ഇബ്‌റാഹീം – സൂക്തങ്ങള്‍: 21

وَبَرَزُوا لِلَّهِ جَمِيعًا فَقَالَ الضُّعَفَاءُ لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا مِنْ عَذَابِ اللَّهِ مِن شَيْءٍۚ قَالُوا لَوْ هَدَانَا اللَّهُ لَهَدَيْنَاكُمْۖ سَوَاءٌ عَلَيْنَاأَجَزِعْنَا أَمْ صَبَرْنَا مَا لَنَا مِن مَّحِيصٍ ﴿٢١﴾

21. മര്‍ത്യരൊന്നടങ്കം അല്ലാഹുവിന്റെ മുന്നില്‍ നേരിട്ടു ഹാജരാകുന്നു. ഈ ലോകത്ത് അശക്തരായിരുന്നവര്‍ ശക്തരായി ചമഞ്ഞിരുന്നവരോട് അന്നേരം ചോദിക്കും: ഭൗതിക ലോകത്ത് നിങ്ങളുടെ അനുയായികളായിരുന്നുവല്ലോ ഞങ്ങള്‍. ഇപ്പോള്‍ ഞങ്ങള്‍ ദൈവശിക്ഷയില്‍നിന്ന് രക്ഷപ്പെടുന്നതിന് വല്ലതും ചെയ്തു തരാന്‍ നിങ്ങള്‍ക്കാകുമോ? അവര്‍ പ്രതിവചിക്കും: വല്ല രക്ഷാമാര്‍ഗവും അല്ലാഹു ഞങ്ങള്‍ക്ക് കാണിച്ചു തന്നിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങളതു നിങ്ങള്‍ക്കും കാണിച്ചുതരുമായിരുന്നു. ഇനിയിപ്പോള്‍ നമ്മള്‍ വെപ്രാളപ്പെട്ട് വിലപിച്ചാലും ക്ഷമിച്ചു നിന്നാലും ഒരുപോലെയാകുന്നു. നമുക്ക് രക്ഷപ്പെടാന്‍ ഒരു പഴുതുമില്ല.

21. بروز നിന്നുള്ള ക്രിയയാണ് برزوا. മറനീക്കി പ്രത്യക്ഷപ്പെടുകയാണ് بروز. പുരുഷന്മാരുടെ മുന്നില്‍ പര്‍ദയില്ലാതെ പ്രത്യക്ഷപ്പെടുന്ന സ്ത്രീയെ ബര്‍സ – برزة എന്നു പറയും. ജനങ്ങളൊന്നടങ്കം അല്ലാഹുവിന് വെളിപ്പെടും എന്നാണ് وَبَرَزُوا لِلَّهِ جَمِيعًا എന്ന വാക്യത്തിന്റെ ഭാഷാര്‍ഥം. മനുഷ്യന്‍ വിചാരണ സഭയില്‍ ഹാജരാകുന്നതിനെ ഈ വാക്കുകളില്‍ അവതരിപ്പിച്ചതില്‍ ചില പ്രത്യേക ധ്വനികളുണ്ട്. അല്ലാഹുവിനും അവര്‍ക്കുമിടയില്‍ മറയോ മധ്യവര്‍ത്തികളോ ഉണ്ടാവില്ല. ഭൗതികലോകത്ത് അവര്‍ക്കുണ്ടായിരുന്ന പരിവാരങ്ങളും സംരക്ഷകരും ഉണ്ടായിരിക്കുകയില്ല. തങ്ങള്‍ക്കുണ്ടെന്ന് അവര്‍ അഹങ്കരിച്ചിരുന്ന പ്രതാപം, അധികാരം, കഴിവുകള്‍, തങ്ങളെ രക്ഷിക്കാന്‍ തങ്ങളാരാധിച്ചിരുന്ന ദൈവങ്ങളും ശിപാര്‍ശകരുമുണ്ടായിരിക്കുമെന്ന പ്രതീക്ഷ തുടങ്ങിയ എല്ലാ അവിദ്യകളില്‍നിന്നും വ്യാമോഹങ്ങളില്‍നിന്നും മുക്തരായ നിലയില്‍ തീരെ അശക്തരും നിസ്സഹായരുമായി മനുഷ്യര്‍ അല്ലാഹുവിന്റെ മുന്നില്‍ വിചാരണക്ക് ഹാജരാകേണ്ട ഒരുനാള്‍ വരുന്നുണ്ട്. ആചാര്യന്മാരും നേതാക്കളും സര്‍വാധികാരികളും വിജിഗീഷുക്കളുമായി വാണവരും, അത്തരക്കാരാല്‍ നയിക്കപ്പെട്ട ദുര്‍ബലരും അടിച്ചമര്‍ത്തപ്പെട്ടവരും അടിമകളുമെല്ലാം അക്കൂട്ടത്തിലുണ്ടാവും. എല്ലാവരുടെയും അവസ്ഥ ഒരു പോലെയായിരിക്കും. ഇഹലോകത്ത് തങ്ങളെ തെറ്റായ വിശ്വാസങ്ങളിലൂടെയും ആദര്‍ശങ്ങളിലൂടെയും കര്‍മപദ്ധതികളിലൂടെയും നയിച്ച നേതാക്കളോടും അധികാരികളോടും ആ പാവങ്ങള്‍ ചോദിക്കും. ഇഹലോകത്ത് ഞങ്ങളുടെ രാജാക്കന്മാരും നേതാക്കന്മാരുമായിരുന്നുവല്ലോ നിങ്ങള്‍. നിങ്ങളെ അനുസരിച്ചും ആരാധിച്ചും ജീവിച്ച ഞങ്ങള്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയാണിത്. ഈ ദുര്‍ഗതിയില്‍നിന്ന് രക്ഷപ്പെടാന്‍ വല്ലതും ചെയ്തുതരാന്‍ നിങ്ങള്‍ക്കു കഴിയുമോ? കഴിയുമെങ്കില്‍ ഉടനെ അതു ചെയ്തു ഞങ്ങളെ രക്ഷിക്കേണം. ഞങ്ങളും നിങ്ങളെപ്പോലെ തന്നെ പീഡിതരും നിസ്സഹായരുമായ അവസ്ഥയിലാണെന്നാണ് നേതാക്കളുടെ മറുപടി. ഭൗതിക ലോകത്തുണ്ടായിരുന്ന അധികാരവും പ്രതാപവും ശക്തിയുമൊന്നും ഞങ്ങള്‍ക്കിവിടെയില്ല. ഇവിടെ അധികാരവും ശക്തിയും പ്രതാപവുമൊക്കെ സമ്പൂര്‍ണമായി അല്ലാഹുവിനു മാത്രമുള്ളതാകുന്നു. ഇവിടെ ഞങ്ങള്‍ക്ക് സ്വന്തമായി ഒരു രക്ഷാമാര്‍ഗം ആസൂത്രണം ചെയ്യാനോ നടപ്പിലാക്കാനോ കഴിയില്ല. വല്ല മാര്‍ഗവും കാണണമെങ്കില്‍ അത് അല്ലാഹു തന്നെ കാണിച്ചു തരേണം. അവന്‍ അങ്ങനെ വല്ല മാര്‍ഗവും കാണിച്ചു തന്നിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങളതു നിങ്ങള്‍ക്കും കാണിച്ചു തരുമായിരുന്നു. രക്ഷപ്പെട്ടു എന്ന അര്‍ഥമുള്ള حاص യുടെ ക്രിയാനാമമാണ് محيص. സ്ഥലനാമം ആയും ഇതുപയോഗിക്കും. അപ്പോള്‍ രക്ഷാസ്ഥാനം, രക്ഷാമാര്‍ഗം എന്നര്‍ഥമാകുന്നു.

അന്ത്യനാളില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ ഇവിടെ കഴിഞ്ഞു പോയ സംഭവങ്ങളെന്നപോലെ بَرَزُوا – قَالُوا എന്നിങ്ങനെ ഭൂതകാലക്രിയാ വചനങ്ങളിലാണവതരിപ്പിച്ചിരിക്കുന്നത്. സംഭവിച്ചു കഴിഞ്ഞതുപോലെ ഉറപ്പായ കാര്യങ്ങളായതുകൊണ്ടാണത്. വക്താവായ അല്ലാഹു കാലാതീതനായതുകൊണ്ട് അവന്റെ മുമ്പില്‍ ഭൂത-ഭാവി-വര്‍ത്തമാന വിവേചനങ്ങള്‍ പ്രസക്തമല്ലാത്തതുകൊണ്ടുമാവാം.

അവര്‍ മറയില്ലാതെ പ്രത്യക്ഷരായി (മര്‍ത്യര്‍ നേരിട്ടു ഹാജരാകുന്നു)= وَبَرَزُوا
അല്ലാഹുവിന്ന്(ന്റെ മുന്നില്‍) = لِلَّهِ
ഒന്നടങ്കം = جَمِيعًا
(അന്നേരം ചോദിക്കും) പറഞ്ഞു = فَقَالَ
(ഈലോകത്ത്) അശക്തര്‍(ആയിരുന്നവര്‍) = الضُّعَفَاءُ
വലിപ്പം ഭാവിച്ചവരോട് (ശക്തന്മാരായി ചമഞ്ഞിരുന്നവരോട്) = لِلَّذِينَ اسْتَكْبَرُوا
(ഇഹലോകത്ത്) ഞങ്ങള്‍ ആയിരുന്നു = كُنَّا إِنَّا
നിങ്ങളുടെ = لَكُمْ
അനുയായികള്‍ = تَبَعًا
നിങ്ങള്‍ ആണോ (നിങ്ങള്‍ക്കു കഴിയുമോ) = فَهَلْ أَنتُم
പ്രതിരോധിക്കുന്നവര്‍, പ്രയോജനപ്പെടുന്നവര്‍(ഇപ്പോള്‍ വല്ലതും ചെയ്തു തരാന്‍) = مُّغْنُونَ َ
ഞങ്ങള്‍ക്കുവേണ്ടി = عَنَّا
അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് (ഞങ്ങള്‍ രക്ഷപ്പെടുന്നതിന്ന്) = مِنْ عَذَابِ اللَّهِ
ഒരു കാര്യത്തില്‍നിന്ന്(വല്ലതും) = مِن شَيْءٍۚ
അവര്‍ പറഞ്ഞു(പ്രതിവചിക്കും) = قَالُوا
അല്ലാഹു ഞങ്ങള്‍ക്ക് (വല്ല മാര്‍ഗവും) കാണിച്ചു തന്നിരുന്നുവെങ്കില്‍ = اللَّهُ لَوْ هَدَانَا
തീര്‍ച്ചയായും ഞങ്ങള്‍(അത്) നിങ്ങള്‍ക്ക്(ക്കും) കാണിച്ചു തരുമായിരുന്നു = لَهَدَيْنَاكُمْۖ
(ഇപ്പോള്‍) നമ്മുടെ മേല്‍ ഒരു പോലെയാകുന്നു = سَوَاءٌ
ഞങ്ങള്‍ക്ക് = عَلَيْنَا
നമ്മള്‍ വെപ്രാളപ്പെട്ടുവോ(പ്പെട്ടു വിലപിച്ചാലും) = أَجَزِعْنَا
അതല്ലെങ്കില്‍ നമ്മള്‍ ക്ഷമിച്ചുവോ(ക്ഷമിച്ചു നിന്നാലും)= أَمْ صَبَرْنَا
നമുക്കില്ല = مَا لَنَا
രക്ഷാസ്ഥാനത്താല്‍ (രക്ഷപ്പെടാന്‍ ഒരു പഴുതും)= مِن مَّحِيصٍ

Add comment

Your email address will not be published. Required fields are marked *