യാസീന്‍ – സൂക്തങ്ങള്‍: 3-6

إِنَّكَ لَمِنَ الْمُرْسَلِينَ ﴿٣﴾ عَلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٤﴾ تَنزِيلَ الْعَزِيزِ الرَّحِيمِ ﴿٥﴾ لِتُنذِرَ قَوْمًا مَّا أُنذِرَ آبَاؤُهُمْ فَهُمْغَافِلُونَ ﴿٦﴾

(3-6) തീര്‍ച്ചയായും നീ ദൈവദൂതന്മാരിലൊരുവന്‍തന്നെ;2 നേരായ മാര്‍ഗത്തില്‍. (ഈ ഖുര്‍ആന്‍) അജയ്യനും കരുണാമയനുമായ ദൈവത്തിങ്കല്‍നിന്ന് അവതീര്‍ണമായതത്രെ.3 അതുവഴി നീ ജനത്തിനു മുന്നറിയിപ്പ് നല്‍കുന്നതിന്. അവരുടെ പൂര്‍വികര്‍ക്ക് മുന്നറിയിപ്പു ലഭിച്ചിട്ടില്ല. അതിനാല്‍, അവര്‍ സത്യബോധമില്ലാത്തവരായിരിക്കുന്നു4 .

2. പ്രഭാഷണം ഇങ്ങനെ തുടങ്ങുന്നത് തന്റെ പ്രവാചകത്വത്തില്‍ നബിക്കുതന്നെ വല്ല സംശയവുമുണ്ടായിരുന്നതുകൊണ്ടോ തിരുമേനിയെ ബോധ്യപ്പെടുത്താന്‍ അല്ലാഹു അങ്ങനെ പ്രസ്താവിക്കേണ്ടതാവശ്യമായതുകൊണ്ടോ അല്ല. പ്രത്യുത, അക്കാലത്തെ ഖുറൈശികള്‍ നബി(സ)യുടെ പ്രവാചകത്വത്തെ അതിശക്തിയായി നിഷേധിച്ചിരുന്നുവെന്നതാണിതിന് കാരണം. അതിനാല്‍, വേറെ മുഖവുരയൊന്നും കൂടാതെത്തന്നെ ‘തീര്‍ച്ചയായും താങ്കള്‍ പ്രവാചകന്‍മാരില്‍ പെട്ടവന്‍തന്നെയാണ്’ എന്ന വാക്യത്തോടെ അല്ലാഹു പ്രഭാഷണം ആരംഭിച്ചിരിക്കുകയാണ്. താങ്കളുടെ പ്രവാചകത്വം നിഷേധിക്കുന്നവര്‍ തികഞ്ഞ അസത്യത്തിലാണെന്നര്‍ഥം. കൂടാതെ, ഇതേ കാര്യത്തിന് ഖുര്‍ആനെപ്പിടിച്ചാണയിടുകയും ഖുര്‍ആനെ ഹകീം (യുക്തിബന്ധുരം) എന്ന് പ്രത്യേകം വിശേഷിപ്പിക്കുകയും ചെയ്യുന്നു. താങ്കള്‍ പ്രവാചകനാണെന്നതിന് യുക്തിബന്ധുരമായ ഈ ഖുര്‍ആന്‍തന്നെ മതിയായ സാക്ഷ്യമാണെന്നത്രെ അതിനര്‍ഥം. അതായത്, ഇത്രയും യുക്ത്യധിഷ്ഠിതമായ വാക്യങ്ങള്‍ സമര്‍പ്പിക്കുന്ന അദ്ദേഹം തീര്‍ച്ചയായും പ്രവാചകനാണെന്നതിന് അതുതന്നെ തെളിവാണ്. ഈദൃശ വചനങ്ങള്‍ രചിക്കുക മനുഷ്യന്റെ കഴിവില്‍ പെട്ടതല്ല. മുഹമ്മദ് നബി(സ)യെക്കുറിച്ചറിയുന്ന ആര്‍ക്കും ഇതദ്ദേഹം സ്വയം പടച്ചുണ്ടാക്കുന്നതോ മറ്റു വല്ലവരില്‍നിന്നും കേട്ടുപഠിച്ച് കേള്‍പ്പിക്കുന്നതോ ആണെന്ന തെറ്റിദ്ധാരണയുണ്ടാവാന്‍ ഒരു പഴുതും ഉണ്ടായിരുന്നില്ല.

3. ഖുര്‍ആന്‍ അവതരിപ്പിച്ചവന്റെ രണ്ട് വിശേഷണങ്ങള്‍ വിവരിക്കുകയാണിവിടെ: ഒന്ന്, അവന്‍ പ്രതാപവാനും അജയ്യനുമാകുന്നു. രണ്ട്, അവന്‍ പരമകാരുണികനാണ്. പ്രഥമ വിശേഷണം പ്രസ്താവിച്ചതിന്റെ ഉദ്ദേശ്യം ഈ യാഥാര്‍ഥ്യങ്ങള്‍ ഉണര്‍ത്തുകയാണ്: ഈ ഖുര്‍ആന്‍ ദുര്‍ബലനായ ഒരു ഉപദേശിയുടെ ഉപദേശങ്ങളൊന്നുമല്ല; മറിച്ച് അജയ്യനായ സ്രഷ്ടാവിന്റെ അരുളപ്പാടുകളാണ്. അവന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് തടയാന്‍ ഒരു ശക്തിക്കും സാധ്യമല്ല. ആര്‍ക്കും അവന്റെ പിടിത്തത്തില്‍നിന്ന് കുതറിയോടാനൊക്കുകയുമില്ല. അതുകൊണ്ട്, ഈ ഖുര്‍ആനെ അവഗണിക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് ഒരു നഷ്ടവും വരാനില്ലെന്ന് ഒരിക്കലും തെറ്റിദ്ധരിക്കേണ്ട. നിങ്ങളുടെ മാര്‍ഗദര്‍ശനത്തിനായി തന്റെ ദൂതനെ നിയോഗിച്ചത് അവന്റെ തികഞ്ഞ കാരുണ്യം മൂലമാണെന്ന വസ്തുത അനുസ്മരിപ്പിക്കുകയാണ് രണ്ടാമത്തെ വിശേഷണത്തിന്റെ ഉദ്ദേശ്യം. മഹത്തായ ഈ ഗ്രന്ഥം അവന്‍ അവതരിപ്പിച്ചത് നിങ്ങള്‍ ദുര്‍മാര്‍ഗം വെടിഞ്ഞ് ഇഹ-പര സൗഭാഗ്യങ്ങള്‍ക്ക് നിദാനമായ സന്മാര്‍ഗം സ്വീകരിച്ച് മുന്നോട്ടു പോകാനാണെന്നര്‍ഥം.

4. ഈ സൂക്തം രണ്ടു വിധത്തില്‍ തര്‍ജമ ചെയ്യാം. ഒന്ന്, മുകളിലുദ്ധരിച്ചതുതന്നെ. രണ്ടാമതൊരു തര്‍ജമ ഇങ്ങനെയുമാകാവുന്നതാണ്: ‘തങ്ങളുടെ പിതാക്കന്മാര്‍ മുന്നറിയിപ്പു നല്‍കപ്പെട്ട അതേ സന്ദേശം ഒരു ജനതക്ക് നീ മുന്നറിയിപ്പു നല്‍കാന്‍ കാരണം അവര്‍ പ്രജ്ഞാശൂന്യരാണ്.’ ആദ്യത്തെ അര്‍ഥപ്രകാരം പിതാക്കള്‍കൊണ്ടുദ്ദേശിച്ചത് സമീപകാല പൂര്‍വികരത്രെ. എന്തുകൊണ്ടെന്നാല്‍ പ്രാചീനകാലത്ത് അറേബ്യയില്‍തന്നെ നിരവധി പ്രവാചകന്‍മാര്‍ ആഗതരായിട്ടുണ്ട്. രണ്ടാമത്തെ തര്‍ജമയനുസരിച്ച് ആശയം, ഈ ജനത്തിന്റെ പൂര്‍വികര്‍ക്ക് ലഭിച്ച അതേ സന്ദേശംതന്നെ ഈ ജനതയെയുമുണര്‍ത്തുക; കാരണം, അവരതു വിസ്മരിച്ചുപോയിരിക്കുന്നു എന്നാകുന്നു. ഇങ്ങനെ നോക്കുമ്പോള്‍ രണ്ട് തര്‍ജമകളും തമ്മില്‍ വൈരുധ്യമൊന്നുമില്ല. രണ്ടും സംഗതവുമാണ്. ഈ ജനതയില്‍ മുന്നറിയിപ്പുകാരൊന്നും വന്നിട്ടില്ലാത്ത ഒരു കാലഘട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍, ആ കാലത്ത് വഴിപിഴച്ചുപോയതിന് ഇവര്‍ ഉത്തരവാദികളാകുന്നതെങ്ങനെ എന്നൊരു സംശയം ഇവിടെ ഉയര്‍ന്നുവരാവുന്നതാണ്. മറുപടി ഇതത്രെ: അല്ലാഹു ഈ ലോകത്തേക്ക് ഒരു പ്രവാചകനെ നിയോഗിച്ചാല്‍, അദ്ദേഹത്തിന്റെ പ്രബോധനത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഫലങ്ങള്‍ ബഹുദൂരം വ്യാപിക്കുകയും തലമുറ തലമുറകളായി തുടരുകയും ചെയ്യും. പ്രസ്തുത ഫലങ്ങള്‍ നിലനില്‍ക്കുകയും ആ പ്രവാചകന്‍ കത്തിച്ച സന്മാര്‍ഗദീപം കെടാതെ കാത്തുസൂക്ഷിക്കുന്നവര്‍ അദ്ദേഹത്തിന്റെ അനുചരന്‍മാരില്‍ ഉണ്ടായിരിക്കുകയും ചെയ്യുന്നേടത്തോളം കാലം അത് മാര്‍ഗദര്‍ശനമില്ലാത്ത കാലമാകുന്നില്ല. എന്നാല്‍, പ്രവാചകാധ്യാപനങ്ങള്‍ തികച്ചും മാഞ്ഞുപോവുകയോ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാവുകയോ ചെയ്താല്‍ മറ്റൊരു പ്രവാചക നിയോഗം അനിവാര്യമായിത്തീരുന്നു. നബി(സ)യുടെ നിയോഗത്തിനുമുമ്പ് അറബികളില്‍ ഇബ്‌റാഹീം, ഇസ്മാഈല്‍, ശുഐബ്, മൂസാ(അ) എന്നിവരുടെ പ്രബോധന ഫലങ്ങള്‍ എല്ലായിടത്തും പ്രചരിച്ചിരുന്നു. കൂടാതെ ആ ഫലങ്ങള്‍ നിലനിര്‍ത്തുന്ന ഒരുവിഭാഗം ഇടക്കിടെ അവരില്‍നിന്നുതന്നെ ഉയര്‍ന്നുവരുകയോ പുറമെനിന്ന് ആഗതരാവുകയോ ചെയ്യാറുമുണ്ടായിരുന്നു. പൂര്‍വപ്രവാചകന്‍മാരുടെ പ്രബോധനസ്വാധീനം പൂര്‍ണമായി മാഞ്ഞുപോകാറാവുകയും മൗലികമായ അധ്യാപനങ്ങളില്‍ത്തന്നെ മാറ്റത്തിരുത്തലുകള്‍ സംഭവിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു മുഹമ്മദ് നബി(സ)യെ നിയോഗിച്ചു. മാത്രമല്ല, മുഹമ്മദ് നബിയുടെ മാര്‍ഗദര്‍ശനങ്ങള്‍ മാഞ്ഞുപോകാതിരിക്കാനും തിരുത്തപ്പെടാതിരിക്കാനും ആവശ്യമായ ഏര്‍പ്പാടുകളും ചെയ്യുകയുണ്ടായി.

തീര്‍ച്ചയായും നീ = إِنَّكَ
ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാണ് = لَمِنَ الْمُرْسَلِينَ
വഴിയിലാണ് = عَلَىٰ صِرَاطٍ
നേരായ = مُّسْتَقِيمٍ
ഇറക്കിയതാണിത് = تَنزِيلَ
പ്രതാപിയായവന്‍ = الْعَزِيزِ
പരമകാരുണികനായ = الرَّحِيمِ
നീ മുന്നറിയിപ്പു നല്‍കാനാണിത് = لِتُنذِرَ
ഒരു ജനതക്ക് = قَوْمًا
സ്വന്തം പിതാക്കള്‍ക്ക് മുന്നറിയിപ്പ് ലഭിക്കാത്ത = مَّا أُنذِرَ آبَاؤُهُمْ
അതിനാലവര്‍ = فَهُمْ
ബോധമില്ലാത്തവരാകുന്നു = غَافِلُونَ

Add comment

Your email address will not be published. Required fields are marked *