അല്‍ഫാതിഹ – സൂക്തം: 6

ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ﴿٦﴾

(6) നീ ഞങ്ങളെ നേര്‍വഴിയില്‍ നയിക്കേണമേ!

6- അതായത്, ജീവിതത്തിന്റെ നാനാതുറകളിലും ആദര്‍ശത്തിന്റേയും കര്‍മചര്യകളുടെയും ശരിയായ മാര്‍ഗം ഞങ്ങള്‍ക്ക് കാണിച്ചുതരേണമേ! അബദ്ധവീക്ഷണത്തിന്റെയും അപഥസഞ്ചാരത്തിന്റെയും ദുരന്തങ്ങളില്‍ നിന്ന് സുരക്ഷിതമായ വിജയസൗഭാഗ്യങ്ങള്‍ കരസ്ഥമാക്കാനുതകുന്ന ആ സന്‍മാര്‍ഗം ഞങ്ങള്‍ക്കു കാണിച്ചുതരേണമേ! വിശുദ്ധ ഖുര്‍ആന്‍ പാരായണമാരംഭിച്ചുകൊണ്ട് മനുഷ്യന്‍ ദൈവത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്ന അപേക്ഷയത്രെ ഇത്. അവന്‍ പ്രാര്‍ഥിക്കുന്നു: നാഥാ! ഞങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയാലും! ഊഹാധിഷ്ഠിതമായ തത്ത്വശാസ്ത്രങ്ങളുടെ ഊരാക്കുടുക്കുകള്‍ക്കിടയില്‍ എന്താണ് സത്യമെന്ന് ഞങ്ങള്‍ക്ക് കാണിച്ചുതരേണമേ! ഭിന്നവിരുദ്ധങ്ങളായ സിദ്ധാന്തങ്ങള്‍ക്കുമധ്യേ ശരിയായ ധാര്‍മിക വ്യവസ്ഥയെന്തെന്ന് ഞങ്ങള്‍ക്ക് നിര്‍ദേശിച്ചുതരേണമേ! ജീവിതത്തിന്റെ ഊടുവഴികള്‍ക്കിടയില്‍ ചിന്തയുടേയും കര്‍മ്മങ്ങളുടെയും രാജപാത ഏതെന്ന് ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ!

നീ ഞങ്ങളെ നയിക്കേണമേ = اهْدِنَا
വഴിയില്‍ = الصِّرَاطَ
നേരായ = الْمُسْتَقِيمَ

Add comment

Your email address will not be published. Required fields are marked *