞങ്ങളുടെ പ്രതിമകളുണ്ടാക്കി ഞങ്ങളുടെ പേരിട്ട് ആരാധിക്കുകയായിരുന്നു. വാസ്തവത്തില്‍ ഇവര്‍ ഇബാദത്ത് ചെയ്തിരുന്നത് ചെകുത്താന്‍മാര്‍ക്കായിരുന്നു. എന്തുകൊണ്ടെന്നാല്‍, അല്ലാഹുവല്ലാത്തവരെ ആഗ്രഹം സഫലീകരിക്കുന്നവരായി കരുതുകയും അവര്‍ക്കുവേണ്ടി വഴിപാടുകളര്‍പ്പിക്കുകയും ചെയ്യുന്ന രീതി അവര്‍ക്ക് കാണിച്ചുകൊടുത്തത് ചെകുത്താന്മാരാണ്.

ദിവസം = وَيَوْمَ
അവന്‍ അവരെ ഒരുമിച്ചുകൂട്ടുന്ന = يَحْشُرُهُمْ
എല്ലാവരേയും = جَمِيعًا
പിന്നെ = ثُمَّ
അവന്‍ ചോദിക്കും = يَقُولُ
മലക്കുകളോട് = لِلْمَلَائِكَةِ
ഇക്കൂട്ടര്‍ നിങ്ങളെയാണോ = أَهَٰؤُلَاءِ إِيَّاكُمْ
അവര്‍ ആയിരുന്നു = كَانُوا
അവര്‍ ആരാധിക്കുന്നു = يَعْبُدُونَ
അവര്‍ പറയും = قَالُوا
നീ എത്ര പരിശുദ്ധന്‍ = سُبْحَانَكَ
നീയാണ് = أَنتَ
ഞങ്ങളുടെ രക്ഷകന്‍ = وَلِيُّنَا
ഇവരല്ല = مِن دُونِهِمۖ
എന്നാല്‍ = بَلْ
അവര്‍ ആയിരുന്നു = كَانُوا
അവര്‍ ആരാധിക്കുന്നു = يَعْبُدُونَ
ജിന്നുകളെയാണ് = الْجِنَّۖ
അവരില്‍ ഏറെപ്പേരും = أَكْثَرُهُم
അവരില്‍(ജിന്നുകളില്‍) = بِهِم
വിശ്വസിച്ചിരുന്നവരാകുന്നു = مُّؤْمِنُونَ
അതിനാല്‍ ഇന്ന് = فَالْيَوْمَ
ഉടമപ്പെടുത്തുകയില്ല = لَا يَمْلِكُ
നിങ്ങളില്‍ ചിലര്‍ = بَعْضُكُمْ
ചിലര്‍ക്ക് = لِبَعْضٍ
ഒരു ഉപകാരവും = نَّفْعًا
ഉപദ്രവവും = وَلَا ضَرًّا
നാം പറയും = وَنَقُولُ
അക്രമം കാണിച്ചവരോട് = لِلَّذِينَ ظَلَمُوا
നിങ്ങള്‍ രുചിച്ചുകൊള്ളുക = ذُوقُوا
നരക ശിക്ഷ = عَذَابَ النَّارِ
യാതൊന്ന് = الَّتِي
നിങ്ങളായിരുന്നു = كُنتُم
അതിനെ = بِهَا
നിങ്ങള്‍ തള്ളിപ്പറയുന്നു = تُكَذِّبُونَ

Add comment

Your email address will not be published. Required fields are marked *