അല്‍ഫാതിഹ – ആമുഖം

 
അല്‍ഫാതിഹ
അവതരണം: മക്കയില്‍

നാമം
ഈ അധ്യായത്തിന് ‘അല്‍ഫാതിഹ’ എന്നു നാമം ലഭിച്ചത് ഇതിലെ വിഷയം പരിഗണിച്ചാണ്. ഒരു ലേഖനമോ ഗ്രന്ഥമോ മറ്റേതെങ്കിലും കാര്യമോ ആരംഭിക്കുന്നതെന്തുകൊണ്ടാണോ അതിനു ‘ഫാതിഹ’ എന്നു പറയുന്നു. മറ്റൊരുവിധം പറഞ്ഞാല്‍ ആമുഖം, മുഖവുര എന്നിവയുടെ പര്യായമാണ് ഫാതിഹ.

അവതരണ കാലം
മുഹമ്മദ് നബി(സ)യുടെ ദൗത്യത്തിന്റെ ഏറ്റവും ആദ്യകാലത്ത് അവതരിച്ചതാണ് ഈ അധ്യായം. എന്നല്ല, ഒരു പൂര്‍ണ അധ്യായമെന്ന നിലയില്‍ നബി (സ) തിരുമേനിക്ക് ആദ്യമായി അവതരിച്ചത് ഈ അധ്യായമാണെന്നു വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാകുന്നുണ്ട്. ‘അല്‍അലഖ്’, ‘അല്‍മുസ്സമ്മില്‍’, ‘അല്‍മുദ്ദസ്സിര്‍’ മുതലായ അധ്യായങ്ങളില്‍പെട്ട ഏതാനും സൂക്തങ്ങളേ ഇതിനു മുമ്പ് അവതരിച്ചിരുന്നുള്ളൂ.

ഉള്ളടക്കം
തന്റെ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യാനാരംഭിക്കുന്ന ഓരോ മനുഷ്യന്നും അല്ലാഹു പഠിപ്പിച്ച പ്രാര്‍ഥനയാണ് ഈ അധ്യായം. ഇത് ഗ്രന്ഥത്തിന്റെ പ്രാരംഭമായി വെച്ചതിന്റെ ഉദ്ദേശ്യം, യഥാര്‍ഥത്തില്‍ ഈ വിശുദ്ധഗ്രന്ഥം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യമായി ലോകനിയന്താവോട് ഈ പ്രാര്‍ഥന ചെയ്യണമെന്നാണ്. മനുഷ്യന്‍ ഒരു വസ്തുവിനുവേണ്ടി പ്രാര്‍ഥിക്കണമെങ്കില്‍ സ്വാഭാവികമായും അതിനെക്കുറിച്ചുള്ള ആശയും ആവേശവും അവന്റെ ഹൃദയത്തില്‍ അടിയുറച്ചിരിക്കണം. പ്രാര്‍ഥിക്കുന്നത് ആരോടാണോ അവന്റെ അധികാരവലയത്തിലാണ് ഉദ്ദിഷ്ട വസ്തു ഉള്ളതെന്ന ബോധം അവന്നുണ്ടായിരിക്കുകയും വേണം. അതിനാല്‍, വിശുദ്ധ ഖുര്‍ആന്റെ പ്രാരംഭത്തില്‍ തന്നെ ഈ പ്രാര്‍ഥന പഠിപ്പിച്ചുകൊണ്ട് അല്ലാഹു മനുഷ്യനെ ഉദ്‌ബോധിപ്പിക്കുകയാണ്, ഈ ഗ്രന്ഥം സന്മാര്‍ഗം കണ്ടെത്താനായി സത്യാന്വേഷണ മനഃസ്ഥിതിയോടെ പാരായണം ചെയ്യണമെന്ന്; ജ്ഞാനത്തിന്റെ ഉറവിടം ലോകനിയന്താവാണെന്ന് ഗ്രഹിച്ചും അതിനാല്‍, അവനോട് മാര്‍ഗദര്‍ശനത്തിന്നപേക്ഷിച്ചും പാരായണം ആരംഭിക്കണമെന്ന്. ഇത്രയും ഗ്രഹിക്കുന്നതുകൊണ്ട് ഒരു കാര്യം വ്യക്തമായി: ഖുര്‍ആനും ‘സൂറതുല്‍ ഫാതിഹ’യുമായുള്ള യഥാര്‍ഥ ബന്ധം ഒരു ഗ്രന്ഥവും അതിന്റെ മുഖവുരയുമായുള്ള ബന്ധമല്ല; പ്രത്യുത, പ്രാര്‍ഥനയും പ്രത്യുത്തരവും തമ്മിലുള്ള ബന്ധമാണ്. ‘സൂറതുല്‍ ഫാതിഹ’ അടിമയുടെ ഭാഗത്തുനിന്ന് അല്ലാഹുവോടുള്ള പ്രാര്‍ഥന; ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള പ്രത്യുത്തരവും. ‘നാഥാ, എനിക്ക് മാര്‍ഗദര്‍ശനം നല്‍കിയാലും’ എന്ന് അടിമ പ്രാര്‍ഥിക്കുന്നു. അതിനുത്തരമായി ‘നീ എന്നില്‍നിന്ന് അര്‍ഥിക്കുന്ന സന്മാര്‍ഗമിതാ’ എന്ന നിലക്ക് അവന്റെ മുമ്പില്‍ മുഴുവന്‍ ഖുര്‍ആനും അല്ലാഹു അവതരിപ്പിക്കുന്നു.

Add comment

Your email address will not be published. Required fields are marked *