അല്‍ഫാതിഹ – സൂക്തം: 7

صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ﴿٧﴾

(6) നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍; കോപത്തിനിരയായവരുടെയും വ്യതിചലിച്ചവരുടെയും മാര്‍ഗത്തിലല്ല.

7- അല്ലാഹുവോട് നാം ചോദിക്കുന്ന നേര്‍മാര്‍ഗത്തിന്റെ നിര്‍വചനമാണിത്. അതായത്, അല്ലാഹുവിന്റെ ഇഷ്ടദാസന്‍മാര്‍ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗം; പുരാതന കാലം മുതല്‍ ഇന്നോളവും അവന്റെ അനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതരായ വ്യക്തികളും സമൂഹങ്ങളും സഞ്ചരിച്ചുവന്ന മാര്‍ഗം. നീ ‘അനുഗ്രഹിച്ചവര്‍’ എന്നതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുകയാണ് ‘വ്യതിചലിച്ചവരുടെ മാര്‍ഗമല്ല’ എന്ന വാക്യം. പ്രത്യക്ഷത്തില്‍ നിന്റെ ഭൗതികാനുഗ്രഹങ്ങള്‍ ലഭിച്ചെങ്കിലും യഥാര്‍ഥത്തില്‍ നിന്റെ കോപശാപത്തിന് വിധേയരാവുകയും വിജയ സൗഭാഗ്യത്തില്‍നിന്ന് വഴിതെറ്റിപ്പോവുകയും ചെയ്തവരുടെ മാര്‍ഗമല്ല അത് എന്നര്‍ത്ഥം. നിഷേധാത്മകമായ ഈ വിശദീകരണത്തില്‍നിന്ന് ഒരു സംഗതി വ്യക്തമാകുന്നുണ്ട്: അനുഗ്രഹമെന്നാല്‍ ക്ഷണികവും പ്രകടനാത്മകവുമായ അനുഗ്രഹങ്ങളല്ല- അത്തരം ‘അനുഗ്രഹങ്ങള്‍’ ഫിര്‍ഔന്‍മാര്‍ക്കും നംറൂദുമാര്‍ക്കും ഖാറൂന്‍മാര്‍ക്കും കിട്ടിയിട്ടുണ്ട്. വലിയ വലിയ അക്രമികള്‍ക്കും അധര്‍മകാരികള്‍ക്കും ഇന്നും അവ കിട്ടുന്നുണ്ട് – നേരെമറിച്ച്, സന്‍മാര്‍ഗനിഷ്ഠയുടെയും ദൈവപ്രീതിയുടെയും ഫലമായി ലഭിക്കുന്ന സുസ്ഥിരവും ശാശ്വതവുമായ യഥാര്‍ഥ അനുഗ്രഹങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

വഴിയില്‍ = صِرَاطَ
യാതൊരുത്തരുടെ = الَّذِينَ
നീ അനുഗ്രഹിച്ചിരിക്കുന്നു = أَنْعَمْتَ
അവരെ = عَلَيْهِمْ
കോപത്തിനിരയായവരുടേതല്ല = غَيْرِ الْمَغْضُوبِ عَلَيْهِمْ
പിഴച്ചവരുടേതുമല്ല = وَلَا الضَّالِّينَ

Add comment

Your email address will not be published. Required fields are marked *