യാസീന്‍ – സൂക്തങ്ങള്‍: 55-59

إِنَّ أَصْحَابَ الْجَنَّةِ الْيَوْمَ فِي شُغُلٍ فَاكِهُونَ ﴿٥٥﴾ هُمْ وَأَزْوَاجُهُمْ فِي ظِلَالٍ عَلَى الْأَرَائِكِ مُتَّكِئُونَ ﴿٥٦﴾ لَهُمْ فِيهَا فَاكِهَةٌ وَلَهُم مَّا يَدَّعُونَ ﴿٥٧﴾ سَلَامٌ قَوْلًا مِّن رَّبٍّ رَّحِيمٍ ﴿٥٨﴾ وَامْتَازُوا الْيَوْمَ أَيُّهَا الْمُجْرِمُونَ ﴿٥٩﴾

( 55-59) സ്വര്‍ഗാവകാശികള്‍ അന്നാളില്‍ ആനന്ദത്തില്‍ ആറാടുന്നു.51 അവരും അവരുടെ സഖികളും കുളിര്‍തണലുകളില്‍, ചാരുമഞ്ചങ്ങളില്‍ ചാരിയിരിക്കുന്നു. അവര്‍ക്ക് തിന്നാനും കുടിക്കാനുമായി അവിടെ സകലവിധ വിശിഷ്ട വിഭവങ്ങളുമുണ്ട്. അവരാവശ്യപ്പെടുന്നതെന്തും അവര്‍ക്ക് ലഭിക്കുന്നു. അവര്‍ക്ക് സലാം. കരുണാവാരിധിയായ നാഥങ്കല്‍നിന്നുള്ള ആശംസ! ഹേ, പാപികളേ, ഇന്ന് നിങ്ങളങ്ങു വേറെ മാറിനില്‍ക്കുവിന്‍.52

 

51. ഈ വാക്യത്തിന്റെ അര്‍ഥം ഗ്രഹിക്കാന്‍ ഒരു കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിങ്ങനെ മനസ്സിലാക്കാം: സദ്‌വൃത്തരായ സത്യവിശ്വാസികളെ മഹ്ശറയില്‍ തടഞ്ഞുവെക്കുകയില്ല. മറിച്ച്, വിചാരണ കൂടാതെ അല്ലെങ്കില്‍ ലഘുവായ വിചാരണക്കുശേഷം അവര്‍ നേരത്തേതന്നെ സ്വര്‍ഗത്തിലേക്ക് ആനയിക്കപ്പെടുന്നതാണ്. കാരണം, അവരുടെ പ്രവര്‍ത്തനരേഖ ശുദ്ധമായിരിക്കും. അവര്‍ വിചാരണാവേളയില്‍ കാത്തിരുന്നു വിഷമിക്കേണ്ട ഒരാവശ്യവുമില്ല. അതിനാല്‍, വിചാരണയില്‍ മറുപടി ബോധിപ്പിക്കേണ്ട പാപികളോട് അല്ലാഹു പറയും: നോക്കുക, ഭൂമിയില്‍വെച്ച് നിങ്ങള്‍ വിഡ്ഢികളെന്നു വിളിച്ച് പരിഹസിച്ചിരുന്ന സജ്ജനങ്ങള്‍ അവരുടെ ബുദ്ധിശക്തികാരണം ഇന്ന് സ്വര്‍ഗത്തിന്റെ രുചി ആസ്വദിക്കുകയാണ്. എന്നാല്‍, വലിയ ബുദ്ധിമാന്മാരും പ്രതിഭാശാലികളുമാണെന്ന് സ്വയം ധരിച്ചിരുന്ന നിങ്ങള്‍ ഇവിടെ കാത്തുനിന്ന് സ്വന്തം പാതകങ്ങള്‍ക്ക് സമാധാനം ബോധിപ്പിക്കേണ്ടി വന്നിരിക്കുന്നു.

52. ഇതിന് രണ്ട് വിവക്ഷയാകാം. ഒന്ന്, സദ്‌വൃത്തരായ സത്യവിശ്വാസികളില്‍നിന്ന് വേര്‍തിരിഞ്ഞു നില്‍ക്കുക, ഭൂലോകത്ത് ഒരുപക്ഷേ, നിങ്ങളവരുടെ ബന്ധുജനങ്ങളും ചാര്‍ച്ചക്കാരുമെല്ലാം ആയിരിക്കാമെങ്കിലും ഇവിടെ ഇപ്പോള്‍ അവരുമായി നിങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. രണ്ട്, നിങ്ങള്‍ തമ്മില്‍ പരസ്പരം വേറിട്ടുനില്‍ക്കുക. ഇപ്പോള്‍ നിങ്ങളുടെ ഒരു മുന്നണിയും നിലനില്‍ക്കുന്നില്ല. നിങ്ങളുടെ എല്ലാ സംഘടനകളും പിരിച്ചുവിട്ടുകഴിഞ്ഞു. എല്ലാവിധ ബന്ധങ്ങളും മുറിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഓരോരുത്തരും വ്യക്തിപരമായിത്തന്നെ തന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സമാധാനം ബോധിപ്പിക്കേണ്ടിയിരിക്കുന്നു.

നിശ്ചയം സ്വര്‍ഗവാസികള്‍ = إِنَّ أَصْحَابَ الْجَنَّةِ
അന്ന് = الْيَوْمَ
ഓരോ പ്രവൃത്തികളിലായി = فِي شُغُلٍ
സുഖമനുഭവിക്കുന്നവരായിരിക്കും = فَاكِهُونَ
അവര്‍ = هُمْ
അവരുടെ ഇണകളും = وَأَزْوَاجُهُمْ
തണലുകളില്‍ = فِي ظِلَالٍ
ചാരുകട്ടിലുകളില്‍ = عَلَى الْأَرَائِكِ
ചാരിയിരിക്കുന്നവരായിരിക്കും = مُتَّكِئُونَ
അവര്‍ക്കുണ്ടായിരിക്കും = لَهُمْ
അവിടെ = فِيهَا
പഴങ്ങള്‍ = فَاكِهَةٌ
അവര്‍ക്കുണ്ടായിരിക്കും = وَلَهُم
അവരാവശ്യപ്പെടുന്നതെന്തും = مَّا يَدَّعُونَ
സലാം (സമാധാനം എന്നായിരിക്കും) = سَلَامٌ
അവര്‍ക്കുള്ള അഭിവാദ്യം = قَوْلًا
നാഥനില്‍ നിന്ന് = مِّن رَّبٍّ
ദയാപരനായ = رَّحِيمٍ
നിങ്ങള്‍ വേറിട്ടുനില്‍ക്കുക = وَامْتَازُوا
ഇന്ന് = الْيَوْمَ
കുറ്റവാളികളേ = أَيُّهَا الْمُجْرِمُونَ

Add comment

Your email address will not be published. Required fields are marked *