യാസീന്‍ – സൂക്തങ്ങള്‍: 13-19

وَاضْرِبْ لَهُم مَّثَلًا أَصْحَابَ الْقَرْيَةِ إِذْ جَاءَهَا الْمُرْسَلُونَ﴿١٣﴾ إِذْ أَرْسَلْنَا إِلَيْهِمُ اثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوا إِنَّا إِلَيْكُم مُّرْسَلُونَ ﴿١٤﴾ قَالُوا مَا أَنتُمْ إِلَّا بَشَرٌ مِّثْلُنَا وَمَا أَنزَلَ الرَّحْمَٰنُ مِن شَيْءٍ إِنْ أَنتُمْ إِلَّا تَكْذِبُونَ ﴿١٥﴾قَالُوا رَبُّنَا يَعْلَمُ إِنَّا إِلَيْكُمْ لَمُرْسَلُونَ ﴿١٦﴾ وَمَا عَلَيْنَا إِلَّا الْبَلَاغُ الْمُبِينُ ﴿١٧﴾ قَالُوا إِنَّا تَطَيَّرْنَا بِكُمْۖ لَئِن لَّمْ تَنتَهُوا لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌ﴿١٨﴾ قَالُوا طَائِرُكُم مَّعَكُمْۚ أَئِن ذُكِّرْتُمۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ﴿١٩﴾

(13-15) ഇവര്‍ക്ക് ഉദാഹരണമായി ഒരു നാട്ടുകാരുടെ കഥ പറഞ്ഞുകൊടുക്കുക; അവരില്‍ ദൈവദൂതന്മാര്‍ വന്ന അവസരം:10 നാം അവരിലേക്ക് രണ്ടു ദൈവദൂതന്മാരെ നിയോഗിച്ചു. ഇരുവരെയും അവര്‍ തള്ളിക്കളഞ്ഞു. അപ്പോള്‍ നാം മൂന്നാമനെ നിയോഗിച്ച് അവരെ ബലപ്പെടുത്തി. അവരൊക്കെയും പറഞ്ഞു: ‘ഞങ്ങള്‍ നിങ്ങളിലേക്കു ദൈവദൂതന്മാരായി അയക്കപ്പെട്ടവര്‍തന്നെയാകുന്നു.’ നാട്ടുകാര്‍ പറഞ്ഞു: ‘നിങ്ങള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യരല്ലാതെ മറ്റാരുമല്ല.11 ദയാപരനായ ദൈവമാകട്ടെ, ഒരിക്കലും യാതൊന്നും ഇറക്കിയിട്ടുമില്ല.12നിങ്ങള്‍ പറയുന്നത് പെരും നുണതന്നെ.’

(16-19) ദൈവദൂതന്മാര്‍ പറഞ്ഞു: ‘ഞങ്ങള്‍ നിങ്ങളിലേക്കു ദൈവദൂതന്മാരായി നിയോഗിക്കപെട്ടവര്‍തന്നെയാണെന്ന് ഞങ്ങളുടെ റബ്ബ് അറിയുന്നു. വ്യക്തമായ സന്ദേശമെത്തിച്ചുതരിക എന്നതല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരുത്തരവാദിത്വവുമില്ല.’13 നാട്ടുകാര്‍ ഘോഷിച്ചു: ‘ഒരു ദുശ്ശകുനമായിട്ടാണ് ഞങ്ങള്‍ നിങ്ങളെ കാണുന്നത്.14 ഈ സംരംഭത്തില്‍നിന്ന് വിരമിച്ചില്ലെങ്കില്‍, ഞങ്ങള്‍ നിങ്ങളെ കല്ലെറിയും. വേദനയേറിയ ശിക്ഷതന്നെ നിങ്ങള്‍ക്കേല്‍ക്കേണ്ടിവരും.’ ദൈവദൂതന്മാര്‍ ഉത്തരം കൊടുത്തു: ‘നിങ്ങളുടെ ദുശ്ശകുനം നിങ്ങളുടെ കൂടെത്തന്നെയാകുന്നു.15ഉദ്‌ബോധനം ചെയ്യപ്പെട്ടതിന്റെ പേരിലാണോ, ഇങ്ങനെയൊക്കെ ചെയ്യുന്നത്. നിങ്ങള്‍ അതിരുവിട്ട ജനമാകുന്നു എന്നതത്രെ വാസ്തവം16 .

10. ഈ നാടുകൊണ്ടുദ്ദേശിക്കുന്നത് സിറിയയിലെ അന്തോക്കിയാ പട്ടണമാണെന്നും ഇവിടെ പറഞ്ഞ ദൂതന്‍മാര്‍ ഈസാനബി(അ) അവിടേക്കയച്ച പ്രബോധകന്മാരാണെന്നും പഴയ കാല ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവെ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇവ്വിഷയകമായുദ്ധരിക്കപ്പെടുന്ന കഥയുടെ വിശദാംശങ്ങളില്‍, അക്കാലത്ത് ഈ പ്രദേശങ്ങളിലെ രാജാവ് ആന്തിയോക്കസ് ആയിരുന്നുവെന്നു കാണാം. എന്നാല്‍, ഈ കഥയെല്ലാം ഇബ്‌നു അബ്ബാസ്, ഖതാദ, ഇക്‌രിമ, കഅ്ബുല്‍ അഹ്ബാര്‍, വഹബുബ്‌നു മുനബ്ബഹ് മുതലായ മഹാന്മാര്‍ ഉദ്ധരിച്ചിട്ടുണ്ടെങ്കിലും അവരത് അവിശ്വസനീയമായ ക്രിസ്ത്യന്‍ റിപ്പോര്‍ട്ടുകളില്‍നിന്ന് എടുത്തതാണെന്ന് മാത്രമല്ല ചരിത്രപരമായി നോക്കുമ്പോള്‍ തികച്ചും അടിസ്ഥാനരഹിതവുമാണ്. അന്തോക്കിയയില്‍ സലൂക്കി രാജവംശത്തില്‍ പതിമൂന്നു രാജാക്കന്‍മാര്‍ ആന്തിയോക്കസ് എന്ന നാമധേയത്തില്‍ അറിയപ്പെട്ടിരുന്നു. ഈ നാമത്തിലുള്ള അവസാനത്തെ രാജാവിന്റെ ഭരണം മാത്രമല്ല, ഈ വംശത്തിന്റെ ഭരണംതന്നെ ക്രി. മു. അറുപത്തഞ്ചില്‍ അവസാനിച്ചിരുന്നു. ഈസാ(അ)യുടെ കാലത്ത് അന്തോക്കിയ അടക്കം സിറിയ-ഫലസ്ത്വീന്‍ പ്രദേശങ്ങള്‍ മുഴുവനും റോമക്കാരുടെ അധീനത്തിലായിരുന്നു. മാത്രമല്ല, ഈസാ നബി(അ)യുടെ അനുയായികളില്‍ ആരെയെങ്കിലും പ്രബോധനത്തിനായി അന്തോക്കിയയിലേക്കയച്ചുവെന്ന് ആധികാരികമായ ഒരു ക്രൈസ്തവരേഖയില്‍നിന്നും തെളിയുന്നില്ല. മറിച്ച് ബൈബിളിലെ ‘അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍’ എന്ന അധ്യായത്തില്‍നിന്ന് മനസ്സിലാകുന്നത് കുരിശു സംഭവത്തിന്റെ കുറച്ചുകൊല്ലങ്ങള്‍ക്കു ശേഷമാണ് ക്രൈസ്തവ മിഷനറിമാര്‍ ആദ്യമായവിടെ എത്തിയതെന്നത്രെ. അതിനാല്‍, അല്ലാഹു ദൂതന്‍മാരായി നിയോഗിക്കുകയോ അല്ലാഹുവിന്റെ പ്രവാചകന്‍ ദൗത്യമെത്തിക്കാന്‍ വേണ്ടി നിയമിക്കുകയോ ചെയ്യാതെ സ്വന്തം നിലക്ക് പ്രബോധന പ്രവര്‍ത്തനത്തിനിറങ്ങിയവരെക്കുറിച്ച് ഒരു വ്യാഖ്യാനപ്രകാരവും അല്ലാഹുവിന്റെ ദൂതന്‍മാരെന്ന് പറയാവതല്ലെന്ന് വ്യക്തം. കൂടാതെ ബൈബിള്‍ വിവരണപ്രകാരം ഇസ്‌റാഈല്യരല്ലാത്തവര്‍ വര്‍ധമാനമായ തോതില്‍ ക്രിസ്തുമതം സ്വീകരിക്കുകയും ചര്‍ച്ചിന് അനിതരസാധാരണമായ വിജയം കൈവരുകയും ചെയ്ത ആദ്യത്തെ നഗരമാണ് അന്തോക്കിയ. എന്നാല്‍, ഖുര്‍ആനില്‍ പരാമൃഷ്ടമായ ഈ പട്ടണമാകട്ടെ, പ്രവാചകന്‍മാരുടെ പ്രബോധനത്തെ തള്ളിക്കളയുകയും അവസാനം ദൈവശിക്ഷക്ക് ശരവ്യമാവുകയും ചെയ്ത ഒരു പ്രദേശമത്രെ. പ്രവാചക ദൗത്യം അംഗീകരിക്കാത്തതിനുള്ള ശിക്ഷയെന്ന് വ്യവഹരിക്കാവുന്ന ഇത്തരം ഒരു നാശവും അന്തോക്കിയയെ ബാധിച്ചതിന് ചരിത്രത്തില്‍ ഒരു തെളിവും ലഭിക്കുന്നുമില്ല. ഇക്കാരണങ്ങളാല്‍ ഈ പ്രദേശംകൊണ്ടുദ്ദേശ്യം അന്തോക്കിയയാണെന്ന അഭിപ്രായം അംഗീകാരയോഗ്യമല്ല. ഖുര്‍ആനിലൂടെയോ, പ്രബലമായ ഹദീസുകളിലൂടെയോ പ്രസ്തുത പ്രദേശം ഏതാണെന്ന് നിര്‍ണയിക്കപ്പെട്ടിട്ടുമില്ല. തന്നെയുമല്ല, ഈ ദൂതന്‍മാര്‍ ആരായിരുന്നുവെന്നോ ഏത് കാലത്ത് നിയോഗിക്കപ്പെട്ടവരാണെന്നോ അവലംബനീയമായ ഒരു മാര്‍ഗേണയും മനസ്സിലാകുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ ഏത് ലക്ഷ്യംവെച്ചാണോ ഈ കഥ ഇവിടെ പരാമര്‍ശിക്കുന്നത് അത് ഗ്രഹിക്കാന്‍ ആ പ്രദേശത്തിന്റെയോ പ്രസ്തുത ദൂതന്‍മാരുടെയോ പേരുകള്‍ അറിയേണ്ട ആവശ്യവുമില്ല. ആ നഗരവാസികള്‍ അവലംബിച്ച സത്യനിഷേധത്തിന്റെയും പക്ഷപാതിത്വത്തിന്റെയും ദുര്‍വാശിയുടെയും മാര്‍ഗംതന്നെയാണ് നിങ്ങളും സ്വീകരിക്കുന്നതെങ്കില്‍ അവര്‍ അഭിമുഖീകരിച്ച അതേ പരിണാമത്തിനാണ് നിങ്ങള്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നതെന്ന് ഖുറൈശികളെ ഉണര്‍ത്തുകയാണ് ഈ കഥാകഥനത്തിന്റെ ലക്ഷ്യം.

11. നിങ്ങള്‍ കേവലം മനുഷ്യരായതിനാല്‍ ദൈവനിയുക്തരായ പ്രവാചകന്‍മാരാവുക സാധ്യമല്ല എന്നതായിരുന്നു മറ്റൊരു ഭാഷയില്‍ അവരുടെ വാദം. മക്കയിലെ അവിശ്വാസികളുടെ ചിന്താഗതിയും ഇതുതന്നെയായിരുന്നു. മുഹമ്മദ് നബി(സ) ഒരു മനുഷ്യനായതിനാല്‍ അദ്ദേഹം പ്രവാചകനല്ലെന്ന് അവര്‍ പറഞ്ഞിരുന്നു. وَقَالُوا مَالِ هَٰذَا الرَّسُولِ يَأْكُلُ الطَّعَامَ وَيَمْشِي فِي الْأَسْوَاقِ – الفرقان : ٧ (അവര്‍ പറയുന്നു: ഈ പ്രവാചകന്നെന്താണ്? അയാള്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നു.) وَأَسَرُّوا النَّجْوَى الَّذِينَ ظَلَمُوا هَلْ هَٰذَا إِلَّا بَشَرٌ مِّثْلُكُمْ أَفَتَأْتُونَ السِّحْرَ وَأَنتُمْ تُبْصِرُونَ – الانبياء : ٣ (അക്രമികളായ ഇക്കൂട്ടര്‍ രഹസ്യമായി തമ്മില്‍ പറയുന്നു: ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍മാത്രമല്ലേ? എന്നിട്ടും നിങ്ങള്‍ കണ്ടുകൊണ്ട് ഈ മായാജാലത്തിന് വിധേയരാവുകയാണോ?) മക്കയിലെ അവിശ്വാസികളുടെ ഈ മൂഢചിന്തയെ ഖണ്ഡിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ഇന്ന് ഇദംപ്രഥമമായി ഇക്കൂട്ടരില്‍നിന്ന് വെളിപ്പെടുന്ന ഒരു പുതിയ മൗഢ്യമല്ല ഇത്. നേരെമറിച്ച് അതിപ്രാചീനകാലം മുതല്‍ സകല മൂഢന്‍മാരും മനുഷ്യരായ ആര്‍ക്കും പ്രവാചകനാവുക സാധ്യമല്ലെന്നും പ്രവാചകനായ ആരും മനുഷ്യനായിരിക്കുകയില്ലെന്നുമുള്ള തെറ്റിദ്ധാരണയില്‍ അകപ്പെട്ടിരുന്നു. നൂഹ്‌നബി(അ)യുടെ പ്രവാചകത്വം നിഷേധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ നേതാക്കളും ഇതുതന്നെയാണ് പറഞ്ഞിരുന്നത്: مَا هَٰذَا إِلَّا بَشَرٌ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَاءَ اللَّهُ لَأَنزَلَ مَلَائِكَةً مَّا سَمِعْنَا بِهَٰذَا فِي آبَائِنَا الْأَوَّلِينَ – المؤمنون : ٢٤ (ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്; നിങ്ങളുടെ മീതെ തന്റെ മഹത്ത്വം അടിച്ചേല്‍പിക്കാനാണ് അയാളുദ്ദേശിക്കുന്നത്. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കുമായിരുന്നു. പൂര്‍വപിതാക്കളില്‍നിന്ന് ഇതൊന്നും ഒരിക്കലും ഞങ്ങള്‍ കേട്ടിട്ടില്ല.) ഹ. ഹൂദിനെപ്പറ്റി ആദ് ജനത പറഞ്ഞതും ഇതേകാര്യംതന്നെ: مَا هَٰذَا إِلَّا بَشَرٌ مِّثْلُكُمْ يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ . وَلَئِنْ أَطَعْتُم بَشَرًا مِّثْلَكُمْ إِنَّكُمْ إِذًا لَّخَاسِرُونَ – المؤمنون : ٣٣-٣٤ (ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. അയാള്‍ നിങ്ങള്‍ തിന്നുന്നത് തിന്നുകയും നിങ്ങള്‍ കുടിക്കുന്നത് കുടിക്കുകയും ചെയ്യുന്നു. നിങ്ങളെപ്പോലുള്ള ഒരു മനുഷ്യനെ അനുസരിക്കുന്നപക്ഷം തീര്‍ച്ചയായും നിങ്ങള്‍ നഷ്ടം പിണഞ്ഞവര്‍തന്നെയായിരിക്കും.) സമൂദ് ജനത സ്വാലിഹിനെ സംബന്ധിച്ച് പറഞ്ഞതും മറ്റൊന്നല്ല: أَبَشَرًا مِّنَّا وَاحِدًا نَّتَّبِعُهُ – القمر : ٢٤ (ഞങ്ങളില്‍നിന്നുള്ള ഒരു മനുഷ്യനെ ഞങ്ങള്‍ പിന്‍പറ്റുകയോ?) ഏകദേശം ഇതേ പെരുമാറ്റംതന്നെ സര്‍വ പ്രവാചകന്‍മാര്‍ക്കും നേരിടേണ്ടിവന്നു. അവിശ്വാസികള്‍ അവരോട് പറഞ്ഞു: إن أنتم إلاّ بشر مثلنا (നിങ്ങള്‍ ഞങ്ങളെപ്പോലെ കേവലം മനുഷ്യര്‍ മാത്രമാണ്). പ്രവാചകന്‍മാര്‍ അതിന് ഇങ്ങനെ മറുപടി പറഞ്ഞു: إِن نَّحْنُ إِلَّا بَشَرٌ مِّثْلُكُمْ وَلَٰكِنَّ اللَّهَ يَمُنُّ عَلَىٰ مَن يَشَاءُ مِنْ عِبَادِهِ – ابراهيم : ١١ (ഞങ്ങള്‍ നിങ്ങളെപ്പോലുള്ള മനുഷ്യര്‍തന്നെയാണ്. പക്ഷേ, അല്ലാഹു തന്റെ അടിമകളില്‍നിന്ന് അവനിച്ഛിക്കുന്നവരുടെമേല്‍ അനുഗ്രഹങ്ങള്‍ കനിഞ്ഞരുളുന്നു.) ഇതേ മൂഢവിചാരം എല്ലാ കാലത്തും മനുഷ്യനെ സന്മാര്‍ഗം സ്വീകരിക്കുന്നതില്‍നിന്ന് അകറ്റി നിര്‍ത്തിയിട്ടുണ്ടെന്നും തദടിസ്ഥാനത്തില്‍ അവര്‍ക്ക് നാശം ഭവിച്ചുവെന്നും വിശുദ്ധ ഖുര്‍ആന്‍ ഇതിനുശേഷം പ്രസ്താവിക്കുന്നു: أَلَمْ يَأْتِكُمْ نَبَأُ الَّذِينَ كَفَرُوا مِن قَبْلُ فَذَاقُوا وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ . ذَٰلِكَ بِأَنَّهُ كَانَت تَّأْتِيهِمْ رُسُلُهُم بِالْبَيِّنَاتِ فَقَالُوا أَبَشَرٌ يَهْدُونَنَا فَكَفَرُوا وَتَوَلَّوا ۚ – التغابن : ٥-٦ (ഇതിനുമുമ്പ് സത്യം നിഷേധിച്ചവരുടെ വൃത്താന്തം നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ലേ? അവരുടെ ചെയ്തിയുടെ വിപത്ത് അവര്‍തന്നെ അനുഭവിക്കുകയുണ്ടായി. (ഭാവിയില്‍) അവര്‍ക്ക് വേദനാജനകമായ ശിക്ഷയുമുണ്ട്. വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി പ്രവാചകന്‍മാര്‍ അവരുടെ അടുത്ത് വന്നുകൊണ്ടിരുന്നപ്പോള്‍ മനുഷ്യരാണോ ഞങ്ങളെ മാര്‍ഗദര്‍ശനം ചെയ്യാന്‍ പോകുന്നത് എന്നു ചോദിച്ചുകൊണ്ട് അവര്‍ സത്യം നിഷേധിക്കുകയും പിന്തിരിഞ്ഞുകളയുകയും ചെയ്തുവെന്നതത്രെ അതിന് കാരണം.) وَمَا مَنَعَ النَّاسَ أَن يُؤْمِنُوا إِذْ جَاءَهُمُ الْهُدَىٰ إِلَّا أَن قَالُوا أَبَعَثَ اللَّهُ بَشَرًا رَّسُولًا – الاسراء : ٩٤ (തങ്ങള്‍ക്ക് സന്മാര്‍ഗം വന്നുകിട്ടിയപ്പോള്‍ അത് വിശ്വസിക്കുന്നതില്‍നിന്ന് ജനങ്ങളെ തടഞ്ഞത്, ഒരു മനുഷ്യനെയാണോ അല്ലാഹു പ്രവാചകനായി നിയോഗിച്ചതെന്ന അവരുടെ ചോദ്യം മാത്രമായിരുന്നു.) അല്ലാഹു എക്കാലത്തും മനുഷ്യരെത്തന്നെയാണ് പ്രവാചകന്മാരായി അയച്ചിട്ടുള്ളതെന്നും മനുഷ്യന്റെ മാര്‍ഗദര്‍ശനത്തിന് മലക്കുകളോ മനുഷ്യനെക്കാളുയര്‍ന്ന മറ്റ് അസ്തിത്വങ്ങളോ അല്ല പ്രവാചകനായിരിക്കേണ്ടതെന്നും പിന്നീട് വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി പ്രസ്താവിക്കുന്നു: وَمَا أَرْسَلْنَا قَبْلَكَ إِلَّا رِجَالًا نُّوحِي إِلَيْهِمْ فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ . وَمَا جَعَلْنَاهُمْ جَسَدًا لَّا يَأْكُلُونَ الطَّعَامَ وَمَا كَانُوا خَالِدِينَ – الانبياء : ٧-٨ (നാം ബോധനം നല്‍കുന്ന പുരുഷന്‍മാരെയല്ലാതെ നിനക്കു മുമ്പ് ദൂതന്‍മാരായി അയച്ചിട്ടില്ല. നിങ്ങള്‍ക്കറിവില്ലെങ്കില്‍ ജ്ഞാനമുള്ളവരോട് ചോദിക്കുവിന്‍. അവരെ നാം ഭക്ഷണം കഴിക്കാത്ത ദേഹങ്ങളാക്കി സൃഷ്ടിച്ചിട്ടില്ല. അവര്‍ എന്നും ജീവിക്കുന്നവരുമായിരുന്നില്ല.) وَمَا أَرْسَلْنَا قَبْلَكَ مِنَ الْمُرْسَلِينَ إِلَّا إِنَّهُمْ لَيَأْكُلُونَ الطَّعَامَ وَيَمْشُونَ فِي الْأَسْوَاقِ – الفرقان : ٢٠ (നാം നിനക്ക് മുമ്പ് നിയോഗിച്ച പ്രവാചകന്‍മാരെല്ലാം തീര്‍ച്ചയായും ഭക്ഷണം കഴിക്കുന്നവരും അങ്ങാടികളില്‍ കൂടി നടക്കുന്നവരും ആയിരുന്നു.) قُل لَّوْ كَانَ فِي الْأَرْضِ مَلَائِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ السَّمَاءِ مَلَكًا رَّسُولًا (പറയുക: ഭൂമിയില്‍ സ്ഥിരതാമസക്കാരായി കഴിഞ്ഞുകൂടുന്ന മലക്കുകളുണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് ആകാശത്തുനിന്ന് മലക്കിനെത്തന്നെ നാം പ്രവാചകനായി ഇറക്കുമായിരുന്നു.)

12. മക്കയിലെ അവിശ്വാസികള്‍ അകപ്പെട്ട മറ്റൊരു വിഡ്ഢിത്തമാണിത്. ഇന്ന് യുക്തിവാദികളെന്ന പേരിലറിയപ്പെടുന്നവരും അതിപുരാതനകാലം മുതല്‍ എക്കാലത്തുമുള്ള ‘വഹ്‌യ്’ നിഷേധികളും പ്രവാചകദൗത്യം അംഗീകരിക്കാത്തവരും ഇതില്‍ അകപ്പെട്ടതായി കാണാം. അല്ലാഹു മനുഷ്യന്റെ മാര്‍ഗദര്‍ശനത്തിനുവേണ്ടി ഒരിക്കലും ദിവ്യബോധനം നല്‍കുകയില്ലെന്നും അവന്ന് ഉപരിലോകത്തെ കാര്യങ്ങളില്‍ മാത്രമേ താല്‍പര്യമുള്ളൂവെന്നും മനുഷ്യരുടെ പ്രശ്‌നങ്ങള്‍ അവന്‍ അവര്‍ക്കുതന്നെ വിട്ടുകൊടുത്തിരിക്കുകയാണെന്നും അത്തരക്കാര്‍ എന്നും ധരിച്ചുവരുന്നതായി കാണാം.

13. നിങ്ങള്‍ക്കെത്തിച്ചു തരാന്‍ ലോകരക്ഷിതാവ് ഞങ്ങളെ ഏല്‍പിച്ചിട്ടുള്ള സന്ദേശം എത്തിച്ചുതരിക മാത്രമാണ് ഞങ്ങളുടെ ജോലി. അത് അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നിങ്ങളെ ബലാല്‍ക്കാരം അംഗീകരിപ്പിക്കുക എന്നത് ഞങ്ങളുടെ ബാധ്യതയല്ല. നിങ്ങള്‍ അതംഗീകരിക്കുന്നില്ലെങ്കില്‍ അതിന്റെ പേരില്‍ ഞങ്ങളെ പിടികൂടുകയുമില്ല. മറിച്ച്, നിങ്ങളുടെ ആ പാതകത്തിന്റെ ഉത്തരവാദിത്വം നിങ്ങള്‍തന്നെ സ്വയം ഏറ്റെടുക്കേണ്ടിവരും.

14. നിങ്ങള്‍ ഞങ്ങളെ സംബന്ധിച്ചേടത്തോളം ഒരു ദുശ്ശകുനമാണെന്നാണ് ഇതുകൊണ്ടവര്‍ ഉദ്ദേശിക്കുന്നത്. നിങ്ങള്‍ ഞങ്ങളുടെ ആരാധ്യന്‍മാര്‍ക്കെതിരില്‍ പറയാന്‍ തുടങ്ങിയ കാര്യങ്ങള്‍ ആ ദേവതകളെ ക്ഷുഭിതരാക്കിയിരിക്കുന്നു. അതിനാല്‍, ഇപ്പോള്‍ ഞങ്ങളുടെ മേല്‍ ഇറങ്ങുന്ന എല്ലാ വിപത്തുകള്‍ക്കും കാരണം നിങ്ങളാണെന്നര്‍ഥം. തികച്ചും ഇതേ കാര്യങ്ങള്‍തന്നെയാണ് അറേബ്യയിലെ അവിശ്വാസികളും കപടവിശ്വാസികളും നബി(സ)യെക്കുറിച്ചും ഉന്നയിച്ചിരുന്നത്. ഖുര്‍ആന്‍ പറയുന്നു: وَإِن تُصِبْهُمْ سَيِّئَةٌ يَقُولُوا هَٰذِهِ مِنْ عِندِكَۚ – النساء : ٧٨ (അവര്‍ക്ക് വല്ല വിഷമവും ബാധിച്ചാല്‍, ഇത് നീ കാരണമാണെന്ന് അവര്‍ പറയും.) ഇത്തരം ബുദ്ധിശൂന്യമായ വാദങ്ങള്‍ പഴയകാലത്തെ ജനങ്ങളും തങ്ങളുടെ പ്രവാചകന്‍മാരെപ്പറ്റി പുറപ്പെടുവിച്ചിരുന്നുവെന്ന്, ഇതേ കാരണത്താല്‍ വിശുദ്ധ ഖുര്‍ആനില്‍ പലേടത്തും സത്യനിഷേധികളോട് പറയുന്നതായി കാണാം. സമൂദ് ജനത അവരുടെ പ്രവാചകനോട് പറഞ്ഞു: اطَّيَّرْنَا بِكَ وَبِمَن مَّعَكَ – النمل : ٤٧ (നിന്നെയും നിന്റെ കൂടെയുള്ളവരെയും ഞങ്ങള്‍ ദുശ്ശകുനമായി കാണുന്നു.) ഫറോവാ പ്രഭൃതികളുടെ നിലപാടും ഇതുതന്നെയായിരുന്നു: فَإِذَا جَاءَتْهُمُ الْحَسَنَةُ قَالُوا لَنَا هَٰذِهِ ۖ وَإِن تُصِبْهُمْ سَيِّئَةٌ يَطَّيَّرُوا بِمُوسَىٰ وَمَن مَّعَهُ – الاعراف : ١٣١ (അവര്‍ക്ക് ഗുണമുണ്ടായാല്‍ ഇത് ഞങ്ങളുടെ ഭാഗ്യമാണെന്ന് പറയും. അവര്‍ക്ക് വല്ല തിന്മയും ബാധിക്കുകയാണെങ്കില്‍ അത് മൂസായുടെയും അദ്ദേഹത്തോടൊപ്പമുള്ളവരുടെയും ശകുനക്കേടാണെന്നും വാദിക്കും.)

15. ആരും ആരുടെയും ദുശ്ശകുനമല്ല. ഓരോരുത്തരുടെയും ഭാഗധേയം സ്വന്തം പിരടിയില്‍ ബന്ധിതമാണ്. തിന്മ കാണുന്നുവെങ്കില്‍ അത് നിങ്ങളുടെ വിഹിതം; നന്മയാണ് കാണുന്നതെങ്കില്‍ അതും നിങ്ങളുടെ വിഹിതംതന്നെയാണെന്നര്‍ഥം. وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ – الاسراء : ١٣ (ഓരോ മനുഷ്യന്റെയും ഭാഗധേയം അവന്റെ പിരടിയില്‍ത്തന്നെ നാം ബന്ധിച്ചിരിക്കുന്നു.)

16. യഥാര്‍ഥത്തില്‍, നിങ്ങള്‍ നന്മയില്‍നിന്ന് ഒളിച്ചോടാന്‍ ആഗ്രഹിക്കുകയും സന്മാര്‍ഗത്തിനു പകരം വഴികേട് ഇഷ്ടപ്പെടുകയും ചെയ്യുന്നു. തെളിവിന്റെ അടിസ്ഥാനത്തില്‍ സത്യവും അസത്യവും വിവേചിക്കുന്നതിനുപകരം നിങ്ങള്‍ അന്ധവിശ്വാസങ്ങളുടെയും മൂഢവിചാരങ്ങളുടെയും അടിസ്ഥാനത്തില്‍ ഒഴികഴിവുകള്‍ കണ്ടെത്തുന്നത് അതുകൊണ്ടാണെന്നര്‍ഥം.

പറഞ്ഞുകൊടുക്കുക = وَاضْرِبْ

അവര്‍ക്ക് = لَهُم

ഒരു ഉദാഹരണമെന്ന നിലയില്‍ = مَّثَلًا

ആ നാട്ടുകാരുടെ കഥ = أَصْحَابَ الْقَرْيَةِ

അവിടെ ചെന്ന സന്ദര്‍ഭം = إِذْ جَاءَهَا

ദൈവദൂതന്‍മാര്‍ = الْمُرْسَلُونَ

നാം അയച്ചപ്പോള്‍ = إِذْ أَرْسَلْنَا

അവരിലേക്ക് = إِلَيْهِمُ

രണ്ടു(ദൈവദൂതന്‍മാരെ) = اثْنَيْنِ

അപ്പോള്‍ അവരിരുവരേയും ആ ജനം നിഷേധിച്ചു തള്ളി = فَكَذَّبُوهُمَا

പിന്നെ നാം അവര്‍ക്ക് പിന്‍ബലം നല്‍കി = فَعَزَّزْنَا

മൂന്നാമതൊരാളെ (അയച്ചു) കൊണ്ട് = بِثَالِثٍ

അങ്ങനെ അവര്‍ പറഞ്ഞു = فَقَالُوا

നിശ്ചയമായും ഞങ്ങള്‍ = إِنَّا

നിങ്ങളുടെ അടുത്തേക്ക് = إِلَيْكُم

നിയോഗിക്കപ്പെട്ട ദൈവദൂതരാണ് = مُّرْسَلُونَ

ആ ജനം പറഞ്ഞു = قَالُوا

നിങ്ങളല്ല = مَا أَنتُمْ

മനുഷ്യരല്ലാതെ = إِلَّا بَشَرٌ

ഞങ്ങളെപ്പോലെയുള്ള = مِّثْلُنَا

അവതരിപ്പിച്ചിട്ടില്ല = وَمَا أَنزَلَ

പരമകാരുണികനായ ദൈവം = الرَّحْمَٰنُ

ഒന്നും തന്നെ = مِن شَيْءٍ

നിങ്ങള്‍ കളവു പറയുക മാത്രമാണ് = إِنْ أَنتُمْ إِلَّا تَكْذِبُونَ

അവര്‍ പറഞ്ഞു = قَالُوا

ഞങ്ങളുടെ നാഥന്‍ = رَبُّنَا

അറിയും = يَعْلَمُ

തീര്‍ച്ചയായും ഞങ്ങള്‍ = إِنَّا

നിങ്ങളുടെ അടുത്തേക്ക് = إِلَيْكُمْ

നിയോഗിക്കപ്പെട്ട ദൈവദൂതന്‍മാരാണെന്ന് = لَمُرْسَلُونَ

ഞങ്ങള്‍ക്ക് ബാധ്യതയില്ല = وَمَا عَلَيْنَا

സന്ദേശം എത്തിച്ചുതരലല്ലാതെ = إِلَّا الْبَلَاغُ

വ്യക്തമായ = الْمُبِينُ

ആ ജനം പറഞ്ഞു = قَالُوا

ഞങ്ങള്‍ ദു:ശ്ശകുനമായി കാണുന്നു = إِنَّا تَطَيَّرْنَا

നിങ്ങളെ = بِكُمْۖ

നിങ്ങളിത് നിര്‍ത്തുന്നില്ലെങ്കില്‍ = لَئِن لَّمْ تَنتَهُوا

ഞങ്ങള്‍ നിങ്ങളെ എറിഞ്ഞോടിക്കുക തന്നെ ചെയ്യും = لَنَرْجُمَنَّكُمْ

നിങ്ങളെ ബാധിക്കുക തന്നെ ചെയ്യും = وَلَيَمَسَّنَّكُم

ഞങ്ങളില്‍ നിന്ന് = مِّنَّا

ശിക്ഷ = عَذَابٌ

വേദനയേറിയ = أَلِيمٌ

(ദൂതന്‍മാര്‍) പറഞ്ഞു = قَالُوا

നിങ്ങളുടെ ദു:ശ്ശകുനം = طَائِرُكُم

നിങ്ങളോടൊപ്പമുള്ളതു തന്നെയാണ് = مَّعَكُمْۚ

നിങ്ങള്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടാല്‍(ഇതാണോ നിങ്ങളുടെ നിലപാട്) = أَئِن ذُكِّرْتُمۚ

എന്നാല്‍ = بَلْ നിങ്ങള്‍ = أَنتُمْ

ഒരു ജനം തന്നെയാണ് = قَوْمٌ

അതിരുകവിഞ്ഞ = مُّسْرِفُونَ

Add comment

Your email address will not be published. Required fields are marked *