സബഅ് – സൂക്തങ്ങള്‍: 48-50

قُلْ إِنَّ رَبِّي يَقْذِفُ بِالْحَقِّ عَلَّامُ الْغُيُوبِ ﴿٤٨﴾ قُلْ جَاءَ الْحَقُّ وَمَا يُبْدِئُ الْبَاطِلُ وَمَا يُعِيدُ ﴿٤٩﴾ قُلْ إِن ضَلَلْتُ فَإِنَّمَا أَضِلُّ عَلَىٰ نَفْسِيۖ وَإِنِ اهْتَدَيْتُ فَبِمَا يُوحِي إِلَيَّ رَبِّيۚ إِنَّهُ سَمِيعٌ قَرِيبٌ ﴿٥٠﴾

(48) ഇവരോട് പറയുക: ‘എന്റെ റബ്ബ് (എന്നിലേക്ക്) സത്യം വിക്ഷേപിക്കുന്നു. അവന്‍ അദൃശ്യ യാഥാര്‍ഥ്യങ്ങളൊക്കെയും അറിയുന്നവനാകുന്നു.’

(49) പറയുക: ‘സത്യം സമാഗതമായിരിക്കുന്നു. ഇനി മിഥ്യക്ക് ഒട്ടും നിലനില്‍പുണ്ടാവില്ല.’

(50) പറയുക: ‘ഞാന്‍ പിഴച്ചു പോയെങ്കില്‍, എന്റെ പിഴയുടെ ദുഷ്ഫലം എനിക്കുതന്നെ. ഞാന്‍ സന്മാര്‍ഗത്തിലാണെങ്കിലോ, അത് എന്റെ റബ്ബ് എന്നെ ബോധനം ചെയ്ത ദിവ്യസന്ദേശത്താലത്രെ. അവന്‍ ഒക്കെയും കേള്‍ക്കുന്നവനും വളരെ സമീപസ്ഥനുമാകുന്നു.’

48- ‘യഖ്ദിഫു ബില്‍ഹക്കി’ എന്നതിനര്‍ഥം ദിവ്യബോധനം വഴി അവന്‍ സത്യജ്ഞാനം എന്റെ മേല്‍ വിക്ഷേപിക്കുന്നു എന്നാണ്. മറ്റൊരര്‍ഥം അവന്‍ സത്യത്തെ വിജയിപ്പിക്കുന്നു, സത്യംകൊണ്ട് അസത്യത്തിന്റെ ശിരസ്സില്‍ പ്രഹരിക്കുന്നു എന്നുമാണ്.

50- ഇക്കാലത്ത് ചിലയാളുകള്‍ ഈ സൂക്തത്തെ ഇപ്രകാരം വ്യാഖ്യാനിക്കുന്നുണ്ട്: നബി (സ) വഴിതെറ്റാം, എന്നല്ല വഴിതെറ്റിയിട്ടുണ്ട് എന്ന് ഈ സൂക്തം സൂചിപ്പിക്കുന്നു. അതുകൊണ്ട് അല്ലാഹു പ്രവാചകന്റെ നാവുകൊണ്ടുതന്നെ ഇപ്രകാരം പറയിക്കുകയാണ്: ‘എനിക്ക് വഴി തെറ്റുകയാണെങ്കില്‍ അതിനുത്തരവാദി ഞാന്‍തന്നെയാണ്. എന്റെ നാഥന്‍ എനിക്ക് ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിപ്പിച്ച് തരുമ്പോള്‍ മാത്രമേ ഞാന്‍ സന്മാര്‍ഗത്തിലാകുന്നുള്ളൂ.’ ഈ ദുര്‍വ്യാഖ്യാനത്തിലൂടെ അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിതാണ്: ‘നബി(സ)യുടെ ജീവിതവും സന്മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും സമുച്ചയമായിരുന്നു. ഈ സംഗതി അല്ലാഹു അവിശ്വാസികളുടെ മുമ്പില്‍ നബി(സ)യെക്കൊണ്ടുതന്നെ സമ്മതിപ്പിക്കുന്നത്, അദ്ദേഹം സമ്പൂര്‍ണമായും സന്മാര്‍ഗത്തില്‍ മാത്രമാണെന്ന് വിചാരിച്ച് മുഴുവനായി അദ്ദേഹത്തെ അനുധാവനം ചെയ്യാന്‍ ആരും തീരുമാനിക്കേണ്ടതില്ല എന്ന് മനസ്സിലാക്കാനാണ്.’ എന്നാല്‍, ‘ഞാന്‍ മാര്‍ഗഭ്രംശത്തിലാണെങ്കില്‍’ എന്ന വാക്ക് ഇവിടെ വാസ്തവത്തില്‍ തിരുമേനിക്ക് വഴിതെറ്റിപ്പോയിരിക്കുന്നു എന്ന അര്‍ഥത്തിലല്ല ഉപയോഗിച്ചിട്ടുള്ളത്. മറിച്ച് അതിന്റെ അര്‍ഥമിതാണ്: നിങ്ങള്‍ ആരോപിക്കുന്നതുപോലെ ഞാന്‍ വഴിപിഴച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ ഊഹിക്കുന്നതുപോലെ ആ മാര്‍ഗഭ്രംശത്തിന്റെ ഫലമാണ് എന്റെ പ്രവാചകത്വവാദവും ഏകദൈവ സന്ദേശവുമെങ്കില്‍, എന്റെ ആ ദുര്‍മാര്‍ഗത്തിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടിവരുന്നത് ഞാന്‍ തന്നെയായിരിക്കും. അതിന്റെ പേരില്‍ നിങ്ങള്‍ പിടിക്കപ്പെടുകയില്ല. എന്നാല്‍, യഥാര്‍ഥത്തില്‍ ഞാന്‍ സന്മാര്‍ഗത്തിലാണെങ്കില്‍, അതിനുകാരണം എനിക്ക് സന്മാര്‍ഗജ്ഞാനം തരുന്ന ദിവ്യബോധനം എന്റെ റബ്ബിങ്കല്‍നിന്ന് ലഭിക്കുന്നു എന്നതാണ്. എന്റെ നാഥന്‍ സമീപസ്ഥനാണ്. എല്ലാം കേട്ടുകൊണ്ടിരിക്കുന്നവന്‍. ഞാന്‍ വഴിപിഴച്ചവനാണോ അതല്ല അവങ്കല്‍നിന്നുള്ള മാര്‍ഗദര്‍ശനം സിദ്ധിച്ചവനാണോ എന്ന് അവന്നറിയാം.

പറയുക = قُلْ
എന്റെ നാഥന്‍ = إِنَّ رَبِّي
അവന്‍ വിക്ഷേപിക്കുന്നു = يَقْذِفُ
സത്യത്തെ = بِالْحَقِّ
അവന്‍ നന്നായി അറിയുന്നവനാണ് = عَلَّامُ
അദൃശ്യകാര്യങ്ങള്‍ = الْغُيُوبِ
നീ പറയുക = قُلْ
വന്നെത്തിയിരിക്കുന്നു = جَاءَ
സത്യം = الْحَقُّ
ഇനി തുടക്കം കുറിക്കുകയില്ല = وَمَا يُبْدِئُ
അസത്യം = الْبَاطِلُ
പുന:സ്ഥാപിക്കുകയുമില്ല = وَمَا يُعِيدُ
നീ പറയുക = قُلْ
ഞാന്‍ പിഴച്ചുപോയിട്ടുണ്ടെങ്കില്‍ = إِن ضَلَلْتُ
മാത്രമാണ് = فَإِنَّمَا
ഞാന്‍ പിഴച്ചുപോകുന്നു = أَضِلُّ
എനിക്കു ദോഷകരമായിതന്നെ = عَلَىٰ نَفْسِيۖ
ഞാന്‍ നേര്‍വഴിയിലാണെങ്കില്‍ = وَإِنِ اهْتَدَيْتُ
അത് ബോധനം നല്‍കുന്നതിനാലാണ് = فَبِمَا يُوحِي
എനിക്ക് = إِلَيَّ
എന്റെ നാഥന്‍ = رَبِّيۚ
നിശ്ചയം അവന്‍ = إِنَّهُ
എല്ലാം കേള്‍ക്കുന്നവനാണ് = سَمِيعٌ
വളരെ സമീപസ്ഥനും = قَرِيبٌ

Add comment

Your email address will not be published. Required fields are marked *