യാസീന്‍ – സൂക്തങ്ങള്‍: 69-70

وَمَا عَلَّمْنَاهُ الشِّعْرَ وَمَا يَنبَغِي لَهُۚ إِنْ هُوَ إِلَّا ذِكْرٌ وَقُرْآنٌ مُّبِينٌ ﴿٦٩﴾ لِّيُنذِرَ مَن كَانَ حَيًّا وَيَحِقَّ الْقَوْلُ عَلَى الْكَافِرِينَ ﴿٧٠﴾

(69-70) നാം അദ്ദേഹത്തെ (പ്രവാചകനെ) കവിത പഠിപ്പിച്ചിട്ടില്ല. കവിയായിരിക്കുക അദ്ദേഹത്തിന് ഭൂഷണവുമല്ല.58 ഇത് ഒരു ഉദ്‌ബോധനവും സ്ഫുടമായി വായിക്കപ്പെടുന്ന വേദവുമാകുന്നു; അതുവഴി ജീവനുള്ളവര്‍ക്ക്59 (ചിന്തിക്കുന്നവര്‍ക്ക്) മുന്നറിയിപ്പ് നല്‍കാനും നിഷേധിക്കുന്നവര്‍ക്കെതിരെ ന്യായം സ്ഥാപിതമാകാനും.

 

58. ഏകദൈവത്വം, പരലോക വിശ്വാസം, മരണാനന്തര ജീവിതം, സ്വര്‍ഗം, നരകം എന്നിവയെക്കുറിച്ചുള്ള നബി(സ)യുടെ അധ്യാപനങ്ങളെല്ലാം കേവലം കവിഭാവനകളാണെന്നാരോപിച്ച് അന്തസ്സാരശൂന്യമായി ചിത്രീകരിക്കാനുള്ള സത്യനിഷേധികളുടെ ശ്രമത്തിന് മറുപടിയാണിത്.

59. ജീവനുള്ളവന്‍ എന്നതുകൊണ്ടുദ്ദേശ്യം ചിന്തിച്ചു കാര്യം ഗ്രഹിക്കുന്ന മനുഷ്യനാണ്. സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസം താങ്കള്‍ എത്രതന്നെ യുക്തിയുക്തം വ്യക്തമാക്കിയാലും, എത്രതന്നെ സഹാനുഭൂതിയോടെ ഗുണദോഷിച്ചാലും ഒന്നും കേള്‍ക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെ സ്വസ്ഥാനത്ത് അനങ്ങാതിരിക്കുന്ന കല്ലുപോലെയായിരിക്കുകയില്ല അവന്‍.

നാം അദ്ദേഹത്തെ പഠിപ്പിച്ചിട്ടില്ല = وَمَا عَلَّمْنَاهُ
കവിത = الشِّعْرَ
അത് യോജിച്ചതുമല്ല = وَمَا يَنبَغِي
അദ്ദേഹത്തിന് = لَهُۚ
ഇതല്ല = إِنْ هُوَ
ഗൗരവപൂര്‍ണമായ ഒരു ഉല്‍ബോധനമല്ലാതെ = إِلَّا ذِكْرٌ
വായിക്കാവുന്ന വേദവും = وَقُرْآنٌ
കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന = مُّبِينٌ
മുന്നറിയിപ്പ് നല്‍കാനാണിത് = لِّيُنذِرَ
ജീവനുള്ളവര്‍ക്ക് = مَن كَانَ حَيًّا
സത്യമായി പുലരാന്‍ വേണ്ടിയും = وَيَحِقَّ
(ശിക്ഷയുടെ) വചനം = الْقَوْلُ
സത്യനിഷേധികള്‍ക്കെതിരെ = عَلَى الْكَافِرِينَ

Add comment

Your email address will not be published. Required fields are marked *