ഇബ്‌റാഹീം – സൂക്തങ്ങള്‍: 37

رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِتَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ ﴿٣٧﴾

37.നാഥാ, എന്റെ മക്കളിലൊരുഭാഗത്തെ ഞാന്‍ കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍ നിന്റെ ആദരണീയ ഭവനത്തിനടുത്ത് പാര്‍പ്പിച്ചിരിക്കുകയാണ്. നാഥാ, അവര്‍ ഇവിടെ നമസ്‌കാരം മുറപ്രകാരം നിലനിറുത്തുന്നതിനുവേണ്ടിയാണ് ഞാനിതു ചെയ്തിരിക്കുന്നത്. ആകയാല്‍ ജനമനസ്സുകളില്‍ അവരോടനുഭാവമുളവാക്കേണമേ. അവര്‍ക്കാഹരിക്കാന്‍ ഫലങ്ങള്‍ നല്‍കേണമേ. അവര്‍ നന്ദിയുള്ളവരായേക്കാം.

37. അതായത് കൃഷിയോഗ്യമല്ലാത്ത ഈ ഊഷരഭൂമിയില്‍ നിന്റെ ഭവനത്തിനടുത്ത് ഞാന്‍ എന്റെ മക്കളെ കൊണ്ടുവന്നു പാര്‍പ്പിച്ചിരിക്കുന്നത് അവിടെ അവര്‍ നിന്റെ ശാസന പ്രകാരം നമസ്‌കാരം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ്. അതിനാല്‍ അവര്‍ക്കവിടെ ജീവിക്കാനുള്ള സൗകര്യങ്ങള്‍ നീ ഒരുക്കിക്കൊടുക്കണം. ആളുകളില്‍ അവരോടാദരവും അവരുടെ സന്ദേശങ്ങള്‍ സ്വീകരിക്കാനും ചര്യകള്‍ പിന്തുടരാനുള്ള താല്‍പര്യവും ജനിപ്പിക്കണം. تهوي اليهم എന്നാണ് മൂലവാക്ക്. هوى യുടെ ഭാവികാല രൂപമാണ് تهوي . ഒരു വ്യക്തിയോടോ കാര്യത്തോടോ ആസക്തിയുണ്ടായി, പ്രേമമുണ്ടായി, മാനസികമായ ചായ്‌വുണ്ടായി എന്നീ അര്‍ഥങ്ങളിലൊക്കെ هواليه എന്നു പറയും. ജനങ്ങള്‍ക്ക് മതിപ്പും സ്‌നേഹവും ഉണ്ടാകുന്നതോടൊപ്പം അവര്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ചു കൊടുക്കുകയും വേണം. അങ്ങനെ അവര്‍ക്ക് അല്ലാഹുവിന്റെ ദൗത്യത്തില്‍ ശ്രദ്ധിക്കാനും അത് യഥാവിധി നിര്‍വഹിക്കാനും സൗകര്യം നല്‍കണം. എങ്കില്‍ ആ സൗകര്യങ്ങളനുഭവിച്ച് അവര്‍ അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കുകയും അവന്റെ പ്രീതിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതില്‍നിന്ന് വ്യക്തമാകുന്ന ഒരു കാര്യം ഇതാണ്. ഏകദൈവത്തില്‍ നിഷ്‌ക്കളങ്കമായി വിശ്വസിക്കുകയും അവനുമാത്രം അടിമത്തമര്‍പ്പിക്കുകയും ചെയ്യുക എന്നത് മനുഷ്യജീവിതത്തിലെ ഏറ്റം ഗൗരവപ്പെട്ട കാര്യമാണ്. സന്ദര്‍ഭം ആവശ്യപ്പെടുകയാണെങ്കില്‍ അതിനുവേണ്ടി മറ്റെല്ലാം ത്യജിക്കാന്‍ തയാറാകണം. മറ്റൊന്നിനുവേണ്ടിയും അതു ത്യജിക്കാന്‍ തയാറായിക്കൂടാ താനും. കഅ്ബാമന്ദിരം അടിസ്ഥാനപരമായി നമസ്‌കാരത്തിന്റെ കേന്ദ്രമാകുന്നു എന്നതാണ് മറ്റൊരു സംഗതി. അതുകൊണ്ട് അതിന്റെ പരിചരണത്തിനും പരിപാലനത്തിനും അര്‍ഹര്‍ നമസ്‌കാരം അതിന്റെ മുറപ്രകാരം നിലനിര്‍ത്തുന്നവരാണ്. തൗഹീദില്‍നിന്ന് വ്യതിചലിക്കുകയും നമസ്‌കാരം പാഴാക്കുകയും ചെയ്യുന്നവര്‍ക്ക് കഅ്ബ പരിപാലിക്കാന്‍ അവകാശമില്ല. ഇബ്‌റാഹീം(അ) കഅ്ബാനിര്‍മാണത്തിന്റെ പ്രഥമലക്ഷ്യമായി പറയുന്നത് നമസ്‌കാരമാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാകുന്നു. അതിനുശേഷമാണ് ഹജ്ജ് വിളംബരംചെയ്യാന്‍ അദ്ദേഹം കല്‍പിക്കപ്പെടുന്നത്. അങ്ങനെ അത് ഹജ്ജിന്റെ കേന്ദ്രവുമായി. ഇസ്മാഈല്‍നബി ആത്മബലിക്ക് സന്നദ്ധനായതോടെ അത് ബലിയുടെയും കേന്ദ്രമായിത്തീര്‍ന്നു. ഇഖാമത്തുസ്സ്വലാത്തിന്റെ വിവക്ഷ നമസ്‌കാരം എന്ന അനുഷ്ഠാനത്തിന്റെ നിര്‍വഹണം മാത്രമല്ല എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. ആളുകളെ നമസ്‌കാരത്തിനു വിളിക്കലും പ്രേരിപ്പിക്കലും ആളുകള്‍ക്ക് അത് ഭംഗിയായി നിര്‍വഹിക്കാനുള്ള സൗകര്യങ്ങളൊരുക്കലുമെല്ലാം ഇഖാമത്തുസ്സ്വലാത്തിന്റെ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്ന കാര്യങ്ങളാണ്.

ഇബ്‌റാഹീം(അ) തന്റെ പിന്മുറക്കുവേണ്ടി അര്‍ഥിച്ച രണ്ടു കാര്യങ്ങളിലൊന്ന് ജനങ്ങളുടെ അനുഭാവമായിരുന്നുവല്ലോ. അതിന്റെ ഫലമായി കഅ്ബാലയം അറബ്‌ലോകത്തിന്റെ ഏറ്റം വലിയ കേന്ദ്രമായിത്തീര്‍ന്നു. അന്ത്യപ്രവാചകന്റെ ആഗമനാനന്തരം മുഴുലോകത്തിന്റെയും കേന്ദ്രമായിത്തീരാന്‍ ഏറെകാലം വേണ്ടിവന്നില്ല. മക്ക സസ്യവും വെള്ളവുമില്ലാത്ത നാടായതിനാല്‍ അങ്ങോട്ട് കാര്‍ഷികവിഭവങ്ങള്‍ എത്തിച്ചു അനുഗ്രഹിക്കേണമേ എന്നായിരുന്നു രണ്ടാമതായി അപേക്ഷിച്ചത്. മക്ക അറേബ്യയുടെ വ്യാപാര കേന്ദ്രമായിത്തീര്‍ന്നുകൊണ്ട് ഈ പ്രാര്‍ഥനയും വേഗം തന്നെ സഫലമായി.

ഞങ്ങളുടെ നാഥാ = رَّبَّنَا
ഞാന്‍ പാര്‍പ്പിച്ചിരിക്കുകയാണ് = إِنِّي أَسْكَنتُ
എന്റെ മക്കളില്‍നിന്ന് (ഒരു ഭാഗത്തെ) = مِن ذُرِّيَّتِي
(ഈ) താഴ്‌വരയില്‍ = بِوَادٍ
കൃഷിയുടയതല്ലാത്ത(കൃഷിയില്ലാത്ത) = غَيْرِ ذِي زَرْعٍ
നിന്റെ ഭവനത്തിനടുത്ത് = عِندَ بَيْتِكَ
ആദരണീയമായ = الْمُحَرَّمِ
ഞങ്ങളുടെ നാഥാ = رَبَّنَا
(അവിടെ) അവര്‍ നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തുന്നതിനു വേണ്ടി (യാണ് ഞാനിതു ചെയ്തിട്ടുള്ളത്) = الصَّلَاةَ لِيُقِيمُوا
ആകയാല്‍ നീ ആ(ഉളവാ)ക്കേണമേ = فَاجْعَلْ
മനസ്സുകളെ = أَفْئِدَةً
ആളുകളില്‍നിന്ന് = مِّنَ النَّاسِ
അവരിലേക്ക് ചെരിയുന്നു, ഇഷ്ടപ്പെടുന്നു (അവരോട് അനുഭാവമുള്ളത്) = إِلَيْهِمْ تَهْوِي
നീ അവര്‍ക്ക് ആഹാരം(ആഹരിക്കാന്‍) നല്‍കേണമേ = وَارْزُقْهُم
ഫലങ്ങളാല്‍ = مِّنَ الثَّمَرَاتِ
അവര്‍(നിന്നോട്) നന്ദിയുള്ളവരായേക്കാം = لَعَلَّهُمْ يَشْكُرُونَ

Add comment

Your email address will not be published. Required fields are marked *