യാസീന്‍ – സൂക്തങ്ങള്‍: 20-27

وَجَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ ﴿٢٠﴾ اتَّبِعُوا مَن لَّا يَسْأَلُكُمْ أَجْرًا وَهُم مُّهْتَدُونَ ﴿٢١﴾ وَمَا لِيَ لَا أَعْبُدُ الَّذِي فَطَرَنِي وَإِلَيْهِ تُرْجَعُونَ ﴿٢٢﴾ أَأَتَّخِذُ مِن دُونِهِ آلِهَةً إِن يُرِدْنِ الرَّحْمَٰنُ بِضُرٍّ لَّا تُغْنِ عَنِّي شَفَاعَتُهُمْ شَيْئًا وَلَا يُنقِذُونِ ﴿٢٣﴾ إِنِّي إِذًا لَّفِي ضَلَالٍ مُّبِينٍ﴿٢٤﴾ إِنِّي آمَنتُ بِرَبِّكُمْ فَاسْمَعُونِ ﴿٢٥﴾قِيلَ ادْخُلِ الْجَنَّةَۖ قَالَ يَا لَيْتَ قَوْمِي يَعْلَمُونَ ﴿٢٦﴾ بِمَا غَفَرَ لِي رَبِّي وَجَعَلَنِي مِنَ الْمُكْرَمِينَ ﴿٢٧﴾

(20-25) ഈ സന്ദര്‍ഭത്തില്‍ പട്ടണത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഒരാള്‍ ഓടിയെത്തിയിട്ടു പറഞ്ഞു: ‘എന്റെ ജനമേ, ദൈവദൂതന്മാരെ പിന്‍പറ്റുവിന്‍. നിങ്ങളോടു പ്രതിഫലമൊന്നും ആവശ്യപ്പെടാത്തവരും സന്മാര്‍ഗസ്ഥരുമായ അക്കൂട്ടരെ പിന്‍പറ്റുവിന്‍.17 ആരാണോ എന്നെ സൃഷ്ടിച്ചത്, ആരിലേക്കാണോ നിങ്ങളെല്ലാവരും തിരിച്ചുചെല്ലേണ്ടത്, അവന്ന് ഞാന്‍ ഇബാദത്തു ചെയ്യാതിരിക്കുന്നതെന്തിന്?18 ഞാന്‍ അവനെ വെടിഞ്ഞ് ഇതര ദൈവങ്ങളെ സ്വീകരിക്കുകയോ? എന്നാല്‍, ദയാപരനായ ദൈവം വല്ല ദോഷവും ഉദ്ദേശിച്ചാല്‍, ഇവരുടെ ശിപാര്‍ശകള്‍ എനിക്ക് ഒരു ഫലവും ചെയ്യുകയില്ല. ഇവര്‍ രക്ഷിക്കുകയുമില്ല.19 ഞാനോ അങ്ങനെ ചെയ്താല്‍, സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടതുതന്നെ.20 ഞാന്‍ നിങ്ങളുടെ നാഥനില്‍ വിശ്വസിച്ചിരിക്കുന്നു.21 നിങ്ങള്‍ ഞാന്‍ പറയുന്നത് കേള്‍ക്കുവിന്‍.’

(26-27) (പക്ഷേ, ആ ജനം അദ്ദേഹത്തെ കൊന്നുകളഞ്ഞു). അദ്ദേഹത്തോട് ‘നീയങ്ങ് സ്വര്‍ഗത്തിലേക്ക് കടന്നുകൊള്ളുക’ എന്ന് പറയപ്പെട്ടു.22അദ്ദേഹം പറഞ്ഞതോ, കഷ്ടം! എന്തിന്റെ പേരിലാണ് റബ്ബ് എനിക്ക് പാപമോചനമരുളിയതെന്നും എന്നെ ആദരണീയരായ മഹത്തുക്കളിലുള്‍പ്പെടുത്തിയതെന്നും എന്റെ ജനം അറിയുകയാണെങ്കില്‍!23 

 

17. ഈ ഒരു വാക്യത്തില്‍ത്തന്നെ ആ ദൈവദാസന്‍ പ്രവാചകത്വവാദത്തിനുള്ള എല്ലാ തെളിവുകളും സംഗ്രഹിച്ചിരിക്കുന്നു. ഒരു പ്രവാചകന്റെ സത്യാവസ്ഥ രണ്ട് കാര്യങ്ങളിലൂടെ പരീക്ഷിക്കാവുന്നതാണ്. ഒന്ന്, അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും. രണ്ട്, അദ്ദേഹത്തിന്റെ നിസ്വാര്‍ഥത. അദ്ദേഹം ഉന്നയിച്ച തെളിവുകള്‍ ഇങ്ങനെ സംഗ്രഹിക്കാം: ഒന്നാമതായി, ഈ ദൂതന്‍മാര്‍ പറയുന്നത് തികച്ചും യുക്തിനിഷ്ഠമായ കാര്യങ്ങളാണ്. അവരുടെ ജീവിതം തികച്ചും കറയറ്റതാണ്. ഈ മതപ്രബോധനം സ്വന്തമായ എന്തെങ്കിലും താല്‍പര്യത്തിനുവേണ്ടി ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടുക ആര്‍ക്കും സാധ്യമല്ല. എന്നിരിക്കുമ്പോള്‍ അവരുടെ വാക്കുകള്‍ അംഗീകരിക്കാതിരിക്കാന്‍ ഒരു കാരണവും കാണുന്നില്ല. ഈ വ്യക്തി പറഞ്ഞ തെളിവുകള്‍ ഉദ്ധരിച്ച് വിശുദ്ധ ഖുര്‍ആന്‍ ജനങ്ങളുടെ മുമ്പില്‍ ഒരു മാനദണ്ഡം വെച്ചിരിക്കയാണ്. അതെ, നബി(സ)യുടെ പ്രവാചകത്വം പരിശോധിക്കണമെന്നുണ്ടെങ്കില്‍ ഈ ഉരകല്ലിന്മേല്‍ ഉരച്ചു പരിശോധിക്കുക എന്നതാണിതിന്റെ സൂചന. മുഹമ്മദ് നബിയുടെ വാക്കും പ്രവൃത്തിയും തിരുമേനി സന്മാര്‍ഗത്തിലാണെന്ന് വിളിച്ചുപറയുന്നു. മാത്രമല്ല, തിരുമേനിയുടെ അധ്വാന പരിശ്രമങ്ങള്‍ക്കു പിന്നില്‍ വ്യക്തിപരമായ ഏതെങ്കിലും താല്‍പര്യത്തിന്റെ ലാഞ്ഛനപോലുമില്ല. എങ്കില്‍പിന്നെ ബുദ്ധിയുള്ള ഒരു മനുഷ്യന്‍ ഏതടിസ്ഥാനത്തിലാണ് തിരുമേനിയുടെ വാക്കുകള്‍ തള്ളിക്കളയുക?

18. ഈ വാക്യം രണ്ട് ഭാഗമായിത്തിരിക്കാം. ആദ്യഭാഗം തെളിവിന്റെ മര്‍മമത്രെ. രണ്ടാം ഭാഗത്തിലാകട്ടെ, പ്രബോധനത്തിലെ യുക്തിയുടെ പാരമ്യം പ്രകടിപ്പിച്ചിരിക്കയാണ്. ആദ്യഭാഗത്ത് പറയുന്നത് സൃഷ്ടിച്ചവന്ന് അടിമവൃത്തി ചെയ്യുകയെന്നത് തികച്ചും ബുദ്ധിയുടെയും പ്രകൃതിയുടെയും താല്‍പര്യമാണെന്നത്രെ. ബുദ്ധിക്ക് നിരക്കാത്ത വല്ലതുമുണ്ടെങ്കില്‍ അത്, സൃഷ്ടിക്കാത്തവര്‍ക്ക് മനുഷ്യന്‍ അടിമവൃത്തി ചെയ്യുക എന്നതത്രെ. നേരെമറിച്ച്, സൃഷ്ടിച്ചവനാരോ, അവന്റെത്തന്നെ അടിമയായിരിക്കുകയെന്നത് തികച്ചും ബുദ്ധിപൂര്‍വമത്രെ. രണ്ടാം ഭാഗത്ത് അദ്ദേഹം തന്റെ ജനതയെ ഇങ്ങനെ ഉണര്‍ത്തുന്നു: ഏതായാലും നിങ്ങളും ഒരിക്കല്‍ മരിക്കേണ്ടവരാണല്ലോ. മരിച്ചശേഷമാകട്ടെ, ഏതൊരു അല്ലാഹുവിന്റെ അടിമത്തം സ്വീകരിക്കുന്നതിലാണോ നിങ്ങള്‍ക്കെതിര്‍പ്പുള്ളത് അതേ അല്ലാഹുവിലേക്കാണ് മടങ്ങിച്ചെല്ലേണ്ടത്. ഇനി സ്വയം ചിന്തിക്കുക, അവനില്‍നിന്ന് പിന്തിരിഞ്ഞുകൊണ്ട് നിങ്ങള്‍ക്ക് വല്ല നന്മയും പ്രതീക്ഷിക്കാനുണ്ടോ?

19. ഞാന്‍ വ്യക്തമായ കുറ്റം ചെയ്താല്‍ തങ്ങളുടെ ശിപാര്‍ശകൊണ്ടുമാത്രം അല്ലാഹു എനിക്ക് മാപ്പുനല്‍കാന്‍, അവര്‍ അല്ലാഹുവിന്റെ കൂട്ടാളികളൊന്നുമല്ലെന്നും, അല്ലാഹു എന്നെ ശിക്ഷിക്കാനുദ്ദേശിക്കുമ്പോള്‍ അവനില്‍നിന്ന് എന്നെ മോചിപ്പിക്കാനുതകുന്ന യാതൊരു ശക്തിയും അവര്‍ക്കില്ലെന്നുമര്‍ഥം.

20. ഇതെല്ലാം അറിഞ്ഞിട്ടും അവരെ ആരാധ്യരാക്കുകയാണെങ്കില്‍ ഞാന്‍ വ്യക്തമായും ദുര്‍മാര്‍ഗിയാകുമെന്നു സാരം.

21. ഈ വാക്യത്തിലും യുക്തിപൂര്‍വമായ പ്രബോധനത്തിന്റെ സൂക്ഷ്മമായ ഒരു തത്ത്വം ഒളിഞ്ഞിരിപ്പുണ്ട്. നിങ്ങളുടെ രക്ഷിതാവില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു എന്നു പറയുക മുഖേന അദ്ദേഹം ആ ജനതയെ ഇങ്ങനെ ഓര്‍മിപ്പിക്കുകയാണ്: ഏതൊരു രക്ഷിതാവില്‍ ഞാന്‍ വിശ്വസിച്ചിട്ടുണ്ടോ അവന്‍ എന്റെ മാത്രം രക്ഷിതാവല്ല; നിങ്ങളുടെ രക്ഷിതാവും അവന്‍തന്നെ. അവനില്‍ വിശ്വസിക്കുക മുഖേന ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. നേരെമറിച്ച്, അവനില്‍ വിശ്വസിക്കാതിരിക്കുക മുഖേന നിങ്ങളാണ് തെറ്റുചെയ്തുകൊണ്ടിരിക്കുന്നത്!

22. അതായത്, ഉടനെ അദ്ദേഹത്തെ അവര്‍ വധിച്ചുകളഞ്ഞു. രക്തസാക്ഷിയായ ഉടനെത്തന്നെ അദ്ദേഹത്തിന് സ്വര്‍ഗത്തെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കപ്പെടുകയും ചെയ്തു. മരണത്തിന്റെ കവാടം കടന്ന് രണ്ടാം ലോകത്തെത്തിയതോടെ മലക്കുകള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. അത്യുല്‍കൃഷ്ടമായ പറുദീസ അദ്ദേഹത്തെ കാത്തിരിക്കുന്നുവെന്ന് സന്തോഷവാര്‍ത്ത നല്‍കി. ഈ വാക്യത്തിന്റെ വിശദീകരണത്തില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അല്ലാഹു അദ്ദേഹത്തെ അപ്പോള്‍തന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹമവിടെ ജീവനോടെയിരിക്കുന്നുവെന്നും അദ്ദേഹത്തിന് ആഹാരം ലഭിക്കുന്നുവെന്നുമാണ് ഖതാദയുടെ അഭിപ്രായം. ഇക്കാര്യം മലക്കുകള്‍ അദ്ദേഹത്തോട് സന്തോഷവാര്‍ത്ത എന്ന നിലക്ക് പറഞ്ഞതാണെന്നും അന്ത്യനാളിനുശേഷം സത്യവിശ്വാസികളെല്ലാം സ്വര്‍ഗത്തില്‍ പ്രവേശിക്കുമ്പോള്‍ അവരോടൊപ്പവും അദ്ദേഹവും പ്രവേശിക്കും എന്നതാണിതിന്റെ താല്‍പര്യമെന്നുമാണ് മുജാഹിദിന്റെ പക്ഷം.

23. ആ സത്യവിശ്വാസിയുടെ ഉന്നത സദാചാരബോധത്തിന്റെ ഒരുദാഹരണമാണിത്. അല്‍പസമയത്തിനുമുമ്പ് തന്നെ കൊലചെയ്ത ജനങ്ങളോടുള്ള കോപമോ പ്രതികാരമോ അദ്ദേഹത്തിന്റെ മനസ്സില്‍ തീരെയില്ല. അല്ലെങ്കില്‍ അദ്ദേഹം അവര്‍ക്കെതിരില്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുമായിരുന്നു. അതിനുപകരം, ഇപ്പോഴും അദ്ദേഹമവര്‍ക്ക് ഗുണം കാംക്ഷിച്ചുകൊണ്ടിരിക്കയാണ്. മരണശേഷം അദ്ദേഹത്തിന്റെ മനസ്സില്‍ വല്ല അഭിലാഷവുമുണ്ടെങ്കില്‍ അതിത്രമാത്രമാണ്: എന്റെ ജനത എന്റെ ഈ ഉത്തമ പരിണാമം അറിഞ്ഞിരുന്നുവെങ്കില്‍! എന്റെ ജീവിതത്തില്‍നിന്നല്ലെങ്കില്‍ മരണത്തില്‍നിന്നെങ്കിലും പാഠമുള്‍ക്കൊണ്ട് അവര്‍ സന്മാര്‍ഗം പിന്‍പറ്റിയിരുന്നെങ്കില്‍! നോക്കുക, ശ്രേഷ്ഠനായ ആ മനുഷ്യന്‍ തന്റെ ഘാതകര്‍ക്കുപോലും നരകം ആഗ്രഹിക്കുന്നില്ല. അവര്‍ സത്യവിശ്വാസികളായി സ്വര്‍ഗത്തിനവകാശികളായിത്തീരട്ടെ എന്നാണാഗ്രഹിക്കുന്നത് نصح قومه حيا وميتا(ജീവിച്ചിരിക്കുമ്പോഴും മരിച്ചശേഷവും തന്റെ ജനതക്ക് ഗുണം കാംക്ഷിച്ചു) എന്ന് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ഹദീസില്‍ കാണാം. ഈ സംഭവം വിവരിച്ചുകൊണ്ട്, വിശുദ്ധ ഖുര്‍ആന്‍ മക്കയിലെ അവിശ്വാസികളെ വ്യംഗ്യമായ ഭാഷയില്‍ ഒരു പരമാര്‍ഥം ഉണര്‍ത്തുകയാണ്: സത്യവിശ്വാസിയായ ആ നല്ല മനുഷ്യന്‍ തന്റെ ജനതയുടെ ഗുണകാംക്ഷിയായിരുന്നതുപോലെത്തന്നെ, മുഹമ്മദ് നബി(സ)ക്കും അദ്ദേഹത്തിന്റെ സത്യവിശ്വാസികളായ അനുയായികള്‍ക്കും, നിങ്ങളോട് നിഷ്‌കളങ്കമായ ഗുണകാംക്ഷയുണ്ട് എന്നതത്രെ ആ പരമാര്‍ഥം. അതെ, നിങ്ങളുടെ എല്ലാതരം പീഡനങ്ങളുമുണ്ടായിരുന്നിട്ടും വ്യക്തിപരമായി എന്തെങ്കിലും വിദ്വേഷമോ പ്രതികാരവാഞ്ഛയോ അവര്‍ക്കില്ല. അവരുടെ ശത്രുത നിങ്ങളോടല്ല, നിങ്ങളുടെ ദുര്‍മാര്‍ഗത്തോട് മാത്രമാണ്. നിങ്ങള്‍ സന്മാര്‍ഗത്തിലേക്ക് വരാന്‍വേണ്ടി മാത്രമാണവര്‍ നിങ്ങളോട് സമരം ചെയ്യുന്നത്. അല്ലാതെ അവര്‍ക്ക് മറ്റൊരു ലക്ഷ്യവുമില്ല എന്നിങ്ങനെ അല്ലാഹു ഉണര്‍ത്തുകയാണ്. ബര്‍സഖീ ജീവിതത്തിന് (മരണാനന്തരമുള്ള ഇടക്കാല ജീവിതത്തിന്) വ്യക്തമായ സ്ഥിരീകരണം നല്‍കുന്ന സൂക്തങ്ങളില്‍ ഒന്നാണിത്. വിവരംകുറഞ്ഞ ചിലര്‍ അനുമാനിക്കുന്നതുപോലെ മരണശേഷം പുനരുത്ഥാന ദിവസം വരെയുള്ള കാലം കേവലം ശൂന്യതയുടെയും യാതൊന്നുമില്ലായ്മയുടെയും കാലമല്ലെന്നും ഇതില്‍നിന്ന് മനസ്സിലാക്കാം. മറിച്ച്, അപ്പോഴും ജഡമില്ലാതെത്തന്നെ ജീവന്‍ നിലനില്‍ക്കുകയും അത് സംസാരിക്കുകയും സംസാരം ശ്രദ്ധിക്കുകയും വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കുകയും സന്തോഷവും സന്താപവും അനുഭവിക്കുകയും ഭൂമിയിലുള്ളവരോടുള്ള താല്‍പര്യം നിലനിര്‍ത്തുകയും ചെയ്യും. അങ്ങനെയല്ലെങ്കില്‍ മരണാനന്തരം ആ വിശ്വാസിയായ മനുഷ്യന്ന് സ്വര്‍ഗത്തെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത എങ്ങനെ നല്‍കും? തന്റെ ഉത്തമ പരിണാമത്തെക്കുറിച്ച് തന്റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എന്നദ്ദേഹം എങ്ങനെ ആഗ്രഹിക്കും?

വന്നു = وَجَاءَ
ആ പട്ടണത്തിന്റെ അങ്ങേയറ്റത്ത് നിന്ന് = مِنْ أَقْصَى الْمَدِينَةِ
ഒരാള്‍ = رَجُلٌ
ഓടിക്കൊണ്ട് = يَسْعَىٰ
അദ്ദേഹം പറഞ്ഞു = قَالَ
എന്റെ ജനങ്ങളേ = يَا قَوْمِ
നിങ്ങള്‍ പിന്‍പറ്റുക = اتَّبِعُوا
ഈ ദൈവദൂതന്‍മാരെ = الْمُرْسَلِينَ
നിങ്ങള്‍ പിന്തുടരുക = اتَّبِعُوا
നിങ്ങളോട് ആവശ്യപ്പെടാത്ത ഇവരെ = مَن لَّا يَسْأَلُكُمْ
പ്രതിഫലം = أَجْرًا
അവര്‍ സന്‍മാര്‍ഗം പ്രാപിച്ചവരുമാണ് = وَهُم مُّهْتَدُونَ
എനിക്കെന്തു ന്യായം = وَمَا لِيَ
വഴിപ്പെടാതിരിക്കാന്‍ = لَا أَعْبُدُ
എന്നെ സൃഷ്ടിച്ചവന്ന് = الَّذِي فَطَرَنِي
അവങ്കലേക്കാണ് = وَإِلَيْهِ
നിങ്ങള്‍ തിരിച്ചു ചെല്ലേണ്ടത് = تُرْجَعُونَ
ഞാന്‍ സ്വീകരിക്കുകയോ = أَأَتَّخِذُ
അവനെയല്ലാതെ = مِن دُونِهِ
മറ്റു ദൈവങ്ങളെ = آلِهَةً
എനിക്ക് ഉദ്ദേശിക്കുന്നുവെങ്കില്‍ = إِن يُرِدْنِ
പരമകാരുണികന്‍ = الرَّحْمَٰنُ
വല്ല വിപത്തും = بِضُرٍّ
ഉപകരിക്കുകയില്ല = لَّا تُغْنِ
എനിക്ക് = عَنِّي
അവരുടെ ശിപാര്‍ശ = شَفَاعَتُهُمْ
ഒന്നും = شَيْئًا
അവരെന്നെ രക്ഷിക്കുകയുമില്ല = وَلَا يُنقِذُونِ
തീര്‍ച്ചയായും ഞാന്‍ = إِنِّي
അങ്ങനെ ചെയ്താല്‍ = إِذًا
വഴികേടില്‍തന്നെയായിരിക്കും = لَّفِي ضَلَالٍ
വ്യക്തമായ = مُّبِينٍ
തീര്‍ച്ചയായും ഞാന്‍ = إِنِّي
വിശ്വസിച്ചിരിക്കുന്നു = آمَنتُ
നിങ്ങളുടെ നാഥനില്‍ = بِرَبِّكُمْ
അതിനാല്‍ നിങ്ങള്‍ (എന്റെ വാക്ക്)കേള്‍ക്കുവിന്‍ = فَاسْمَعُونِ
(അദ്ദേഹത്തോട്) പറയപ്പെട്ടു = قِيلَ
നീ പ്രവേശിച്ചുകൊള്ളുക = ادْخُلِ
സ്വര്‍ഗത്തില്‍ = الْجَنَّةَۖ
അദ്ദേഹം പറഞ്ഞു = قَالَ
ഹാ, എന്റെ ജനത ഇതറിഞ്ഞിരുന്നെങ്കില്‍ ! = يَا لَيْتَ قَوْمِي يَعْلَمُونَ
അഥവാ,എനിക്ക് മാപ്പേകിയത് = بِمَا غَفَرَ لِي
എന്റെ നാഥന്‍ = رَبِّي
എന്നെ ആക്കിയതും = وَجَعَلَنِي
ആദരണീയരില്‍ = مِنَ الْمُكْرَمِينَ

Add comment

Your email address will not be published. Required fields are marked *