അല്‍ഹശ്ര്‍ – സൂക്തങ്ങള്‍: 2

هُوَ الَّذِي أَخْرَجَ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ مِن دِيَارِهِمْ لِأَوَّلِ الْحَشْرِۚ مَا ظَنَنتُمْ أَن يَخْرُجُواۖ وَظَنُّوا أَنَّهُم مَّانِعَتُهُمْ حُصُونُهُم مِّنَ اللَّهِ فَأَتَاهُمُ اللَّهُ مِنْ حَيْثُ لَمْ يَحْتَسِبُواۖ وَقَذَفَ فِي قُلُوبِهِمُ الرُّعْبَۚ يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِي الْمُؤْمِنِينَ فَاعْتَبِرُوا يَا أُولِي الْأَبْصَارِ ﴿٢﴾

(2) അവനാകുന്നു, വേദക്കാരില്‍നിന്നുള്ള നിഷേധികളെ, പടയൊരുക്കത്തിന്റെ തുടക്കത്തില്‍ത്തന്നെ2 അവരുടെ പാര്‍പ്പിടങ്ങളില്‍നിന്ന് പുറത്താക്കിയത്.3 അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ വിചാരിച്ചിട്ടേയില്ല. കോട്ടകൊത്തളങ്ങള്‍ തങ്ങളെ അല്ലാഹുവില്‍നിന്ന് രക്ഷിക്കുമെന്ന് കരുതിയിരിക്കുകയായിരുന്നു4 അവരും. പക്ഷേ, അവര്‍ വിചാരിച്ചിട്ടില്ലാത്തവിധത്തില്‍ അല്ലാഹു അവരുടെ നേരെ ചെന്നു.5 അവന്‍ അവരുടെ ഹൃദയങ്ങളില്‍ ഭീതിയെറിഞ്ഞു. തദ്ഫലമായി അവരുടെ കരങ്ങളാല്‍ത്തന്നെ അവരുടെ വസതികള്‍ തകര്‍ത്തുകൊണ്ടിരുന്നു; വിശ്വാസികളുടെ കരങ്ങളാലും.6 അല്ലയോ ക്രാന്തദൃഷ്ടിയുള്ളവരേ, പാഠം പഠിച്ചുകൊള്ളുക7 .

2. لأَوَّلِ الْحَشْرِ എന്നാണ് മൂലവാക്യം. ഹശ്ര്‍ എന്ന പദത്തിന് ചിന്നിച്ചിതറിയ ആളുകളെ ഏകോപിപ്പിക്കുക, ഒരുമിച്ചുകൂട്ടി പുറപ്പെടുവിക്കുക എന്നൊക്കെയാണര്‍ഥം. لأَوَّلِ الْحَشْرِ എന്നാല്‍ പ്രഥമ സമ്മേളനത്തോടെ അല്ലെങ്കില്‍ ആദ്യമായി ഒരുമിച്ചുകൂട്ടിയ സന്ദര്‍ഭത്തില്‍ എന്നര്‍ഥം. ഇവിടെ ഒന്നാം ഒരുമിച്ചുകൂട്ടല്‍ എന്നതിന്റെ വിവക്ഷയെന്ത് എന്ന ചോദ്യമുയരുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഒരു വിഭാഗത്തിന്റെ വീക്ഷണത്തില്‍ അതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത് നദീര്‍ഗോത്രത്തിന്റെ മദീനയില്‍നിന്നുള്ള പുറംതള്ളപ്പെടലാകുന്നു. ഉമറി(റ)ന്റെ ഭരണകാലത്ത് ജൂത-ക്രൈസ്തവര്‍ അറേബ്യന്‍ ഉപദ്വീപില്‍നിന്ന് പുറംതള്ളപ്പെട്ടത് രണ്ടാം ഹശ്ര്‍ ആണ് എന്ന നിലക്കാണ് ഇതിനെ ഒന്നാം ഹശ്ര്‍ എന്നു പറയുന്നത്. അവസാനത്തെ ഹശ്ര്‍ അന്ത്യനാളിലാണുണ്ടാവുക. മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായത്തില്‍, നദീര്‍ ഗോത്രത്തെ നേരിടുന്നതിനായി മുസ്‌ലിം ഭടന്‍മാരുടെ ഏകോപനമാണതുകൊണ്ടുദ്ദേശ്യം. لأَوَّلِ الْحَشْرِ എന്നുപറഞ്ഞതിനര്‍ഥം മുസ്‌ലിംകള്‍ ഇപ്പോഴും അവരുമായി യുദ്ധം ചെയ്യാന്‍ സംഘടിച്ചുകൊണ്ടിരിക്കുന്നേയുള്ളൂ. ഏറ്റുമുട്ടലിന്റെയും, രക്തച്ചൊരിച്ചിലിന്റെയും ഊഴമായിട്ടില്ല. അപ്പോഴേക്കും അല്ലാഹുവിന്റെ കഴിവിനാല്‍ അവര്‍ നാടുവിടാന്‍ തയ്യാറായി. മറ്റു വിധത്തില്‍പറഞ്ഞാല്‍, ഈ വാക്യം തുടക്കത്തില്‍ത്തന്നെ എന്ന അര്‍ഥത്തിലാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. ‘ആദ്യത്തെ പടചേരലില്‍’ എന്നാണ് ശാഹ് വലിയ്യുല്ലാ തര്‍ജമ ചെയ്തിരിക്കുന്നത്. ‘ആദ്യത്തെ കൂട്ടം ചേരലോടെത്തന്നെ’ എന്നാണ് ശാഹ് അബ്ദുല്‍ഖാദിറിന്റെ തര്‍ജമ. നമ്മുടെ വീക്ഷണത്തില്‍ രണ്ടാമത്തേതാണ് ഈ പദം പെട്ടെന്ന് മനസ്സില്‍ ഉണര്‍ത്തുന്ന ആശയം.
3. നദീര്‍ ഗോത്രത്തിന്റെ നാടുകടത്തല്‍ സംഭവത്തെ സങ്കീര്‍ണതയില്ലാതെ മനസ്സിലാക്കാന്‍ ഒരു കാര്യം തുടക്കത്തിലേ അറിഞ്ഞിരിക്കേണ്ടതുണ്ട്. നബി(സ)യും ബനുന്നദീറും തമ്മില്‍ വ്യവസ്ഥാപിതമായ കരാറുണ്ടായിരുന്നു. ഈ കരാര്‍ അവര്‍ റദ്ദാക്കിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് കരാര്‍ അവസാനിച്ചിരുന്നില്ല. പക്ഷേ, ചെറുതും വലുതുമായ അനേകം കരാര്‍ലംഘനങ്ങളുണ്ടാവുകയും ഒടുവില്‍ അവര്‍ ഖണ്ഡിതമായ കരാര്‍ ദുര്‍ബലപ്പെടുത്തലിനു പര്യായമായിത്തീരുന്ന ഒരു പ്രവര്‍ത്തനം നടത്തുകയും ചെയ്തപ്പോഴാണ് അവരുടെ നേരെ ആക്രമണമുണ്ടായത്. കരാറിലെ മറുകക്ഷിയുടെ, അതായത് മദീനയിലെ ഇസ്‌ലാമിക സ്റ്റേറ്റിന്റെ തലവനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നതാണത്. ഏകപക്ഷീയമായി കരാര്‍ ലംഘിച്ചതായി അവരുടെനേരെ ആരോപണമുന്നയിച്ചപ്പോള്‍ നിഷേധിക്കാനാവാത്തവിധം അത് വെളിച്ചത്താവുകയും ചെയ്തു. അനന്തരം നബി(സ) അവര്‍ക്ക് പത്തു ദിവസത്തെ നോട്ടീസ് നല്‍കി; അതിനകം അവര്‍ മദീന വിട്ടുപോകണമെന്നും അല്ലാത്തപക്ഷം അവര്‍ക്കെതിരെ യുദ്ധമുണ്ടാകുമെന്നും. ഈ നോട്ടീസ് വിശുദ്ധ ഖുര്‍ആനിലെ ‘നിങ്ങള്‍ ആരില്‍നിന്നെങ്കിലും വഞ്ചന (കരാര്‍ ലംഘനം) ഭയപ്പെടുകയാണെങ്കില്‍ അവരുമായുള്ള കരാര്‍ പരസ്യമായി അവരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുക്കുക’ (അല്‍അന്‍ഫാല്‍: 58) എന്ന നിര്‍ദേശത്തിന്റെ പ്രയോഗവത്കരണമായിരുന്നു. അതുകൊണ്ടാണ് അവരുടെ നാടുകടത്തലിനെ അല്ലാഹു തന്റെ പ്രവൃത്തിയായി അംഗീകരിക്കുന്നത്. കാരണം, അത് തികച്ചും ദൈവിക നിയമമനുസരിച്ചുള്ള നടപടിയാകുന്നു. റസൂലും മുസ്‌ലിംകളുമല്ല, അല്ലാഹുതന്നെ അവരെ നാടുകടത്തിയതുപോലെയാണത്. അവരെ നാടുകടത്തിയതിനെ അല്ലാഹു സ്വന്തം പ്രവൃത്തിയായി അംഗീകരിച്ചതിന്റെ രണ്ടാമത്തെ കാരണം അടുത്ത സൂക്തങ്ങളില്‍ അരുളുന്നുണ്ട്.
4. ഈ വാക്യം ഗ്രഹിക്കുന്നതിന് ഒരു സംഗതി ഓര്‍ത്തിരിക്കേണ്ടതാണ്. നദീര്‍ഗോത്രം നൂറ്റാണ്ടുകളായി ഇവിടെ സ്ഥിരവാസം ചെയ്യുന്നു. മദീനയുടെ പുറത്തുള്ള അവരുടെ കോളനി അവരുടെ കുത്തകയായിരുന്നു. അവിടെ അവരല്ലാത്ത മറ്റൊരു വംശവും ഉണ്ടായിരുന്നില്ല. അവരുടെ ആവാസകേന്ദ്രം മുഴുവനും കോട്ടകെട്ടി ഭദ്രമാക്കിയിട്ടുണ്ടായിരുന്നു. അവരുടെ വീടുകളും നാലുപാടും അരക്ഷിതത്വം വ്യാപിച്ച ഗോത്രങ്ങളിലേതുപോലെ കോട്ടകളുടെ രൂപത്തില്‍ നിര്‍മിക്കപ്പെട്ടതായിരുന്നു. കൂടാതെ അവരുടെ സംഖ്യയും മുസ്‌ലിംകളെക്കാള്‍ തീരെ കുറഞ്ഞതായിരുന്നില്ല. അതിനുപുറമെ മദീനക്കകത്ത് ധാരാളം കപടവിശ്വാസികള്‍ അവരെ പിന്തുണക്കാനുണ്ടായിരുന്നു. അതിനാല്‍, ഇക്കൂട്ടര്‍ യുദ്ധമില്ലാതെ കേവലം ഉപരോധംകൊണ്ടുതന്നെ ബോധംകെട്ട് തങ്ങളുടെ പാര്‍പ്പിടങ്ങളുപേക്ഷിച്ചുപോകുമെന്ന് മുസ്‌ലിംകള്‍ തീരെ പ്രതീക്ഷിച്ചതല്ല. ഏതെങ്കിലും ഒരു ശക്തി വെറും ആറു നാളുകൊണ്ട് ആ സ്ഥലം പിടിച്ചടക്കിക്കളയുമെന്ന് ബനുന്നദീറും ഊഹിച്ചിരുന്നില്ല. അതിനുമുമ്പ് ഖൈനുഖാഅ് ഗോത്രം നാടുകടത്തപ്പെടുകയും അവരുടെ വീര്യഘോഷണങ്ങളെല്ലാം വെറും വിടുവായത്തങ്ങളായിത്തീരുകയും ചെയ്തിട്ടുണ്ടെങ്കിലും. പക്ഷേ, അവര്‍ മദീനക്കുള്ളില്‍ത്തന്നെ ഒരു തെരുവില്‍ പാര്‍ത്തിരുന്നവരാണ്. അവര്‍ക്ക് സ്വന്തമായി കോട്ടയോ സുരക്ഷാസജ്ജീകരണങ്ങളോ ഉണ്ടായിരുന്നില്ല. അതിനാല്‍, തങ്ങള്‍ക്ക് ഏറെക്കാലം മുസ്‌ലിംകള്‍ക്കെതിരെ നിലകൊള്ളാന്‍ കഴിയാതിരിക്കുക എന്നത് അചിന്ത്യമായിട്ടാണ് ബനുന്നദീര്‍ കരുതിയത്. മറിച്ച്, തങ്ങളുടെ സുരക്ഷിതമായ അധിവാസകേന്ദ്രവും സുഭദ്രമായ കോട്ടകളും കണ്ട്, അവര്‍ക്കാര്‍ക്കെങ്കിലും തങ്ങളെ ഇവിടെനിന്ന് പുറംതള്ളാന്‍ കഴിയുമെന്ന് ചിന്തിച്ചതേയില്ല. അതുകൊണ്ട്, പത്തുദിവസത്തിനകം മദീന വിട്ടുപോകണമെന്ന് നബി(സ) നോട്ടീസ് കൊടുത്തപ്പോള്‍ അവര്‍ വളരെ ധിക്കാരപൂര്‍വം, തങ്ങള്‍ മദീന വിട്ടുപോവില്ലെന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നും മറുപടി കൊടുക്കുകയാണുണ്ടായത്. തങ്ങളുടെ കോട്ടകള്‍ അവരെ അല്ലാഹുവില്‍നിന്ന് സംരക്ഷിക്കുമെന്ന് അവര്‍ കരുതിയിരുന്നു എന്ന് അല്ലാഹു പ്രസ്താവിച്ചത് എന്തടിസ്ഥാനത്തിലാണ് എന്നൊരു ചോദ്യം ഇവിടെ ഉയരുന്നു. തങ്ങളെ നേരിടുന്നത് അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദ് (സ) അല്ല, അല്ലാഹുതന്നെയാണെന്ന് വാസ്തവത്തില്‍ ജൂതന്‍മാര്‍ക്കറിയാമായിരുന്നുവോ? അതറിഞ്ഞുകൊണ്ടുതന്നെയാണോ തങ്ങളുടെ കോട്ടകള്‍ തങ്ങളെ അല്ലാഹുവില്‍നിന്ന് സംരക്ഷിക്കുമെന്ന് അവര്‍ കരുതിയിരുന്നത്? ജൂതജനത്തിന്റെ മനോഗതങ്ങളും നൂറ്റാണ്ടുകളായുള്ള കഥകളും അറിഞ്ഞുകൂടാത്ത ആരിലും ഉദിക്കാവുന്ന സന്ദേഹമാണിത്. സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം, ജൂതന്‍മാര്‍ അല്ലാഹുവാണ് തങ്ങളെ നേരിടുന്നതെന്ന് ബോധപൂര്‍വം അറിഞ്ഞിട്ടും തങ്ങളുടെ കോട്ടകളും ആയുധങ്ങളും അല്ലാഹുവില്‍നിന്ന് തങ്ങളെ സംരക്ഷിക്കുമെന്ന് വാദിച്ചുവെന്ന് അനുമാനിക്കുക സാധ്യമല്ല. അതുകൊണ്ട് നദീര്‍ഗോത്രം തങ്ങളുടെ കോട്ടകളുടെ ബാഹ്യഭദ്രതകണ്ട് റസൂലിന്റെ ആക്രമണത്തില്‍നിന്ന് അത് തങ്ങളെ രക്ഷിക്കുമെന്ന് വിചാരിച്ചു എന്നാണ് അജ്ഞനായ ഒരാള്‍ ഈ സന്ദര്‍ഭത്തെ വ്യാഖ്യാനിക്കുക. എന്നാല്‍, യഥാര്‍ഥത്തില്‍ അവരെ നേരിട്ടത് അല്ലാഹുവായിരുന്നു. അവരുടെ കോട്ടകള്‍ക്ക് അവരെ അല്ലാഹുവില്‍നിന്ന് സംരക്ഷിക്കാനായില്ല. പക്ഷേ, വസ്തുതയിതാകുന്നു: ലോകത്ത് മനഃപൂര്‍വം അല്ലാഹുവിനെ എതിര്‍ത്തുകൊണ്ടിരുന്ന ഒരു വിചിത്ര സമുദായമാണ് ജൂതന്‍മാര്‍. ദൈവദൂതനാണ് എന്നറിഞ്ഞുകൊണ്ടുതന്നെ അവര്‍ ദൈവദൂതന്‍മാരെ വധിച്ചിട്ടുണ്ട്. സാഭിമാനം നെഞ്ചുവിരുത്തിക്കൊണ്ട്, ഞങ്ങള്‍ ദൈവദൂതനെ വധിച്ചുവെന്ന് ഘോഷിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ കുലപതിയായ യഅ്ഖൂബ് ഒരു രാത്രി മുഴുവന്‍ ദൈവവുമായി മല്‍പിടിത്തം നടത്തിയെന്നും പ്രഭാതം വരെ പൊരുതിയിട്ടും ദൈവത്തിന് അയാളെ വീഴ്ത്താനായില്ലെന്നും അവരുടെ കഥകളിലുണ്ട്. പ്രഭാതമായപ്പോള്‍ തന്നെ ജീവനോടെ വിടണമെന്ന് ദൈവം അദ്ദേഹത്തോട് പറയുകയായിരുന്നുവത്രെ. നീ എനിക്ക് അനുഗ്രഹം തരാതെ വിട്ടയക്കില്ലെന്ന് അദ്ദേഹവും പറഞ്ഞു. അല്ലാഹു അദ്ദേഹത്തോട് ചോദിച്ചു: ”നിന്റെ പേരെന്താണ്?” അദ്ദേഹം: ”യഅ്ഖൂബ്.” അല്ലാഹു പറഞ്ഞു: ”ഇനി നിന്റെ പേര്‍ യഅ്ഖൂബ് എന്നല്ല; ഇസ്‌റാഈല്‍ എന്നായിരിക്കും. എന്തുകൊണ്ടെന്നാല്‍, നീ ദൈവത്തോടും മലക്കുകളോടും ശക്തി പരീക്ഷിച്ചു വിജയിച്ചിരിക്കുന്നു.” ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥത്തിന്റെ (The Holy Scriptures) പുതിയ തര്‍ജമ നോക്കുക. 1954-ല്‍ ജവിഷ് പബ്ലിക്കേഷന്‍ സൊസൈറ്റി ഓഫ് അമേരിക്ക പ്രസിദ്ധീകരിച്ചത്. ഉല്‍പത്തി 32: 25-29 വാക്യങ്ങളുടെ ക്രൈസ്തവ ബൈബിള്‍ തര്‍ജമയിലും ഇക്കാര്യം ഇവ്വിധം വിവരിച്ചിട്ടുണ്ട്. ജൂത തര്‍ജമയില്‍ അടിക്കുറിപ്പായി ഇസ്‌റാഈല്‍ എന്ന പദത്തിന്റെ അര്‍ഥം കൊടുത്തിരിക്കുന്നു:He Who Striveth with God (ദൈവവുമായി ബലപരീക്ഷണം നടത്തിയവന്‍). എന്‍സൈക്ലോപീഡിയ ഓഫ് ബിബ്ലിക്ക് ലിറ്ററേച്ചറില്‍ ക്രൈസ്തവ പണ്ഡിതന്‍മാര്‍ ഇസ്‌റാഈലിന് അര്‍ഥം പറയുന്നതിങ്ങനെയാണ്: Wrestler with God (ദൈവത്തോട് ദ്വന്ദ്വയുദ്ധം നടത്തിയവന്‍). ബൈബിള്‍ യോശുവാ പുസ്തകത്തില്‍ യഅ്ഖൂബിനെ വര്‍ണിക്കുന്നതിങ്ങനെയാണ്: അദ്ദേഹം ബലിഷ്ഠനായിരുന്ന നാളുകളില്‍ ദൈവവുമായി മല്ലയുദ്ധം നടത്തി. മാലാഖമാരുമായി മല്ലയുദ്ധം നടത്തി ജയിച്ചു. ഇസ്‌റാഈല്യര്‍ അവരുടെ വിശ്വാസപ്രകാരം, ദൈവത്തോട് ശക്തി പരീക്ഷിക്കുകയും തല്ല് നടത്തുകയും ചെയ്ത ഇസ്‌റാഈലിന്റെ മക്കളാണല്ലോ. എന്നിരിക്കെ ദൈവത്തോടാണ് എതിരിടുന്നതെന്നറിഞ്ഞുകൊണ്ടുതന്നെ ദൈവത്തിനെതിരില്‍ ഉറച്ചുനില്‍ക്കാന്‍ അവര്‍ക്കെന്താണ് വിഷമം? ആ അടിസ്ഥാനത്തിലാണ് അവര്‍ പ്രവാചകന്‍മാരെ കൊന്നുകളഞ്ഞതായി സ്വയം സമ്മതിച്ചിട്ടുള്ളതും അവരുടെ വാദപ്രകാരം അവര്‍ ഈസാ(അ)യെ إنّا قَتَلْنَا الْمَسِيحَ عِيسَى بْنَ مَرْيَمَ رَسُولَ اللهِ (ഞങ്ങള്‍ ദൈവദൂതനായ മസീഹ് ഈസബ്‌നു മര്‍യമിനെ കൊന്നുകളഞ്ഞു) എന്ന് നിസ്സങ്കോചം ഘോഷിച്ചതും. അതിനാല്‍, മുഹമ്മദ് നബിയോട് അദ്ദേഹം പ്രവാചകനാണെന്നറിഞ്ഞുകൊണ്ടുതന്നെ അവര്‍ യുദ്ധം ചെയ്തുവെന്നത് ജൂതന്‍മാരുടെ പാരമ്പര്യത്തിന് നിരക്കാത്തതല്ല. സാധാരണക്കാരായ ജൂതന്‍മാര്‍ക്കല്ലെങ്കില്‍, അവരുടെ പണ്ഡിതന്‍മാര്‍ക്കും പുരോഹിതന്‍മാര്‍ക്കും മുഹമ്മദ്(സ) ദൈവദൂതനാണെന്നു നന്നായറിയാമായിരുന്നു. ഖുര്‍ആനില്‍ത്തന്നെ അതിന് നിരവധി സാക്ഷ്യങ്ങളുണ്ട്.
5. അല്ലാഹു അവരുടെ നേരെവന്നു എന്നതിന് അല്ലാഹു മറ്റെവിടെയോ ആയിരുന്നു, അവിടെനിന്ന് വന്ന് അവരെ ആക്രമിച്ചു എന്നര്‍ഥമില്ല. അതൊരാലങ്കാരിക വചനമാണ്. അതിന്റെ ശരിയായ താല്‍പര്യമിതാണ്: അല്ലാഹുവിനെ എതിര്‍ക്കുമ്പോള്‍ ഒരു സൈന്യം വന്ന് തങ്ങളെ ആക്രമിക്കുന്ന രൂപത്തിലേ അല്ലാഹുവിന് തങ്ങള്‍ക്ക് ആപത്തണക്കാനാകൂ എന്നും ആ ആപത്തിനെ തങ്ങളുടെ കോട്ടകളാല്‍ തടുക്കാമെന്നുമായിരുന്നു അവരുടെ വിചാരം. പക്ഷേ, തങ്ങള്‍ക്ക് ആപത്തുവരുമെന്ന് തീരെ പ്രതീക്ഷിക്കാത്ത വഴിയിലൂടെയാണ് അവന്‍ അവരെ ആക്രമിച്ചത്. ആ വഴി ഇതായിരുന്നു: അവന്‍ അവരുടെ ഉള്ളില്‍നിന്ന് ധൈര്യം ചോര്‍ത്തിക്കളഞ്ഞു. ഏറ്റുമുട്ടാനുള്ള ശക്തി നശിപ്പിച്ചു. അതോടെ അവരുടെ ആയുധങ്ങളും സുഭദ്രമായ കോട്ടകളും നിഷ്പ്രയോജനങ്ങളായി.
6. നാശം രണ്ടുവിധത്തിലുണ്ടായി: പുറത്ത് മുസ്‌ലിംകള്‍ ഉപരോധമേര്‍പ്പെടുത്തിക്കൊണ്ട് അവരുടെ കോട്ടകള്‍ തകര്‍ക്കാന്‍ തുടങ്ങി. അകത്ത് മുസ്‌ലിംകളെ തടയുന്നതിനായി നേരത്തേ അവര്‍തന്നെ അവിടവിടെ കല്ലുകള്‍കൊണ്ടും മരങ്ങള്‍കൊണ്ടും തടസ്സങ്ങളുണ്ടാക്കിയിരുന്നു. അതിനുവേണ്ടി സ്വന്തം വീടുകള്‍ പൊളിച്ച് അവശിഷ്ടങ്ങള്‍ ശേഖരിച്ചു. പിന്നീട് അവര്‍ക്കവിടെനിന്ന് പലായനം ചെയ്യേണ്ടിവരുമെന്ന് ഉറപ്പായപ്പോള്‍, തങ്ങള്‍ ഒരിക്കല്‍ വളരെ ആവേശപൂര്‍വം നിര്‍മിക്കുകയും അലങ്കരിച്ചു സംരക്ഷിക്കുകയും ചെയ്ത സ്വഗൃഹങ്ങള്‍ മുസ്‌ലിംകള്‍ക്ക് ഉപകരിക്കാതിരിക്കുന്നതിനുവേണ്ടി സ്വകരങ്ങള്‍കൊണ്ടുതന്നെ തട്ടിത്തകര്‍ക്കാന്‍ തുടങ്ങി. അനന്തരം ഈ ഉപാധിയോടെ അവര്‍ നബി(സ)യുമായി സന്ധിചെയ്തു: ഞങ്ങളെ ജീവനോടെ വിടുക. ഇവിടെനിന്ന് കൊണ്ടുപോകാവുന്ന വസ്തുക്കളില്‍ ആയുധങ്ങളല്ലാത്തതൊക്കെ കൊണ്ടുപോകാന്‍ അനുവദിക്കുക. ഇതനുസരിച്ച് അവര്‍ പുറപ്പെടുമ്പോള്‍ വീടുകളുടെ വാതിലും ജനലും തൂണുകള്‍ പോലും ഇളക്കിയെടുക്കുകയുണ്ടായി. ചിലര്‍ ബീമുകളും മരത്തിന്റെ മച്ചുകളും വരെ ഒട്ടകപ്പുറത്ത് കെട്ടിത്തൂക്കിയിരുന്നു.
7. ഈ സംഭവത്തില്‍ ബഹുമുഖമായ പാഠമുണ്ട്. അതിലേക്കാണ് ഈ സംക്ഷിപ്ത വാക്യം സൂചന നല്‍കുന്നത്. ഈ ജൂതന്‍മാര്‍ മുന്‍ പ്രവാചകന്‍മാരുടെ സമുദായംതന്നെയാണ്. ദൈവത്തിലും വേദങ്ങളിലും വിശ്വസിക്കുന്നവര്‍. പൂര്‍വപ്രവാചകരിലും പരലോകത്തിലും വിശ്വസിക്കുന്നവര്‍. ഇതനുസരിച്ച് അവര്‍ നേരത്തേ മുസ്‌ലിംകളായിരുന്നു. പക്ഷേ, സ്വന്തം മതത്തെയും ധര്‍മത്തെയും പിന്നോട്ടെറിയുകയും ജഡികേച്ഛകള്‍ക്കും ഭൗതികനേട്ടങ്ങള്‍ക്കുമായി വ്യക്തമായ സത്യവിരോധം അനുവര്‍ത്തിക്കുകയും തങ്ങളുടെ കരാറുകളും പ്രതിജ്ഞകളുംപോലും മാനിക്കാതാവുകയും ചെയ്തപ്പോള്‍ അല്ലാഹുവിന്റെ ദയാദൃഷ്ടി അവരില്‍നിന്നു പിന്തിരിഞ്ഞു. ഇതല്ലാതെ അല്ലാഹുവിന് അവരോടായിട്ട് ഒരു ശത്രുതയുമില്ല. അതിനാല്‍, ആദ്യമായി അവരുടെ വിപര്യയത്തില്‍നിന്ന് മുസ്‌ലിംകള്‍ക്ക് ഈ പാഠം നല്‍കുകയാണ്: നിങ്ങളും ജൂതന്‍മാരെപ്പോലെ ദൈവത്തിന്റെ വിശിഷ്ടജനവും മക്കളുമൊക്കെയാണെന്ന വിചാരത്തില്‍ അകപ്പെട്ട്, അന്ത്യപ്രവാചകന്റെ സമുദായത്തില്‍പ്പെട്ടവരായതുകൊണ്ടുതന്നെ അല്ലാഹുവിന്റെ അനുഗ്രഹവും പിന്തുണയും ഉറപ്പാണെന്നും അനന്തരം മതത്തിന്റെ ധാര്‍മിക താല്‍പര്യങ്ങളൊന്നും സംരക്ഷിക്കേണ്ടതില്ലെന്നും വ്യാമോഹിക്കരുത്. അതോടൊപ്പം, മനഃപൂര്‍വം സത്യത്തെ എതിര്‍ക്കുകയും എന്നിട്ട് തങ്ങളുടെ ശക്തിയും സമ്പത്തും സാധനസജ്ജീകരണങ്ങളും തങ്ങളെ ദൈവശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്തുമെന്ന് കരുതുകയും ചെയ്യുന്ന ലോകത്തെങ്ങുമുള്ള ആളുകള്‍ക്ക് ഈ സംഭവത്തിലൂടെ പാഠം നല്‍കുന്നുമുണ്ട്. മുഹമ്മദ് നബി(സ) ഏതെങ്കിലും സമുദായത്തിന്റെയോ ഗോത്രത്തിന്റെയോ മാത്രം പുരോഗതിക്കുവേണ്ടി രംഗത്തുവന്ന ആളല്ലെന്ന് അറിയാത്തവരായിരുന്നില്ല മദീനയിലെ ജൂതന്‍മാര്‍. അദ്ദേഹം ഒരു മൗലിക സന്ദേശമാണവതരിപ്പിക്കുന്നതെന്നും മാനവകുലത്തെയഖിലമാണ് സംബോധന ചെയ്യുന്നതെന്നും ദേശ-വംശ ബന്ധങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യര്‍ക്കും അദ്ദേഹത്തിന്റെ സമുദായത്തില്‍ ഒരു വിവേചനവുമില്ലാതെ ചേരാവുന്നതാണെന്നും അവര്‍ക്കറിയാമായിരുന്നു. പ്രവാചകസമുദായത്തില്‍, അബിസീനിയക്കാരനായ ബിലാലിനും റോമക്കാരനായ സുഹൈബിനും പേര്‍ഷ്യക്കാരനായ സല്‍മാന്നും പ്രവാചകന്റെ കുടുംബാംഗങ്ങള്‍ക്കുള്ള സ്ഥാനംതന്നെ ലഭിക്കുന്നതായി അവര്‍ നേരില്‍ കാണുന്നുമുണ്ടായിരുന്നു. അതുകൊണ്ട് ഖുറൈശികളോ ഔസ്-ഖസ്‌റജ് ഗോത്രങ്ങളോ തങ്ങളുടെ മേല്‍ ആധിപത്യം വാണേക്കുമെന്നും അവര്‍ ആശങ്കിക്കേണ്ടതുണ്ടായിരുന്നില്ല. തങ്ങളുടെത്തന്നെ പ്രവാചകന്‍മാര്‍ പ്രചരിപ്പിച്ച അടിസ്ഥാനാദര്‍ശങ്ങളാണ് അദ്ദേഹവും പ്രചരിപ്പിക്കുന്നതെന്ന വസ്തുതയും അവര്‍ക്കജ്ഞാതമായിരുന്നില്ല. താന്‍ മുമ്പാരും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു പുതിയ മതം അവതരിപ്പിക്കുകയാണെന്നും എല്ലാവരും പൂര്‍വമതങ്ങള്‍ വെടിഞ്ഞ് തന്റെ പുതിയ മതത്തില്‍ ചേരണമെന്നും അദ്ദേഹം വാദിച്ചിട്ടുമില്ല. അദ്ദേഹം വാദിക്കുന്നതിങ്ങനെയാണ്: ആദിസൃഷ്ടി മുതലേ എല്ലാ ദൈവദൂതന്‍മാരും കൊണ്ടുവന്ന ദീന്‍തന്നെയാണിത്. അവരുടെ തൗറാത്ത്‌കൊണ്ടും ഇത് യഥാര്‍ഥത്തില്‍ ആ ദീന്‍തന്നെയാണ് എന്ന കാര്യം സത്യപ്പെടുത്താന്‍ കഴിയുമായിരുന്നു. അതിന്റെ അടിസ്ഥാനസിദ്ധാന്തങ്ങള്‍ പ്രവാചകമതങ്ങളുടെ അടിസ്ഥാന സിദ്ധാന്തങ്ങളില്‍നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവരോട് പറഞ്ഞത് وَآمِنُوا بِمَا أَنزَلتُ مُصَدِّقًا لِّمَا مَعَكُمْ وَلاَ تَكُونُوا أوَّلَ كَافِرٍ بِهِ (നിങ്ങളുടെ കൂടെയുള്ളതിനെ സത്യപ്പെടുത്തുന്നതായി നാം അവതരിപ്പിച്ചതില്‍ വിശ്വസിക്കുവിന്‍. നിങ്ങള്‍തന്നെ അതിന്റെ ആദ്യ നിഷേധികളാകാതിരിക്കുവിന്‍). കൂടാതെ മുഹമ്മദ് നബി(സ)യുടെ സ്വഭാവചര്യകള്‍ എപ്രകാരമാണെന്നും അവര്‍ കണ്ടുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ സന്ദേശം സ്വീകരിച്ച ആളുകളുടെ ജീവിതത്തിലുളവാകുന്ന മഹത്തായ പരിവര്‍ത്തനങ്ങളും അവര്‍ക്ക് സുപരിചിതമാണ്. അന്‍സ്വാറുകള്‍ വളരെക്കാലമായി അവരുടെ അടുത്ത അയല്‍ക്കാരാണ്. ഇസ്‌ലാം കൈക്കൊള്ളുന്നതിനു മുമ്പുള്ള അവരുടെ അവസ്ഥ അവര്‍ കണ്ടിട്ടുണ്ട്. ഇസ്‌ലാം വന്നതിനുശേഷമുള്ള അവസ്ഥയും അവരുടെ മുമ്പിലുണ്ട്. അങ്ങനെ പ്രബോധനവും പ്രബോധകനും പ്രബോധനം സ്വീകരിച്ചതിന്റെ ഫലവുമെല്ലാം അവരെ സംബന്ധിച്ചിടത്തോളം പ്രത്യക്ഷമായിരുന്നു. പക്ഷേ, ഇതൊക്കെ കണ്ടറിഞ്ഞിട്ടും അവരെ സംബന്ധിച്ചിടത്തോളം നന്നേകുറഞ്ഞത് സത്യമാണെന്നതില്‍ സംശയത്തിനിടമില്ലാത്ത സംഗതിക്കെതിരെ, വംശീയ പക്ഷപാതിത്വത്തിന്റെയും ഭൗതിക താല്‍പര്യങ്ങളുടെയും പേരില്‍ അവര്‍ തങ്ങളുടെ സകല ശക്തിയും വിനിയോഗിച്ചു. അറിഞ്ഞുകൊണ്ടുള്ള ഈ സത്യവിരോധത്തിനു ശേഷമാണവര്‍, തങ്ങളുടെ കോട്ടകൊത്തളങ്ങള്‍ തങ്ങളെ ദൈവശിക്ഷയില്‍നിന്നു രക്ഷിക്കുമെന്ന പ്രതീക്ഷ പുലര്‍ത്തിയിരുന്നത്. എന്നാലോ ദൈവശക്തി ആര്‍ക്കെതിരില്‍ വരുന്നുവോ, അവര്‍ പിന്നെ യാതൊരായുധംകൊണ്ടും രക്ഷപ്പെടുകയില്ലെന്നുള്ളതിന് മുഴുവന്‍ മനുഷ്യചരിത്രവും സാക്ഷിയാകുന്നു.

പരിശുദ്ധിയെ വാഴ്ത്തുന്നു = سَبَّحَ
അല്ലാഹുവിന്റെ = لِلَّهِ
ആകാശങ്ങളിലുള്ളത് = مَا فِي السَّمَاوَاتِ
ഭൂമിയിലുള്ളതും = وَمَا فِي الْأَرْضِۖ
അവന്‍ = وَهُوَ
അജയ്യനാണ് = الْعَزِيزُ
യുക്തിജ്ഞനും = الْحَكِيمُ
അവന്‍ = هُوَ
പുറത്താക്കിയവനാണ് = الَّذِي أَخْرَجَ
നിഷേധിച്ചവരെ = الَّذِينَ كَفَرُوا
വേദക്കാരില്‍നിന്ന് = مِنْ أَهْلِ الْكِتَابِ
അവരുടെ പാര്‍പ്പിടങ്ങളില്‍നിന്ന് = مِن دِيَارِهِمْ
ഒന്നാമത്തെ പടപ്പുറപ്പാടില്‍ = لِأَوَّلِ الْحَشْرِۚ
നിങ്ങള്‍ കരുതിയിരുന്നില്ല = مَا ظَنَنتُمْ
അവര്‍ പുറത്തുപോകുമെന്ന് = أَن يَخْرُجُواۖ
അവര്‍ കരുതി = وَظَنُّوا
നിശ്ചയം അവര്‍ = أَنَّهُم
അവരെ രക്ഷിക്കുമെന്ന് = مَّانِعَتُهُمْ
അവരുടെ കോട്ടകള്‍ = حُصُونُهُم
അല്ലാഹുവില്‍നിന്ന് = مِّنَ اللَّهِ
എന്നാല്‍ അവരുടെ അടുത്ത് വന്നു = فَأَتَاهُمُ
അല്ലാഹു = اللَّهُ
വിധത്തില്‍ = مِنْ حَيْثُ
അവര്‍ വിചാരിച്ചിട്ടില്ലാത്ത = لَمْ يَحْتَسِبُواۖ
അവന്‍ ഇട്ടുകൊടുക്കുകയും ചെയ്തു = وَقَذَفَ
അവരുടെ ഹൃദയങ്ങളില്‍ = فِي قُلُوبِهِمُ
പേടി = الرُّعْبَۚ
അവര്‍ തകര്‍ക്കുന്നു = يُخْرِبُونَ
അവരുടെ വീടുകള്‍ = بُيُوتَهُم
അവരുടെ കൈകള്‍കൊണ്ട് = بِأَيْدِيهِمْ
വിശ്വാസികളുടെ കൈകള്‍ കൊണ്ടും = وَأَيْدِي الْمُؤْمِنِينَ
അതിനാല്‍ നിങ്ങള്‍ പാഠമുള്‍ക്കൊള്ളുക = فَاعْتَبِرُوا
കണ്ണുകളുള്ളവരേ = يَا أُولِي الْأَبْصَارِ

Add comment

Your email address will not be published. Required fields are marked *