ഇബ്‌റാഹീം – സൂക്തങ്ങള്‍: 28-31

أَلَمْ تَرَ إِلَى الَّذِينَ بَدَّلُوا نِعْمَتَ اللَّهِ كُفْرًا وَأَحَلُّوا قَوْمَهُمْ دَارَ الْبَوَارِ ﴿٢٨﴾ جَهَنَّمَ يَصْلَوْنَهَاۖ وَبِئْسَ الْقَرَارُ ﴿٢٩﴾ وَجَعَلُوا لِلَّهِ أَندَادًا لِّيُضِلُّوا عَن سَبِيلِهِۗقُلْ تَمَتَّعُوا فَإِنَّ مَصِيرَكُمْ إِلَى النَّارِ ﴿٣٠﴾
قُل لِّعِبَادِيَ الَّذِينَ آمَنُوا يُقِيمُوا الصَّلَاةَ وَيُنفِقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً مِّن قَبْلِ أَن يَأْتِيَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خِلَالٌ ﴿٣١﴾

28. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികേട് പകരമാക്കുകയും സ്വസമുദായത്തെക്കൂടി നാശഗര്‍ത്തത്തില്‍ തള്ളുകയും ചെയ്ത ആളുകളെ നീ കണ്ടിട്ടില്ലെയോ?

29. അവര്‍ വെന്തെരിയുന്ന നരകത്തില്‍. എത്ര ദുര്‍ഭഗമായ വാസസ്ഥലം!

30. അവര്‍ ജനത്തെ അല്ലാഹുവിന്റെ വഴിയില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ അവന്നു സമന്മാരെ ഉണ്ടാക്കിയിരിക്കുന്നു. പ്രവാചകന്‍ പറയുക: സുഖിച്ചു കൊള്ളുവിന്‍. ഒടുവില്‍ നിങ്ങള്‍ ചെന്നെത്തുക നരകത്തില്‍ തന്നെയാകുന്നു.

31. എന്റെ സത്യവിശ്വാസികളായ ദാസന്മാരോട് ഉപദേശിക്കുക: കൊള്ളക്കൊടുക്കകളും സുഹൃദ്ബന്ധങ്ങളുമൊന്നും ഫലിക്കാത്ത ഒരുനാള്‍ വന്നെത്തും മുമ്പ് അവര്‍ നമസ്‌കാരം നിലനിര്‍ത്തുകയും അല്ലാഹു നല്‍കിയ വിഭവങ്ങള്‍ രഹസ്യമായും പരസ്യമായും ധര്‍മമാര്‍ഗത്തില്‍ ചെലവഴിക്കുകയും ചെയ്യട്ടെ.

28-30. മുന്‍ സൂക്തങ്ങളില്‍ സദ്‌വചനത്തിന്റെയും ക്ഷുദ്രവചനത്തിന്റെയും – സത്യദര്‍ശനത്തിന്റെയും അസത്യദര്‍ശനങ്ങളുടെയും സ്വഭാവം വ്യക്തമാക്കുകയായിരുന്നുവല്ലോ. തുടര്‍ന്ന് ക്ഷുദ്രവചനങ്ങളെ ജീവിത ദര്‍ശനമായി സ്വീകരിക്കുകയും ജനങ്ങളെ അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നവരുടെ പരിണതിയെക്കുറിച്ചു പറയുകയാണ്. പറയാന്‍ പോകുന്ന കാര്യത്തിന്റെ ഗൗരവത്തെയും അദ്ഭുതത്തെയും സൂചിപ്പിക്കുന്നതിനുവേണ്ടിയാണ് സൂക്തം الم تر -നീ കണ്ടിട്ടില്ലെയോ- എന്ന ചോദ്യത്തോടെ തുടങ്ങുന്നത്. സൂക്തം പ്രഥമമായി ഉന്നംവെക്കുന്നത് പ്രവാചകന്റെ ബദ്ധവൈരികളായിരുന്ന ഖുറൈശീപ്രമാണിമാരെയാണ്. പൊതുവായ അര്‍ഥത്തില്‍ പ്രവാചകന്മാരെയും വേദപ്രമാണങ്ങളെയും തള്ളിക്കളയുന്ന എല്ലാവരും ഈ സൂക്തത്തിന്റെ ലക്ഷ്യമാണ്. പ്രവാചകനിയോഗത്തിലൂടെയും വേദാവതരണത്തിലൂടെയും മനുഷ്യരെ സദ്‌വചനം പഠിപ്പിക്കുന്നുവെന്നത് യഥാര്‍ഥത്തില്‍ അല്ലാഹു മനുഷ്യര്‍ക്ക് ചെയ്യുന്ന മഹത്തായ ഔദാര്യവും അനുഗ്രഹവുമാണ്. ഈ അനുഗ്രഹത്തെ അര്‍ഹിക്കുന്ന ആദരവോടെ സ്വീകരിക്കുകയും അനുസരിക്കുകയുമാണ് മനുഷ്യന്റെ ധര്‍മം. അതിനുപകരം കൃത്രിമ ദര്‍ശനങ്ങള്‍ പടച്ചുണ്ടാക്കി അതിലേക്ക് ആളുകളെ ക്ഷണിക്കുന്നത് കടുത്ത അധര്‍മവും അല്ലാഹുവിന്റെ അനുഗ്രഹങ്ങളോടു കാണിക്കുന്ന കൊടിയ നന്ദികേടുമാണ്. ഗുരുതരവും അപലപനീയവുമായ ഈ നന്ദികേടാണ് ലോകത്ത് അധിക നേതാക്കളും ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുവഴി യഥാര്‍ഥത്തില്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് സ്വയം നാശത്തിലേക്ക് ഗമിക്കുന്നതോടൊപ്പം സ്വന്തം സമുദായങ്ങളെയും സംഘടനകളെയും കൂടി നാശഗര്‍ത്തത്തില്‍ തള്ളുകയത്രെ. ഈ നാശം ചിലപ്പോള്‍ അവരുടെ ജീവിതകാലത്തോ പില്‍ക്കാലത്തോ ഈ ലോകത്തുതന്നെ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ നാശം വന്നു പതിക്കുമ്പോഴേക്കും അതിന്റെ അടിസ്ഥാന കാരണം വിസ്മൃതമാകും. എന്നാല്‍, കാരണമെന്തെന്ന് നന്നായി ബോധ്യപ്പെട്ടുകൊണ്ട് എല്ലാവരും അനിവാര്യമായി അനുഭവിക്കേണ്ട ഒരു നാശമുണ്ട്. ക്ഷുദ്രവചനങ്ങളുടെ വക്താക്കള്‍ക്കും വാഹകര്‍ക്കും പരലോകത്ത് ഒരുക്കിവെച്ചിട്ടുള്ള കത്തിയെരിയുന്ന നരകമാണത്.

ദൈവികസന്ദേശം തള്ളിക്കളഞ്ഞ് ക്ഷുദ്ര വചനങ്ങളാവിഷ്‌കരിക്കുന്നവര്‍ യഥാര്‍ഥ ദൈവത്തിന് സമന്മാരെ ഉണ്ടാക്കുകയാണ്. ആ സമന്മാര്‍ വിഗ്രഹങ്ങളാവാം, പ്രാപഞ്ചികപ്രതിഭാസങ്ങളാവാം, സ്വന്തം തോന്നലുകളും അഭിനിവേശങ്ങളുമാകാം. ചിലപ്പോള്‍ ദൈവനിഷേധം തന്നെ ദൈവവിശ്വാസത്തിനു സമാനമായ സിദ്ധാന്തമാകുന്നു. അല്ലാഹുവിനെയും അവന്റെ ധര്‍മശാസനകളെയും തള്ളിക്കളഞ്ഞ് പകരം സ്വീകരിക്കുന്നതെന്തും അല്ലാഹുവിനു സമാനമായിത്തീരുന്നു. അത്തരം ആവിഷ്‌കാരങ്ങള്‍ക്കൊക്കെ അടിസ്ഥാനം ആവിഷ്‌കരിക്കുന്നവരുടെ വ്യക്തിപരമായ അഭിരുചിയും ആനന്ദവുമാണ്. അതു സൂചിപ്പിച്ചുകൊണ്ടാണ് അത്തരക്കാര്‍ക്ക് മറുപടിയായി, ‘നിങ്ങള്‍ സുഖിച്ചു കൊള്ളുക’ എന്നു പറയുന്നത്. ഈ ലോകത്ത് നിങ്ങള്‍ക്കതുവഴി സുഖവും സന്തോഷവും യശസ്സും പ്രതാപവും ലഭിക്കുന്നുണ്ടാവാം. അതാസ്വദിച്ചുകൊള്ളുക. പക്ഷേ, പരലോകത്ത് നിങ്ങള്‍ ചെന്നെത്തുക അനിവാര്യമായും നരകത്തിലായിരിക്കും ….فإن مصيركم എന്ന വാക്യത്തിന്റെ പശ്ചാത്തലത്തില്‍ تمتعوا നിങ്ങള്‍ സുഖിച്ചുകൊള്ളുക എന്ന വാക്യം സംബോധിതരോടുള്ള പരിഹാസത്തെക്കൂടി ദ്യോതിപ്പിക്കുന്നതാണ്.

മൂലത്തിലെ دار البوار നെയാണ് നാശഗര്‍ത്തം എന്ന് തര്‍ജമ ചെയ്തിട്ടുള്ളത്. ഒരു വസ്തു, ഗുണങ്ങള്‍ നശിച്ച് പ്രയോജനശൂന്യമായിത്തീരുന്നതിന് بور എന്നു പറയുന്നു. വളക്കൂറ് നശിച്ച് ഊഷരമായി ഉപേക്ഷിക്കപ്പെട്ട കൃഷിയോഗ്യമല്ലാത്ത ഭൂമിക്ക് ارض بائرة എന്നു പറയുന്നു. സദ്ഗുണങ്ങളും വികാസക്ഷമതയും നഷ്ടപ്പെട്ട് നാശോന്മുഖമായ സമൂഹം എന്ന അര്‍ഥത്തില്‍ സൂറ അല്‍ഫത്ഹ് 12-ാം സൂക്തത്തില്‍ وكنتم قوما بورا എന്നു പറയുന്നുണ്ട്.

ക്ഷുദ്രവചനത്തിന്റെ നേതാക്കള്‍ സമൂഹത്തെ നാശഗര്‍ത്തത്തില്‍ തള്ളുന്നു എന്നു പറഞ്ഞത് ഈ ലോകത്തു വെച്ചുതന്നെ നേരിടേണ്ടിവരുന്ന നാശത്തെക്കുറിച്ചാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. തുടര്‍ന്ന് പരാമര്‍ശിക്കുന്ന നരകം പരലോകത്തുവെച്ചു നേരിടേണ്ടിവരുന്ന ശിക്ഷയാണ്. دار البوار ന്റെ വിശദീകരണമാണ് جهنم എന്നാണ് മറ്റേ പക്ഷം. ആദ്യവ്യാഖ്യാനമനുസരിച്ച് വ്യാജമതങ്ങളുടെയും തത്ത്വശാസ്ത്രങ്ങളുടെയും വക്താക്കള്‍ ആത്യന്തികമായ അര്‍ഥത്തില്‍ മാനവികനന്മകളും വികാസക്ഷമതയും ക്ഷയിപ്പിച്ച് സമൂഹത്തെ ഊഷരമാക്കുകയും വന്ധീകരിക്കുകയുമാണ് ചെയ്യുന്നത്.

ചില പൂര്‍വിക വ്യാഖ്യാതാക്കള്‍ ഈ സൂക്തങ്ങളെ അതിന്റെ അവതരണ കാലത്തു മുന്നിലുണ്ടായിരുന്ന ക്ഷുദ്രവചനത്തിന്റെ വക്താക്കളായ ഖുറൈശിനേതാക്കളെയും അനുയായികളെയും മാത്രം പരിഗണിച്ചു കൊണ്ടും വ്യാഖ്യാനിച്ചിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ട് ഉദ്ദേശിക്കുന്നത്, ഖുറൈശികളുടെ ഇബ്‌റാഹീമി പാരമ്പര്യവും കഅ്ബയുടെ സാന്നിധ്യത്താല്‍ നിര്‍ഭയവും സുരക്ഷിതവും നാനാദിക്കുകളില്‍ നിന്നും വിഭവങ്ങള്‍ എത്തിച്ചേരുന്നതുമായ മക്കയിലെ അധിവാസവുമാണ്. ഈ അനുഗ്രഹങ്ങളെല്ലാം താല്‍പര്യപ്പെടുന്നത്, മുഹമ്മദ്‌നബിയുടെ പ്രബോധനം സ്വീകരിക്കണമെന്നും അല്ലാഹുവിന്റെ ശാസനകളനുസരിച്ചു ജീവിക്കണമെന്നുമാണ്. അതിനുപകരം അവര്‍ ചെയ്യുന്നത് മുഹമ്മദ്‌നബിയെയും അനുയായികളെയും കഠിനമായി പീഡിപ്പിക്കുകയും അല്ലാഹുവിന്റെ വചനമായ ഖുര്‍ആനെ തള്ളിപ്പറയുകയുമാണ്. ഇതുവഴി ഈ നേതാക്കള്‍ ആ സമൂഹത്തെത്തന്നെ വലിയ ആപത്തിലകപ്പെടുത്തിയിരിക്കുന്നു. ബദ്‌റും ഖന്ദഖും അതുപോലുള്ള മറ്റു യുദ്ധഭൂമികളും നേതാക്കള്‍ അവരെ തള്ളിവിട്ട ആപത് ഗര്‍ത്തങ്ങള്‍ – دار البوار – ആണ്.

31. ക്ഷുദ്ര വചനത്തിന്റെ വക്താക്കളും വാഹകരും നേരിടാനിരിക്കുന്ന പരിണിതികളെക്കുറിച്ച് താക്കീതു ചെയ്ത ശേഷം അതില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗം വിശ്വാസികളെ ഉപദേശിക്കുകയാണ്: നമസ്‌കാരം നിലനിര്‍ത്തുകയാണ് ഒന്ന്. അതു ദൈവവിചാരത്താല്‍ മനസുകളെ പ്രകാശിതമാക്കുകയും വിചാര വികാരങ്ങളെ സംസ്‌കരിക്കുകയും ചെയ്യുന്നു. രണ്ടാമത്തേത് സ്വന്തം വിഭവങ്ങള്‍ ധര്‍മകാര്യങ്ങളില്‍ ഉദാരമായി ചെലവഴിക്കുക. അതുവഴി സമൂഹത്തില്‍ പരസ്പര സ്‌നേഹവും സഹകരണവും, ആരോഗ്യകരവും സുദൃഢവുമായ ബന്ധങ്ങളും വളരുന്നു. മറ്റു മാനവികനന്മകളെല്ലാം ഈ രണ്ട് അടിസ്ഥാന നന്മകളുടെ വികാസങ്ങളും അനുബന്ധങ്ങളുമാണ്. ഇവിടെ ‘മുതല്‍ ചെലവഴിക്കുക’ എന്നു പറയുന്നതിനു പകരം ‘നാം നല്‍കിയ വിഭവങ്ങള്‍ ചെലവഴിക്കുക’ എന്നാണ് പറഞ്ഞിരിക്കുന്നത്. മനുഷ്യന്റെ ബാഹ്യവും ആന്തരികവും, ശാരീരികവും മാനസികവുമായ എല്ലാ നന്മകളും അല്ലാഹു നല്‍കിയ ന്തഞഝ (വിഭവം) ആണ്. വിശ്വാസി അവയെല്ലാം അവനവന്റെ ഗുണത്തിനെന്നപോലെ അപരന്റെ ഗുണത്തിനു വേണ്ടിയും വ്യയം ചെയ്തുകൊണ്ടിരിക്കണം.

സഹായങ്ങളും ദാനങ്ങളും, രഹസ്യമായും പരസ്യമായും ചെയ്യാം. പരസ്യമാക്കേണ്ടത് ആവശ്യമില്ലാത്തപ്പോള്‍ രഹസ്യമായിത്തന്നെയാണ് ദാനം ചെയ്യേണ്ടത്. അതാണ് അല്ലാഹുവിന്റെ പ്രീതിമാത്രം ഉദ്ദേശിച്ചു കൊണ്ടുള്ള നിഷ്‌ക്കളങ്ക ദാനധര്‍മത്തിന്റെ താല്‍പര്യം. മറ്റുള്ളവര്‍ക്ക് ദാനധര്‍മങ്ങളില്‍ താല്‍പര്യം ഉണര്‍ത്തുക, ആളുകളുടെ തെറ്റുധാരണ ദൂരീകരിക്കുക തുടങ്ങിയ നന്മകള്‍ ആവശ്യപ്പെടുമ്പോള്‍ അതു പരസ്യമായിത്തന്നെ ചെയ്യുന്നതാണുത്തമം. ഖുര്‍ആന്‍ രണ്ടു രീതിയിലുള്ള ദാനത്തെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ سرّا (രഹസ്യമായി) എന്ന് ആദ്യം പറഞ്ഞതില്‍ അതാണ് കൂടുതല്‍ ശ്രേഷ്ഠം എന്ന സൂചനയുള്ളതായി ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

വില്‍പനയാണ്بيع . സാധനങ്ങള്‍ വിലനിശ്ചയിച്ച് കൈമാറ്റം ചെയ്യുക അഥവാ കച്ചവടം എന്നാണ് മൗലികമായ അര്‍ഥം. കച്ചവടത്തിലെ ഒരുകക്ഷിയെ മാത്രം ഉദ്ദേശിച്ചു പറയുമ്പോള്‍ بيع ചെയ്യുന്നവര്‍ (بايع ) വില്‍ക്കുന്ന കക്ഷിയാണ്. സാധനങ്ങള്‍ സാധനങ്ങള്‍ക്കുപകരം കൈമാറ്റം ചെയ്തിരുന്ന കാലത്ത് ഒരു കച്ചവടത്തിലെ രണ്ടു കക്ഷികളും വില്‍ക്കുന്നവരാകുന്ന സാഹചര്യമുണ്ടായിരുന്നു. അത്തരം കച്ചവടമാണ് ഇവിടെ ഉദ്ദേശ്യം. സാധന സാമഗ്രികളും പണവുമൊന്നും കൂടെയില്ലാതെയാണ് മനുഷ്യന്‍ പരലോകത്തെത്തുന്നത്. സ്വന്തം സല്‍ക്കര്‍മങ്ങളും ദുഷ്‌കര്‍മങ്ങളും മാത്രമേ കൂടെയുണ്ടാകൂ. ആ സാഹചര്യത്തില്‍ നടത്താവുന്ന കൊള്ളക്കൊടുക്ക, ആളുകള്‍ നല്ലതും തിയ്യതുമായ കര്‍മങ്ങള്‍ കൈമാറുകയാണ്. പക്ഷേ, ആരാണ് സ്വന്തം നന്മകള്‍ക്കുപകരം അപരന്റെ തിന്മകള്‍ അല്ലെങ്കില്‍ വലിയ നന്മക്കുപകരം ചെറിയ നന്മ സ്വീകരിക്കാന്‍ തയാറാവുക? പിന്നെയുള്ളത് സ്‌നേഹബന്ധത്തിന്റെ പേരിലുള്ള കൈമാറ്റമാണ്. അത്തരം ബന്ധങ്ങളും അന്നു നിലനില്‍ക്കുകയില്ല. ……من قبل أن يأتى. എന്നവാക്യം നമസ്‌കാരത്തിന്റെയും ദാനധര്‍മങ്ങളുടെയും അടിസ്ഥാനപരമായ ആവശ്യം വ്യക്തമാക്കുകയാണ്. അതായത് നമസ്‌കാരവും ദാനധര്‍മങ്ങളും യഥാര്‍ഥത്തില്‍ ചെയ്യുന്നത് അവരവര്‍ക്കുവേണ്ടിത്തന്നെയാണ്. കൊള്ളക്കൊടുക്കകളോ സ്‌നേഹബന്ധങ്ങളോ രക്തബന്ധങ്ങളോ ഒന്നും പ്രയോജനപ്പെടാത്ത ഒരു നാള്‍ വരാനിക്കുന്നുണ്ട്. അന്ന് വല്ലതും നിങ്ങള്‍ക്ക് പ്രയോജനപ്പെടുമെങ്കില്‍ അത് ഈ ജീവിതത്തില്‍ നിര്‍വഹിച്ച നമസ്‌കാരങ്ങളും ദാനധര്‍മങ്ങളും മാത്രമായിരിക്കും.

നീ കണ്ടിട്ടില്ലെയോ = أَلَمْ تَرَ
പകരമാക്കിയവരെ = بَدَّلُوا إِلَى الَّذِينَ
ദൈവാനുഗ്രഹങ്ങളെ = نِعْمَتَ اللَّهِ
നിഷേധത്താല്‍, നന്ദികേടാല്‍ = كُفْرًا
അവര്‍ ഇറക്കി (തള്ളുകയും ചെയ്തവരെ) = وَأَحَلُّوا
അവരുടെ(സ്വ) സമുദായത്തെ = قَوْمَهُمْ
നാശഗേഹ(ഗര്‍ത്ത)ത്തില്‍ = الْبَوَارِ دَارَ
(അതായത്) നരകത്തില്‍ = جَهَنَّمَ
അവര്‍ അതിനെ എരിയിക്കും(വെന്തെരിയുന്ന) = يَصْلَوْنَهَاۖ
അത് എത്ര ദുര്‍ഭഗമായ = وَبِئْسَ
വാസസ്ഥലം = الْقَرَارُ
അവര്‍ ആ(ഉണ്ടാ)ക്കി = وَجَعَلُوا
അല്ലാഹുവിന് = لِلَّهِ
സമന്മാരെ = أَندَادًا
അവര്‍(ജനത്തെ) വ്യതിചലിപ്പിക്കാന്‍ = لِّيُضِلُّوا
അവന്റെ മാര്‍ഗത്തില്‍നിന്ന് = عَن سَبِيلِهِۗ
(പ്രവാചകന്‍)പറയുക = قُلْ
നിങ്ങള്‍ സുഖിച്ചുകൊള്ളുവിന്‍ = تَمَتَّعُوا
തീര്‍ച്ചയായും നിങ്ങളുടെ മടക്കസ്ഥാനം(ചെന്നെത്തുക) = فَإِنَّ مَصِيرَكُمْ
നരകത്തിലേക്ക്(തന്നെ)യാകുന്നു = إِلَى النَّارِ
എന്റെ ദാസന്മാരോടു പറയുക(ഉപദേശിക്കുക) = لِّعِبَادِيَ قُل
സത്യവിശ്വാസികളായ = الَّذِينَ آمَنُوا
അവര്‍ നമസ്‌കാരം നിലനിര്‍ത്തട്ടെ(ത്തുകയും) = الصَّلَاةَ يُقِيمُوا
അവര്‍(ധര്‍മമാര്‍ഗത്തില്‍) ചെലവഴിക്കുകയും ചെയ്യട്ടെ = وَيُنفِقُوا
അല്ലാഹു നല്‍കിയ വിഭവങ്ങ(ള്‍)ളില്‍നിന്ന് = مِمَّا رَزَقْنَاهُمْ
രഹസ്യമായി = سِرًّا
പരസ്യമായും = وَعَلَانِيَةً
വന്നെത്തും മുമ്പ് = أَن يَأْتِيَ مِّن قَبْلِ
ഒരുനാള്‍ = يَوْمٌ
വില്‍പന ഇല്ലാത്ത(കൊള്ളക്കൊടുക്കകളും) = لَّا بَيْعٌ
അതില്‍, അന്ന് = فِيهِ
സുഹൃദ്ബന്ധവും ഇല്ലാത്ത(ഒന്നും ഫലിക്കാത്ത) = وَلَا خِلَالٌ

Add comment

Your email address will not be published. Required fields are marked *