യാസീന്‍ – സൂക്തങ്ങള്‍: 48-51

وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِن كُنتُمْ صَادِقِينَ ﴿٤٨﴾ مَا يَنظُرُونَ إِلَّا صَيْحَةً وَاحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ ﴿٤٩﴾ فَلَا يَسْتَطِيعُونَ تَوْصِيَةً وَلَا إِلَىٰ أَهْلِهِمْ يَرْجِعُونَ ﴿٥٠﴾ وَنُفِخَ فِي الصُّورِ فَإِذَا هُم مِّنَ الْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ ﴿٥١﴾

(48-51) 44 ഇക്കൂട്ടര്‍ ചോദിക്കുന്നു: ‘ഈ പുനരുത്ഥാന ഭീഷണി ഇനിയെന്നാണ് പുലരുക? കാണിച്ചുതരൂ, നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍.’45 വാസ്തവത്തില്‍ ഇവര്‍ കാത്തിരിക്കുന്നത്, ഒരു ഘോരഗര്‍ജനം മാത്രമാകുന്നു. ഇവര്‍ (തങ്ങളുടെ ഭൗതികവ്യവഹാരങ്ങളില്‍) ബഹളംവെച്ചുകൊണ്ടിരിക്കെ, ആകസ്മികമായി അത് പിടികൂടും. അന്നേരം ഇവര്‍ക്ക് ഒസ്യത്തു ചെയ്യാന്‍ പോലും സാവകാശമുണ്ടാവില്ല; തങ്ങളുടെ കുടുംബങ്ങളിലേക്കു മടങ്ങിച്ചെല്ലാനുമാവില്ല.46 പിന്നെ കാഹളത്തില്‍ ഊതപ്പെടുന്നു. അപ്പോള്‍ പെട്ടെന്നതാ മര്‍ത്ത്യരൊക്കെയും താന്താങ്ങളുടെ ശവക്കുഴികളില്‍ നിന്നെഴുന്നേറ്റ് അവരുടെ റബ്ബിന്റെ സമക്ഷത്തില്‍ ഹാജരാകാന്‍ ധൃതിയില്‍ യാത്രയാകുന്നു.47

 

44. ദൈവത്തിന്റെ ഏകത്വം കഴിഞ്ഞാല്‍ പിന്നീട് നബിയും അവിശ്വാസികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്ന മറ്റൊരു പ്രശ്‌നം പരലോകവിശ്വാസമാണ്. അതേപ്പറ്റിയുള്ള ബുദ്ധിപരമായ തെളിവുകള്‍ അടുത്ത പ്രഭാഷണത്തിന്റെ അന്ത്യത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിനുമുമ്പായി പരലോകത്തിന്റെ അര്‍ഥഗര്‍ഭമായ ഒരു ചിത്രം അവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയാണിവിടെ. അവര്‍ നിഷേധിക്കുന്ന കാര്യം നിഷേധംകൊണ്ടുമാത്രം ഇല്ലാതാവുകയില്ലെന്നും തീര്‍ച്ചയായും ഒരു ദിവസം അവര്‍ക്കതിനെ അഭിമുഖീകരിക്കേണ്ടിവരുമെന്നുമുള്ള പരമാര്‍ഥം ഓര്‍മിപ്പിക്കുകയാണ്.

45. അവര്‍ യഥാര്‍ഥത്തില്‍ത്തന്നെ അന്ത്യദിനം സംഭവിക്കുന്ന തീയതിയറിയാന്‍ ആഗ്രഹിച്ചിരുന്നു എന്നല്ല ഈ ചോദ്യത്തിനര്‍ഥം. ഇന്ന കൊല്ലത്തില്‍ ഇന്ന മാസത്തില്‍ ഇന്ന തീയതിക്ക് അത് സംഭവിക്കുമെന്ന് പറഞ്ഞുകൊടുത്താല്‍ അവരുടെ സംശയം ദൂരീകൃതമാകുമെന്നും അവരത് അംഗീകരിക്കുമെന്നും അതിനര്‍ഥമില്ല. യഥാര്‍ഥത്തില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ കേവലം കുതര്‍ക്കത്തിനായി വെല്ലുവിളിയുടെ രൂപത്തില്‍ ഉന്നയിക്കപ്പെട്ടതായിരുന്നു. ഒരു അന്ത്യനാളും വരാനില്ലെന്നും നീ വെറുതെ ഞങ്ങളെ ഭയപ്പെടുത്തുകയാണെന്നുമത്രെ അവര്‍ ഉദ്ദേശിക്കുന്നത്. അവര്‍ക്ക് നല്‍കിയ മറുപടിയില്‍, അന്ത്യദിനം ഇന്ന ദിവസം സംഭവിക്കുമെന്ന് പ്രസ്താവിക്കാത്തത് ഈ അടിസ്ഥാനത്തിലത്രെ. നേരെമറിച്ച്, അത് സംഭവിക്കുമെന്നും ഇന്ന രൂപത്തിലാണ് സംഭവിക്കുകയെന്നുമാണ് അവരോട് പറഞ്ഞിരിക്കുന്നത്.

46. അതായത് അന്ത്യദിനം മെല്ലെ മെല്ലെ നടന്നടുക്കുകയും അത് നടന്നടുക്കുന്നത് ജനങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയല്ല ഉണ്ടാവുക. മറിച്ച്, ജനങ്ങള്‍ തികച്ചും നിര്‍ഭയരായി ലൗകിക ഇടപാടുകളില്‍ നിരതരായിരിക്കുകയും ലോകാവസാനം എന്ന ആശയം ഭാവനയില്‍പോലും ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലായിരിക്കും അത് സംഭവിക്കുക. ഇത്തരം ഒരു പരിതഃസ്ഥിതിയില്‍ പെട്ടെന്നൊരു ഘോരശബ്ദം ഉണ്ടാവുകയും സകല സാധനങ്ങളും അതതിന്റെ സ്ഥാനങ്ങളില്‍ത്തന്നെ തകര്‍ന്നുവീഴുകയും ചെയ്യും. അബ്ദുല്ലാഹിബ്‌നു അംറും അബൂഹുറയ്‌റയും നബി(സ)യില്‍നിന്ന് നിവേദനം ചെയ്യുന്നു: ”ജനങ്ങള്‍ തെരുവുകളിലൂടെ സഞ്ചരിക്കുന്നുണ്ടാകും. അങ്ങാടിയില്‍ ക്രയവിക്രയം നടത്തുന്നുമുണ്ടാകും. ഒന്നിച്ചിരുന്ന് വെടിപറയുന്നുണ്ടാകും. ആ സന്ദര്‍ഭത്തില്‍ പൊടുന്നനെ ‘സൂറി’ല്‍ ഊതപ്പെടും. വസ്ത്രം വാങ്ങിക്കൊണ്ടിരിക്കുന്നവന്‍ അത് താഴെ വെക്കാനുള്ള സമയം കിട്ടുന്നതിന് മുമ്പായി മരണമടയും. കാലികള്‍ക്ക് വെള്ളം കുടിപ്പിക്കാന്‍ തൊട്ടിയില്‍ വെള്ളം നിറച്ചവന്ന് അതിനുള്ള സന്ദര്‍ഭം ലഭിക്കുന്നതിന് മുമ്പ് ‘ഖിയാമത്ത്’ സംഭവിക്കും. ഭക്ഷണം കഴിക്കാനിരിക്കുന്നവന്ന് ഉരുളയെടുത്ത് വായിലെത്തിക്കാനുള്ള സമയംപോലും ലഭിക്കുകയില്ല.”

47. സൂര്‍ (കാഹളം) സംബന്ധിച്ച വിശദീകരണത്തിന് തഫ്ഹീമുല്‍ ഖുര്‍ആന്‍ മൂന്നാം വാല്യം ത്വാഹാ വ്യാഖ്യാനക്കുറിപ്പ്: 78 നോക്കുക. ഒന്നാമത്തെയും രണ്ടാമത്തെയും കാഹളമൂത്തിനിടക്ക് എത്ര സമയമുണ്ടെന്നതിനെക്കുറിച്ച് ഒരു വിവരവും നമുക്ക് ലഭിച്ചിട്ടില്ല. ഈ കാലയളവ് ശതക്കണക്കിലോ സഹസ്രക്കണക്കിലോ വര്‍ഷങ്ങള്‍ നീണ്ടതാകാം. നബി (സ) പറഞ്ഞതായി അബൂഹുറയ്‌റ(റ)യില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ഇസ്‌റാഫീല്‍ എന്ന മലക്ക് കാഹളത്തില്‍ മുഖം വെച്ചുകൊണ്ട് ‘അര്‍ശിന്’ (ദിവ്യസിംഹാസനം) നേരെ നോക്കിക്കൊണ്ടിരിക്കുകയാണ്, ഊതാന്‍ ആജ്ഞ ലഭിക്കുന്നതുംകാത്ത്. മൂന്ന് പ്രാവശ്യം കാഹളം ഊതപ്പെടും. ഒന്നാമത്തേത് نفخة الفزع (ആകാശഭൂമികളിലെ സകല സൃഷ്ടികളും വിഹ്വലരാകുന്ന ഊത്ത്), രണ്ടാമത്തേത് نفخة الصعق (കേട്ടപാടെ എല്ലാവരും നശിച്ചുവീഴുന്ന ഊത്ത്), പിന്നീട് ഏകനും അനാശ്രയനുമായ അല്ലാഹുമാത്രം അവശേഷിക്കുമ്പോള്‍ ഭൂമി മറ്റൊരാകാരം കൈക്കൊള്ളുകയും ഒരു ചുളിവുമില്ലാത്ത വിരിപ്പുപോലെ നിവര്‍ത്തപ്പെട്ടതാവുകയും ചെയ്യും; പിന്നീട് അല്ലാഹു തന്റെ സൃഷ്ടികള്‍ക്ക് ഒരു അറിയിപ്പുമാത്രം നല്‍കുന്നു. അതുകേട്ടപാടെ എല്ലാവരും എവിടെ മരിച്ചുവീണിരുന്നുവോ അതേ സ്ഥലത്തുതന്നെ ആ മാറിയ ഭൂമിയില്‍ എഴുന്നേറ്റുനില്‍ക്കും. ഇതിനാണ് نفخة القيام لرب العالمين (ലോക രക്ഷിതാവിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ഊത്ത്) എന്ന് പറയുന്നത്. ഈ വസ്തുതകളൊക്കെ വിശുദ്ധ ഖുര്‍ആന്‍ നിരവധി സൂചനകളിലൂടെ ബലപ്പെടുത്തുന്നുണ്ട്.

 

അവര്‍ ചോദിക്കുന്നു = وَيَقُولُونَ
എപ്പോഴാണ് പുലരുക = مَتَىٰ هَٰذَا
ഈ വാഗ്ദാനം = الْوَعْدُ
നിങ്ങളാണെങ്കില്‍ = إِن كُنتُمْ
സത്യവാന്‍മാര്‍ = صَادِقِينَ
യഥാര്‍ഥത്തില്‍ അവര്‍ കാത്തിരിക്കുന്നില്ല = مَا يَنظُرُونَ
ഒരൊറ്റ ഘോരശബ്ദമല്ലാതെ = إِلَّا صَيْحَةً وَاحِدَةً
അത് അവരെ പിടികൂടും = تَأْخُذُهُمْ
അവര്‍ പരസ്പരം തര്‍ക്കിച്ചുകൊണ്ടിരിക്കെ = وَهُمْ يَخِصِّمُونَ
അപ്പോഴവര്‍ക്ക് സാധിക്കുകയില്ല = فَلَا يَسْتَطِيعُونَ
ഒരു വസ്വിയ്യത്ത് ചെയ്യാന്‍ പോലും = تَوْصِيَةً
സ്വന്തം കുടുംബത്തിലേക്ക് മടങ്ങാനും = وَلَا إِلَىٰ أَهْلِهِمْ يَرْجِعُونَ
ഊതപ്പെടും = وَنُفِخَ
കാഹളത്തില്‍ = فِي الصُّورِ
അപ്പോള്‍ = فَإِذَا
അവര്‍ = هُم
കുഴിമാടങ്ങളില്‍ നിന്ന് = مِّنَ الْأَجْدَاثِ
തങ്ങളുടെ നാഥങ്കലേക്ക് = إِلَىٰ رَبِّهِمْ
കുതിച്ചോടും = يَنسِلُونَ

Add comment

Your email address will not be published. Required fields are marked *