അല്‍ഫാതിഹ – സൂക്തം: 5

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾

(5) നിനക്കുമാത്രം ഞങ്ങള്‍ ഇബാദത്തുചെയ്യുന്നു. നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുന്നു.

5- ‘നഅ്ബുദു’ എന്ന വാക്കിന് ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു എന്നാണര്‍ത്ഥം. ‘ഇബാദത്ത്’ അറബിഭാഷയില്‍ മൂന്നര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്: (1) പൂജ, ആരാധന. (2) അനുസരണം, ആജ്ഞാനുവര്‍ത്തനം. (3) അടിമത്തം, ദാസ്യവൃത്തി. ഇവിടെ ഈ മൂന്നര്‍ഥങ്ങളും ഒന്നിച്ചുദ്ദേശിക്കപ്പെടുന്നുണ്ട്. അതായത്, ഞങ്ങള്‍ നിന്നെ ആരാധിക്കുന്നവരും നിന്റെ ആജ്ഞാനുവര്‍ത്തികളും നിനക്കടിമപ്പെടുന്നവരുമാണ്. ഈ നിലകളിലെല്ലാം ഞങ്ങള്‍ നിന്നോട് മാത്രമേ ബന്ധപ്പെടുന്നുള്ളൂ. പ്രസ്തുത മൂന്നര്‍ഥങ്ങളില്‍ ഒരര്‍ഥത്തിലും ഞങ്ങള്‍ക്ക് മറ്റൊരു ‘മഅ്ബൂദ്’ അഥവാ ഇബാദത്ത് ചെയ്യപ്പെടുന്നവന്‍ ഇല്ലതന്നെ. നിനക്ക് ഇബാദത്ത് ചെയ്യുന്ന ഞങ്ങള്‍ സഹായാര്‍ഥന നടത്തുന്നതും നിന്നോട് മാത്രമാണ്. അഖില പ്രപഞ്ചത്തിന്റെ രക്ഷകന്‍ നീ മാത്രമാണെന്ന് ഞങ്ങള്‍ക്കറിയാം. സമസ്ത ശക്തികളും നിന്റെ അധീനത്തില്‍ മാത്രം സ്ഥിതിചെയ്യുന്നു. എല്ലാ അനുഗ്രഹങ്ങള്‍ക്കും ഏക ഉടമസ്ഥനായുള്ളവന്‍ നീയാണ്. അതിനാല്‍, ഞങ്ങളുടെ ആവശ്യങ്ങള്‍ ചോദിച്ചുകൊണ്ട് നിന്റെ സന്നിധിയിലേക്ക് തന്നെ ഞങ്ങള്‍ മടങ്ങുന്നു; തിരുമുമ്പിലേക്ക് ഞങ്ങള്‍ കൈ നീട്ടുന്നു; നിന്റെ സഹായത്തിലേ ഞങ്ങള്‍ക്ക് വിശ്വാസമുള്ളൂ. അതുകൊണ്ട് ഞങ്ങളിതാ ഈ അപേക്ഷയുമായി നിന്റെ സന്നിധാനത്തില്‍ ഹാജരായിരിക്കയാണ്.

നിനക്കുമാത്രം = إِيَّاكَ
ഞങ്ങള്‍ വഴിപ്പെടുന്നു = نَعْبُدُ
നിന്നോടു മാത്രം = وَإِيَّاكَ
ഞങ്ങള്‍ സഹായം തേടുന്നു = نَسْتَعِينُ

Add comment

Your email address will not be published. Required fields are marked *