ഇബ്‌റാഹീം – സൂക്തങ്ങള്‍: 38-41

رَبَّنَا إِنَّكَ تَعْلَمُ مَا نُخْفِي وَمَا نُعْلِنُۗ وَمَا يَخْفَىٰ عَلَى اللَّهِ مِن شَيْءٍ فِي الْأَرْضِ وَلَا فِي السَّمَاءِ﴿٣٨﴾ الْحَمْدُ لِلَّهِ الَّذِي وَهَبَ لِي عَلَى الْكِبَرِ إِسْمَاعِيلَ وَإِسْحَاقَۚ إِنَّ رَبِّي لَسَمِيعُ الدُّعَاءِ ﴿٣٩﴾ رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِيۚ رَبَّنَا وَتَقَبَّلْدُعَاءِ ﴿٤٠﴾ رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ ﴿٤١﴾

38. നാഥാ, ഞങ്ങള്‍ ഒളിച്ചു വെക്കുന്നതും വെളിപ്പെടുത്തുന്നതും നീ അറിയുന്നു. അല്ലാഹുവില്‍ നിന്നു മറഞ്ഞതായി യാതൊന്നുമില്ലല്ലോ; ഭൂമിയിലുമില്ല, ആകാശത്തുമില്ല.

39. ഈ വാര്‍ധക്യകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും പുത്രന്മാരായി പ്രദാനം ചെയ്ത അല്ലാഹുവിന് സര്‍വസ്തുതിയും. എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവന്‍ തന്നെയാകുന്നു.

40. നാഥാ, എന്നെ മുറപ്രകാരം നമസ്‌കാരമനുഷ്ടിക്കുന്നവനാക്കേണമേ, എന്റെ സന്തതികളെയും അപ്രകാരമാക്കേണമേ. നാഥാ എന്റെ പ്രാര്‍ഥനകള്‍ സ്വീകരിക്കേണമേ.

41. നാഥാ, വിചാരണ നടക്കുന്ന നാളില്‍ എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കൊക്കെയും നീ പാപമോചനമരുളേണമേ!!

38. ഈ സൂക്തത്തിന്റെ وما نعلن ……ربّنا എന്ന ആദ്യ ഖണ്ഡം ഇബ്‌റാഹീംനബിയുടെ പ്രാര്‍ഥനയുടെ ഭാഗവും في السماء……وما يخفى എന്ന രണ്ടാം ഖണ്ഡം അതിനോടനുബന്ധിച്ച് അല്ലാഹു അരുള്‍ ചെയ്യുന്നതുമാണ് എന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ആശയവിനിമയവേളയില്‍ മനുഷ്യര്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ പ്രശ്‌നമാണ് മനസ്സിലുള്ളത് അതേ ഗൗരവത്തോടെ, വികാരത്തോടെ, ആശയസ്പഷ്ടതയോടെ വാക്കുകളിലവതരിപ്പിക്കാന്‍ കഴിയാതിരിക്കുക എന്നത്. ചിലപ്പോള്‍ ഒരാള്‍ക്ക് രണ്ടുമണിക്കൂറുകൊണ്ട് പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തകാര്യം മറ്റു ചിലര്‍ അതിനെക്കാള്‍ ശക്തവും വ്യക്തവുമായ രൂപത്തില്‍ രണ്ടു മിനിറ്റുകൊണ്ടു പറഞ്ഞു തീര്‍ത്തെന്നുവരും. അത്തരം ആളുകള്‍ക്കുപോലും ചില പ്രത്യേകസന്ദര്‍ഭത്തില്‍ ഉദ്ദേശിച്ച കാര്യം ഉദ്ദേശിച്ചവിധം പറയാന്‍കഴിയാതെയും വരും. ഈ പ്രാര്‍ഥനാവേളയില്‍ ഇബ്‌റാഹീംനബിയുടെ മനസ്സ് ഒരു വശത്ത്, ആറ്റു നോറ്റുണ്ടായ ആദ്യപുത്രനെയും അവന്റെ മാതാവിനെയും, കുടിക്കാന്‍ വെള്ളവും തിന്നാന്‍ ഭക്ഷണവുമില്ലാത്ത വിജനമായ തരിശുഭൂമിയില്‍ ഉപേക്ഷിച്ചുപോരുന്ന പിതാവിലുണരുന്ന തീവ്രവികാരങ്ങളും മറുവശത്ത് അല്ലാഹുവിനോടുള്ള നിഷ്‌ക്കളങ്കവും നിരുപാധികവുമായ വിശ്വാസവും വിധേയത്വവും തിങ്ങിവിങ്ങി കൊണ്ട് വീര്‍പ്പു

മുട്ടുകയായിരുന്നു. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം പലതും പറയാനാഗ്രഹിച്ചിട്ടുണ്ടാകും. പക്ഷേ, വാക്കുകള്‍ നാവില്‍ വന്നില്ല. ചിലപ്പോള്‍ വാക്കുകള്‍ നാവിന്‍തുമ്പില്‍ വന്നാലും അതു മൊഴിയാന്‍ എന്തെന്നറിയാത്ത തടസമനുഭവപ്പെടുന്നു. ഈ അവസ്ഥകളെയെല്ലാം സൂചിപ്പിക്കുന്നതാണീ വചനം. ഞാന്‍ പറഞ്ഞതും പറയാതെ മനസ്സില്‍ ഒളിഞ്ഞിരിക്കുന്നതും ഒരു പോലെ അറിയുന്നവനാണല്ലോ നാഥാ നീ. എന്റെ യഥാര്‍ഥ ആഗ്രഹങ്ങളും ആവശ്യങ്ങളും എന്നെക്കാള്‍ നിനക്കാണറിയുക. അതൊക്കെയും നീ പൂര്‍ത്തീകരിച്ചുതരണം.

39. നേരത്തെ അല്ലാഹു തന്റെ പ്രാര്‍ഥനകള്‍ കേട്ട് നല്‍കിയ മഹത്തായ അനുഗ്രഹങ്ങളെ ഒരു ശിപാര്‍ശയെന്നോണം അനുസ്മരിക്കുകയാണിവിടെ. അതായത്, വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും പ്രദാനം ചെയ്ത, സര്‍വസ്തുതിക്കും അര്‍ഹനായ രക്ഷിതാവാണല്ലോ നീ. അതുപോലെ എന്റെ ഈ പ്രാര്‍ഥനയും നീ സ്വീകരിക്കുമെന്ന് ഞാനാശിക്കുന്നു. എന്റെ നാഥന്‍ എന്റെ പ്രാര്‍ഥനകള്‍ നിരസിക്കാറില്ലല്ലോ.

40. ഇസ്മാഈലിനെയും മാതാവിനെയും മക്കയില്‍ പാര്‍പ്പിച്ചതിന്റെ ലക്ഷ്യമായി നേരത്തെ പറഞ്ഞ നമസ്‌കാരം നിലനിര്‍ത്തല്‍ അനുസ്മരിച്ചുകൊണ്ട് ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഉതവിയരുളണമെന്ന് ഒരിക്കല്‍ കൂടി പ്രാര്‍ഥിക്കുകയാണിവിടെ.

41. അവസാനമായി അദ്ദേഹം തന്റെ മാതാപിതാക്കള്‍ക്കും വിശ്വാസികളായ എല്ലാവര്‍ക്കും പാപമോചനം തേടുകയാണ്. ഇബ്‌റാഹീംനബിയുടെ പിതാവിനെ ഖുര്‍ആന്‍ പല സന്ദര്‍ഭങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അയാള്‍ കടുത്ത സത്യനിഷേധിയായിരുന്നു. ഇബ്‌റാഹീം(അ) നാട്ടില്‍നിന്ന് പലായനംചെയ്യുമ്പോള്‍ പിതാവിന്റെ പാപപരിഹാരാര്‍ഥം താന്‍ പ്രാര്‍ഥിക്കാമെന്ന് വാഗ്ദത്തം ചെയ്തിരുന്നു. വാഗ്ദത്തപാലനത്തിന്റെ ഭാഗമായി, പിതാവ് മുരത്ത കാഫിറും മുശ്‌രിക്കുമായിരുന്നിട്ടും ഇബ്‌റാഹീം(അ) പിതാവിന്നു വേണ്ടി അല്ലാഹുവിനോടു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. പിന്നീട് അല്ലാഹു അദ്ദേഹത്തെ അതില്‍നിന്നു വിലക്കി. ഇവിടെ ഉദ്ധരിച്ച പ്രാര്‍ഥന ഈ വിലക്ക് വരുന്നതിനു മുമ്പായിരിക്കണം.

ഈ പ്രാര്‍ഥനയില്‍ رب….ربنا എന്ന് ഏഴുവട്ടം ആവര്‍ത്തിച്ചതായി കാണാം. ആവര്‍ത്തനം പ്രാര്‍ഥനയുടെ അനിവാര്യസ്വഭാവങ്ങളില്‍ പെട്ടതാണ്. വണക്കവും ആശ്രിതത്വവും ആവലാതിയും, അഭയത്തിലും സഹായത്തിലുമുള്ള പ്രതീക്ഷയുമാണ് പ്രാര്‍ഥനയുടെ സാരാംശം. പ്രാര്‍ഥിക്കപ്പെടുന്നവനെ ആവര്‍ത്തിച്ചു വിളിച്ചുകൊണ്ടിരിക്കുക അതിന്റെയെല്ലാം താല്‍പര്യമാകുന്നു.

പ്രാര്‍ഥി എന്റെ നാഥാ ربي – എന്നു സംബോധന ചെയ്യുമ്പോഴൊക്കെ അല്ലാഹുവിനോടുള്ള തന്റെ വിധേയത്വത്തെയും ആശ്രയത്തെയും അവന്‍ തനിക്ക് അരുളിയിട്ടുള്ളതായി താനറിയുന്ന സവിശേഷമായ ദയാദാക്ഷിണ്യത്തെയും തന്റെ പ്രാര്‍ഥന സ്വീകരിക്കാനുള്ള ഒരു മാധ്യമമാക്കുകയാണ്. ഞങ്ങളുടെ നാഥാ ربنا – എന്നു സംബോധന ചെയ്യുമ്പോള്‍ എല്ലാ സൃഷ്ടികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന, അവന്റെ ഔദാര്യത്തെയാണ് മാധ്യമമാക്കുന്നത്. അതായത് നീ എന്നെ/ഞങ്ങളെ കാരുണ്യത്തോടെ രക്ഷിച്ചു പോരുന്ന രക്ഷാധികാരിയും ഞാന്‍/ഞങ്ങള്‍ നിന്റെ ആശ്രിതരും വിനീതവിധേയദാസന്മാരുമായതിനാല്‍ ഈ പ്രാര്‍ഥന കേള്‍ക്കാനും സഫലമാക്കിത്തരാനും ഞങ്ങള്‍ക്ക് നീ മാത്രമേയുള്ളൂ.

ഞങ്ങളുടെ നാഥാ = رَبَّنَا
തീര്‍ച്ചയായും നീ = إِنَّكَ
നീ അറിയുന്നു = تَعْلَمُ
ഞങ്ങള്‍ ഒളിച്ചുവെക്കുന്നത് = مَا نُخْفِي
ഞങ്ങള്‍ വെളിപ്പെടുത്തുന്നതും = وَمَا نُعْلِنُۗ
മറയുന്നില്ല(മറഞ്ഞതായി ഇല്ലല്ലോ) = وَمَا يَخْفَىٰ
അല്ലാഹുവി(ല്‍നിന്ന്) ന്റെ മേല്‍ = عَلَى اللَّهِ
യാതൊന്നും = مِن شَيْءٍ
ഭൂമിയില്‍ = فِي الْأَرْضِ
ആകാശത്തുമില്ല = وَلَا فِي السَّمَاءِ
(സര്‍വ) സ്തുതിയും അല്ലാഹുവിന്ന് = لِلَّهِ الْحَمْدُ
എനിക്കു(പുത്രന്മാരായി) പ്രദാനം ചെയ്തവനായ = وَهَبَ لِي الَّذِي
വാര്‍ധക്യത്തിന്മേല്‍(ഈ വാര്‍ധക്യ കാലത്ത്) = الْكِبَرِ عَلَى
ഇസ്മാഈലിനെയും ഇസ്ഹാഖിനെയും = وَإِسْحَاقَۚ إِسْمَاعِيلَ
തീര്‍ച്ചയായും എന്റെ നാഥന്‍ = إِنَّ رَبِّي
പ്രാര്‍ഥന കേള്‍ക്കുന്നവന്‍ തന്നെയാകുന്നു = الدُّعَاءِ لَسَمِيعُ
എന്റെ നാഥാ എന്നെ നീ ആക്കേണമേ = اجْعَلْنِي رَبِّ
നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തുന്നവന്‍ = الصَّلَاةِ مُقِيمَ
എന്റെ സന്തതികളില്‍നിന്നും(കളെയും അപ്രകാരം ആക്കേണമേ) = وَمِن ذُرِّيَّتِيۚ
ഞങ്ങളുടെ നാഥാ നീ സ്വീകരിക്കേണമേ = وَتَقَبَّلْ رَبَّنَا
എന്റെ പ്രാര്‍ഥന = دُعَاءِ
ഞങ്ങളുടെ നാഥാ, എനിക്ക് പാപമോചനമരുളേണമേ = لِي اغْفِرْ رَبَّنَا
എന്റെ മാതാപിതാക്കള്‍ക്കും = وَلِوَالِدَيَّ
സത്യവിശ്വാസികള്‍(ക്ക് ഒക്കെയും)ക്കും = وَلِلْمُؤْمِنِينَ
വിചാരണ നില്‍ക്കുന്ന(നടക്കുന്ന)നാളില്‍ = الْحِسَابُ يَقُومُ يَوْمَ

Add comment

Your email address will not be published. Required fields are marked *