ഇബ്‌റാഹീം – സൂക്തങ്ങള്‍: 10-11

قَالَتْ رُسُلُهُمْ أَفِي اللَّهِ شَكٌّ فَاطِرِ السَّمَاوَاتِ وَالْأَرْضِۖ يَدْعُوكُمْ لِيَغْفِرَ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرَكُمْ إِلَىٰ أَجَلٍ مُّسَمًّىۚ قَالُوا إِنْ أَنتُمْ إِلَّا بَشَرٌ مِّثْلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعْبُدُ آبَاؤُنَا فَأْتُونَا بِسُلْطَانٍ مُّبِينٍ ﴿١٠﴾ قَالَتْ لَهُمْرُسُلُهُمْ إِن نَّحْنُ إِلَّا بَشَرٌ مِّثْلُكُمْ وَلَٰكِنَّ اللَّهَ يَمُنُّ عَلَىٰ مَن يَشَاءُ مِنْ عِبَادِهِۖ وَمَا كَانَ لَنَا أَن نَّأْتِيَكُم بِسُلْطَانٍ إِلَّا بِإِذْنِ اللَّهِۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ﴿١١﴾

10. ആ പ്രവാചകന്മാര്‍ ചോദിച്ചു: അല്ലാഹുവിനെകുറിച്ചോ, ആകാശഭൂമികളുടെ സ്രഷ്ടാവിനെക്കുറിച്ചോ സംശയം? നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുന്നതിനും ഒരു നിശ്ചിതഘട്ടംവരെ നിങ്ങള്‍ക്ക് അവസരമേകുന്നതിനും അവന്‍ ക്ഷണിക്കുമ്പോള്‍. അവര്‍ മറുപടി കൊടുത്തു: നിങ്ങള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാകുന്നു. പൂര്‍വപിതാക്കളുടെ കാലം മുതലേ ആരാധിച്ചുവന്നിരുന്ന മൂര്‍ത്തികളെ ആരാധിക്കുന്നതില്‍നിന്ന് ഞങ്ങളെ തടയാനാണല്ലോ നിങ്ങളുദ്ദേശിക്കുന്നത്. ശരി, അതിന് വ്യക്തമായ വല്ല തെളിവും കൊണ്ടുവന്നാട്ടെ.

11. ദൈവദൂതന്മാര്‍ അവരോടു പറഞ്ഞു: നിങ്ങളെപ്പോലുള്ള മനുഷ്യര്‍ തന്നെയാണ് ഞങ്ങള്‍. പക്ഷേ, അല്ലാഹു അവന്റെ ദാസന്മാരില്‍ അവനിച്ഛിക്കുന്നവര്‍ക്ക് ഔദാര്യമരുളുന്നു. എന്നാല്‍ ദൈവഹിതമില്ലാതെ നിങ്ങള്‍ക്ക് പ്രമാണം കൊണ്ടുവരിക ഞങ്ങളുടെ കഴിവില്‍ പെട്ടതല്ല. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ തന്നെ ഭരമേല്‍പിക്കണം.

10. പ്രവാചകന്മാര്‍ സത്യനിഷേധികളുടെ സംശയവാദത്തെ ചോദ്യം ചെയ്യുകയാണ് أَفِي اللَّهِ شَكٌّ എന്നവാക്യം. ‘അല്ലാഹുവിനെക്കുറിച്ചോ സംശയം’ എന്ന വാക്കിന് ‘അല്ലാഹുവിനെക്കുറിച്ച് സംശയമോ’ – فِي اللَّهِ أَ شَكٌّ – എന്നു പറയുന്നതിനെക്കാള്‍ അര്‍ഥ പുഷ്ടിയും സ്വാധീനശക്തിയുമുള്ളതായി പണ്ഡിതന്മാര്‍ പറയുന്നു. ‘അല്ലാഹുവിനെക്കുറിച്ച്’ എന്നതുകൊണ്ടുദ്ദേശ്യം അല്ലാഹുവിന്റെ ഏകത്വം, സര്‍വശക്തി, സര്‍വജ്ഞാനം തുടങ്ങിയ പ്രധാനഗുണങ്ങളെക്കുറിച്ച് എന്നാണ്. അല്ലാഹുവിന്റെ അസ്തിത്വത്തെക്കുറിച്ച് എന്നുമാവാം. ആദ്യം പറഞ്ഞതായിരിക്കാനാണ് കൂടുതല്‍ സാധ്യത. കാരണം, അറബികള്‍ നാസ്തികരായിരുന്നില്ല. അല്ലാഹു ഉണ്ട് എന്ന് അവര്‍ സമ്മതിച്ചിരുന്നു. അല്ലാഹുവിന്റെ ഏകത്വത്തെയും സൃഷ്ടികളുടെ മേലുള്ള അവന്റെ നിയന്ത്രണത്തെയുമാണ് അവര്‍ നിഷേധിച്ചിരുന്നത്. فَاطِرِ السَّمَاوَاتِ وَالْأَرْضِۖ എന്നവാക്യം രണ്ടുതരത്തിലുള്ള സംശയത്തിന്റെയും ഖണ്ഡനമാകുന്നു. നേരത്തെ നിലനില്‍ക്കുന്ന മാതൃകയോ പ്രാഗ്‌രൂപമോ ഇല്ലാതെ തികഞ്ഞ ഇല്ലായ്മയില്‍ നിന്നുളവാക്കുന്നവനാണ് فاطر. സൂറ അല്‍ബഖറ: 117-ാം സൂക്തത്തിലെ بَدِيعُ السَّمَاوَاتِ وَالْأَرْضِۖ (ആകാശ ഭൂമികളെ മൗലികമായി ആവിഷ്‌കരിച്ചവന്‍) എന്ന വാക്യത്തിനു സമാനമാണീ വാക്യം. പ്രപഞ്ചത്തെ ഇല്ലായ്മയില്‍ നിന്നുളവാക്കി ഇത്ര വ്യവസ്ഥാപിതമായും പരസ്പര ബന്ധിതമായും നിലനിര്‍ത്തി പരിപാലിച്ചുപോരുന്ന അല്ലാഹുവിന്റെ ഏകത്വത്തിലും സര്‍വശക്തിയിലും സര്‍വജ്ഞതയിലും സംശയിക്കുന്നത് തികച്ചും അര്‍ഥശൂന്യമാണ് എന്നാണ് ബഹുദൈവവാദികളോടു പറയുന്നത്. പ്രപഞ്ചം ഉണ്ട് എന്നത് ഒരു അനുഭവയാഥാര്‍ഥ്യമാണല്ലോ. പ്രപഞ്ചത്തില്‍ ധാരാളം മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു എന്നതും അനിഷേധ്യമാകുന്നു. മനുഷ്യന്‍ തന്നെ അതിന്റെ ഉദാഹരണമാണല്ലോ. മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതൊന്നും അനാദിയായിരിക്കാവതല്ല. അനാദിയല്ലാത്തത് ആദ്യം ഉളവാകുന്നതിന് ഒരു കാരണം വേണം. ആ ആദികാരണമാണ് അല്ലാഹു. അവന്റെ ആസ്തിക്യത്തില്‍ സംശയിക്കുന്നത് പ്രപഞ്ചത്തിന്റെ അസ്തിത്വത്തില്‍ സംശയിക്കുന്നതിനു തുല്യമാണ്. ഇതാണ് ഈ വാക്യം നാസ്തികരോട് പറയുന്നത്.

يَدْعُوكُمْ لِيَغْفِرَ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرَكُمْ إِلَىٰ أَجَلٍ مُّسَمًّىۚ എന്ന വാക്യത്തിലൂടെ പ്രവാചകന്മാര്‍ അവരുടെ ദൗത്യം വിശദീകരിക്കുകയാണ്. ദയാമയനും കരുണാവാരിധിയുമായ അല്ലാഹു മനുഷ്യരെ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിച്ച് ഭൂമിയെ സംസ്‌കരിക്കാനും ഇഹത്തിലും പരത്തിലും സൗഭാഗ്യം നേടാനും അവന്‍ നിശ്ചയിച്ച അവധിവരെ നിലനില്‍ക്കാന്‍ യോഗ്യരാക്കുന്നതിനുവേണ്ടിയാണ് പ്രവാചകന്മാരെ നിശ്ചയിച്ചിരിക്കുന്നത്. നിശ്ചിത ഘട്ടം വരെ അവസരം നല്‍കുക – وَيُؤَخِّرَكُمْ إِلَىٰ أَجَلٍ مُّسَمًّىۚ എന്നതിലെ നിശ്ചിതഘട്ടം വ്യക്തിയെ സംബന്ധിച്ചേടത്തോളം അവന്റെ ആയുസ്സാണ്. സമൂഹങ്ങളെ സംബന്ധിച്ചേടത്തോളം അത് ലോകാവസാനം വരെ നീണ്ടുനില്‍ക്കാം. ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത് സമൂഹങ്ങള്‍ക്ക് നിലനില്‍ക്കാനുള്ള അവസരമാണ്. സമൂഹജീവിതം അധര്‍മത്തിലും അക്രമത്തിലും ആണ്ടുപോയാല്‍ അകാല വിനാശം അനിവാര്യമായിത്തീരും. അക്രമത്തില്‍നിന്നും അസത്യത്തില്‍നിന്നും പിന്തിരിഞ്ഞ് ദൈവികശാസനകളിലേക്ക് മടങ്ങുക വഴി സമുദായങ്ങളുടെ ആയുസ്സു വര്‍ധിക്കുന്നു.

ഈ ആശയങ്ങളൊന്നും ഉള്‍ക്കൊള്ളാന്‍, അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടുപോയ പല സമുദായങ്ങളും തയാറായില്ല. പ്രവാചകന്മാരുടെ പ്രവാചകത്വം തന്നെ അവര്‍ നിഷേധിച്ചു. ഞങ്ങളെപ്പോലുള്ള ചില മനുഷ്യര്‍ വന്ന് തങ്ങള്‍ ദൈവദൂതന്മാരാണെന്നും തങ്ങള്‍ പ്രചരിപ്പിക്കുന്നത് ദൈവിക സന്ദേശങ്ങളും ശാസനകളുമാണെന്നും അവകാശപ്പെട്ടാല്‍ അതുവകവെച്ചു കൊടുക്കാന്‍ ഞങ്ങളെ കിട്ടില്ല. സാധാരണ മനുഷ്യരെയൊന്നും ദൈവം ദൂതന്മാരായി നിയോഗിക്കില്ല. മലക്കുകളോ ദിവ്യശക്തികളുള്ള മഹാപുരുഷന്മാരോ മാത്രമേ പ്രവാചകന്മാരാകൂ. പ്രവാചകന്മാരെന്നവകാശപ്പെട്ടു വരുന്ന നിങ്ങളുടെ ലക്ഷ്യം, പൂര്‍വപിതാക്കളുടെ കാലം മുതലേ ഈ സമുദായം ആരാധിച്ചുവരുന്നതും നമുക്ക് ക്ഷേമവും സൗഭാഗ്യവും പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നതുമായ മഹാമൂര്‍ത്തികളെ ആരാധിക്കുന്നതില്‍നിന്നും പാരമ്പര്യ ധര്‍മങ്ങളനുഷ്ഠിക്കുന്നതില്‍നിന്നും ഞങ്ങളെ തടഞ്ഞ് കുഴപ്പങ്ങളും ദുരിതങ്ങളുമുണ്ടാക്കുകയാണ്. ഇസ്‌ലാമികപ്രബോധകര്‍ എക്കാലത്തും അഭിമുഖീകരിക്കേണ്ടിവരുന്ന ഒരാരോപണമാണിത്. പാരമ്പര്യ ദൈവങ്ങളോടും ആചാര സമ്പ്രദായങ്ങളോടും ആളുകള്‍ക്ക് അന്ധമായ പ്രതിബദ്ധതയുണ്ടായിരിക്കും. അതിനെതിരായുള്ള ശബ്ദങ്ങളെ അവര്‍ സമുദായത്തിന്റെ അഭിമാനത്തിനും ഭദ്രതക്കും ക്ഷേമത്തിനും നേരെയുള്ള ആക്രമണമായി കാണുകയും രൂക്ഷമായി എതിര്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് അസത്യത്തിന്റെ നായകന്മാര്‍ എന്നും സത്യപ്രസ്ഥാനത്തിനെതിരെ ആദ്യം ഉയര്‍ത്തുക ഈ ആരോപണമാണ്.

അനുസരിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതാണ് മൗലികമായി سُلْطَانٍ . ഭരണാധികാരി, ആധിപത്യം, അനിഷേധ്യമായ തെളിവ്, പ്രമാണം തുടങ്ങിയ അര്‍ഥങ്ങളിലൊക്കെ ഉപയോഗിക്കും. നിഷേധിക്കാനാവാത്ത തെളിവ് അഥവാ അമാനുഷികമായ ദിവ്യാദ്ഭുതം ആണ് ഇവിടെ ഉദ്ദേശ്യം. ഞങ്ങള്‍ പറയുന്നതുപോലെ നിങ്ങള്‍ കുഴപ്പക്കാരല്ല, ദൈവദൂതന്മാര്‍ തന്നെയാണെങ്കില്‍ അത് ഞങ്ങളെ ബോധ്യപ്പെടുത്തുന്ന അമാനുഷികമായ ദിവ്യാദ്ഭുതങ്ങള്‍ കാണിച്ചു തരേണം എന്നാണവര്‍ ആവശ്യപ്പെടുന്നത്. അതിനു സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ കള്ളന്മാരും കുഴപ്പക്കാരുമാണെന്ന് ഉറപ്പിക്കുകയും ഞങ്ങള്‍ ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്യും എന്ന താക്കീതുകൂടി ഈ വെല്ലുവിളിയിലുണ്ട്.

11. നിഷേധികളുടെ വെല്ലുവിളിക്ക് പ്രവാചകന്മാര്‍ നല്‍കാറുള്ള മറുപടിയാണിത് – ഞങ്ങള്‍ നിങ്ങളെപ്പോലുള്ള സാധാരണ മനുഷ്യര്‍ തന്നെയാണെന്ന കാര്യം പൂര്‍ണമായി സമ്മതിക്കുന്നു. ഞങ്ങള്‍ക്ക് ദിവ്യത്വത്തില്‍ യാതൊരു പങ്കുമില്ല. ദൈവിക ശക്തികളുമില്ല. ഞങ്ങള്‍ സ്വയം തെരഞ്ഞെടുത്തതല്ല ഈ പ്രവാചകത്വം, അതിനുള്ള ശക്തിയുമില്ല ഞങ്ങള്‍ക്ക്. അല്ലാഹു സര്‍വശക്തനും പരമാധികാരിയുമാണ്. അവനിച്ഛിക്കുന്നതെന്തും അവനു ചെയ്യാം. അവന്‍ തന്റെ അടിമകളില്‍ ചിലരെ തന്റെ ദൂതന്മാരായി നിയോഗിച്ചു കൊണ്ട് ഔദാര്യമരുളുന്നു. يَمُنُّ എന്ന പദം مَنَّയുടെ വര്‍ത്തമാന രൂപമാണ്. مَنَّ എന്നാണ് മൂലരൂപം. ദാക്ഷിണ്യം, ഔദാര്യം, അനുഗ്രഹം എന്നീ അര്‍ഥങ്ങളുണ്ട്. مَنَّ എന്ന ക്രിയക്ക് ഔദാര്യം ചെയ്തു എന്നും ചെയ്ത ഔദാര്യം എടുത്തോതിക്കൊണ്ടിരുന്നു എന്നും അര്‍ഥമുണ്ട്. ഔദാര്യം ചെയ്തു, അനുഗ്രഹിച്ചു എന്നാണ് പ്രകൃത സന്ദര്‍ഭത്തില്‍ അര്‍ഥം. ഗുണഭോക്താവിന് സ്വന്തം നിലയില്‍ അവകാശമില്ലാത്ത ഒരു ദാനമോ ഉപകാരമോ ചെയ്യുമ്പോഴാണ് يَمُنُّ എന്നുപറയുക. പ്രവാചകന്മാരുടെ പ്രവാചകത്വം അവരുടെ കഴിവുകൊണ്ടോ കര്‍മംകൊണ്ടോ സ്വയം നേടിയെടുത്ത അവകാശമല്ല; മറിച്ച് അല്ലാഹുവിങ്കല്‍നിന്ന് കേവലം ഔദാര്യമായി ലഭിച്ചതാകുന്നു എന്നാണീ പദപ്രയോഗം സൂചിപ്പിക്കുന്നത്. അതുകൊണ്ട് ആളുകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് യഥേഷ്ടം ദിവ്യാദ്ഭുതങ്ങള്‍ പ്രകടിപ്പിക്കാനുള്ള കഴിവൊന്നും ഞങ്ങള്‍, പ്രവാചകന്മാര്‍ക്ക് ഇല്ല. ഞങ്ങള്‍ വല്ല അദ്ഭുതവും കാണിക്കുന്നുവെങ്കില്‍ അതും അല്ലാഹുവിന്റെ കല്‍പനപ്രകാരം മാത്രമാണ്.

بَشَرٌ ന്റെ മൗലികമായ ആശയം ഒരു വസ്തു ഭംഗിയായി പ്രത്യക്ഷമാവുകയാണ്. ഇതര ജന്തുക്കളില്‍നിന്ന് ഭിന്നമായി, പൂടയോ രോമസാന്ദ്രതയോ ഇല്ലാതെ മിനുത്ത ഭംഗിയുള്ള ചര്‍മത്തോടെ കാണപ്പെടുന്ന ജീവി എന്ന അടിസ്ഥാനത്തിലാണ് മനുഷ്യന്‍ بشر ആകുന്നത്. മനുഷ്യ ചര്‍മം എന്ന അര്‍ഥത്തിലും بشر ഉപയോഗിക്കാറുണ്ട്. ഏകവചനമായും ബഹുവചനമായും സ്ത്രീലിംഗമായും പുല്ലിംഗമായും പ്രയോഗിക്കുന്നു. ദ്വിവചനം بشرين എന്ന് ഖുര്‍ആന്‍ 23:47ല്‍ ഉപയോഗിച്ചിരിക്കുന്നു. പ്രകൃത സൂക്തത്തില്‍നിന്നു വ്യക്തമാകുന്നതുപോലെ, പദാര്‍ഥ പ്രകൃതിയും ശരീര ഘടനയും അതിന്റെ ആവശ്യങ്ങളും ദൗര്‍ബല്യങ്ങളും സൂചിപ്പിക്കാനുദ്ദേശിക്കുമ്പോഴാണ് മനുഷ്യനെ കുറിക്കാന്‍ بشر ഉപയോഗിക്കാറുള്ളത്. അത്തരം സന്ദര്‍ഭങ്ങളില്‍ മലക്കിന്റെ വിപരീതമാണ് ബശറ്. ഗോചരമായ ശരീരത്തില്‍നിന്നും അതിന്റെ പരാശ്രയങ്ങളില്‍ നിന്നും മുക്തമായ അസ്തിത്വമാണല്ലോ മലക്ക്. നമ്മെപ്പോലെ ഇരിക്കുകയും നടക്കുകയും ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന, നമ്മെപ്പോലെ രോമമില്ലാത്ത തൊലിയും, തലമുടിയും നഖങ്ങളുമുള്ളവര്‍ എങ്ങനെ പ്രവാചകനാകും എന്നാണ് ‘നിങ്ങള്‍ ഞങ്ങളെപ്പോലുള്ള بشر മാത്രമാകുന്നു’ എന്നു പറയുമ്പോള്‍ അവിശ്വാസികള്‍ അര്‍ഥമാക്കുന്നത്. നിങ്ങളെപ്പോലെ ഞങ്ങളുടെയും പേശിക്കോ അസ്ഥിക്കോ ത്വക്കിനോ മുടിക്കോ നഖത്തിനോ ദിവ്യശക്തിയോ അമാനുഷികതയോ ഇല്ലെന്നു തന്നെയാണ്, ‘ഞങ്ങള്‍ നിങ്ങളെപ്പോലെ بشر തന്നെയാണ്’ എന്നു പറയുമ്പോള്‍ പ്രവാചകന്മാരും അര്‍ഥമാക്കുന്നത്. പ്രവാചകന്മാരുടെ ഭൗതികാവശിഷ്ടങ്ങള്‍ പൂജാ പ്രതിഷ്ഠകളായി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ വിശ്വാസികള്‍ മനസ്സിരുത്തി വായിക്കേണ്ടതാണ് ഈ വചനങ്ങള്‍.

അവരുടെ ദൈവദൂതന്മാര്‍ പറഞ്ഞു(ചോദിച്ചു) = قَالَتْ رُسُلُهُمْ
അല്ലാഹുവിനെക്കുറിച്ചോ = أَفِي اللَّهِ
സംശയം = شَكٌّ
ആകാശഭൂമികളുടെ സ്രഷ്ടാവായ = وَالْأَرْضِۖ السَّمَاوَات فَاطِرِ
അവന്‍ നിങ്ങളെ വിളിക്കുന്നു(ക്കുമ്പോള്‍) = يَدْعُوكُمْ
നിങ്ങള്‍ക്ക് പൊറുത്തുതരുന്നതിന് = لَكُم لِيَغْفِرَ
നിങ്ങളുടെ പാപങ്ങള്‍= مِّن ذُنُوبِكُمْ
നിങ്ങളെ പിന്തിക്കുന്നതിനും(അവസരം നല്‍കുന്നതിനും)= وَيُؤَخِّرَكُمْ
ഒരവധിവരെ(കാലഘട്ടംവരെ) = إِلَىٰ أَجَلٍ
നിശ്ചിതമായ, പേരുവെക്കപ്പെട്ട = مُّسَمًّىۚ
അവര്‍ പറഞ്ഞു(മറുപടി കൊടുത്തു) = قَالُوا
നിങ്ങള്‍ അല്ല (മാത്രമാകുന്നു) = إِنْ أَنتُمْ إِلَّا بَشَرٌ
മനുഷ്യര്‍ അല്ലാതെ = إِلَّا بَشَر
ഞങ്ങളെപ്പോലെ ഉള്ള = مِّثْلُنَا
നിങ്ങള്‍ ഉദ്ദേശിക്കുന്നു = تُرِيدُونَ
ഞങ്ങളെ തടയുവാന്‍(ആണല്ലോ)= أَن تَصُدُّونَا
ആരാധിച്ചു വരുന്ന (മൂര്‍ത്തികളെ)തിനെ = عَمَّا كَانَ يَعْبُدُ
ഞങ്ങളുടെ പൂര്‍വപിതാക്കള്‍(ക്കളുടെ കാലം മുതലേ) = آبَاؤُنَا
നിങ്ങള്‍ ഞങ്ങള്‍ക്ക് കൊണ്ടുവരിക(ശരി, കൊണ്ടുവന്നാട്ടെ) = فَأْتُونَا
ഒരു (വല്ല) തെളിവ്(വും) = بِسُلْطَانٍ
വ്യക്തമായ = مُّبِينٍ
അവരുടെ ദൈവദൂതന്മാര്‍ അവരോടു പറഞ്ഞു = رُسُلُهُمْ لَهُمْ قَالَتْ
ഞങ്ങള്‍ അല്ല(ഞങ്ങള്‍ ആണ്) = إِن نَّحْنُ
മനുഷ്യര്‍ അല്ലാതെ(തന്നെ) = إِلَّا بَشَرٌ
നിങ്ങളെപ്പോലെ(ഉള്ള) = مِّثْلُكُمْ
പക്ഷേ, അല്ലാഹു = وَلَٰكِنَّ اللَّهَ
ഔദാര്യമരുളും = يَمُنُّ
അവനിച്ഛിക്കുന്നവരുടെ മേല്‍ = عَلَىٰ مَن يَشَاءُ
അവന്റെ ദാസന്മാരില്‍നിന്ന് = مِنْ عِبَادِهِۖ
ഞങ്ങളുടെ കാര്യമല്ല, കഴിവില്‍പ്പെട്ടതല്ല = وَمَا كَانَ لَنَا
നിങ്ങള്‍ക്ക് കൊണ്ടുവരിക = أَن نَّأْتِيَكُم
പ്രമാണം, ദിവ്യാദ്ഭുതം = بِسُلْطَانٍ
അല്ലാഹുവിന്റെ അനുമതി(ദൈവഹിതം) ഇല്ലാതെ = إِلَّا بِإِذْنِ اللَّهِۚ
അല്ലാഹുവിന്റെ മേല്‍(തന്നെ) = وَعَلَى اللَّهِ
ഞങ്ങള്‍ എന്തിന് അല്ലാഹുവില്‍ ഭരമേല്‍പിക്കാതിരിക്കണം = الْمُؤْمِنُونَ فَلْيَتَوَكَّلِ

Add comment

Your email address will not be published. Required fields are marked *