ഇബ്‌റാഹീം – സൂക്തങ്ങള്‍: 35-36

وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَٰذَا الْبَلَدَ آمِنًا وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الْأَصْنَامَ ﴿٣٥﴾ رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ النَّاسِۖ فَمَن تَبِعَنِي فَإِنَّهُ مِنِّيۖ وَمَنْ عَصَانِي فَإِنَّكَ غَفُورٌ رَّحِيمٌ ﴿٣٦﴾

35. ഇബ്‌റാഹീം പ്രാര്‍ഥിച്ചത് ഓര്‍ക്കുക: എന്റെ വിധാതാവേ, ഈ നാടിനെ സമാധാനത്തിന്റെ നാടാേക്കണമേ. എന്നെയും എന്റെ മക്കളെയും വിഗ്രഹാരാധനയില്‍ നിന്നകറ്റി നിറുത്തേണമേ.

36. നാഥാ; ഈ വിഗ്രഹങ്ങള്‍ വളരെയാളുകളെ വഴിതെറ്റിച്ചിരിക്കുന്നു. അതിനാല്‍, എന്റെ മാര്‍ഗം പിന്തുടരുന്നതാരോ അവന്‍ എന്നില്‍ പെട്ടവനാകുന്നു. വല്ലവനും എന്റെ ചര്യയെ ധിക്കരിച്ചാലോ, അപ്പോള്‍ തീര്‍ച്ചയായും നീ മാപ്പരുളുന്നവനും ദയാപരനുമല്ലോ.

35-36. ഇബ്‌റാഹീം(അ) സീമന്ത പുത്രന്‍ ഇസ്മാഈലിനെയും മാതാവ് ഹാജറയെയും, വിജനവും ഊഷരവുമായ മക്കയില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചപ്പോള്‍ നടത്തിയ പ്രാര്‍ഥന ഏതാനും സൂക്തങ്ങളില്‍ ഉദ്ധരിക്കുകയാണിനി. മുന്‍സൂക്തങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പ്രാര്‍ഥന ഉദ്ധരിക്കുന്നതിന് പ്രധാനമായും രണ്ടു മാനങ്ങളാണുള്ളത്. ഒന്ന്, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് മനുഷ്യര്‍ നന്ദികേട് പകരം നല്‍കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ സൂക്തങ്ങള്‍ അവതരിച്ച കാലത്തെ മക്കാ നഗരം. രണ്ട് സമൂഹങ്ങളില്‍ തൗഹീദിന്റെ പാരമ്പര്യം കാലാന്തരത്തില്‍ എത്ര വിപരീതമായി മാറ്റിമറിക്കപ്പെടുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ് അന്നത്തെ ഖുറൈശീ ജീവിതം.

ഖുറൈശികള്‍ അവരുടെ വിഗ്രഹാരാധനക്ക് ഏറ്റവും ഭ്രദമായ ആധാരമായി അവതരിപ്പിച്ചിരുന്നത്, തങ്ങളുടെ വംശപിതാവ് ഹ: ഇബ്‌റാഹീം(അ) ആണെന്നും അദ്ദേഹത്തില്‍നിന്നു ലഭിച്ച പൈതൃകമാണ് തങ്ങള്‍ പിന്തുടരുന്നത് എന്നുമുള്ള വാദമാണ്. പ്രകൃത സൂക്തങ്ങള്‍ ഈ വാദം ഖണ്ഡിക്കുന്നു. ഫലഭൂയിഷ്ഠവും വിഭവസമൃദ്ധവുമായ ഫലസ്ത്വീന്‍ പ്രദേശത്തുനിന്ന് ഇബ്‌റാഹീം(അ) തന്റെ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും ഊഷരവും നിര്‍ജനവുമായ മക്കയില്‍ കൊണ്ടു വന്നു പാര്‍പ്പിച്ചതു തന്നെ അവിടെ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിച്ചും അനുസരിച്ചും സത്യത്തിലും സമാധാനത്തിലും വാഴുന്ന ഒരു ജനത വളര്‍ന്നു വരുന്നതിനു വേണ്ടിയാണ്. അക്കാലത്ത് അങ്ങനെയൊരു നാടും നാട്ടുകാരും ലോകത്തുണ്ടായിരുന്നില്ല. ഇബ്‌റാഹീംനബി പാര്‍ത്തിരുന്ന ഫലസ്ത്വീനില്‍ പോലും തദ്ദേശീയരില്‍ വളരെക്കുറച്ചു പേരേ അദ്ദേഹത്തിലും ഏകദൈവത്തിലും വിശ്വസിച്ചിരുന്നുള്ളൂ. സ്വപുത്രനിലൂടെ രൂപംകൊള്ളുന്ന സമൂഹത്തിന് ബഹുദൈവവിശ്വാസത്തിന്റെയും വിഗ്രഹാരാധനയുടെയും മാലിന്യം പുരളാതെ ഏകദൈവത്തെമാത്രം ആരാധിക്കാന്‍ പറ്റിയ ഒരാരാധനാലയം സ്ഥാപിക്കാനും അദ്ദേഹം നിശ്ചയിച്ചു. ഇസ്മാഈല്‍ വളര്‍ന്നപ്പോള്‍, അവര്‍ രണ്ടുപേരും ചേര്‍ന്ന് അത് സ്ഥാപിക്കുകയും ചെയ്തു. കൃഷിയോഗ്യമല്ലാത്ത ആ ഭൂമി നിര്‍ഭയമായിരിക്കണമെന്നും അവിടെ ദൈവാനുഗ്രഹത്താല്‍ എല്ലാ വിഭവങ്ങളും എത്തിച്ചേരണമെന്നും അദ്ദേഹം പ്രാര്‍ഥിച്ചു. മക്കയുടെ ഐശ്വര്യങ്ങളും ഖുറൈശികളുടെ പ്രതാപവും ആ പ്രാര്‍ഥനയുടെ ഫലമാണ്. പക്ഷേ, ഇപ്പോഴത്തെ ഖുറൈശികളാകട്ടെ, ഇബ്‌റാഹീം നബി പ്രാര്‍ഥിച്ച അല്ലാഹുവിനെ തികച്ചും വിസ്മരിച്ചുകൊണ്ട് തങ്ങളുടെ സര്‍വൈശ്വര്യങ്ങളും തങ്ങള്‍ പ്രതിഷ്ഠിച്ച വിഗ്രഹങ്ങളുടെ ദാനമാണെന്ന് ആരോപിക്കുകയും അവയെ ആരാധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇബ്‌റാഹീംനബി പ്രകൃത സൂക്തം ഉദ്ധരിക്കുന്ന പ്രാര്‍ഥന നടത്തിയത് പുത്രന്‍ ഇസ്മാഈലിനെയും മാതാവിനെയും മക്കയില്‍ കൊണ്ടുവന്ന് താമസിപ്പിച്ച ആദ്യസന്ദര്‍ഭത്തിലാണെന്നാണ് പണ്ഡിതന്മാര്‍ പൊതുവില്‍ കരുതുന്നത്. പുത്രബലി സംഭവത്തിനുമുമ്പ് ഇബ്‌റാഹീം(അ) അനുഷ്ഠിച്ച മഹാത്യാഗമായിരുന്നു പുത്രനെയും അവന്റെ മാതാവിനെയും നിര്‍ജനവും നിര്‍ജലവുമായ മക്കയിലേക്ക് നാടുകടത്തിയത്. അതും അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഇബ്‌നു അബ്ബാസില്‍നിന്ന് ബുഖാരി ഉദ്ധരിച്ച ഒരു നിവേദനത്തില്‍നിന്ന് അക്കാര്യം സ്പഷ്ടമാകുന്നു: ദൈവിക മന്ദിരത്തിനടുത്ത് മസ്ജിദിന്റെ മുകള്‍ഭാഗത്ത് സംസമിന്റെ മീതെ ഒരു വലിയ മരച്ചുവട്ടില്‍ ശിശുവിനു മുലയൂട്ടിക്കൊണ്ടിരുന്ന ഹാജറയെയും മകന്‍ ഇസ്മാഈലിനെയും ഇബ്‌റാഹീം ഉപേക്ഷിച്ചു. മക്കയില്‍ അന്ന് ആരുമുണ്ടായിരുന്നില്ല. അവിടെ വെള്ളവുമില്ലായിരുന്നു. ഇബ്‌റാഹീം അവര്‍ക്കടുത്ത് ഒരു ഭാണ്ഡവും വെള്ളം നിറച്ച ഒരു പാത്രവും വെച്ചുകൊടുത്തു. അനന്തരം അദ്ദേഹം തിരിഞ്ഞു നടന്നു. അപ്പോള്‍ ഉമ്മു ഇസ്മാഈല്‍ അദ്ദേഹത്തിന്റെ പിന്നാലെ ചെന്ന് ചോദിച്ചു: ”മനുഷ്യരോ മറ്റുവല്ലതുമോ ഇല്ലാത്ത ഈ താഴ്‌വരയില്‍ ഞങ്ങളെ ഉപേക്ഷിച്ച് അങ്ങ് എങ്ങോട്ടു പോകുന്നു?” അവര്‍ ഈ ചോദ്യം പലവട്ടം ആവര്‍ത്തിച്ചു. പക്ഷേ, ഇബ്‌റാഹീം തിരിഞ്ഞു നോക്കിയതേയില്ല. ഒടുവില്‍ അവര്‍ ചോദിച്ചു: ”ഇത് അല്ലാഹു അങ്ങയോട് കല്‍പിച്ചതാണോ?” അദ്ദേഹം ”അതെ”യെന്ന് പറഞ്ഞപ്പോള്‍ ഹാജറയുടെ പ്രതികരണം ഇതായിരുന്നു: ”എങ്കില്‍ അല്ലാഹു ഞങ്ങളെ പാഴിലാക്കുകയില്ല.” അനന്തരം അവര്‍ തിരിച്ചുപോന്നു. ഇബ്‌റാഹീം യാത്ര തുടര്‍ന്നു. മലമ്പാതയില്‍ അവര്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിയാത്തിടത്ത് എത്തിയപ്പോള്‍ അദ്ദേഹം ദൈവികഭവനത്തിനു നേരെ തിരിഞ്ഞു കൈകളുയര്‍ത്തി നിന്ന് رَّبَّنَا إِنِّي أَسْكَنتُ …….. يَشْكُرُونَ എന്ന് പ്രാര്‍ഥിച്ചു.

ആ നാടിനുവേണ്ടി അദ്ദേഹം ആദ്യം അര്‍ഥിക്കുന്നത് സമാധാനമാണ്. ആ നാടിനെന്നല്ല ഏതു നാടിന്റെയും ക്ഷേമത്തിനും പുരോഗതിക്കും ആദ്യം വേണ്ടത് സമാധാനമാണ്. സമാധാനമുണ്ടെങ്കില്‍ മറ്റൊന്നുമില്ലെങ്കിലും നാട്ടുകാര്‍ക്ക് സൗഖ്യമുണ്ടാകും. അക്കാലത്ത് ആ പ്രദേശം മുഴുവന്‍ അരക്ഷിതവും അരാജകവുമായിരുന്നു. ഇബ്‌റാഹീംനബിയുടെ ഈ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. മനുഷ്യര്‍ക്കു മാത്രമല്ല ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും വരെ സമാധാനവും സുരക്ഷയുമുള്ള ഇടമായി അതു പ്രഖ്യാപിക്കപ്പെട്ടു. അവിടെ ജന്തുക്കള്‍ വേട്ടയാടപ്പെടുന്നതും വൃക്ഷലതാദികള്‍ നശിപ്പിക്കപ്പെടുന്നതും നിഷിദ്ധമാണ്. കൂടാതെ കഅ്ബാതീര്‍ഥാടനത്തിന്റെ പേരില്‍ നാലുമാസക്കാലം പുറംലോകത്തും സംഘട്ടനങ്ങള്‍ നിഷിദ്ധമാണെന്ന് വിധിച്ചു. അക്കാലത്ത് സാര്‍ഥവാഹകസംഘങ്ങള്‍ക്ക് നാനാദിക്കിലും അനായാസം സഞ്ചരിക്കാം. ആരും ആരെയും ഭയപ്പെടേണ്ടതില്ല. അതിനുപുറമെ കഅ്ബയുടെ പരിപാലകരെന്ന നിലയില്‍ ഖുറൈശികള്‍ അറേബ്യയിലെങ്ങും നേതാക്കളും വിശിഷ്ടരുമായി ആദരിക്കപ്പെട്ടു. ഖുറൈശികള്‍ക്ക് ഏതുകാലത്തും അറേബ്യയിലെങ്ങും സഞ്ചരിക്കാമായിരുന്നു. ആരും അവരെ അക്രമിക്കാന്‍ ധൈര്യപ്പെടുമായിരുന്നില്ല. അങ്ങനെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള നാനാവിധ ഉല്‍പന്നങ്ങള്‍ അവിടെ ലഭ്യമായി. അത് ഖുറൈശികളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ചെയ്തു.

തന്നെയും മക്കളെയും വിഗ്രഹാരാധനയാകുന്ന മാലിന്യത്തില്‍നിന്നകറ്റുക എന്നതാണ് രണ്ടാമത്തെ അപേക്ഷ. ഇതാണ് ഇബ്‌റാഹീംനബിയുടെ ഹിജ്‌റയുടെ അടിസ്ഥാന ലക്ഷ്യം. ഈ പ്രാര്‍ഥനയില്‍ ഇബ്‌റാഹീമി(അ)നെപ്പോലൊരു മഹാപ്രവാചകന്‍ തന്നെക്കൂടി ഉള്‍പ്പെടുത്തിയത് വിഗ്രഹാരാധനയുടെ ഗൗരവത്തെയും അതു ആരെയും കടന്നാക്രമിക്കാനുള്ള സാധ്യതയുടെ ബാഹുല്യത്തെയും സൂചിപ്പിക്കുന്നു. ആ സൂചനയുടെ തുറന്നു പറച്ചിലാണ് رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ النَّاسِ എന്ന വാക്യം. ഇവിടെ വിഗ്രഹങ്ങള്‍ വഴി തെറ്റിച്ചു എന്നു പറയുന്നത് ആലങ്കാരികമായിട്ടാണ്. വിഗ്രഹങ്ങള്‍ക്ക് സ്വന്തം നിലയില്‍ വഴിതെറ്റിക്കാനോ വഴികാണിക്കാനോ കഴിയില്ല. വിഗ്രഹങ്ങളെ മുന്നില്‍നിര്‍ത്തി, അവയെ ആരാധിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വഴിതെറ്റിക്കുന്നത് ചെകുത്താനും അവന്റെ കിങ്കരന്മാരായിത്തീരുന്ന മനുഷ്യരുമാണ്. ധാരാളമാളുകള്‍ സന്മാര്‍ഗത്തില്‍നിന്ന് ദുര്‍മാര്‍ഗത്തിലേക്ക് നയിക്കപ്പെടാന്‍ ഈ വിഗ്രഹങ്ങള്‍ കാരണമായിരിക്കുന്നു എന്നും എന്റെ സന്തതികളെയും അവ വഴിതെറ്റിച്ചേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു എന്നുമാണ് വചന വിവക്ഷ.

ദൈവത്തിന്റെ ഏകത്വത്തിലുള്ള വിശ്വാസത്തിലും അവനെ ആരാധിക്കുന്നതിലും അവന്റെ വിധിവിലക്കുകളനുസരിക്കുന്നതിലും എന്റെ മാര്‍ഗം പിന്തുടര്‍ന്നവര്‍ എന്റെ ആദര്‍ശ വിശ്വാസത്തിലും പ്രസ്ഥാനത്തിലും പെട്ടവരാകുന്നു എന്നാണ് فَمَن تَبِعَنِي فَإِنَّهُ مِنِّي എന്ന വാക്യത്തിന്റെ താല്‍പര്യം. ഇപ്പറഞ്ഞ കാര്യങ്ങളില്‍ എന്നെ പിന്തുടരാത്തവര്‍ എന്റെ ആദര്‍ശ വിശ്വാസത്തിലും പ്രസ്ഥാനത്തിലും പെട്ടവരല്ല എന്നത് ഇതിന്റെ അനിവാര്യമായ മറുവശമാണ്. ‘എന്നില്‍ പെട്ടവന്‍’ എന്ന് പ്രവാചകന്മാര്‍ പറയുമ്പോള്‍ ഉദ്ദേശ്യം എന്റെ വംശജന്‍ എന്നല്ല, പ്രത്യുത എന്റെ ദീനില്‍ പെട്ടവന്‍ എന്നാണ്. ഈ അര്‍ഥത്തില്‍ മുഹമ്മദ്‌നബി(സ) പലപ്പോഴും ‘എന്നില്‍ പെട്ടവന്‍ അല്ല’ – ليس مني – എന്നു പ്രസ്താവിച്ചിട്ടുള്ളതായി ഹദീസുകളില്‍ കാണാം. ഇബ്‌റാഹീംനബി ഇവിടെ എന്റെ മക്കളെയും -وَبَنِيَّ- എന്നു പറഞ്ഞതും സ്വന്തം സന്താനപരമ്പരയെ മാത്രം ഉദ്ദേശിച്ചാവണമെന്നില്ല. മക്കളുടെ ആദര്‍ശ വിശ്വാസങ്ങളും സംസ്‌കാരവും സ്വീകരിച്ച് അവരുടെ സമൂഹത്തില്‍ ചേരുന്നവരും അതില്‍പ്പെടുന്നു. ഇസ്രാഈല്യരിലും ഇസ്മാഈല്യരിലും നല്ലൊരംശം ഇങ്ങനെ വന്നുചേര്‍ന്ന് സ്വന്തക്കാരായവരാണ്.

അംറുബിന്‍ ഔഫ് അല്‍മുസ്‌നി പ്രസ്താവിച്ചതായി ബൈഹഖി ഉദ്ധരിക്കുന്നു: അഹ്‌സാബ് യുദ്ധകാലത്ത് മദീനയുടെ അതിര്‍ത്തിയില്‍ കിടങ്ങുകീറാന്‍ തീരുമാനിച്ചപ്പോള്‍, നബി(സ) ശിഷ്യന്മാരെ പത്തുപേരടങ്ങുന്ന ഗണങ്ങളായി തിരിച്ച് ഓരോ ഗണത്തിനും കീറാന്‍ നാല്‍പതു മുഴം വീതിച്ചു കൊടുത്തു. ഈ സന്ദര്‍ഭത്തില്‍ അന്‍സാറുകളും മുഹാജിറുകളും സല്‍മാനുല്‍ ഫാരിസിയുടെ കാര്യത്തില്‍ തര്‍ക്കമായി. ഓരോ വിഭാഗവും അദ്ദേഹം തങ്ങളുടെ കൂട്ടത്തിലുള്ള ആളാണെന്നു വാദിച്ചു. അതിനു തീര്‍പ്പു കല്‍പിച്ചുകൊണ്ട് നബി(സ) പറഞ്ഞു: ”സല്‍മാന്‍ നമ്മില്‍, അഹ്‌ലു ബൈത്തില്‍ പെട്ടയാളാണ്.”

اصنام എന്ന മൂലപദം صنم ന്റെ ബഹുവചനമാണ്. ആരാധ്യ വിഗ്രഹമാണ് മ്പമ്ലക്കഡ. അചേതനമോ സചേതനമോ ആയ, അറിയപ്പെടുന്ന വസ്തുവിന്റെ രൂപമില്ലാത്ത പ്രതിഷ്ഠയാണ് صنم എന്ന് ചില ഭാഷാഭിജ്ഞര്‍ പറഞ്ഞിട്ടുണ്ട്. അറിയപ്പെടുന്ന വസ്തുക്കളുടെ രൂപത്തിലുള്ള വിഗ്രഹത്തിന് وثن എന്നാണ് പറയുകയെന്നും എങ്കിലും രണ്ടു പദവും രണ്ടര്‍ഥത്തിലും പ്രയോഗിക്കാറുണ്ടെന്നും ലിസാനുല്‍ അറബ് പറയുന്നു.

തന്നെ ധിക്കരിച്ചവരെ സംബന്ധിച്ച് ഇബ്‌റാഹീം(അ) വ്യക്തമാക്കുന്ന നിലപാട് അദ്ദേഹത്തിന്റെ ഉദാരമായ സ്‌നേഹത്തിന്റെയും കനിവിന്റെയും കണ്ണാടിയാണ്. തന്നെ ധിക്കരിച്ചതിനാല്‍ തനിക്കവരോടുള്ള ദയാവായ്പ് വിദ്വേഷമായി മാറിയിട്ടില്ല. തന്നെ ധിക്കരിക്കുക വഴി അല്ലാഹുവിനെയാണവര്‍ ധിക്കരിച്ചത്. ന്യായമായും അവര്‍ ശിക്ഷാര്‍ഹരാണ്. എങ്കിലും അവര്‍ ശിക്ഷിക്കപ്പെടരുതെന്നും അല്ലാഹുവിന്റെ അപാരമായ കാരുണ്യത്തിന്റെ തണലിലും വിശാലമായ പാപമോചന നടപടിയിലും അവര്‍ക്ക് ഇടം ലഭിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു. എന്നെ ധിക്കരിച്ചവന്‍ – ومن عصاني – എന്നതുകൊണ്ടുദ്ദേശ്യം എന്റെ ദീനിനെ നിഷേധിച്ചവന്‍ എന്നല്ല; ദീനില്‍ വിശ്വസിച്ചുകൊണ്ട് അതിന്റെ താല്‍പര്യങ്ങളെ അഥവാ, ഞാന്‍ പഠിപ്പിച്ച ശരീഅത്തിനെ ധിക്കരിച്ചവര്‍ എന്നാണെന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. കാരണം, അല്ലാഹുവിനെയും അവന്റെ ദീനിനെയും നിഷേധിക്കുകയും ബഹുദൈവങ്ങളില്‍ വിശ്വസിക്കുകയും വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് നിഷിദ്ധമാണ്. ശിര്‍ക്ക്- ബഹുദൈവാരാധന ഒരിക്കലും പൊറുക്കപ്പെടാത്ത പാപമാണെന്ന് അല്ലാഹു പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. പക്ഷേ, ഇബ്‌റാഹീം(അ) ഇവിടെ ധിക്കരിച്ചവര്‍ക്ക് പൊറുത്തുകൊടുക്കണമെന്ന് അല്ലാഹുവിനോട് ആവശ്യപ്പെട്ടിട്ടില്ല. അവരുടെ കാര്യത്തില്‍ എനിക്കൊന്നും പറയാനില്ല, അവരെ ശിക്ഷിക്കുകയോ രക്ഷിക്കുകയോ എന്തു വേണമെങ്കിലും ചെയ്യാന്‍ നിനക്ക് പരിപൂര്‍ണമായ ന്യായവും അധികാരവുമുണ്ട്. എങ്കിലും നിന്റെ ശിക്ഷയെക്കാള്‍ ഞാനാഗ്രഹിക്കുന്നത് നിന്റെ രക്ഷയാണ്. ഇതാണദ്ദേഹം പറയുന്നത്. ലൂത്വ് ജനതയെ നശിപ്പിക്കാന്‍ അല്ലാഹു മലക്കുകളെ അയച്ചപ്പോഴും ഇബ്‌റാഹീം(അ) തന്റെ മനസ്സലിവ് പ്രകടിപ്പിച്ചതായി സൂറ ഹൂദ്: 74-ാം സൂക്തത്തില്‍ കാണാം. ഈ സ്‌നേഹവും ദാക്ഷിണ്യവും ഇബ്‌റാഹീംനബിയുടെ മാത്രം പ്രത്യേകതയല്ല. ഈസാനബിയുടെ ശിഷ്യന്മാര്‍ അദ്ദേഹത്തിനു ശേഷം വഴിപിഴച്ചുപോയ കാര്യം അല്ലാഹു ബോധ്യപ്പെടുത്തിക്കൊടുക്കുമ്പോള്‍ അദ്ദേഹം പ്രതികരിക്കുന്നതിങ്ങനെയാണ്:

إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ

(നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ അവര്‍ നിന്റെ ദാസന്മാരാണല്ലോ. അവര്‍ക്ക് മാപ്പുകൊടുക്കുകയാണെങ്കിലോ നീ അജയ്യനും അഭിജ്ഞനും തന്നെ – 5:118).

ഇബ്‌റാഹീംനബിയെയും ഈസാനബിയെയും സംബന്ധിച്ച ഖുര്‍ആന്റെ ഈ പരാമര്‍ശങ്ങള്‍ പാരായണം ചെയ്തുകൊണ്ട് മുഹമ്മദ്‌നബി(സ) സ്വന്തം സമുദായത്തെച്ചൊല്ലി കരഞ്ഞിരുന്നതായി അബ്ദുല്ലാഹിബിന്‍ ഉമര്‍(റ) നിവേദനം ചെയ്തിട്ടുണ്ട്.

ഇബ്‌റാഹീം പറഞ്ഞത്(പ്രാര്‍ഥിച്ചത് ഓര്‍ക്കുക) = إِبْرَاهِيمُ وَإِذْ قَالَ
എന്റെ വിധാതാവേ = رَبِّ
നീ ആക്കേണമേ = اجْعَلْ
ഈ നാട്ടിനെ = هَٰذَا الْبَلَدَ
നിര്‍ഭയമായ(നാട്) = آمِنًا
എന്നെ നീ അകറ്റേണമേ = وَاجْنُبْنِي
എന്റെ മക്കളെയും = وَبَنِيَّ
ഞങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത്(വിഗ്രഹാരാധനയില്‍ നിന്ന്) = الْأَصْنَامَ أَن نَّعْبُدَ
എന്റെ നാഥാ, തീര്‍ച്ചയായും അവ(ഈ വിഗ്രഹങ്ങള്‍)= إِنَّهُنَّ رَبِّ
വഴിതെറ്റിച്ചിരിക്കുന്നു = أَضْلَلْنَ
ധാരാളത്തെ, വളരെ = كَثِيرًا
ആളുകളില്‍നിന്ന് = مِّنَ النَّاسِۖ
അതിനാല്‍ എന്നെ(ന്റെ മാര്‍ഗം) പിന്തുടരുന്നതാരോ = فَمَن تَبِعَنِي
തീര്‍ച്ചയായും അവന്‍ എന്നില്‍ പെട്ടവന്‍ ആകുന്നു = فَإِنَّهُ مِنِّيۖ
വല്ലവനും എന്നെ(എന്റെ ചര്യയെ) ധിക്കരിച്ചാല്‍(ലോ) = وَمَنْ عَصَانِي
അപ്പോള്‍ തീര്‍ച്ചയായും നീ = فَإِنَّكَ
മാപ്പരുളുന്നവനും ദയാപരനുമാകുന്നു = رَّحِيمٌ غَفُورٌ

Add comment

Your email address will not be published. Required fields are marked *