യാസീന്‍ – സൂക്തങ്ങള്‍: 76-80

فَلَا يَحْزُنكَ قَوْلُهُمْۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ﴿٧٦﴾أَوَلَمْ يَرَ الْإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ﴿٧٧﴾ وَضَرَبَ لَنَا مَثَلًا وَنَسِيَ خَلْقَهُۖ قَالَ مَن يُحْيِي الْعِظَامَ وَهِيَ رَمِيمٌ ﴿٧٨﴾ قُلْ يُحْيِيهَاالَّذِي أَنشَأَهَا أَوَّلَ مَرَّةٍۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ ﴿٧٩﴾ الَّذِي جَعَلَ لَكُم مِّنَ الشَّجَرِ الْأَخْضَرِ نَارًا فَإِذَا أَنتُم مِّنْهُ تُوقِدُونَ ﴿٨٠﴾

( 76 ) ശരി, അവരുടെ വര്‍ത്തമാനങ്ങളൊന്നും നിന്നെ കുണ്ഠിതപ്പെടുത്തേണ്ട. അവരുടെ രഹസ്യവും പരസ്യവുമായ വര്‍ത്തമാനങ്ങളൊക്കെയും നാം അറിയുന്നുണ്ട്63 .

( 77-80) 64 മനുഷ്യന്‍ കണ്ടില്ലയോ, നാമവനെ ശുക്ലകണത്തില്‍നിന്ന് സൃഷ്ടിച്ചു. എന്നിട്ടവനിതാ തെളിഞ്ഞ കുതര്‍ക്കിയായിരിക്കുന്നു;65നമുക്കുദാഹരണങ്ങള്‍ ചമയ്ക്കുന്നു.66 സ്വന്തം ജനനത്തെ അവന്‍ മറന്നുകളഞ്ഞു.67 ‘ദ്രവിച്ചുകഴിഞ്ഞ അസ്ഥികളെ ജീവിപ്പിക്കുന്നവനാര്’ എന്നവന്‍ ചോദിക്കുന്നു. അവനോട് പറയുക: നേരത്തേ അതിനെ സൃഷ്ടിച്ചവനാരോ അവന്‍തന്നെ പുനര്‍ജീവിപ്പിക്കും. സകലവിധ സൃഷ്ടിക്രിയയും അറിയുന്നവനത്രെ അവന്‍. അവന്‍തന്നെയാകുന്നു പച്ച മരങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് തീയുണ്ടാക്കിത്തരുന്നത്. അതുകൊണ്ടിതാ, നിങ്ങള്‍ (അടുപ്പ്) കത്തിക്കുന്നു.68

 

63. നബി(സ)യോടാണ് സംബോധനം. തിരുമേനിക്കെതിരെ വ്യാജാരോപണങ്ങളുടെ കൊടുങ്കാറ്റ് ഇളക്കിവിട്ടിരുന്ന മക്കയിലെ അവിശ്വാസികളായ നേതാക്കളുടെ രഹസ്യവും പരസ്യവുമായ സംഭാഷണങ്ങള്‍ നമുക്കറിയാമെന്നര്‍ഥം. നബി(സ)ക്കെതിരെ അവരുന്നയിക്കുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അവരുടെ മനസ്സുകള്‍ സമ്മതിക്കുകയും സ്വകാര്യ സദസ്സുകളില്‍ അവരത് പറയുകയും ചെയ്തിരുന്നു. അതേ, ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാനായി അദ്ദേഹം കവിയും ജ്യോത്സ്യനും ആഭിചാരകനും ഭ്രാന്തനും മറ്റുമാണെന്ന് പറയും. എന്നാല്‍ അദ്ദേഹത്തിന്റെ പ്രബോധനത്തെ പരാജയപ്പെടുത്തുന്നതിന് കെട്ടിച്ചമച്ച വ്യാജോക്തികളാണിവയെല്ലാമെന്ന് അവരുടെ മനഃസാക്ഷിതന്നെ സമ്മതിക്കുകയും അവര്‍ പരസ്പരം അംഗീകരിക്കുകയും ചെയ്യുന്നു. അതിനാല്‍, ആ ജനങ്ങളുടെ ബുദ്ധിശൂന്യമായ വര്‍ത്തമാനങ്ങളില്‍ ദുഃഖിതനാകേണ്ടതില്ലെന്ന് അല്ലാഹു തന്റെ പ്രവാചകനോടു പറയുന്നു. സത്യത്തെ കള്ളംകൊണ്ട് നേരിടുന്നവര്‍ അവസാനം ഈ ലോകത്തുതന്നെ പരാജയപ്പെടുമെന്നും പരലോകത്താവട്ടെ, അവരുടെ ദുഷ്പരിണാമം കൂടുതല്‍ ഭയങ്കരമായിരിക്കുമെന്നും അല്ലാഹു നബിയെ ഉണര്‍ത്തുകയാണ്.

64. 48-ആം സൂക്തത്തില്‍ ഉദ്ധരിച്ച അവിശ്വാസികളുടെ ചോദ്യത്തിന് ഇവിടെ തെളിവുസഹിതം മറുപടി പറയുകയാണ്. അന്ത്യദിന വാഗ്ദാനം എപ്പോള്‍ പുലരുമെന്നവര്‍ ചോദിച്ചത് തീയതി അറിയാനായിരുന്നില്ല. മരണാനന്തരം മനുഷ്യന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നത് അസംഭവ്യവും ബുദ്ധിക്ക് നിരക്കാത്തതുമാണെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു അവരങ്ങനെ ചോദിച്ചത്. അതുകൊണ്ട് അവരുടെ ചോദ്യത്തിനുത്തരമായി മരണാനന്തര ജീവിതത്തിന്റെ സാധ്യതക്കുള്ള തെളിവുകള്‍ എടുത്തുപറഞ്ഞിരിക്കുകയാണ്. ഇബ്‌നു അബ്ബാസ്, ഖതാദ, സഈദുബ്‌നു ജുബൈര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകളില്‍ ഇങ്ങനെ കാണാം: ആ സന്ദര്‍ഭത്തില്‍ മക്കയിലെ അവിശ്വാസികളുടെ നേതാക്കളിലൊരാള്‍ ശ്മശാനത്തില്‍നിന്ന് ഒരു ദ്രവിച്ച എല്ലുമായി വന്നു. അത് നബി(സ)യുടെ മുന്നില്‍വെച്ച് പൊട്ടിച്ച് അതിന്റെ കുറെ ശകലങ്ങള്‍, വായുവിലെറിഞ്ഞശേഷം അയാള്‍ പറഞ്ഞു: ‘മുഹമ്മദേ, മരിച്ചവര്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്ന് നീ പറയുന്നു. എന്നാല്‍, ഈ ദ്രവിച്ച എല്ലുകളെ ആര്‍ പുനരുജ്ജീവിപ്പിക്കുമെന്ന് പറയുക.’ അതിനുള്ള മറുപടി ഉടനെ ഈ സൂക്തത്തിലൂടെ നല്‍കപ്പെട്ടിരിക്കയാണ്.

65. അതായത്, ഒരു പ്രാരംഭ ജീവാണു മാത്രമായിരുന്ന ആ ഇന്ദ്രിയകണത്തെ വികസിപ്പിച്ച് നാം എത്രത്തോളമെത്തിച്ചുവെന്നോ? അവന്‍ ജീവികളെപ്പോലെ നടക്കാനും ഇരിക്കാനും തിന്നാനും കുടിക്കാനും തുടങ്ങി. മാത്രമല്ല അതിനുപരിയായി മറ്റു ജീവികള്‍ക്കില്ലാത്ത വിചാരശീലവും ഗ്രഹണശക്തിയും ചിന്തിക്കാനും ചര്‍ച്ച നടത്താനുമുള്ള കഴിവുകളും പ്രസംഗിക്കാനും എഴുതാനുമുള്ള യോഗ്യതകളും അവനില്‍ സൃഷ്ടിച്ചു. എന്നിട്ട് ഇപ്പോഴിതാ അവന്‍ സ്വന്തം സ്രഷ്ടാവിനെത്തന്നെ പരിഹസിക്കാന്‍ തുടങ്ങിയിരിക്കുന്നു.

66. അതായത്, സൃഷ്ടികളെപ്പോലെ നാമും അശക്തനാണെന്നത്രെ അവന്റെ ധാരണ. നിര്‍ജീവവസ്തുക്കള്‍ക്ക് ജീവന്‍ നല്‍കാന്‍ മനുഷ്യന്ന് സാധിക്കാത്തതുപോലെ നമുക്കും സാധ്യമല്ലെന്നവന്‍ വിചാരിക്കുന്നു.

67. അതായത്, നിര്‍ജീവമായ ആ പദാര്‍ഥത്തില്‍നിന്ന് അവന്റെ സൃഷ്ടിക്ക് കാരണമായ പ്രാരംഭ ജീവാണുവെ നാം സൃഷ്ടിച്ചതാണെന്ന പരമാര്‍ഥം അവന്‍ വിസ്മരിക്കുന്നു. നാം അതിനെ പരിപാലിച്ചു വലുതാക്കിയതുകൊണ്ട് ഇന്നവന്‍ നമ്മുടെ മുന്നില്‍ വാചകമടിക്കാന്‍ പോന്നവനായിത്തീര്‍ന്നിരിക്കയാണ്.

68. പച്ചമരത്തില്‍ തീപിടിക്കാന്‍ സഹായകമായ ഘടകങ്ങള്‍ സൃഷ്ടിച്ചവന്‍ അവനാണെന്നും അതുകൊണ്ടാണ് നിങ്ങള്‍ക്ക് വിറക് ഉപയോഗിച്ച് തീ കത്തിക്കാന്‍ സാധിക്കുന്നതെന്നുമാണ് ഒന്നുകില്‍ ഇതിന്റെ വിവക്ഷ. അല്ലെങ്കില്‍ അതുകൊണ്ട് സൂചിപ്പിക്കുന്നത്, തീയുല്‍പാദിപ്പിക്കാനുപയോഗിക്കുന്ന മര്‍ഖ്, അഫാര്‍ എന്നീ രണ്ടുതരം വൃക്ഷങ്ങളെയാകാം. അറബികള്‍ അവയുടെ പച്ചച്ചില്ലകള്‍ തമ്മിലുരച്ച് തീയുല്‍പാദിപ്പിച്ചിരുന്നു. പഴയ കാലത്തെ അപരിഷ്‌കൃത അറബികള്‍ തീ കത്തിക്കുന്നതിന് ഈ മാര്‍ഗമായിരുന്നു അവലംബിച്ചിരുന്നത്. ഇന്നും അത് പ്രയോഗത്തിലുണ്ടായേക്കാം.

അതിനാല്‍ നിന്നെ ദു:ഖിപ്പിക്കാതിരിക്കട്ടെ = فَلَا يَحْزُنكَ
അവരുടെ വാക്ക് = قَوْلُهُمْۘ
തീര്‍ച്ചയായും നാം അറിയുന്നുണ്ട് = إِنَّا نَعْلَمُ
അവര്‍ രഹസ്യമാക്കുന്നതൊക്കെ = مَا يُسِرُّونَ
പരസ്യമാക്കുന്നതും = وَمَا يُعْلِنُونَ
മനസിലാക്കിയിട്ടില്ലേ = أَوَلَمْ يَرَ
മനുഷ്യന്‍ = الْإِنسَانُ
നാമവനെ സൃഷ്ടിച്ചത് = أَنَّا خَلَقْنَاهُ
ഒരു ബീജത്തില്‍ നിന്നാണെന്ന് = مِن نُّطْفَةٍ
എന്നിട്ടിപ്പോള്‍ = فَإِذَا
അവനിതാ = هُوَ
എതിര്‍പ്പുകാരനായിരിക്കുന്നു = خَصِيمٌ
പ്രത്യക്ഷമായ = مُّبِينٌ
അവന്‍ എടുത്തുകാണിച്ചിരിക്കുന്നു = وَضَرَبَ
നമുക്ക് = لَنَا
ഉപമ = مَثَلًا
അവന്‍ തീരെ മറന്നുകളഞ്ഞു = وَنَسِيَ
തന്നെ സൃഷ്ടിച്ച കാര്യം = خَلْقَهُۖ
അവന്‍ ചോദിക്കുന്നു = قَالَ
ആര് ജീവിപ്പിക്കാനാണ്? = مَن يُحْيِي
എല്ലുകളെ = الْعِظَامَ
അവ ദ്രവിച്ചുകഴിഞ്ഞിരിക്കുന്നു = وَهِيَ رَمِيمٌ
പറയുക = قُلْ
അവയെ ജീവിപ്പിക്കും = يُحْيِيهَا
അവയെ സൃഷ്ടിച്ചവന്‍ = الَّذِي أَنشَأَهَا
ആദ്യ തവണ = أَوَّلَ مَرَّةٍۖ
അവന്‍ = وَهُوَ
എല്ലാ വിധ സൃഷ്ടിപ്പിനെപറ്റിയും = بِكُلِّ خَلْقٍ
നന്നായറിയുന്നവനാണ് = عَلِيمٌ
ഉണ്ടാക്കിത്തരുന്നവനാണവന്‍ = الَّذِي جَعَلَ
നിങ്ങള്‍ക്ക് = لَكُم
മരത്തില്‍നിന്ന് = مِّنَ الشَّجَرِ
പച്ചയായ = الْأَخْضَرِ
തീ = نَارًا
അങ്ങനെ നിങ്ങളിതാ = فَإِذَا أَنتُم
അതില്‍നിന്ന് = مِّنْهُ
തീ കത്തിക്കുന്നു = تُوقِدُونَ

Add comment

Your email address will not be published. Required fields are marked *