അല്‍ഹശ്ര്‍ – ആമുഖം2

നാമം
രണ്ടാം സൂക്തത്തിലെ أَخْرَجَ الذِينَ كَفَرُوا مِنْ أهْلِ الكِتَابِ مِنْ دِيَارِهِمْ لأَوَّلِ الحَشرِ എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ് അധ്യായനാമം. അല്‍ഹശ്ര്‍ എന്ന പദമുള്ള അധ്യായം എന്ന് വിവക്ഷ.

അവതരണകാലം
അല്‍ഹശ്ര്‍ സൂറയെക്കുറിച്ച് ഇബ്‌നു അബ്ബാസി(റ)നോട് അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞതായി സഈദുബ്‌നു ജുബൈറി(റ)ല്‍നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു: ബദ്ര്‍ യുദ്ധത്തെക്കുറിച്ച് സൂറ അല്‍അന്‍ഫാല്‍ അവതരിച്ചതുപോലെ, ബനുന്നദീര്‍ യുദ്ധത്തെക്കുറിച്ച് അവതരിച്ച സൂറയാണിത്. സഈദുബ്‌നു ജുബൈറി(റ)ന്റെത്തന്നെ മറ്റൊരു നിവേദനത്തില്‍ ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചതിങ്ങനെയാണ്: قل سورة النضير (നദീര്‍സൂറ എന്നു വിളിച്ചുകൊള്ളുക). മുജാഹിദ്, ഖതാദ, സുഹ്‌രി, ഇബ്‌നുസൈദ്, യസീദുബ്‌നു റൂമാന്‍, മുഹമ്മദുബ്‌നു ഇസ്ഹാഖ് തുടങ്ങിയവരില്‍നിന്ന് ഇതേവിധം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ സൂറയില്‍ പുറംതള്ളപ്പെട്ടതായി പ്രസ്താവിക്കപ്പെട്ടിട്ടുള്ള വേദവിശ്വാസികള്‍ നദീര്‍ ഗോത്രംതന്നെയാണെന്ന കാര്യത്തില്‍ ഇവരെല്ലാവരും ഏകോപിച്ചിരിക്കുന്നു. ഈ സൂറ തുടക്കം മുതല്‍ ഒടുക്കം വരെ പറയുന്നത് പ്രസ്തുത യുദ്ധത്തെക്കുറിച്ചാണെന്നാണ് യസീദുബ്‌നു റൂമാനും മുജാഹിദും മുഹമ്മദുബ്‌നു ഇസ്ഹാഖും അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാണീ യുദ്ധം നടന്നത്? ഇമാം സുഹ്‌രി ഇതേപ്പറ്റി ഉര്‍വതുബ്‌നു സുബൈറിനെഅവലംബിച്ചുകൊണ്ട് പറയുന്നു: ”ബദ്ര്‍ യുദ്ധം നടന്ന് ആറുമാസത്തിനുശേഷമാണീ യുദ്ധം നടന്നത്. എന്നാല്‍ ഇബ്‌നു സഅ്ദ്, ഇബ്‌നുഹിശാം, ബലാദുരി തുടങ്ങിയവര്‍ പറയുന്നത് ഹി. 4-ആം ആണ്ട് റബീഉല്‍ അവ്വലിലാണിത് നടന്നതെന്നത്രെ. ഇതുതന്നെയാണ് ശരിയായിട്ടുള്ളത്. എന്തുകൊണ്ടെന്നാല്‍, ബിഅ്‌റു മഊന്‍ദുരന്തത്തിനു ശേഷമാണീ സംഭവം നടന്നതെന്ന കാര്യത്തില്‍ എല്ലാ നിവേദനങ്ങളും ഏകോപിക്കുന്നുണ്ട്. ബിഅ്‌റു മഊന്‍ ദുരന്തമാകട്ടെ ഉണ്ടായത് ഉഹുദ് യുദ്ധത്തിനുശേഷമാണ്, മുമ്പല്ല എന്ന് ചരിത്രപരമായി തെളിയിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

ചരിത്രപശ്ചാത്തലം
ഈ സൂറയുടെ ഉള്ളടക്കം നന്നായി ഗ്രഹിക്കുന്നതിന് മദീനയിലെയും ഹിജാസിലെയും ജൂതന്‍മാരുടെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം അനിവാര്യമാകുന്നു. അതില്ലാതെ റസൂല്‍(സ) തിരുമേനി വിവിധ ജൂതഗോത്രങ്ങളോട് സ്വീകരിച്ച സമീപനങ്ങളുടെ യഥാര്‍ഥ കാരണം ശരിയായി മനസ്സിലാക്കാനാവില്ല. അറേബ്യന്‍ ജൂതന്‍മാരുടെ ആധികാരിക ചരിത്രങ്ങളൊന്നും ലോകത്ത് ലഭ്യമല്ല. സ്വന്തം ഭൂതകാലത്തിലേക്ക് വെളിച്ചംവീശുന്ന, ഗ്രന്ഥരൂപത്തിലോ പുരാലിഖിതങ്ങളുടെ രൂപത്തിലോ ഉള്ള അവശിഷ്ടങ്ങള്‍ അവര്‍ അവശേഷിപ്പിച്ചിട്ടില്ല. അറേബ്യക്കപ്പുറത്തുള്ള ജൂത ചരിത്രകാരന്‍മാരോ ഗ്രന്ഥകാരന്‍മാരോ അവരെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അക്കാരണത്താല്‍, അറേബ്യന്‍ ഉപദ്വീപിലെത്തിയ ജൂതന്‍മാര്‍ തങ്ങളുടെ ശിഷ്ട സമൂഹത്തില്‍നിന്ന് ഛേദിക്കപ്പെട്ടുവെന്നും ലോകത്തിലെ ഇതര ജൂതവിഭാഗങ്ങളൊന്നുംതന്നെ അവരെ ജൂതന്‍മാരില്‍പെട്ടവരായി ഗണിച്ചിരുന്നില്ലെന്നും അഭിപ്രായപ്പെട്ടവരുണ്ട്. എന്തുകൊണ്ടെന്നാല്‍, അവര്‍ ഹിബ്രു സംസ്‌കാരവും ഭാഷയും എന്നുവേണ്ട നാമം പോലും ഉപേക്ഷിച്ച് അറബിത്വം സ്വീകരിച്ചു. ഹിജാസിലെ പുരാവസ്തുക്കളില്‍ കണ്ടെത്തിയ ലിഖിതങ്ങളില്‍ ക്രി. ഒന്നാം നൂറ്റാണ്ടിനു മുമ്പുള്ള ജൂതന്മാരുടെ ഒരടയാളവുമില്ല. അവയില്‍ ഏതാനും ജൂതനാമങ്ങള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് അറേബ്യന്‍ ജൂതന്‍മാരുടെ ചരിത്രമധികവും അറബികളില്‍ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളില്‍ പരിമിതമാകുന്നു. അതില്‍ ഏറിയകൂറും ജൂതന്‍മാര്‍ സ്വയം പ്രചരിപ്പിച്ചതാണ്. മൂസാ(അ)യുടെ അവസാനകാലത്താണ് തങ്ങള്‍ ആദ്യമായി ഹിജാസില്‍ വന്ന് ആവാസമുറപ്പിച്ചതെന്ന് ഹിജാസിലെ ജൂതന്‍മാര്‍ വാദിക്കുന്നു. ആ കഥ അവര്‍ പറയുന്നതിങ്ങനെയാണ്: അമാലിഖ വര്‍ഗത്തെ ആട്ടിയോടിക്കുന്നതിനായി മൂസാ(അ) യസ്‌രിബ് പ്രദേശത്തേക്ക് ഒരു സൈന്യത്തെ നിയോഗിച്ചു. ആ വര്‍ഗത്തില്‍ ആരെയും ജീവനോടെ വിടരുതെന്ന് അവരോട് കല്‍പിച്ചിരുന്നുവത്രെ. ഇസ്‌റാഈല്യര്‍ അവിടെയെത്തി, പ്രവാചക കല്‍പന പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പക്ഷേ, അമാലിഖ രാജാവിന്റെ ഒരു പുത്രന്‍ അതിസുന്ദരനായ യുവാവായിരുന്നു. സൈന്യം അയാളെ കൊന്നില്ല. അയാളെയും കൂട്ടി ഫലസ്ത്വീനിലേക്ക് മടങ്ങി. അപ്പോഴേക്കും മൂസാ(അ) മരണപ്പെട്ടിരുന്നു. ഒരു അമാലിഖ യുവാവിനെ ജീവിക്കാനനുവദിച്ചത് പ്രവാചക കല്‍പനക്കും മുസവീ ശരീഅത്തിനും വിരുദ്ധമായിപ്പോയി എന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കിടയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. അതിന്റെപേരില്‍ പ്രസ്തുത സൈന്യത്തെ അവര്‍ സമുദായത്തില്‍നിന്ന് പുറംതള്ളുകയും ചെയ്തു. അങ്ങനെ ആ സൈന്യം യസ്‌രിബില്‍ത്തന്നെ വന്ന് അധിവസിക്കാന്‍ നിര്‍ബന്ധിതരായി (കിതാബുല്‍ അഗാനി വാ. 19, പേ.94). ഈവിധം ക്രിസ്തുവിന് 12 നൂറ്റാണ്ടുകള്‍ക്കു മുമ്പ് തങ്ങള്‍ യസ്‌രിബില്‍ അധിവസിച്ചിരിക്കുന്നുവെന്നാണ് ജൂത ഐതിഹ്യം അവകാശപ്പെടുന്നത്. എന്നാല്‍, ഇതിനു ചരിത്രപരമായ ഒരു സാക്ഷ്യവുമില്ല. അറബികളുടെമേല്‍ തങ്ങളുടെ പൗരാണിക പാരമ്പര്യവും ആഢ്യത്വവും അടിച്ചേല്‍പിക്കുന്നതിനുവേണ്ടി ജൂതന്‍മാര്‍ കെട്ടിച്ചമച്ചതായിരിക്കണം മിക്കവാറും ഈ കഥ. ജൂതകഥകള്‍ പ്രകാരം രണ്ടാമത്തെ ജൂതപലായനമുണ്ടായത്, ക്രി.മു. 587-ല്‍ ബാബിലോണിയന്‍ ചക്രവര്‍ത്തി ബുഖ്‌നസ്വ്‌ര്‍ ബൈതുല്‍ മഖ്ദിസ് നശിപ്പിക്കുകയും ജൂതന്‍മാര്‍ ലോകത്തെങ്ങും ചിതറുകയും ചെയ്തപ്പോഴാണ്. അക്കാലത്ത് തങ്ങളുടെ നിരവധി ഗോത്രങ്ങള്‍ വാദില്‍ഖുറായിലും തൈമാഇലും യസ്‌രിബിലും വന്ന് ആവാസമുറപ്പിച്ചതായി ജൂതന്‍മാര്‍ പറയുന്നു. (ഫുതൂഹുല്‍ ബുല്‍ദാന്‍-അല്‍ബലാദുരി) യഥാര്‍ഥത്തില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയിതാണ്: ക്രി. 70-ആം ആണ്ടില്‍ റോമക്കാര്‍ ഫലസ്ത്വീനില്‍ ജൂതന്‍മാരെ കൂട്ടക്കൊലക്കിരയാക്കുകയുണ്ടായി. ക്രി. 132-ല്‍ അവരെ പൂര്‍ണമായി അവിടുന്ന് നാടുകടത്തുകയും ചെയ്തു. ഇക്കാലത്ത് ധാരാളം ജൂതഗോത്രങ്ങള്‍ അവിടെനിന്ന് ഓടിരക്ഷപ്പെട്ടു ഹിജാസില്‍ അഭയം പ്രാപിക്കുകയുണ്ടായി. ഈ പ്രദേശം ഫലസ്ത്വീന്റെ തൊട്ടുതെക്കായാണ് സ്ഥിതിചെയ്യുന്നത്. ഇവിടെവന്ന് അവര്‍ പച്ചപ്പും ജലസ്രോതസ്സും കണ്ടിടത്തെല്ലാം അധിവസിച്ചു. ക്രമേണ ഇടപാടുകളിലൂടെയും പലിശവ്യാപാരത്തിലൂടെയും അവ കൈവശപ്പെടുത്തി. ഐല, റുഖ്‌നാ, തബൂക്, തൈമാ, വാദില്‍ഖുറാ, ഖൈബര്‍, ഫദക് തുടങ്ങിയ സ്ഥലങ്ങളില്‍ ഇക്കാലത്താണ് അവര്‍ ആധിപത്യം സ്ഥാപിച്ചത്. ബനൂഖുറൈദ, ബനൂഹബ്ദല്‍, ബനുന്നദീര്‍, ബനൂ ഖൈനുഖാഅ് എന്നീ ഗോത്രങ്ങള്‍ യസ്‌രിബില്‍വന്ന് സ്വാധീനമുറപ്പിച്ചതും ഇക്കാലത്തുതന്നെ. യസ്‌രിബില്‍ ആവാസമുറപ്പിച്ച ജൂതഗോത്രങ്ങളില്‍ ബനൂഖുറൈളയും ബനുന്നദീറും ഏറെ വിശിഷ്ടരായി ഗണിക്കപ്പെട്ടിരുന്നു. കാരണം, അവര്‍ ആഢ്യജൂതന്‍മാരായി കരുതപ്പെടുന്ന ‘കാഹിന്‍’ (ജ്യോത്സ്യര്‍ അല്ലെങ്കില്‍ പുരോഹിതര്‍) വിഭാഗത്തില്‍ പെട്ടവരായിരുന്നു. സമൂഹത്തില്‍ മതനേതൃത്വവും അവര്‍ക്കായിരുന്നു. ഇക്കൂട്ടര്‍ യസ്‌രിബില്‍ വരുമ്പോള്‍ അവിടെ ഏതാനും അറബ് ഗോത്രങ്ങള്‍ വസിച്ചിരുന്നു. ജൂതന്‍മാര്‍ അവരെ അടിച്ചമര്‍ത്തി, പ്രയോഗത്തില്‍ ആ കാര്‍ഷികമേഖലയുടെ ഉടമകളായിത്തീര്‍ന്നു. ഇതിന് ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകള്‍ക്കുശേഷം ക്രി. 450-ലോ 451-ലോ ആണ് യമനിലെ മഹാ ജലപ്രവാഹം ഉണ്ടായത്. സൂറ സബഇലെ രണ്ടാം റുകൂഇല്‍ അതേപറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഈ പ്രവാഹത്തെ തുടര്‍ന്ന് സബഅ് ജനതയിലെ പല ഗോത്രങ്ങളും യമനില്‍നിന്ന് അറേബ്യയുടെ അതിര്‍ത്തികളില്‍ പരക്കാനിടയായി. അക്കൂട്ടത്തില്‍ ഗസ്സാനികള്‍ ശാമിലും ലഖ്മികള്‍ ഹീറ(ഇറാഖ്)യിലും ബനൂഖുസാഅ ജിദ്ദക്കും മക്കക്കുമിടയിലും ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ യസ്‌രിബിലും വന്ന് താമസിച്ചു. യസ്‌രിബിലെ ജൂതസ്വാധീനം മൂലം ആദ്യമാദ്യം ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ വലിയ അരിഷ്ടതയിലായിരുന്നു. ഈ രണ്ട് അറബി ഗോത്രങ്ങളും തരിശു ഭൂമികളില്‍ വസിക്കാന്‍ നിര്‍ബന്ധിതരായി. അവിടെനിന്ന് അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താനാവശ്യമായ ആഹാരം നേടാന്‍തന്നെ നന്നെ ക്ലേശിക്കേണ്ടിവന്നു. ഒടുവില്‍ അവരുടെ നായകന്‍മാര്‍ തങ്ങളുടെ സഹോദര ഗോത്രമായ ഗസ്സാനികളോട് സഹായമഭ്യര്‍ഥിക്കുന്നതിനുവേണ്ടി ശാമിലേക്ക് പോയി. അവിടെനിന്ന് ഒരു സൈന്യത്തെ കൊണ്ടുവന്ന് ജൂതന്‍മാരുടെ ശക്തി തകര്‍ത്തു. അങ്ങനെ ഔസും ഖസ്‌റജും യസ്‌രിബില്‍ പൂര്‍ണമായ മേധാവിത്വം നേടി. ജൂതന്‍മാരിലെ രണ്ടു പ്രമുഖ ഗോത്രങ്ങളായ ബനൂഖുറൈളക്കും ബനുന്നദീറിനും നഗരത്തിനു വെളിയില്‍പോയി പാര്‍ക്കേണ്ടിവന്നു. മൂന്നാമത്തെ ജൂതഗോത്രമായ ബനൂഖൈനുഖാഅ് മറ്റു രണ്ട് ഗോത്രങ്ങളെക്കാള്‍ മര്യാദക്കാരായിരുന്നു. അതുകൊണ്ട് അവരെ നഗരത്തിനുള്ളില്‍ത്തന്നെ വസിക്കാനനുവദിച്ചു. എങ്കിലും അവിടെ താമസിക്കുന്നതിന് അവര്‍ക്ക് ഖസ്‌റജ് ഗോത്രത്തില്‍നിന്ന് അഭയം നേടേണ്ടതുണ്ടായിരുന്നു. ബനുന്നദീറിനും ബനൂഖുറൈളക്കും യസ്‌രിബിന്റെ പ്രാന്തപ്രദേശത്തു താമസിക്കാന്‍ ഔസിന്റെയും അഭയം നേടേണ്ടതുണ്ടായിരുന്നു. പ്രവാചകാഗമനത്തിനു മുമ്പുമുതല്‍ ഹിജ്‌റവരെ ഹിജാസില്‍ മൊത്തത്തിലും യസ്‌രിബില്‍ പ്രത്യേകിച്ചും ഉണ്ടായിരുന്ന ജൂതാധിവാസത്തിന്റെ സ്വഭാവം ഇപ്രകാരമായിരുന്നു: –ഭാഷ, വസ്ത്രം, സംസ്‌കാരം, നാഗരികത എന്നിവയിലെല്ലാം അവര്‍ അറബി വര്‍ണം സ്വീകരിച്ചു. അവരില്‍ ബഹുഭൂരിപക്ഷത്തിന്റെയും വ്യക്തിനാമം പോലും അറബിയായിരുന്നു. ഹിജാസില്‍ 12 ജൂതഗോത്രങ്ങളുണ്ടായിരുന്നു. അവയില്‍ സഊറാഅ് ഗോത്രത്തിനല്ലാതെ മറ്റൊരു ഗോത്രത്തിനും ഹിബ്രു ഗോത്രനാമമുണ്ടായിരുന്നില്ല. അവരിലെ ഏതാനും പ്രമുഖ പണ്ഡിതന്‍മാര്‍ക്കല്ലാതെ ഹിബ്രു ഭാഷ അറിഞ്ഞിരുന്നുപോലുമില്ല. ജാഹിലിയ്യാകാലത്തെ ജൂതകവികളുടേതായി നമുക്ക് കിട്ടിയ കവിതകള്‍ പരിശോധിച്ചുനോക്കിയാല്‍ അവയുടെ ഭാഷയും ഭാവനകളും ഉള്ളടക്കവുമൊന്നും മറ്റ് അറബി കവികളുടേതില്‍നിന്ന് അവയെ വേര്‍തിരിക്കുന്ന വിധത്തിലുള്ള ഒരു വിശേഷതയും പുലര്‍ത്തുന്നില്ലെന്നുകാണാം. അവരും അറബികളും തമ്മില്‍ വിവാഹബന്ധം വരെ നിലനിന്നിരുന്നു. അവരും അറബികളും തമ്മില്‍ മതത്തിലല്ലാതെ മറ്റൊന്നിലും വ്യത്യാസം അവശേഷിച്ചിരുന്നില്ല. എന്നാല്‍, ഇങ്ങനെയൊക്കെയായിട്ടും അവരൊട്ടും അറബികളിലുള്‍പ്പെട്ടവരായിരുന്നില്ല. തങ്ങളുടെ ജൂതവംശീയതയെ അതികര്‍ക്കശമായി അവര്‍ പുലര്‍ത്തിപ്പോന്നു. അറബിത്വമില്ലാതെ അറേബ്യയില്‍ വസിക്കാനാവില്ല എന്നതുകൊണ്ടുമാത്രമാണ് ജൂതന്‍മാര്‍ ബാഹ്യമായി അറബി സമ്പ്രദായങ്ങള്‍ കൈക്കൊണ്ടിരുന്നത്. –അവരുടെ ഈ അറബിത്വത്തെ ഓറിയന്റലിസ്റ്റുകള്‍ അവര്‍ ഇസ്‌റാഈല്യരല്ലാത്ത, ജൂതമതം സ്വീകരിച്ച അറബികളായിരിക്കാമെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്; അല്ലെങ്കില്‍ ചുരുങ്ങിയത് ഭൂരിപക്ഷവും അറബി യഹൂദരില്‍പ്പെട്ടവരായിരിക്കാമെന്ന്. പക്ഷേ, ജൂതന്‍മാര്‍ ഹിജാസില്‍ എന്തെങ്കിലും പ്രബോധന പ്രവര്‍ത്തനം നടത്തിയതിന് ചരിത്രപരമായ ഒരു തെളിവുമില്ല. അവരിലെ പണ്ഡിതന്‍മാര്‍ ക്രൈസ്തവ പുരോഹിതന്‍മാരെയും മിഷനറിമാരെയും പോലെ അറബികളെ ജൂതമതത്തിലേക്ക് ക്ഷണിച്ചതായും എവിടെയും കാണുന്നില്ല. മറിച്ച്, അവരില്‍ കടുത്ത ഇസ്‌റാഈലി വര്‍ഗീയതയും വംശാഭിമാനവും ഗര്‍വും ഉണ്ടായിരുന്നതായി നാം കാണുകയും ചെയ്യുന്നു. അറബികളെ അവര്‍ നിരക്ഷരര്‍ അഥവാ പ്രാകൃതര്‍ (ഉമ്മിയ്യ്) എന്നാണ് വിളിച്ചിരുന്നത്. ഉമ്മികള്‍ക്ക് ഇസ്‌റാഈല്യര്‍ക്കുള്ള മനുഷ്യാവകാശങ്ങളൊന്നുമില്ലെന്നും അവരുടെ ധനം വിഹിതവും അവിഹിതവുമായ ഏത് മാര്‍ഗത്തിലൂടെ കൈവശപ്പെടുത്തിയാലും ഇസ്‌റാഈല്യര്‍ക്ക് അത് അനുവദനീയവും ശുദ്ധവുമായിരിക്കുമെന്നുമായിരുന്നു ജൂതപ്രമാണം. അറബി പ്രമാണിമാരല്ലാതെ സാധാരണ അറബികള്‍ ജൂതമതത്തില്‍ പ്രവേശിച്ചാല്‍ അവര്‍ക്ക് തുല്യപദവി അനുവദിച്ചുകൂടാ. ഏതെങ്കിലും അറബിപ്രമാണിയോ പ്രമുഖ ഗോത്രമോ ജൂതമതത്തില്‍ ചേര്‍ന്നതിനും ചരിത്രപരമായ ഒരു തെളിവുമില്ല. അറബി ഐതിഹ്യങ്ങളിലും അങ്ങനെയൊന്നും കാണുന്നില്ല. ജൂതമതം സ്വീകരിച്ച ഏതാനും വ്യക്തികളെ സംബന്ധിച്ച പരാമര്‍ശം തീര്‍ച്ചയായും ഉണ്ട്. ജൂതര്‍ക്ക് മതപ്രബോധനത്തിലായിരുന്നില്ല, സ്വന്തം ബിസിനസുകളില്‍ മാത്രമായിരുന്നു താല്‍പര്യം എന്നതാണ് വാസ്തവം. അതുകൊണ്ട് ഹിജാസില്‍ ജൂതായിസം ഒരു മതമെന്ന നിലയില്‍ പ്രചരിക്കുകയുണ്ടായില്ല. അത് കുറെ ജൂതഗോത്രങ്ങളുടെ അഹന്തയുടെ മൂലധനം മാത്രമായിരുന്നു. ജൂതപണ്ഡിതന്‍മാരാകട്ടെ, തന്ത്രമന്ത്രങ്ങളുടെയും മാരണങ്ങളുടെയും ലക്ഷണപ്രവചനങ്ങളുടെയും ആഭിചാരത്തിന്റെയുമൊക്കെ ബിസിനസ് നന്നായി നടത്തുകയും അതുവഴി അറബികളില്‍ തങ്ങളുടെ ‘ജ്ഞാന’ത്തിന്റെയും ‘കര്‍മ’ത്തിന്റെയും ഗരിമ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. -സാമ്പത്തികമായി ജൂതന്‍മാരുടെ അവസ്ഥ അറബിഗോത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഭദ്രമായിരുന്നു. അവര്‍ ഫലസ്ത്വീന്‍, ശാം തുടങ്ങിയ നാഗരിക ദേശങ്ങളില്‍നിന്ന് വന്നവരാണല്ലോ. അതുകൊണ്ട് അറബികളില്‍ പ്രചാരത്തിലില്ലാത്ത പല കലകളും അവര്‍ക്കറിയാമായിരുന്നു. പുറംലോകവുമായി അവര്‍ക്ക് വ്യാപാരബന്ധവുമുണ്ടായിരുന്നു. ഇതൊക്കെ കാരണമായി യസ്‌രിബിലേക്കും ഹിജാസിലേക്കും മറ്റിടങ്ങളിലേക്കുമുള്ള കാര്‍ഷികവിളകളുടെ ഇറക്കുമതിയും അവിടങ്ങളില്‍നിന്നുള്ള കയറ്റുമതിയും ജൂതന്‍മാരുടെ കൈകളിലായി. കോഴിവളര്‍ത്തലും മത്സ്യബന്ധനവും അധികവും അവരുടെ അധീനത്തിലായിരുന്നു. വസ്ത്രനിര്‍മാണവും അവര്‍ കൈയടക്കി. അവിടവിടെയായി മദ്യശാലകള്‍ സ്ഥാപിച്ചു, ശ്യാമില്‍നിന്നു മദ്യം കൊണ്ടുവന്നു വിറ്റഴിച്ചുകൊണ്ടിരുന്നു. ഖൈനുഖാഅ് ഗോത്രം വന്‍തോതില്‍ സ്വര്‍ണാഭരണ നിര്‍മാണത്തിലും ലോഹപ്പാത്രങ്ങളുടെ നിര്‍മാണങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ഇത്തരം വ്യാപാര ഇടപാടുകളിലൂടെ ജൂതന്‍മാര്‍ക്ക് വമ്പിച്ച വരുമാനമുണ്ടാക്കാന്‍ സാധിച്ചു. എന്നാല്‍, അവരുടെ ഏറ്റവും വലിയ ബിസിനസ് പലിശവ്യാപാരമായിരുന്നു. ചുറ്റുമുള്ള അറബിഗോത്രങ്ങളെയെല്ലാം അവര്‍ അതിന്റെ വലയില്‍ കുടുക്കിയിട്ടു. കടം വാങ്ങി പ്രതാപവും കേമത്തവും പ്രകടിപ്പിക്കുന്ന സുഖക്കേടുണ്ടായിരുന്ന ഗോത്രത്തലവന്‍മാരെയും പ്രമാണിമാരെയും ഭാരിച്ച വ്യവസ്ഥകളോടെ കടം കൊടുത്ത് കെണിയില്‍ വീഴ്ത്തിയിരുന്നു. തുടര്‍ന്ന് പലിശക്കുമേല്‍ പലിശയുടെ ചക്രം തിരിയുകയായി. അതിലകപ്പെട്ടവര്‍ക്ക് പിന്നീട് രക്ഷപ്പെടുക വളരെ പ്രയാസകരമായിരുന്നു. ഇങ്ങനെ ജൂതന്‍മാര്‍ അറബി സമ്പദ്ഘടനയുടെ ഉള്ളുതുരന്നെടുത്തു. പക്ഷേ, സാമാന്യ അറബികള്‍ക്കിടയില്‍ ആഴത്തിലുള്ള ജൂതവിരോധം കുടികൊണ്ടുവെന്നതാണ് അതിന്റെ സ്വാഭാവികഫലം. –അറബികളില്‍ ഏതെങ്കിലും വിഭാഗത്തോട് കൂട്ടുകൂടി മറ്റേതെങ്കിലും വിഭാഗത്തെ ഉപദ്രവിക്കുകയോ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ കക്ഷിചേരുകയോ ചെയ്യാതിരിക്കണമെന്നായിരുന്നു ജൂതന്‍മാരുടെ സാമ്പത്തികനേട്ടങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. മറുവശത്ത്, അറബികള്‍ പരസ്പരം യോജിക്കാതിരിക്കണമെന്നതും അവരുടെ സാമ്പത്തിക താല്‍പര്യംതന്നെയായിരുന്നു. അവരെപ്പോഴും പരസ്പരം വഴക്കടിച്ചുകൊണ്ടിരിക്കണം. അറബികള്‍ പരസ്പരം ചേര്‍ന്ന് ഒന്നിച്ചാല്‍ പിന്നെ ഉല്‍പാദനപ്രവര്‍ത്തനങ്ങളിലൂടെയും പലിശ വ്യാപാരത്തിലൂടെയും തങ്ങള്‍ ഇതുവരെ നേടിയെടുത്ത ഫലപുഷ്ടമായ ഭൂമികളും തോട്ടങ്ങളും ഇതര സ്വത്തുക്കളും കൈവശംവെക്കാന്‍ അവരെ അനുവദിക്കുകയുണ്ടാവില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. കൂടാതെ ഓരോ ജൂതഗോത്രത്തിനും തങ്ങളുടെ സുരക്ഷിതത്വത്തിന് ഏതെങ്കിലും പ്രബലമായ അറബ്‌ഗോത്രവുമായി സഖ്യബന്ധം സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. മറ്റു പ്രബലഗോത്രങ്ങള്‍ അതിനു നേരെ കരമുയര്‍ത്താതിരിക്കാന്‍ അതാവശ്യമായിരുന്നു. ഇതുവഴി പലപ്പോഴും അവര്‍ക്ക് അറബിഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ പങ്കെടുക്കേണ്ടിവന്നു. ചിലപ്പോള്‍ സ്വന്തം സഖ്യഗോത്രങ്ങളോടൊത്ത് യുദ്ധം ചെയ്യുമ്പോള്‍, ഒരു ജൂതഗോത്രത്തിന് ശത്രുക്കളായ അറബിഗോത്രവുമായി സഖ്യമുള്ള മറ്റൊരു ജൂതഗോത്രത്തോടുതന്നെ ഏറ്റുമുട്ടേണ്ടതായുംവന്നു. യസ്‌രിബില്‍ നദീര്‍ഗോത്രവും ഖുറൈളഗോത്രവും ഔസ്‌ഗോത്രത്തിന്റെ സഖ്യകക്ഷികളായിരുന്നു; ഖൈനുഖാഅ് ഗോത്രം ഖസ്‌റജ് ഗോത്രത്തിന്റെയും. ഹിജ്‌റക്ക് ഏതാനും വര്‍ഷംമുമ്പ് ഔസും ഖസ്‌റജും തമ്മില്‍ ബുആസ് എന്ന സ്ഥലത്തുവെച്ച് രക്തരൂഷിതമായ ഏറ്റുമുട്ടലുണ്ടായി. അന്ന് ഈ ജൂതഗോത്രങ്ങള്‍ അവരുടെ സഖ്യഗോത്രങ്ങളോടൊപ്പം ചേര്‍ന്നു പരസ്പരം പൊരുതേണ്ടിവന്നു. ഇസ്‌ലാം മദീനയിലെത്തുമ്പോള്‍ ഇതായിരുന്നു അവസ്ഥ. ഒടുവില്‍ റസൂല്‍ തിരുമേനി മദീനയില്‍ സമാഗതനായ ശേഷം അവിടെ ഒരു ഇസ്‌ലാമികരാഷ്ട്രം നിലവില്‍വന്നു. ഈ രാഷ്ട്രം സ്ഥാപിച്ച ഉടനെ നബി(സ) ചെയ്ത പ്രഥമ കര്‍ത്തവ്യങ്ങളിലൊന്ന് ഔസ്-ഖസ്‌റജ് ഗോത്രത്തിനും മുഹാജിറുകള്‍ക്കുമിടയില്‍ സാഹോദര്യം സ്ഥാപിക്കുകയായിരുന്നു. മുസ്‌ലിം സമൂഹവും ജൂതന്‍മാരും തമ്മില്‍ സുവ്യക്തമായ വ്യവസ്ഥയോടെയുള്ള ഒരു കരാറുണ്ടാക്കിയതാണ് ദ്വിതീയ കര്‍ത്തവ്യം. ആരും മറ്റുള്ളവരുടെ അവകാശങ്ങളില്‍ കൈവെക്കുകയില്ലെന്നും പുറമെനിന്നുള്ള ശത്രുക്കളെ ഒറ്റക്കെട്ടായിനിന്ന് പ്രതിരോധിക്കുമെന്നും അതില്‍ ഉറപ്പ് നല്‍കിയിരുന്നു. ജൂതന്‍മാരും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം ഏതെല്ലാം വ്യവസ്ഥകളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നുവെന്ന് കരാറിലെ ഈ വകുപ്പുകളില്‍നിന്ന് വ്യക്തമായി ഗ്രഹിക്കാവുന്നതാണ്: ”ജൂതന്‍മാര്‍ അവരുടെ ജീവിതച്ചെലവ് വഹിക്കുന്നതാണ്; മുസ്‌ലിംകള്‍ അവരുടെ ജീവിതച്ചെലവും. ഈ കരാറിലെ പങ്കാളികളോട് യുദ്ധം ചെയ്യുന്നവര്‍ക്കെതിരില്‍ അവര്‍ പരസ്പരം സഹായിക്കാന്‍ ബാധ്യസ്ഥരാകുന്നു. അവര്‍ തമ്മില്‍ ആത്മാര്‍ഥമായ ഗുണകാംക്ഷ പുലര്‍ത്തേണ്ടതാകുന്നു. അവര്‍ക്കിടയില്‍ നന്‍മയുടെയും സത്യത്തിന്റെയും ബന്ധമാണുണ്ടായിരിക്കുക. പാപത്തിന്റെയും അതിക്രമത്തിന്റെയും അല്ല. ആരും തന്റെ സഖ്യകക്ഷിയോട് അതിക്രമം ചെയ്യുന്നതല്ല. മര്‍ദിതനെ സഹായിക്കേണ്ടതാകുന്നു. യുദ്ധാവസരങ്ങളില്‍ അതിന്റെ ചെലവുകള്‍ ജൂതന്‍മാര്‍ മുസ്‌ലിംകളോടൊപ്പം ചേര്‍ന്ന് വഹിക്കുന്നതാകുന്നു. ഈ കരാറിലെ കക്ഷികള്‍ യസ്‌രിബില്‍ ഒരുവിധത്തിലുള്ള കുഴപ്പമോ നാശമോ ഉണ്ടാക്കുന്നത് നിഷിദ്ധമാകുന്നു. ഈ കരാറിലെ കക്ഷികള്‍ തമ്മില്‍ വിനാശം ഭയപ്പെടാവുന്ന വല്ല വഴക്കോ തര്‍ക്കമോ ഉണ്ടായാല്‍ അതില്‍ അല്ലാഹുവിന്റെ നിയമപ്രകാരം അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് തീരുമാനമെടുക്കുന്നതാകുന്നു…….ഖുറൈശ്‌ഗോത്രത്തിനും അവരുടെ സഖ്യകക്ഷികള്‍ക്കും യസ്‌രിബില്‍ അഭയം നല്‍കുന്നതല്ല. യസ്‌രിബിനെ ആക്രമിക്കുന്ന ആരെയും കരാറിലെ കക്ഷികള്‍ പരസ്പരം സഹകരിച്ച് നേരിടേണ്ടതാകുന്നു. ഓരോ വിഭാഗവും അവരുടെ വശമുള്ള സ്ഥലങ്ങളുടെ പ്രതിരോധത്തിനുത്തരവാദികളാകുന്നു.” (ഇബ്‌നുഹിശാം വാല്യം 2, പേ. 147-150) ജൂതന്‍മാര്‍ സ്വയം അംഗീകരിച്ച വ്യക്തമായ വ്യവസ്ഥകളുള്ള കരാറാണിത്. പക്ഷേ, വളരെ വേഗംതന്നെ അവര്‍ പ്രവാചകന്നും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ ശത്രുതാപരമായ നിലപാടുകള്‍ പ്രകടിപ്പിച്ചുതുടങ്ങി. അവരുടെ വിരോധം നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. അതിന് പ്രധാനമായ മൂന്ന് കാരണങ്ങളുണ്ട്: ഒന്ന്: അവരിഷ്ടപ്പെട്ടത് പ്രവാചകനെ ഒരു സമുദായനേതാവ് മാത്രമായി കാണാനാണ്. അദ്ദേഹവുമായി അവരൊരു രാഷ്ട്രീയ ഉടമ്പടിയുണ്ടാക്കിയിട്ടുണ്ട്. സ്വവര്‍ഗത്തിന്റെ ഭൗതിക ലക്ഷ്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു നടപടി മാത്രമാണത്. പക്ഷേ, അദ്ദേഹം ഏകദൈവത്വം, പരലോകം, പ്രവാചകത്വം, വേദം തുടങ്ങിയവയിലുള്ള വിശ്വാസത്തിലേക്ക് ആളുകളെ പ്രബോധനം ചെയ്യുന്നതായിക്കാണുന്നു. (അവരുടെത്തന്നെ പ്രവാചകന്‍മാരിലും വേദങ്ങളിലുമുള്ള വിശ്വാസവും അതിലുള്‍പ്പെടുന്നുണ്ട്). മറ്റേതു പ്രവാചകനും ആഹ്വാനം ചെയ്തിരുന്നതുപോലെ പാപകൃത്യങ്ങള്‍ ഉപേക്ഷിക്കാനും ദൈവികനിയമങ്ങളനുസരിക്കാനും ധാര്‍മിക പരിധികള്‍ പാലിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഇതവര്‍ക്ക് വളരെ അരോചകമായി. ഈ സാര്‍വലൗകിക മൂല്യപ്രസ്ഥാനം പ്രചാരം നേടുകയാണെങ്കില്‍ അതിന്റെ പ്രവാഹത്തില്‍ പെട്ട് തങ്ങളുടെ ജഡികമായ മതകീയതയും അതിന്റെ വംശീയഗര്‍വും ഒലിച്ചുപോകുമെന്ന് അവര്‍ ഭയപ്പെട്ടു. രണ്ട്: ഔസും ഖസ്‌റജും തമ്മില്‍ സാഹോദര്യം സ്ഥാപിതമായിക്കണ്ടതാണ് രണ്ടാമത്തെ കാരണം. അതോടൊപ്പം പരിസരപ്രദേശങ്ങളില്‍നിന്നുള്ള, ഇസ്‌ലാമിക പ്രബോധനം സ്വീകരിച്ച ഗോത്രങ്ങളും ഈ ഇസ്‌ലാമിക സാഹോദര്യത്തില്‍ ചേര്‍ന്ന് ഒറ്റ സമൂഹമായിത്തീരുന്നതായി കാണാന്‍ തുടങ്ങി. സ്വന്തം സുരക്ഷിതത്വത്തിനും സാമ്പത്തികനേട്ടത്തിനും വേണ്ടി അറബിഗോത്രങ്ങളെ ഭിന്നിപ്പിച്ചു വിഡ്ഢികളാക്കുക എന്ന, നൂറ്റാണ്ടുകളായി തങ്ങള്‍ തുടര്‍ന്നുവരുന്ന നയം ഈ പുതിയ വ്യവസ്ഥയില്‍ വിജയിക്കുകയില്ലെന്നും തങ്ങളുടെ തന്ത്രങ്ങളൊന്നും ഫലിക്കാത്ത ഒരു ഏകോപിത അറബി ശക്തിയെ നേരിടേണ്ടിവന്നേക്കുമെന്നും അവര്‍ ഭയപ്പെട്ടു. മൂന്ന്: റസൂല്‍(സ) നടപ്പാക്കിയ സാമൂഹിക-നാഗരിക പരിഷ്‌കാരങ്ങള്‍ ഇടപാടുകളിലും കൊള്ളക്കൊടുക്കകളിലും അവിഹിതരീതികള്‍ക്കുള്ള എല്ലാ പഴുതുകളും അടച്ചുകളഞ്ഞു.സര്‍വോപരി പലിശയേയും അവിടുന്ന് അവിശുദ്ധമായ സമ്പാദ്യവും നിഷിദ്ധഭോജനവുമായി പ്രഖ്യാപിച്ചു. അറേബ്യയില്‍ തിരുമേനിയുടെ ഭരണം സ്ഥാപിതമാവുകയാണെങ്കില്‍ പലിശ നിയമംമൂലം നിരോധിക്കപ്പെടുമെന്ന് അവര്‍ ആശങ്കിച്ചു. അവരെ സംബന്ധിച്ചിടത്തോളം മാരകമായ ഒരാപത്താണത്. ഇക്കാരണങ്ങളാല്‍ പ്രവാചകനെ പരാജയപ്പെടുത്തുക ജൂതന്‍മാര്‍ തങ്ങളുടെ ദേശീയലക്ഷ്യമായി സ്വീകരിച്ചു. അദ്ദേഹത്തെ ഒതുക്കാന്‍ ഏതുപായവും തന്ത്രവും ആയുധവും ഉപയോഗിക്കുന്നതില്‍ അവരല്‍പവും സങ്കോചം കാട്ടിയില്ല. ജനം തിരുമേനിയെ തെറ്റിദ്ധരിക്കുന്നതിനുവേണ്ടി പലവിധ അപവാദങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഇസ്‌ലാം സ്വീകരിച്ചവരുടെ മനസ്സുകളില്‍, അവരെ അതില്‍നിന്നു പിന്തിരിപ്പിക്കുന്നതിനുവേണ്ടി പലതരം സന്ദേഹങ്ങളും ശങ്കകളും കുത്തിവച്ചുകൊണ്ടിരുന്നു. തിരുമേനിയെയും മതത്തെയും കുറിച്ച് ജനങ്ങളില്‍ അവിശ്വാസം വളരുന്നതിനുവേണ്ടി വ്യാജമായി ഇസ്‌ലാം സ്വീകരിച്ചശേഷം അത് പരിത്യജിച്ചുപോരുന്ന നയവും സ്വീകരിച്ചു. കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുന്നതിനുവേണ്ടി കപടവിശ്വാസികളുമായി ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടു. ഇസ്‌ലാമിനോട് ശത്രുതയില്‍ വര്‍ത്തിക്കുന്ന എല്ലാ ഗോത്രങ്ങളുമായും വ്യക്തികളുമായും ബന്ധങ്ങളുണ്ടാക്കി. മുസ്‌ലിംകളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ കുത്തിത്തിരിപ്പുകളിലേര്‍പ്പെട്ടു. നീണ്ടകാലം ജൂതന്‍മാരുമായി ബന്ധങ്ങളുണ്ടായിരുന്ന ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ അവരുടെ പ്രത്യേക ലക്ഷ്യമായിരുന്നു. ബുആസ് യുദ്ധക്കഥകള്‍ ആവര്‍ത്തിച്ചു വര്‍ണിച്ചുകൊണ്ട് അവര്‍ തമ്മിലുള്ള പഴയ ശത്രുത സദാ അനുസ്മരിപ്പിച്ചുകൊണ്ടിരുന്നു. ഇസ്‌ലാം അവരെ ബന്ധിച്ച സാഹോദര്യപാശം പൊട്ടിച്ചെറിഞ്ഞ് അവര്‍ വീണ്ടും വാളെടുക്കുകയായിരുന്നു ജൂതന്‍മാരുടെ ലക്ഷ്യം. മുസ്‌ലിംകളുടെ സാമ്പത്തികസ്ഥിതി ഞെരുക്കുന്നതിനും അവര്‍ പലവിധ കുതന്ത്രങ്ങളനുവര്‍ത്തിച്ചു. അവരുമായി നേരത്തേ ക്രയവിക്രയ ബന്ധമുള്ളവരില്‍നിന്ന് വല്ലവരും ഇസ്‌ലാം സ്വീകരിച്ചാല്‍ അത് അവര്‍ക്ക് നഷ്ടമുണ്ടാക്കാനുള്ള ന്യായമാക്കും. അവര്‍ക്ക് വല്ലതും കൊടുക്കാനുണ്ടെങ്കില്‍ അത് ചോദിച്ചു ശ്വാസംമുട്ടിക്കും. അവരില്‍നിന്ന് വല്ലതും കിട്ടാനുണ്ടെങ്കില്‍ അത് നിഷേധിച്ചുകൊണ്ട് പറയും: നമ്മള്‍ ഇടപാട് നത്തിയ കാലത്ത് നിങ്ങള്‍ മറ്റൊരു മതത്തിലായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ മതം മാറിയതിനാല്‍ ഇനി നമ്മള്‍ തമ്മില്‍ ഒരു ബാധ്യതയുമില്ല. ഇതിന്റെ അനേകം ഉദാഹരണങ്ങള്‍ സൂറ ആലു ഇംറാനിലെ 75-ആം 3:75 സൂക്തം വിശദീകരിച്ചുകൊണ്ട് തഫ്‌സീര്‍ ത്വബരിയിലും തഫ്‌സീര്‍ ത്വബ്‌റൂസിയിലും തഫ്‌സീര്‍ നൈസാപൂരിയിലും തഫ്‌സീര്‍ റൂഹുല്‍ മആനിയിലും മറ്റും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. കരാറിനെതിരായ ഈ തുറന്ന ശത്രുതാനിലപാട് ബദ്ര്‍ യുദ്ധത്തിന് മുമ്പുതന്നെ അവരനുവര്‍ത്തിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, ബദ്ര്‍ യുദ്ധത്തില്‍ നബി(സ)യും മുസ്‌ലിംകളും ഖുറൈശികളുടെ മേല്‍ വ്യക്തമായ വിജയം വരിച്ചപ്പോള്‍ അവരുടെ അക്ഷമ വളര്‍ന്നു. വിദ്വേഷാഗ്നി കൂടുതല്‍ ആളിക്കത്തി. ഖുറൈശി ശക്തിയുമായി ഏറ്റുമുട്ടുന്നതോടെ മുസ്‌ലിംകളുടെ കഥ കഴിയുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. അതുകൊണ്ട് വിജയവാര്‍ത്ത വരുന്നതിനുമുന്‍പ്, നബി(സ) രക്തസാക്ഷിയായെന്നും മുസ്‌ലിംകള്‍ തോറ്റു തുന്നംപാടിയെന്നും അവര്‍ മദീനയില്‍ ഊഹാപോഹം പരത്തിയിരുന്നു. അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ ഖുറൈശിപ്പട ഇതാ മദീനയുടെ നേരെ വരുന്നു എന്നും അവര്‍ പ്രചരിപ്പിച്ചു. പക്ഷേ, തങ്ങളുടെ പ്രതീക്ഷക്ക് വിപരീതമാണ് യുദ്ധഫലമെന്നറിഞ്ഞതോടെ അവര്‍ കോപത്താലും നിരാശയാലും തകര്‍ന്നുപോയി. നദീര്‍ഗോത്രത്തിന്റെ നായകന്‍ കഅ്ബുബ്‌നു അശ്‌റഫ് വിലപിച്ചു: ‘മുഹമ്മദ് ഈ ഖുറൈശി പ്രമാണിമാരുടെയൊക്കെ കഥകഴിച്ചുവെങ്കില്‍ നമുക്കിനി ഭൂമിയുടെ പുറത്തെക്കാള്‍ നല്ലത് അകമാണ്.’ പിന്നീടയാള്‍ മക്കയില്‍പോയി, കൊല്ലപ്പെട്ട ഖുറൈശി നേതാക്കളെക്കുറിച്ച്, വികാരമാളിക്കത്തിക്കുന്ന വിലാപകാവ്യങ്ങള്‍ പാടുകയും അവരുടെ പ്രതികാരവാഞ്ഛയെ ഉജ്ജ്വലിപ്പിക്കുകയും ചെയ്തു. അനന്തരം മദീനയില്‍ മടങ്ങിയെത്തി. തന്റെ നെഞ്ചിലെ തീയണക്കുന്നതിനുവേണ്ടി ശൃംഗാരകാവ്യങ്ങള്‍ പാടിത്തുടങ്ങി. മുസ്‌ലിംമാന്യന്‍മാരുടെ ഭാര്യമാരോടും പെണ്‍കുട്ടികളോടുമുള്ള പ്രേമപ്രകടനമായിരുന്നു അതിലെ ഉള്ളടക്കം. ഒടുവില്‍ അയാളുടെ ശല്യം അസഹ്യമായപ്പോള്‍ റസൂല്‍ തിരുമേനിയുടെ അനുവാദപ്രകാരം മുഹമ്മദുബ്‌നു മസ്‌ലമതല്‍ അന്‍സ്വാരി ഹി. മൂന്നാം ആണ്ട് റബീഉല്‍ അവ്വലില്‍ അയാളെ വധിക്കുകയാണുണ്ടായത്.(ഇബ്‌നുസഅ്ദ്, ഇബ്‌നു ഹിശാം, താരീഖ് ത്വബരി) ബദ്ര്‍ യുദ്ധാനന്തരം, ഗോത്രതലത്തില്‍ പരസ്യമായി കരാര്‍ ലംഘിച്ച പ്രഥമഗോത്രം ബനൂഖൈനുഖാ ആണ്. ഇവര്‍ മദീന നഗരത്തിനുള്ളിലുള്ള പ്രദേശത്താണ് താമസിച്ചിരുന്നത്. ആഭരണ നിര്‍മാതാക്കളും ലോഹപ്പാത്ര നിര്‍മാതാക്കളുമായിരുന്നതിനാല്‍ മദീനക്കാര്‍ക്ക് അവരുടെ തെരുവില്‍ നിരന്തരം പോയിവരേണ്ടതുണ്ടായിരുന്നു. സ്വന്തം ധീരതയില്‍ അഭിമാനിച്ചിരുന്നവരാണ് ബനൂഖൈനുഖാഅ്. കൊല്ലന്‍മാരായതുകൊണ്ട് അവരുടെ കുട്ടികളും സായുധരായിരുന്നു. 700 പടയാളികളുണ്ടായിരുന്നു അവരുടെകൂട്ടത്തില്‍. ഖസ്‌റജ് ഗോത്രം പുരാതന കാലം മുതലേ തങ്ങളുടെ സഖ്യകക്ഷിയാണെന്നും നായകന്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യ് തങ്ങളുടെ പിന്‍ബലമാണെന്നും അവര്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. ബദ്‌റിന്റെ കാലത്ത് സംഗതി വളരെ വഷളായി. തങ്ങളുടെ തെരുവിലെത്തുന്ന മുസ്‌ലിംകളെ അവര്‍ ശകാരിക്കാനും പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകളെ ശല്യപ്പെടുത്താനും തുടങ്ങി. അതു വളര്‍ന്നു വളര്‍ന്ന് ഒരു ദിവസം അവരുടെ തെരുവില്‍വെച്ച് ഒരു മുസ്‌ലിംസ്ത്രീ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യപ്പെടുന്നതുവരെ എത്തി. തുടര്‍ന്നുണ്ടായ ലഹളയില്‍ ഒരു മുസ്‌ലിമും ഒരു ജൂതനും കൊല്ലപ്പെടുകയുണ്ടായി. സ്ഥിതി ഇത്രയും ഗുരുതരമായപ്പോള്‍ റസൂല്‍ തിരുമേനി അവരുടെ പ്രദേശത്ത് ചെല്ലുകയും അവരെ ഒരുമിച്ചുകൂട്ടി മര്യാദപാലിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. പക്ഷേ, അവര്‍ നബിയോട് പ്രതികരിച്ചതിങ്ങനെയായിരുന്നു: ”ഹേ മുഹമ്മദ്, ഞങ്ങളും ഖുറൈശികളാണെന്നാണോ നിന്റെ വിചാരം? അവര്‍ക്ക് യുദ്ധം ചെയ്യാനറിഞ്ഞുകൂടാ. അതുകൊണ്ട് നീ അവരെ തോല്‍പിച്ചു. ഞങ്ങളോട് കളിച്ചാല്‍ പുരുഷന്‍മാര്‍ എങ്ങനെയിരിക്കുമെന്ന് നിനക്കു മനസ്സിലാക്കാം കേട്ടോ.” ഇതു വ്യക്തമായ യുദ്ധപ്രഖ്യാപനമായിരുന്നു. അങ്ങനെ ഹി. രണ്ടാം ആണ്ട് ശവ്വാലില്‍, ഒരു നിവേദനപ്രകാരം ദുല്‍ഖഅ്ദില്‍ നബി(സ) അവരുടെ ആവാസകേന്ദ്രം ഉപരോധിച്ചു. വെറും പതിനഞ്ച് ദിവസത്തെ ഉപരോധംകൊണ്ട് അവര്‍ ആയുധം താഴെയിട്ടു. അവരില്‍ യുദ്ധത്തിനു കഴിവുള്ളവരെയെല്ലാം ബന്ധനസ്ഥരാക്കി. ഈ സന്ദര്‍ഭത്തില്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യ് അവര്‍ക്കുവേണ്ടി രംഗത്തുവന്നു. തിരുമേനി അവര്‍ക്ക് മാപ്പു നല്‍കണമെന്ന് അദ്ദേഹം ശക്തിയായി അപേക്ഷിച്ചു. നബി(സ) അപേക്ഷ സ്വീകരിച്ചുകൊണ്ട് ഉത്തരവായി: ”ഖൈനുഖാഅ്‌ഗോത്രത്തിന് അവരുടെ സ്വത്തുക്കളും ആയുധങ്ങളും തൊഴിലുപകരണങ്ങളുമെല്ലാം ഉപേക്ഷിച്ച് മദീന വിട്ടുപോകാം.” (ഇബ്‌നുസഅ്ദ്, ഇബ്‌നുഹിശാം, താരീഖ് ത്വബരി) ഈ രണ്ട് സംഭവങ്ങളെ (ബനൂ ഖൈനുഖാഇന്റെ നാടുകടത്തലും കഅ്ബുബ്‌നു അശ്‌റഫിന്റെ വധവും) തുടര്‍ന്ന് കുറച്ചുകാലം ജൂതന്‍മാര്‍ സംഭീതരായിരുന്നു. കൂടുതല്‍ ദ്രോഹങ്ങള്‍ക്കൊന്നും അവര്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍, അതിനുശേഷം ഹി. 3-ആം വര്‍ഷം ശവ്വാലില്‍ ഖുറൈശികള്‍ ബദ്‌റിന് പകരംവീട്ടാന്‍ വമ്പിച്ച സന്നാഹങ്ങളുമായി മദീനയിലേക്കു നീങ്ങി. മൂവായിരം വരുന്ന ഖുറൈശിപ്പടയെ നേരിടാന്‍ ആയിരത്തോളം ഭടന്‍മാരാണ് നബിയോടൊപ്പം പുറപ്പെട്ടിട്ടുള്ളതെന്ന് ജൂതന്‍മാര്‍ മനസ്സിലാക്കി. അവരില്‍ത്തന്നെ മുന്നൂറോളം കപടന്‍മാര്‍ തെറ്റിപ്പിരിഞ്ഞു പോരുകയും ചെയ്തു. അതോടെ അവര്‍ വ്യക്തവും പ്രഥമവുമായ കരാര്‍ ലംഘനം നടത്തി. അവര്‍ മദീനയെ പ്രതിരോധിക്കുന്നതില്‍ പങ്കെടുത്തില്ല, കരാറനുസരിച്ച് അതിനവര്‍ ബാധ്യസ്ഥരായിരുന്നു. അനന്തരം ഉഹുദ്‌യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് വന്‍നാശമുണ്ടായപ്പോള്‍ അവരുടെ ധൈര്യം കൂടുതല്‍ വളര്‍ന്ന് നദീര്‍ഗോത്രം നബി(സ)യെ വധിക്കാന്‍ ഒരു ഗൂഢപദ്ധതി ആസൂത്രണം ചെയ്യുന്നതുവരെ അതെത്തി. തക്കസമയത്ത് വിഫലമാവുകയായിരുന്നു അത്. ആ സംഭവം ഇങ്ങനെയാണ്: ബിഅ്‌റുമഊന ദുരന്ത(ഹി. 4 സഫര്‍)ത്തിനുശേഷം അംറുബ്‌നു ഉമയ്യ ദംരി പ്രതികാരനടപടി എന്ന നിലയില്‍ ആമിര്‍ ഗോത്രത്തിലെ രണ്ടുപേരെ തെറ്റായി വധിച്ചിരുന്നു. വാസ്തവത്തില്‍ അവര്‍ ഒരു സഖ്യഗോത്രവുമായി ബന്ധപ്പെട്ടവരായിരുന്നു പക്ഷേ, അംറ് അവരെ ശത്രുഗോത്രക്കാരായി തെറ്റിദ്ധരിച്ചു. ഈ അബദ്ധത്തിന്റെ പേരില്‍ അവരെ വധിച്ചതിനുള്ള നഷ്ടപരിഹാരം നല്‍കല്‍ മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമായിത്തീര്‍ന്നു. എന്നാല്‍, ആമിര്‍ ഗോത്രവുമായുള്ള സന്ധിയില്‍ നദീര്‍ ഗോത്രവും പങ്കാളികളായിരുന്നു. അതുകൊണ്ട് തിരുമേനി നേരിട്ട് അവരുടെ പാര്‍പ്പിടകേന്ദ്രത്തില്‍ ചെന്ന് നഷ്ടപരിഹാരം നല്‍കുന്നതില്‍ സഹകരിക്കാന്‍ അവരെയും ക്ഷണിച്ചു. അവിടെ അവരദ്ദേഹത്തെ മധുരഭാഷണത്തില്‍ പൊതിഞ്ഞ് ഉപവിഷ്ടനാക്കി. ഒരു കെട്ടിടത്തിന്റെ മതില്‍ ചാരിയാണ് തിരുമേനി ഇരുന്നിരുന്നത്. ജൂതന്‍മാര്‍ക്ക് ഒരു ഗൂഢ പദ്ധതിയുണ്ടായിരുന്നു. ആ കെട്ടിടത്തിന്റെ മേല്‍പുരയില്‍നിന്ന് ഒരാള്‍ നബിയുടെ മേല്‍ ഒരു വലിയ കല്ലുവീഴ്ത്തി തിരുമേനിയെ വകവരുത്തുകയായിരുന്നു അത്. പക്ഷേ, പദ്ധതി പൂര്‍ത്തിയാകുന്നതിനു തൊട്ടുമുമ്പ് അല്ലാഹു അതെപ്പറ്റി തിരുമേനിയെ അറിയിച്ചു. അവിടുന്ന് പെട്ടെന്ന് എഴുന്നേറ്റു മദീനയിലേക്കു മടങ്ങുകയും ചെയ്തു. അങ്ങനെ ഇനിയും അവരോട് ദാക്ഷിണ്യം കാണിക്കുന്ന പ്രശ്‌നം അവശേഷിക്കാതായി. താമസംവിനാ തിരുമേനി അവര്‍ക്കൊരന്ത്യശാസനമയച്ചു: ”നിങ്ങളുദ്ദേശിച്ച വഞ്ചനയെക്കുറിച്ച് ഞാനറിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് പത്തുനാള്‍ക്കകം മദീന വിട്ടുപോകണം. അതിനുശേഷം നിങ്ങള്‍ ഇവിടെ പാര്‍ക്കുകയാണെങ്കില്‍, നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കാണുന്ന ആരും വധിക്കപ്പെടുന്നതായിരിക്കും.” മറുഭാഗത്ത് അബ്ദുല്ലാഹിബ്‌നു ഉബയ്യ് അവര്‍ക്ക് സന്ദേശമയച്ചു: ”ഞാന്‍ രണ്ടായിരം യോദ്ധാക്കളുമായി നിങ്ങളെ സഹായിക്കുന്നതാണ്. ഖുറൈശിഗോത്രവും ഗത്ഫാന്‍ഗോത്രവും നിങ്ങളുടെ സഹായത്തിനുണ്ടായിരിക്കും. നിങ്ങള്‍ ഉറച്ചുനില്‍ക്കുക. ഒരിക്കലും പാര്‍പ്പിടം വിട്ടുപോകരുത്.” ഈ വ്യാജവാഗ്ദാനത്തെ അവലംബിച്ചുകൊണ്ട് ജൂതന്‍മാര്‍ തിരുമേനിയുടെ അന്ത്യശാസത്തിന് മറുപടികൊടുത്തു: ”ഞങ്ങള്‍ ഇവിടെനിന്നു പോവുകയില്ല. നിങ്ങള്‍ക്ക് കഴിയുന്ന എന്തുവേണമെങ്കിലും ചെയ്തുകൊള്ളുക.” തുടര്‍ന്ന് ഹി. 4 റബീഉല്‍ അവ്വലില്‍ തിരുമേനി അവരെ ഉപരോധിച്ചു. ആറുദിവസത്തെ (ചില നിവേദനങ്ങള്‍ പ്രകാരം 15 ദിവസത്തെ) ഉപരോധത്തിനുശേഷം തങ്ങളുടെ ഒട്ടകങ്ങള്‍ക്ക് വഹിക്കാവുന്ന, ആയുധമല്ലാത്ത സാധനസാമഗ്രികളെല്ലാം കൂടെ കൊണ്ടുപോകാം എന്ന വ്യവസ്ഥയോടെ മദീന വിട്ടുപോകാന്‍ അവര്‍ സന്നദ്ധരായി. ഈവിധം ജൂതന്‍മാരുടെ രണ്ടാമത്തെ ശല്യഗോത്രത്തില്‍നിന്നും മദീനയുടെ മണ്ണിനെ മോചിപ്പിച്ചു. അവരില്‍ രണ്ടുപേര്‍ മാത്രം ഇസ്‌ലാം സ്വീകരിച്ചുകൊണ്ട് അവിടെത്തന്നെ വസിച്ചു. ബാക്കിയുള്ളവര്‍ ശാമിലേക്കും ഖൈബറിലേക്കും പലായനംചെയ്തു. ഈ സംഭവമാണ് ഈ അധ്യായത്തില്‍ ചര്‍ച്ചചെയ്തിട്ടുള്ളത്.

ഉള്ളടക്കം
സൂറയുടെ വിഷയം മുകളില്‍ വിവരിച്ചതുപോലെ ബനുന്നദീര്‍ യുദ്ധത്തിന്റെ നിരീക്ഷണമാണ്. അതില്‍ മൊത്തത്തില്‍ അഞ്ചുകാര്യങ്ങള്‍ വിവരിച്ചിരിക്കുന്നു: 1. ആദ്യത്തെ നാലു സൂക്തങ്ങളില്‍, ആയിടെ നദീര്‍ ഗോത്രത്തിനു നേരിടേണ്ടിവന്ന പരിണതിയില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ലോകത്തെ ഉദ്‌ബോധിപ്പിക്കുന്നു. വലിയൊരു ഗോത്രം. അതിന്റെ അംഗസംഖ്യ മുസ്‌ലിംകളെക്കാള്‍ ഒട്ടും കുറവല്ല. സമ്പത്തിലും സൗകര്യങ്ങളിലുമാകട്ടെ, അവര്‍ മുസ്‌ലിംകളെക്കാള്‍ ഏറെ മുന്നിലാണ്. യുദ്ധസജ്ജീകരണങ്ങളുടെ കുറവുമില്ല ഒട്ടും. അവരുടെ കോട്ടകള്‍ വളരെ ഭദ്രമാണ്. ഇതൊക്കെയുണ്ടായിട്ടും ഏതാനും നാളത്തെ ഉപരോധം അവര്‍ക്ക് താങ്ങാനായില്ല. തങ്ങളില്‍ ഒരുവനെങ്കിലും കൊല്ലപ്പെടാനിടയാകാതെ നൂറ്റാണ്ടുകളായി തങ്ങള്‍ സ്ഥിരതാമസം ചെയ്തുവന്ന ദേശമുപേക്ഷിച്ച് അവര്‍ നാടുകടത്തലിനെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നു. ഇതു മുസ്‌ലിംകളുടെ ശക്തിവിലാസമൊന്നുമല്ലെന്നാണ് അല്ലാഹു പറയുന്നത്. മറിച്ച്, അവര്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടും വിരോധം പുലര്‍ത്തിയതിന്റെ ഫലമാകുന്നു. അല്ലാഹുവിന്റെ കഴിവിനോടേറ്റുമുട്ടാന്‍ ധൃഷ്ടരാകുന്ന ആര്‍ക്കും ഇതേ പരിണതിതന്നെയാണുണ്ടാവുക. 2. അഞ്ചാം സൂക്തത്തില്‍, യുദ്ധത്തിന്റെ അനിവാര്യതയെന്നോണം ശത്രുദേശത്ത് ഉണ്ടാക്കേണ്ടിവരുന്ന നാശനഷ്ടങ്ങള്‍ ‘ഭൂമിയില്‍ നാശമുണ്ടാക്കുക’ (فساد فى الارض) എന്നതിന്റെ നിര്‍വചനത്തില്‍ പെടുകയില്ല എന്ന നിയമം പ്രസ്താവിക്കുന്നു. 3. ആറാം സൂക്തം മുതല്‍, യുദ്ധത്തിന്റെയോ സന്ധിയുടെയോ ഫലമായി ഇസ്‌ലാമിക ഗവണ്‍മെന്റിന്റെ അധീനത്തില്‍വരുന്ന ഭൂമിയും ഇതര വസ്തുവഹകളും എങ്ങനെ കൈകാര്യം ചെയ്യപ്പെടണമെന്ന് വിശദീകരിക്കുന്നു. ഒരു വിമുക്തപ്രദേശം മുസ്‌ലിംകളുടെ കൈവശംവരുന്ന ആദ്യ സന്ദര്‍ഭമായതുകൊണ്ടാണ് ഇവിടെ ആ നിയമങ്ങള്‍ വിശദീകരിക്കുന്നത്. 4. 11 മുതല്‍ 17 വരെ സൂക്തങ്ങളില്‍, ബനുന്നദീര്‍ യുദ്ധവേളയില്‍ കപടവിശ്വാസികള്‍ സ്വീകരിച്ച നിലപാടിനെ അവലോകനം ചെയ്യുകയാണ്. അവരുടെ ഈ നിലപാടിന്റെ അടിയില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. 5. അവസാന ഖണ്ഡിക മുഴുവന്‍, ഈമാന്‍ അവകാശപ്പെട്ടുകൊണ്ട് മുസ്‌ലിം സമൂഹത്തില്‍ ചേര്‍ന്നവരും എന്നാല്‍, യഥാര്‍ഥ ഈമാനിക ചൈതന്യത്തില്‍നിന്നു മുക്തരുമായിരുന്ന എല്ലാ മുസ്‌ലിംകളെയും അഭിമുഖീകരിച്ചുകൊണ്ടുള്ള ഒരു ഉപദേശമാണ്. ഈമാനിന്റെ മൗലിക താല്‍പര്യങ്ങളെന്തൊക്കെ, തഖ്‌വയും തെമ്മാടിത്തവും തമ്മിലുള്ള യഥാര്‍ഥ വ്യത്യാസമെന്ത്, തങ്ങള്‍ വിശ്വസിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ആനിന്റെ പ്രാധാന്യമെന്ത്, തങ്ങള്‍ വിശ്വസിക്കുന്നതായി സമ്മതിക്കുന്ന ദൈവം എന്തെല്ലാം ഗുണങ്ങള്‍ വഹിക്കുന്നവനാണ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അതിലവര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നുണ്ട്.

Add comment

Your email address will not be published. Required fields are marked *