സബഅ് – സൂക്തങ്ങള്‍: 51-54

وَلَوْ تَرَىٰٓ إِذْ فَزِعُوا۟ فَلَا فَوْتَ وَأُخِذُوا۟ مِن مَّكَانٍۢ قَرِيبٍۢ﴿٥١﴾ وَقَالُوٓا۟ ءَامَنَّا بِهِۦ وَأَنَّىٰ لَهُمُ ٱلتَّنَاوُشُ مِن مَّكَانٍۭ بَعِيدٍۢ﴿٥٢﴾ وَقَدْ كَفَرُوا۟ بِهِۦ مِن قَبْلُ ۖ وَيَقْذِفُونَ بِٱلْغَيْبِ مِن مَّكَانٍۭ بَعِيدٍۢ﴿٥٣﴾ وَحِيلَ بَيْنَهُمْ وَبَيْنَ مَا يَشْتَهُونَ كَمَا فُعِلَ بِأَشْيَاعِهِم مِّن قَبْلُ ۚ إِنَّهُمْ كَانُوا۟ فِى شَكٍّۢ مُّرِيبٍۭ﴿٥٤﴾

(51) ഈയാളുകള്‍ പരിഭ്രാന്തരായി ഉഴറിക്കൊണ്ടിരിക്കുന്ന ആ സന്ദര്‍ഭം താങ്കള്‍ കാണുകയാണെങ്കില്‍! അന്ന് ഒരു വിധത്തിലും രക്ഷപ്പെട്ടുപോകാനൊക്കുകയില്ല. അടുത്തുവെച്ചുതന്നെ അവര്‍ പിടികൂടപ്പെടും.

(52) അന്നേരം, അവര്‍ പറയും: ഞങ്ങള്‍ പ്രവാചകനില്‍ വിശ്വസിച്ചിരിക്കുന്നു. പക്ഷേ, അതിദൂരം അകന്നു പൊയ്‌പ്പോയ കാര്യം ഇനി എങ്ങനെ കൈയില്‍ കിട്ടാന്‍!

(53) അവര്‍ സത്യം മുമ്പേ നിഷേധിച്ചുകഴിഞ്ഞിരുന്നു. വിദൂരമായ അതിഭൗതിക കാര്യങ്ങള്‍ ജ്ഞാനമില്ലാതെ ഉന്നയിക്കുകയും ചെയ്തിരുന്നു.

(54) അന്ന് ഇക്കൂട്ടര്‍ കൊതിച്ചുകൊണ്ടിരുന്നതില്‍നിന്നൊക്കെയും തടയപ്പെടുന്നു. അവരുടെ മുന്‍ഗാമികളായ കൂട്ടുകാര്‍ തടയപ്പെട്ടതുപോലെ. അവര്‍ വല്ലാതെ വഴിതെറ്റിക്കുന്ന സംശയത്തിലായിരുന്നു.

51- ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഓരോ കുറ്റവാളിയും പിടികൂടപ്പെടുന്നത് ഈ വിധമായിരിക്കും. പിടികൂടുന്നവന്‍ അവരുടെ ചാരത്തുതന്നെ ഒളിച്ചുനില്‍ക്കുകയാണ്. ഓടിപ്പോകാനെങ്ങാന്‍ശ്രമിച്ചാല്‍ ഉടന്‍തന്നെ പിടിമുറുക്കും.

52- ദൈവദൂതന്‍ ഈ ലോകത്ത് പ്രചരിപ്പിച്ച അധ്യാപനങ്ങളില്‍ വിശ്വസിച്ചിരിക്കുന്നു എന്നാണ് പ്രവാചകനില്‍ വിശ്വസിച്ചിരിക്കുന്നു എന്ന് ഇവിടെ പറഞ്ഞതിനര്‍ഥം. അതിദൂരം അകന്നു പൊയ്‌പ്പോയ കാര്യം ഇനി എങ്ങനെ കൈയില്‍ കിട്ടാന്‍ എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്. വിശ്വാസം കൈക്കൊള്ളാനുള്ള സ്ഥലം ഇഹലോകമാണ്. അതിപ്പോള്‍ അതിവിദൂരമായിരിക്കുന്നു. പാരത്രികലോകത്തെത്തിക്കഴിഞ്ഞ ശേഷം വിശ്വാസം കൈക്കൊള്ളാന്‍ അവസരം ലഭിക്കുക സാധ്യമല്ല.

53- അവര്‍ റസൂലിന്റെയും അദ്ദേഹത്തിന്റെ സന്ദേശങ്ങളുടെയും വിശ്വാസികളുടെയും നേരെ പലതരം ആരോപണങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നുവെന്നര്‍ഥം. ഊഹാപോഹങ്ങളും പരദൂഷണങ്ങളും പറഞ്ഞുനടന്നു. ചിലപ്പോള്‍ പറയും, ഇവന്‍ മന്ത്രവാദിയാണ്. ചിലപ്പോള്‍ പറയും, ഇവന്‍ ഭ്രാന്തനാണ്. ചിലപ്പോള്‍ ഏകദൈവത്വത്തെ പരിഹസിക്കുന്നു. ചിലപ്പോള്‍ പരലോകത്തെക്കുറിച്ച് ഹാസ്യഭാവനകളവതരിപ്പിക്കുന്നു. ചിലപ്പോള്‍ ചമയ്ക്കുക റസൂലിനെ ആരോ വന്ന് ഇതെല്ലാം പഠിപ്പിക്കുകയാണെന്ന കഥയായിരിക്കും. ചിലപ്പോള്‍ വിശ്വാസികളെക്കുറിച്ച്, അവരൊക്കെ കേവലം മൂഢത മൂലം റസൂലിന്റെ പിന്നില്‍ കൂടിയിരിക്കുകയാണെന്ന് ജല്‍പിക്കുന്നു.

54- ബഹുദൈവത്വം, നാസ്തികത്വം, പരലോകനിഷേധം തുടങ്ങിയ ആശയങ്ങളൊന്നും ആരും ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്നതല്ല. അങ്ങനെ സ്വീകരിക്കുക സാധ്യവുമല്ല. കാരണം, ജ്ഞാനത്തില്‍നിന്ന് മാത്രമേ ബോധ്യമുണ്ടാകൂ. ദൈവം ഇല്ലെന്നോ, ദൈവങ്ങള്‍ പലതുണ്ടെന്നോ പല അസ്തിത്വങ്ങള്‍ക്കും ദിവ്യത്വത്തില്‍ പങ്കുണ്ടെന്നോ, പരലോകമെന്നൊന്നില്ലെന്നോ ഒന്നും ആര്‍ക്കും ജ്ഞാനമില്ല. അവയൊക്കെ ആദര്‍ശവും വിശ്വാസവുമായി അംഗീകരിക്കുന്നവര്‍ കേവല നിഗമനങ്ങളിന്മേല്‍ ഒരു സൗധം കെട്ടിപ്പൊക്കുകയാണ്. അതിന്റെ അടിത്തറ സംശയമല്ലാതെ മറ്റൊന്നുമല്ല. ആ സംശയം അവരെ തികഞ്ഞ മാര്‍ഗഭ്രംശത്തില്‍ കൊണ്ടെത്തിക്കുന്നു. അവര്‍ക്ക് ദൈവാസ്തിത്വത്തില്‍ സന്ദേഹമുണ്ടായി. ഏകദൈവത്വത്തിന്റെ യാഥാര്‍ഥ്യത്തില്‍ സന്ദേഹമുണ്ടായി. പരലോകത്തെക്കുറിച്ച് സംശയമായി. അങ്ങനെ ആ സന്ദേഹങ്ങള്‍ വളര്‍ന്ന് മനസ്സില്‍ ബോധ്യമായുറയ്ക്കുന്നു. പിന്നെ അവര്‍ പ്രവാചക വചനങ്ങളൊന്നും സ്വീകരിക്കാന്‍ തയ്യാറാവില്ല. അങ്ങനെ അവര്‍ ജീവിതത്തിന്റെ കര്‍മവേള മുഴുവന്‍ തെറ്റായ സരണിയില്‍ ചെലവഴിക്കുന്നു.

നീ കാണുകയാണെങ്കില്‍ = وَلَوْ تَرَىٰ
അവര്‍ പരിഭ്രാന്തരായിത്തീരുന്ന സന്ദര്‍ഭം = إِذْ فَزِعُوا
(അന്നവര്‍ക്ക്) രക്ഷപ്പെടാനാവില്ല = فَلَا فَوْتَ
അവര്‍ പിടികൂടപ്പെടും = وَأُخِذُوا
സ്ഥലത്തുനിന്ന് = مِن مَّكَانٍ
അടുത്തുള്ള = قَرِيبٍ
അവര്‍ പറയും = وَقَالُوا
ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിച്ചിരിക്കുന്നു = آمَنَّا بِهِ
അവര്‍ക്കെങ്ങനെ സാധിക്കും = وَأَنَّىٰ لَهُمُ
കൈവരിക്കാന്‍ = التَّنَاوُشُ
സ്ഥലത്തുനിന്ന് = مِن مَّكَانٍ
വിദൂരമായ = بَعِيدٍ
അവര്‍ തള്ളിപ്പറയുകയുണ്ടായി = وَقَدْ كَفَرُوا
ഇതിനെ = بِهِ
മുമ്പ് = مِن قَبْلُۖ
അവര്‍ പറയുകയും ചെയ്യുന്നു = وَيَقْذِفُونَ
(അവര്‍ക്ക്) അദൃശ്യമായത് = بِالْغَيْبِ
സ്ഥലത്തുനിന്ന് = مِن مَّكَانٍ
വിദൂരമായ = بَعِيدٍ
തടസം സൃഷ്ടിക്കപ്പെട്ടു = وَحِيلَ
അവര്‍ക്കിടയില്‍ = بَيْنَهُمْ
അവര്‍ ആഗ്രഹിക്കുന്നതിനുമിടയില്‍ = وَبَيْنَ مَا يَشْتَهُونَ
ചെയ്യപ്പെട്ടത് പോലെ = كَمَا فُعِلَ
അവരുടെ കൂട്ടുകാരെക്കൊണ്ട് = بِأَشْيَاعِهِم
നേരത്തെ = مِّن قَبْلُۚ
തീര്‍ച്ചയായും അവര്‍ = إِنَّهُمْ
ആയിരുന്നു = كَانُوا
സംശയത്തില്‍ = فِي شَكٍّ
അവിശ്വാസമുളവാക്കുന്ന = مُّرِيبٍ

Add comment

Your email address will not be published. Required fields are marked *