അല്‍ഫാതിഹ – സൂക്തം: 2

ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ﴿٢﴾

(2) സര്‍വലോകത്തിന്റെയും റബ്ബായ അല്ലാഹുവിനു മാത്രമാകുന്നു സ്തുതി

2- സൂറതുല്‍ ഫാതിഹ ഒരു പ്രാര്‍ഥനയാണെന്ന് പറഞ്ഞല്ലോ ആ പ്രാര്‍ഥനയുടെ തുടക്കമാണിത്. ആരോടാണോ പ്രാര്‍ഥിക്കാന്‍ ഉദ്ദേശിക്കുന്നത് ആ അസ്തിത്വത്തെ വാഴ്ത്തിക്കൊണ്ടാണ് പ്രാര്‍ഥന ആരംഭിക്കുന്നത്. പ്രാര്‍ഥന മാന്യമായ രീതിയില്‍ ആയിരിക്കണം. വാ തുറന്നപാടേ ആവശ്യമുന്നയിക്കുക എന്നത് പ്രാര്‍ഥനയുടെ മര്യാദക്ക് യോജിച്ചതല്ല. ആദ്യമായി, പ്രാര്‍ഥിക്കപ്പെടുന്നവന്റെ നന്‍മകളും മേന്‍മകളും സ്ഥാനപദവികളും സമ്മതിച്ചു പറയുക; എന്നിട്ട് ആവശ്യങ്ങള്‍ സമര്‍പ്പിക്കുക- ഈ മര്യാദയെ സൂചിപ്പിക്കുന്ന വചനമാണിത്. നാം വല്ലവരെയും സ്തുതിക്കുന്നുവെങ്കില്‍ അതിന് രണ്ട് കാരണങ്ങളുണ്ടായിരിക്കും: ഒന്ന്, സ്തുതിക്കപ്പെടുന്നവന്‍ ഉത്തമ ഗുണങ്ങളും ഉല്‍കൃഷ്ട പദവികളും ഉള്ളവനായിരിക്കുക. രണ്ട്, അവന്‍ നമുക്ക് നന്‍മ ചെയ്തവനായിരിക്കുക. അല്ലാഹുവിനുള്ള സ്തുതികീര്‍ത്തനങ്ങള്‍ ഈ രണ്ടു നിലക്കും ഉള്ളതാണ്. അവന്റെ ഉല്‍കൃഷ്ട ഗുണങ്ങളെക്കുറിച്ച ബോധവും അവന്റെ അനുഗ്രഹങ്ങളെക്കുറിച്ച സ്മരണയും, അവനെ സ്തുതിച്ചു കൊണ്ടിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ‘സ്തുതി അല്ലാഹുവിനാണ്’ എന്നതല്ല, ‘സ്തുതി അല്ലാഹുവിന് മാത്രമാണ്’ എന്നതത്രെ ശരിയായ വസ്തുത. സൃഷ്ടിപൂജയുടെ അടിവേരറ്റുപോകുന്ന ഒരു വലിയ യാഥാര്‍ത്ഥ്യമാണ് ഈ വാക്യത്തിലൂടെ വെളിപ്പെടുന്നത്. ലോകത്ത് എവിടെയെങ്കിലും, ഏതെങ്കിലും വസ്തുവില്‍, ഏതെങ്കിലും വിധത്തിലുള്ള ഗുണമോ നന്മയോ യോഗ്യതയോ ഉണ്ടെങ്കില്‍ അതിന്റെയെല്ലാം ഉറവിടം അല്ലാഹു മാത്രമാണ്. മനുഷ്യന്‍, മലക്ക്, ഗ്രഹം, നക്ഷത്രം എന്നുവേണ്ട ഒരു സൃഷ്ടിയുടെയും കഴിവുകള്‍ അത് സ്വയം ഉണ്ടാക്കിയതല്ല, മറിച്ച് ദൈവം നല്‍കിയതാണ്. അതിനാല്‍, നമ്മുടെ ഭക്തിബഹുമാനങ്ങളും സ്തുതികീര്‍ത്തനങ്ങളും ആരാധനകളും അര്‍ഥനകളും അര്‍ഹിക്കുന്നത് ഈ സൃഷ്ടികളല്ല; അവയുടെ സൃഷ്ടികര്‍ത്താവായ അല്ലാഹുവാണ്. റബ്ബുല്‍ ആലമീന്‍ എന്നതിലെ ‘റബ്ബ്’ എന്ന പദം അറബിഭാഷയില്‍ പല അര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്: (1) ഉടമസ്ഥന്‍, യജമാനന്‍. (2) രക്ഷാകര്‍ത്താവ്, പരിപാലകന്‍, കാര്യങ്ങളന്വേഷിച്ച് മേല്‍നോട്ടം ചെയ്യുന്നവന്‍. (3) ഭരണാധിപന്‍, വിധികര്‍ത്താവ്, നിയന്താവ്. ഈ എല്ലാ അര്‍ഥങ്ങളിലും അല്ലാഹു പ്രപഞ്ചത്തിന്റെ റബ്ബാകുന്നു.

സ്തുതിയൊക്കെയും = الْحَمْدُ
അല്ലാഹുവിനാണ് = لِلَّهِ
നാഥനായ, സംരക്ഷകനായ = رَبِّ
സര്‍വലോകങ്ങളുടെയും = الْعَالَمِينَ

Add comment

Your email address will not be published. Required fields are marked *